അറിവ് തേടുന്ന പാവം പ്രവാസി
പണ്ട് കാലത്ത് പ്രൗഢിയുടെ ചിഹ്നമായി വീടുകളുടെ മുകളിൽ വിരാജിക്കുകയും, പിന്നീട് വംശനാശം സംഭവിച്ചതുപോലെ വിരളമാവുകയും ചെയ്ത പഴയ ആന്റീനയുടെ യഥാർത്ഥ പേര് എന്ത്?
എൺപതുകളുടെ മധ്യത്തിൽ കേരളത്തിലെ വീടുകളിലെ മുകളിൽ ഉള്ള ആന്റീനയുടെ യഥാർത്ഥ നാമം യാഗി – ഉഡാ ആന്റീന എന്നാണ്.പണ്ട് ഈ ആന്റിന ഉണ്ടെങ്കിൽ വീട്ടുകാർ കാശുള്ളവരാണെന്നും, വീട്ടിൽ ടെലിവിഷൻ ഉണ്ടെന്നും ഊഹിക്കാമായിരുന്നു .കൂടുതൽ മെച്ചപ്പെട്ട സിഗ്നൽ കിട്ടാൻ ഈ ആന്റീനയെ തിരിച്ചു വയ്‌ക്കാനും മറ്റും ആൾക്കാർ വളരെ പണിപ്പെടുന്നത് കാണാമായിരുന്നു .കേബിൾ ടെലിവിഷൻ ശൃംഖല വന്നതോടെ ഇപ്പോൾ യാഗി – ഉഡാ ആന്റീന ,സിവിലിയൻ ഉപയോഗത്തിൽ വളരെ വിരളമായിത്തീർന്നിരിക്കുകയാണ് .
ജപ്പാൻകാരായ ഹിഡിസൂഗു യാഗിയും, (Hidetsugu Yagi ) ഷിണ്ടാരോ ഉഡാ ( Shintaro Uda)യുമാണ് 1924 ൽ യാഗി – ഉഡാ ആന്റീനയുടെ കണ്ടുപിടുത്തം നടത്തിയത് . അക്കാലത് VHF(30 mhz -300mhz ), UHF ( 300mhz-1ghz) ബാൻഡിലുള്ള ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങൾ ( Electro Magnetic Waves)ഉപയോഗത്തിൽ വരുന്നതേ ഉണ്ടായിരുന്നുളൂ . അതിനാൽ തന്നെ തികച്ചും കൃത്യമായ സമയത്തായിരുന്നു യാഗി – ഉഡാ ആന്റീനയുടെ കണ്ടുപിടുത്തം.ആദ്യകാല റഡാറുകളുടെ പ്രസരണ -സ്വീകരണ ആന്റീനകൾ എല്ലാം യാഗി – ഉഡാ ആന്റീനകൾ ആയിരുന്നു . രണ്ടാംലോക മഹായുദ്ധത്തിലെ പ്രമുഖ ആന്റീന യാഗി – ഉഡാ ആന്റീന കൾ ആയിരുന്നു എന്ന് നിസംശയം പറയാം .
യുദ്ധത്തിനുശേഷം ടെലിവിഷൻ സംവിധാനങ്ങൾ വ്യാപകമായപ്പോൾ യാഗി – ഉഡാ ആന്റീനകൾ ടെലിവിഷൻ സെറ്റുകളുടെ ആന്റീന ആയി . ഒരു പക്ഷെ ലോകത്തു ഏറ്റവുമധികം എണ്ണം നിർമിക്കപ്പെട്ടിട്ടുള്ള സങ്കീർണമായ ആന്റീന യാഗി – ഉഡാ ആന്റീനകൾ തന്നെയാവണം .മനുഷ്യചരിത്രത്തിലെ ഈ ആന്റീനയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്‌സ് , IEEE( Institute of Electrical and Electronics Engineers ) 1995 ൽ യാഗി – ഉഡാ ആന്റീനയെ ഈ രംഗത്തെ ഒരു മൈൽസ്റ്റോൺ ( MILESTONE) ആയി അംഗീകരിച്ചു .