ചില രാജ്യങ്ങളിലെ ശാന്തിയെയും സമാധാനത്തെയും നശിപ്പിച്ചു സമ്പന്നരാകുന്ന ‘പരിഷ്കൃത’രുണ്ട്

0
101

സ്വീഡനിലെ കുഗ്രാമങ്ങളിലെ ഗോതമ്പ് പാടങ്ങളിൽ കിളിയെ ആട്ടാൻ കോലം കുത്തിയിരിക്കുന്നത് പോലും പോർ വിമാനങ്ങളുടെ ഡെമ്മിയാണ്. അതായത് അവിടെ കുടിൽ വ്യവസായം പോലാ അതിൻ്റെ നിർമ്മാണം. മുള്ളിക്കൊണ്ടിരിക്കേ മൂത്രം ഐസായിമാറി ഒടിച്ച് കളയാതെ സിബ്ബ് ഇടാൻ പറ്റാത്ത അത്ര തണുപ്പുള്ള മഞ്ഞത്ത് പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ കുത്തിയിരുന്നു അഛനും അമ്മയും മക്കളും പുതിയ ഇനം ആളെ കൊല്ലി,തോക്കും പടകോപ്പുകളും യുദ്ധവിമാനങ്ങളുടെ, സ്ക്രൂവും, വാഷറും, ടയറും, പ്രോഗ്രാമിങ്ങുംഡിസൈനിംഗിലും നിർമ്മാണത്തിലും ഒക്കെ ഏർപ്പെട്ടിരിക്കയാണ് പടിഞ്ഞാറൻ യൂറോപ്പിലെ ഇത്തരം രാജ്യങ്ങളിൽ….എന്തിനാ…?

ഒരു ഹോട്ടലിലെ ഇരു കസേരകളിലായി ഇരുരാജ്യങ്ങളിൽ ഇരുന്ന് ഒരാൾക്ക് മറ്റൊരാൾ ബീഡി കത്തിച്ചു കൊടുക്കും അവർ.  അതിർത്തി എന്ന സങ്കൽപ്പം അവർക്ക് അത്ര ഉള്ളു, ആ ആയുധങ്ങളൊന്നും അവർക്ക് എടുത്ത് പെരുമാറാനല്ല. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ പാകിസ്താൻ ബംഗ്ലാദേശ് പിന്നെ സൗദി,ഇറാൻ സിറിയ തുടങ്ങിയ മറ്റനേകം രാജ്യങ്ങൾ,ഭക്ഷണത്തിനും, വിദ്യാഭ്യാസത്തിനും, ആരോഗ്യ മേഖലയ്ക്കും മാറ്റി വെക്കുന്ന ബഡ്ജറ്റിനെക്കാൾ കൂടുതൽ യുദ്ധസാമഗ്രികൾ വാങ്ങി കൂട്ടാൻ.(ആ പേരും പറഞ്ഞു ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും കാശ് വെട്ടിക്കാൻ പറ്റുന്ന പരിപാടി ആണ് ആയുധം വാങ്ങൽ) വ്യഗ്രത കാട്ടുന്ന മണ്ടൻ പട്ടിണി രാജ്യക്കാർക്കും അവിടങ്ങളിലെ വിഘടനവാദികൾക്കും വിറ്റ് കാശ് ഉണ്ടാക്കാൻ. ആ രാജ്യങ്ങളിൽ മഞ്ഞിലും വെയിലത്തും അതിർത്തിയിൽ പോയി കിടക്കാൻ പട്ടാളക്കാരും പോലീസോ,ജയിലോ പേരിനുമാത്രം,അവർക്ക് അതിൻ്റെ ആവശ്യവും ഇല്ല..എന്ന് കരുതി അത്തരം രാജ്യങ്ങളെ ഞോണ്ടാൻ ചെന്നാൽ അവർ മാന്തി പൊളിച്ച് വിടും,കാരണം അവർ ബുദ്ധികൊണ്ടാണ് കളിക്കുന്നത്.അല്ലാതെ ഇവിടുള്ള രാജ്യസ്നേഹികൾ കരുതും പോലെ പണ്ടത്തെ കാലത്തെ പോലെ കവലയിൽ കിടന്ന് കുറിയും തൊട്ട് മുണ്ടും പൊക്കി പിടിച്ച് ചട്ടമ്പിത്തരം കാണിക്കുന്ന പോലോ കൊടുവാളും കുറുവടിയും എടുത്ത് തല്ലാനിറങ്ങുന്ന പോലൊന്നുമല്ല.ബോംബും വെടിയും പുകയും രക്തചൊരിച്ചിലും കെണ്ടല്ല നവയുഗത്തിലെയുദ്ധം, ഇത് ഇൻ്റെർനെറ്റ് യുഗമാണ്.

