കോട്ടുവായ് പകരുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

മനുഷ്യശരീരത്തിലെ ഒരു അനൈച്ഛിക ചേഷ്ടയാണ് കോട്ടുവായ്. അതായത് ഒരേ സമയത്തു തന്നെ ശ്വാസം ഉള്ളിലേക്ക് വലിക്കുകയും തുടർന്ന് സെക്കന്റുകൾക്കുള്ളിൽ പുറത്തേക്ക് വിടുകയും ചെയ്യുന്നു. നമുക്ക് കോട്ടുവായ വരുന്നതിന് പല കാരണങ്ങളുണ്ട്. നമ്മുടെ ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞു വരുമ്പോൾ നമ്മുടെ ശരീരം നമ്മുടെ സമ്മതത്തോടെ അല്ലാതെ കൂടുതൽ ഓക്സിജൻ ഒറ്റശ്വാസത്തിൽ എടുക്കുന്നതാണ് കോട്ടുവായ ആയി രൂപാന്തരപ്പെടുന്നത്. മനുഷ്യരിൽ മറ്റുള്ളവരുടെ കോട്ടുവായ് വീക്ഷിക്കലും കോട്ടുവായ്ക്കു കാരണമാകാറുണ്ട്. മനുഷ്യരിൽ മാത്രമല്ല ഇത്തരം “പകർച്ചാകോട്ടുവായ്കൾ” ചിമ്പാൻസി, നായ്, പൂച്ച മുതലായ മൃഗങ്ങളിലും ചില പക്ഷികളിലും കണ്ടിട്ടുണ്ട്.

എന്തുകൊണ്ടാണ് കോട്ടുവായ് ഉണ്ടാകുന്നതെന്നതിനെപ്പറ്റി പല വാദങ്ങളും ഉണ്ട്. പക്ഷെ ഒന്നും ഫലപ്രദമായി തെളിയിക്കപ്പെട്ടിട്ടില്ല. കോട്ടുവായുടെ യഥാർത്ഥ കാരണങ്ങൾ ഇന്നും നിഗൂഡമായി തുടരുന്നു. ഇപ്പോഴും വാദങ്ങൾ നടക്കുകയാണ്.ഒരു പഠനം പറയുന്നത് ഒരാളുടെ രക്തത്തിൽ കാർബൺ ഡൈ ഓക്സയിഡിന്റെ അളവ് കൂടുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജൻ ഉള്ളിലേക്കെടുക്കാൻ സഹായത്തിനായാണ് കോട്ടുവായ് ഉണ്ടാകുന്നത് എന്നാണ്. ഇതോടൊപ്പം അധികമുള്ള കാർബൺ ഡൈ ഓക്സയിഡ് പുറത്തേയ്ക്കും പോകുമല്ലോ. വാസ്തവത്തിൽ കോട്ടുവായ് ഇടുന്ന സമയത്തെ ഓക്സിജൻ അന്തർഗമനം സാദാ ശ്വസോഛ്വാസസമയത്തേക്കാൾ കുറവാണ്. എന്നാൽ ഓക്സിജൻ അധികമായി നൽകിയിട്ടും അതുപോലെ കാർബൺ ഡൈ ഓക്സയിഡിന്റ അളവ് കുറച്ചിട്ടും കോട്ടുവായുടെ എണ്ണം കുറഞ്ഞില്ല.

മറ്റൊരു തിയറിയിൽ പറയുന്നത്, തലച്ചോറിന് ഒരു ഉണർവ് നൽകുന്നതിന് ശരീരം നടത്തുന്ന പ്രക്രിയയാണ് കോട്ടുവായ എന്നാണ്. മറ്റൊരു തിയറി അനുസരിച്ച് തലച്ചോറിനുള്ളിലെ താപനില നിയന്ത്രിക്കുന്നതിനാണ് കോട്ടുവായ വരുന്നതെന്നാണ്.വേറെ ഒരു സിദ്ധാന്തം ജീവികളുടെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ടതാണ്. മറ്റു ജീവികൾക്ക് ഇരയാകാതിരിയ്ക്കാനും അപകടങ്ങളെ നേരിടാനും ജീവികൾ എപ്പോഴും സജ്ജമായിരിക്കണം. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന കോട്ടുവായ്കൾ ജീവികളെ എപ്പോഴും ജാഗരൂകരായിരിക്കാൻ സഹായിയ്ക്കുന്നു. ഒരു ജീവി ഉറക്കം തൂങ്ങി ഇരിയ്ക്കുകയാണെങ്കിൽ അതിനു പെട്ടെന്ന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞെന്നു വരില്ല. ഇത്തരം സന്ദർഭത്തിൽ ‘പകരുന്ന’ കോട്ടുവായ്കൾ അതിന് ജാഗരൂകനാകാനുള്ള ഒരു പ്രേരകമാകാം.

