സ്ത്രീപീഡനങ്ങൾ മഴയത്തു പൊടുന്നനെ പൊട്ടിമുളയ്ക്കുന്നതല്ല; നാമെല്ലാം നട്ടുനനച്ചു പരിപാലിച്ചു വളർത്തുന്നതാണ്

97
അനുപമ ആനമങ്ങാട് 
“ഒരു തമിഴ് സിനിമ കാണുകയാണ്.നായകനെ കാമുകി തള്ളിപ്പറയുന്നു. നമ്മൾ തമ്മിൽ ശരിയാവില്ലെന്ന് പ്രഖ്യാപിക്കുന്നു.നായകൻ കുടിച്ചുപൂസായി രാത്രി അവളുടെ വീടിനുമുന്നിൽ പോയി ബഹളമുണ്ടാക്കുന്നു.എന്തിനാണെന്നെ നീ പ്രേമിച്ചത്, എന്തിനാണ് കിസ് ചെയ്തത് എന്നൊക്കെ ആക്രോശിക്കുന്നു.‌അതും പറഞ്ഞെന്നെ ബ്ലാക്ക്മെയിൽ ചെയ്യരുത് എന്ന് അവൾ അപേക്ഷിക്കുന്നു.
നായകൻ ഈ ചതി സഹിക്കാൻ വയ്യെന്നും മരിക്കുമെന്നും പ്രഖ്യാപിച്ച് അപ്രത്യക്ഷനാകുന്നു.
നായകന്റെ കൂട്ടുകാർ അയാളെത്തിരഞ്ഞു നടക്കുന്നു. (അയാളൊരു ഹോട്ടലിൽ റൂമെടുത്ത് ടിവികണ്ടും ഫുഡ് ഓർഡർ ചെയ്തും കള്ളുകുടിച്ചും ഇരിപ്പാണെന്നവർക്കറിയില്ല!)
രാത്രി നായകന്റെ പഴയ കാമുകിയെ മറ്റൊരാളുടെ ബൈക്കിനു പുറകിൽ അവർ കാണുന്നു.
അവരെ രണ്ടുപേരെയും തടഞ്ഞു നിർത്തുന്നു. ഭീഷണിപ്പെടുത്തുന്നു. അവളെ ചീത്തവിളിക്കുന്നു. ആ പയ്യന്റെ‌ മുഖത്തടിക്കുന്നു.
സിനിമയങ്ങനെ തുടരുന്നു… (മുഴുവൻ കാണാൻ ശേഷിയില്ല; അവസാനം എന്തുകുന്തമായാലും!)
ഇതൊക്കെ കണ്ടു നമ്മൾ കയ്യടിക്കുന്നു… ഒരു‌ നിരാശാകാമുകന്റെ സ്വാഭാവിക റിയാക്ഷൻ എന്നു കരുതുന്നു.എന്നിട്ട് ചെന്നൈയിൽ റെയിൽവേസ്റ്റേഷനിൽ‌ സ്റ്റാക്കറാൽ കുത്തിവീഴ്ത്തപ്പെട്ട പെൺകുട്ടിയുടെ വാർത്ത കേട്ടു നടുങ്ങുന്നു. ഇവിടെ സ്ത്രീകൾക്കെന്തു സുരക്ഷ എന്നു ‌നെടുവീർപ്പിടുന്നു.കേരളത്തിൽ നിരാശാകാമുകൻ തന്നെ തള്ളിപ്പറഞ്ഞ കാമുകിയെ കെട്ടിപ്പിടിച്ച് തീകൊളുത്തി മർഡർ-സൂയിസൈഡ് നടത്തിയതു കേട്ട് ഭയക്കുന്നു.പ്രണയം നിഷേധിച്ചെന്നും പ്രണയിച്ചു വഞ്ചിച്ചെന്നും പറഞ്ഞുള്ള ആസിഡ് അറ്റാക്കുകളുടെ കഥ കേട്ട് ഞെട്ടിത്തരിക്കുന്നു.
ഞെട്ടലിന്റെ ഇഫക്റ്റ് തീരുമ്പോൾ വീണ്ടും ഇത്തരം സിനിമകൾക്കും ഡയലോഗുകൾക്കും കയ്യടിക്കുന്നു.
(ഇനി ഇതൊന്നു തിരിച്ചൊന്നു ചിന്തിച്ചു നോക്കുക; കൊലപാതകവും മർഡർ സൂയിസൈഡും ആസിഡ് അറ്റാക്കും ഒക്കെ അവിടെ നിൽക്കട്ടെ. ഒരു പെൺകുട്ടി ഇതുപോലെ പ്രണയിച്ചുവഞ്ചിച്ചവന്റെ പുറകെ നടന്നാൽ, അവന്റെ വീട്ടിൽപോയി‌ മദ്യപിച്ചു ബഹളമുണ്ടാക്കിയാൽ, അവൻ ചുംബിച്ചതും മറ്റും വിളിച്ചുപറഞ്ഞാൽ, ഹോട്ടലിൽ റൂമെടുത്ത് ടിവിയും കണ്ട് ഫുഡും ഓർഡർ ചെയ്ത് മദ്യപിച്ചു ബോധം കെട്ടിരുന്നാൽ, നിങ്ങളവളെ എന്തുവിളിക്കും!? എന്തായാലും നിരാശാകാമുകി എന്നായിരിക്കില്ല!)
സ്ത്രീപീഡനങ്ങൾ മഴയത്തു പൊടുന്നനെ പൊട്ടിമുളയ്ക്കുന്നതല്ല; നാമെല്ലാം നട്ടുനനച്ചു പരിപാലിച്ചു വളർത്തുന്നതാണ്!”