പത്തൊൻപതാം നൂറ്റാണ്ടുകൾ വരെ പാശ്ചാത്യർ പടക്കോപ്പുകൾ സ്വരുക്കൂട്ടി കപ്പലേൽ കേറി ലോകം മുഴുവൻ ഓടി നടന്ന് യുദ്ധം ചെയ്തു, അന്ന് ഇവിടുത്തെ രായാക്കന്മാർ പാവപ്പെട്ട പ്രജകളുടെ കോണോത്തിൽ കുത്തിപ്പിടിച്ച് കപ്പം വാങ്ങി കള്ളും കുടിച്ച് പെണ്ണും പിടിച്ച് രമ്യഹർമ്യങ്ങളും പണിഞ് അതിൻ്റെ വരാന്തയിൽ കിടന്ന് വ്യഭിചരിച്ച്,ചൂതും കളിച്ച് അടിച്ച് പെരുത്ത് വാള് വെച്ച് നടക്കുമ്പോൾ അവർ വന്ന് തന്ത്രപൂർവ്വം പിടിച്ചടക്കി,നമ്മളെ അടിമകളാക്കി. ഇപ്പോൾ അവർ ആ സീനൊക്കെ വിട്ടു അതിൻ്റെ ത്രില്ലൊക്കെ അവർക്ക് പോയി. അവർ ഇപ്പോൾ വിവര സാങ്കേതിക വിദ്യയിലും ആസ്ട്രോഫിസിക്സിലും, പറ്റിയാൽ വല്ല അന്യഗ്രഹത്തിലും പോയി താമസിക്കുന്നതിലും അവിടെ വല്ല ജീവികളും ഉണ്ടെങ്കിൽ അവരെ ഒന്നു കീഴടക്കുന്നതിലും, ഒക്കെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു അതിലാണിപ്പോൾ അവരുടെ ത്രില്ല്. അത് അവരുടെ ചലച്ചിത്രങ്ങളിൽ പോലും പ്രതിഫലിക്കുന്നുണ്ട് വ്യാവസായത്തിലും ഉത്പാദനത്തിലും, കയറ്റുമതിയിലും,ടൂറിസത്തിലും ഒക്കെ നൂതന സാധ്യതകൾ തേടുന്നു,അവർ അതുവഴി നയതന്ത്രങ്ങളിലൂടെയൊക്കെ മറ്റുരാജ്യങ്ങളുടെ മേൽ സ്വാധീനം നേടിയെടുക്കുന്നു.

അതുവഴി അവരുടെ നാട്ടിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കുകയുംചെയ്യുന്നു.(തായ്വാൻ,സൗത്ത് കൊറിയാ,വിയറ്റ്നാം ഒക്കെ ആ പാത പിൻതുടരുന്നു) അപ്പോഴാണ് പട്ടിണി രാജ്യങ്ങളിൽ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായി ചിലവാക്കേണ്ട നികുതി പണം ഇപ്പറഞ്ഞ രാജ്യങ്ങളുടെ യുദ്ധസാമഗ്രികൾ വാങ്ങികൂട്ടി ഷോ കാണിച്ചിട്ട് ഗോഡൗണിൽ തള്ളി പൂച്ചപെറ്റും തുരുമ്പടിച്ച് കിടക്കുന്നത്,എടുത്തിട്ട് പെരമാറാനുള്ള അവസരം കിട്ടത്തുമില്ല . കൊറോണ പോലത്തെ വല്ല മഹാ’മേരി’യും വന്നാൽ തോക്കും ഉണ്ടയും തൂക്കിയിട്ട് വീട്ടിൽ കേറി കുത്തിയിരിക്കുവാനെ. നിർവാഹമുള്ളന്നോർക്കണം. “ഇനിയുള്ള കാലത്ത് ലോക യുദ്ധങ്ങളൊന്നും ഉണ്ടാവില്ല”. അങ്ങനെ ഏതെങ്കിലും രാജ്യത്തെ യുദ്ധം ചെയ്ത് തോൽപ്പിക്കാമെന്നു വ്യാമോഹിക്കണ്ട.
പിടിച്ചടക്കലൊക്കെ കാലഹരണപ്പെട്ട ആശയങ്ങളാണ്, സ്വന്തം ഭാര്യയെപോലും ഏറെ കാലം പിടിച്ച് കെടത്താൻ പറ്റത്തില്ല ഈ കാലത്ത് . പിന്നാ കോടി ക്കണക്കിന് ജനങ്ങളെ പിടിച്ചടക്കുന്നത്.ലോകം ഓപ്പൺ മാർക്കറ്റാണ്,തുറന്ന അതിർത്തികളും റോഡും റെയിലും,പരസ്പരം വിവാഹവും(സോണിയ ഗാന്ധി,സാനിയ മിർസ,എന്തിനേറെ ഇഷ്ടം പോലെ ഗൾഫ് പ്രവാസികൾ ഫിലിപ്പീനികളെ കെട്ടുന്നുണ്ട്)ടൂറും പ്രവാസവുമൊക്കെ ആയി ജനങ്ങൾ ഇടകലർന്നു ലോകം ഏകദേശം ഒറ്റ രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു ..