പരിഭ്രമം ആണ് കോട്ടുവായ് ഉണ്ടാകാൻ കാരണം എന്നതാണ് മറ്റൊരു വാദമുഖം. പരിഭ്രമത്തിന്റെ തുടർച്ചയായി ജീവികൾ എന്തെങ്കിലും ഉടനെ ചെയ്യും. പരിചയമുള്ള സംഭവങ്ങളെ മാത്രം ആധാരമാക്കിയ ചില നിഗമനങ്ങൾ പറയുന്നത് കോട്ടുവായ് മനുഷ്യരെ ജാഗരൂകരാക്കും എന്നാണ്. വിമാനത്തിൽ നിന്നും ചാടുന്നതിന് തൊട്ടു മുൻപ് പാരാട്രൂപറിന് കോട്ടുവായ് ഉണ്ടാകാറുണ്ടത്രെ.മറ്റൊരു സിദ്ധാന്തം വിശപ്പ്, വികാരങ്ങൾ, മൂഡ് തുടങ്ങിയവയെ നിയന്ത്രിയ്ക്കുന്ന അതേ രാസഘടകങ്ങൾ തന്നെയാണ് കോട്ടുവായ് ഉണ്ടാകാനും പ്രേരകമാകുന്നത് എന്നാണ്. സെറോടോനിൻ( serotonin), ഡോപ്പാമിൻ ( dopamine), ഗ്ലുട്ടാമിക് ആസിഡ് ( glutamic acid), നൈട്രിക് ഓക്സയിഡ് ( nitric oxide) തുടങ്ങിയവയാണ് ഈ ഘടകങ്ങൾ. ഈ ഘടകങ്ങൾ തലച്ചോറിൽ കൂടുതൽ ഉത്പാദിപ്പിയ്ക്കപ്പെടുമ്പോൾ കൂടുതൽ കോട്ടുവായ്കൾ ഉണ്ടാകുന്നു.

ചിലർ കോട്ടുവായ ഇടുന്നത് കണ്ടാലോ കേട്ടാലോ നമ്മൾ കോട്ടുവായ ഇടാറുണ്ട്. മീറ്റിംഗുകളിലും , ക്ലാസ് റൂമുകളിലും സ്ഥിര കാഴ്ചയാണിത്. ഇതിനെപറ്റി വളരെയധികം പഠനങ്ങൾ നടന്നിട്ടുണ്ട്. സോഷ്യൽ മിററിങ് (Social Mirroring) എന്നാണ് ഈ പ്രതിഭാസത്തിനെ ന്യൂറോ സയന്റിസ്റ്റുകളും , മനഃശാസ്ത്രജ്ഞരും വിളിക്കുന്നത്. സോഷ്യൽ മിററിംഗിന്റെ ചില സാധാരണ ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു: മറ്റൊരാൾ കോട്ടുവാ ഇടുമ്പോൾ നിങ്ങളും ഇടുന്നു . നിങ്ങളുടെ അടുത്തുള്ള വ്യക്തിക്ക് ശേഷം നിങ്ങളുടെ അടുത്ത് ഇരിക്കുന്ന വ്യക്തി കാലുകൾ പിണച്ചിരിക്കുമ്പോൾ നിങ്ങളും അറിയാതെ അത് ചെയ്യുക . കുട്ടികൾ മാതാപിതാക്കളെ അനുകരിച്ചു അതെ ഭാവങ്ങൾ ചെയ്യൽ ഇതൊക്കെ സോഷ്യൽ മിററിംഗിന്റെ ഉദാഹരണങ്ങൾ മാത്രം.
മനുഷ്യർക്ക് തലച്ചോറിൽ മിറർ ന്യൂറോണുകൾ ഉണ്ട് .മറ്റൊരാൾ ഒരു പ്രവർത്തനം പൂർത്തിയാക്കുന്നത് നിരീക്ഷിക്കുമ്പോൾ അതേ പ്രവർത്തനം വേറൊരാൾ പൂർത്തിയാക്കുമ്പോൾ സജീവമാകുന്ന ന്യൂറോണുകൾ. മക്കാക്ക് കുരങ്ങുകളുടെ തലച്ചോറിലാണ് മിറർ ന്യൂറോണുകൾ ആദ്യമായി കണ്ടെത്തിയത്. ഡോ. റിസോലട്ടിയും അദ്ദേഹത്തിന്റെ ഗവേഷക സംഘവും മക്കാക്ക് കുരങ്ങുകളുടെ മസ്തിഷ്ക ന്യൂറൽ പ്രവർത്തനം fMRI വഴി നിരീക്ഷിക്കുകയായിരുന്നു, കുരങ്ങുകൾ വ്യത്യസ്ത വസ്തുക്കൾ എടുക്കുമ്പോൾ അവയുടെ എടുക്കുന്നതിന്റെ പ്രതികരണം പഠിക്കുകയായിരുന്നു.