ഇനി നയതന്ത്രവും ഇൻ്റെർനെറ്റ് യുദ്ധങ്ങളുമൊക്കയേ സാധ്യമാകു, സമൂഹം പണ്ടത്തേ കാടത്ത ജീവിതത്തിൽ നിന്ന്.. ശിലായുഗത്തിൽ നിന്ന്,ഗോത്ര ചിന്തയിൽനിന്ന് രാജവാഴ്ച്ചയിൽ നിന്ന്,കോളനി വല്ക്കരണങ്ങളിൽ നിന്ന്,ഏകാധിപത്യത്തിൽ നിന്നൊക്കെ ഏറെ മുന്നോട്ട് പോയിരിക്കുന്നു.നമ്മേ പോലുള്ള പട്ടിണി രാജ്യങ്ങളിൽ മുക്കി മൂളി വിദ്യാഭ്യാസം നേടിയിട്ട് ചെറുപ്പക്കാര് ഓടി തള്ളുന്നത് ഇത്തരം വികസിത രാജ്യങ്ങളിലേക്കാണ് തൊഴിലിനായി, ഇവിടെ കുറച്ച് രാഷ്ട്രീയക്കാരും കോർപ്പറേറ്റുകളും ഒരുപറ്റം പൈങ്കിളി സിനിമാക്കാരും,മതമേലാളന്മാരും,വരേണ്യ വർഗ്ഗത്തിൻ്റെ ക്രിക്കറ്റ് സംഘങ്ങളും,ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന കുറച്ച് ശതമാനം ഉന്നതകുലജാതരും,സാധരണക്കാരുടെ മൃദുല വികാര വിചാരങ്ങളെ ഉണർത്തി വിട്ട് ചൂഷണം ചെയ്ത്,മ്യഷ്ടാന ഭോജനം നടത്തി ആഡംബരങ്ങളിൽ  രമിച്ച് ജീവിക്കുവാൻ. രാജ്യസ്നേഹം,പട്ടാളം,അതിർത്തി,സംസ്ക്കാരം,ആചാരങ്ങൾ അന്ധവിശ്വാസം, വംശ വിശുദ്ധി,ഇമ്മാതിരി വൈകാരിക കുണ്ടാമണ്ടികൾ പാവപ്പെട്ട ജനങ്ങളിൽ നേരിട്ടോ അല്ലാതെയോ അറിഞ്ഞോ അറിയാതെയോ ദ്രശ്യമാധ്യമങ്ങളിലൂടെയോ പറ്റുന്ന രീതിയിലൊക്കെ കുത്തി വെക്കുന്നു,

സാധാരണക്കാർ അതിൽ വീഴുന്നു, അല്ലങ്കിൽ തന്നെ ഇത്തരം മൃദുല വികാരങ്ങൾ കൊണ്ട് പാവപ്പെട്ടവന് എന്തെങ്കിലും ഗുണം ഉണ്ടോ? ദേശീയ പതാക വില്ക്കുന്ന യാചകർക്ക് പോലും ഗുണമില്ല, ചില യുദ്ധസിനിമകൾ ഓടുന്നു എന്നല്ലാതെ, കുറച്ച് പട്ടാളക്കാരുടെ ജീവൻ നഷ്ടപ്പെടുന്നു എന്നല്ലാതെ ഇത്തരം അതി വൈകാരിക കുറ്റിയിൽ അദൃശ്യ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു അതിൻ്റെ ദൂരപരിധിയിൽ പുളകം കൊണ്ട് ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ പട്ടിണി രാജ്യങ്ങളിലെ രാജ്യ സ്നേഹികൾ. എത്ര വിദ്യാഭ്യാസം നേടിയാലും പണം ഉണ്ടാക്കിയാലും നമുക്ക് ആ അടിമ ചങ്ങല ദൃശ്യമാകാത്തിടത്തോളം കാലം, വീണ്ടും ഇത്തരക്കാർ രാജ്യസ്നേഹവും ജാതിമത ചിന്തകളും, അന്ധവിശ്വാസങ്ങളും വോട്ടാക്കും,ആയുധകച്ചവടം പൊടിപൊടിക്കും തിന്നു കൊഴുക്കും അതിർത്തിയിൽ വെടി പൊട്ടും ജവാന്മാർ മഞ്ഞിൽ മരിച്ചു വീഴും നമ്മൾ ആദരാജ്ഞലികൾ അർപ്പിക്കും,പൈൻ മരങ്ങൾ പെടന്നു വീഴും നമ്മൾ ആവേശം കൊള്ളും കൈ അടിക്കും പതാക ഉയർത്തും ജയ് ഹിന്ദ്…!