കുരങ്ങുകൾ വസ്തുക്കളിലേക്ക് എത്തുമ്പോൾ മാത്രമല്ല, ഒരു ഗവേഷകൻ വസ്തുക്കളെ എടുക്കുന്നത് നിരീക്ഷിച്ചപ്പോഴും ചില ന്യൂറോണുകൾ കുരങ്ങുകളിൽ സജീവമായതായി ഗവേഷകർ കണ്ടെത്തി. കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾക്കൊടുവിൽ, പ്രൈമറി സോമാറ്റോസെൻസറി കോർട്ടെക്‌സ്, പ്രീമോട്ടോർ കോർട്ടെക്‌സ് എന്നിങ്ങനെ തലച്ചോറിന്റെ പല ഭാഗങ്ങളിലും മനുഷ്യർക്ക് സമാനമായ മിറർ ന്യൂറോണുകൾ ഉണ്ടെന്ന് കണ്ടെത്തി. സെൻട്രൽ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഉത്തേജകങ്ങളോടുള്ള പ്രതികരണമായി സെൻസറി വിവരങ്ങൾ സമന്വയിപ്പിക്കുന്നതിനും പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും കോർട്ടിസുകളുടെ ചുമതലയുണ്ട്.ഇതേ പരീക്ഷണങ്ങൾ മനുഷ്യരിലും സമാന പ്രതികരണങ്ങളും മിറർ ന്യൂറോണുകളുടെ ഉത്പാദനത്തെയും സാധൂകരിക്കുന്നതായി കണ്ടു.
സാധാരണഗതിയിൽ ഒരുവ്യക്തി ദിവസം അഞ്ചു മുതൽ 19 പ്രാവശ്യം വരെ കോട്ടുവായിടാറുണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ചിലരിൽ ഇതിന്റെ എണ്ണം കൂടും. 100 പ്രാവശ്യം വരെ ചിലർ കോട്ടുവായിട്ടെന്നു വരാം. ഇവരിൽ ഉറക്കക്കുറവ് മൂലമാണ് ഇത്തരത്തിലുള്ള അവസ്ഥയുണ്ടാവുന്നത്. അമിതമായി കോട്ടുവായ ഇടുകയാണെങ്കിൽ അത് ഉറക്കമോ ന്യൂറോളജിക്കൽ ഡിസോർഡറോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ മൂലമാവാം.

ചിലർ പകൽ നേരങ്ങളിൽ കൂടുതലായി ഉറങ്ങുന്നവരായിരിക്കും. തൽഫലമായി രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കാതെ വരുന്നു. അതുകൊണ്ട് തന്നെ അടുത്ത ദിവസങ്ങളിൽ അവർ വളരെ ക്ഷീണിതരായിരിക്കും. ഇവർ പകൽ സമയത്ത് അമിതമായി കോട്ടുവായിടുന്നു.ചിലർക്ക് എപ്പോൾ വേണമെങ്കിലും പെട്ടെന്ന് തന്നെ ഉറങ്ങാൻ കഴിയും. അതിന് സ്ഥലമോ സാഹചര്യമോ പ്രശ്‌നമാകാറില്ല. അതായത് സംസാരിച്ചു കൊണ്ടിരിക്കവെയോ അല്ലെങ്കില്‍ ബസില്‍ കയറിയാലോ പെട്ടെന്ന് തന്നെ ഉറങ്ങി വീഴുന്നവരുണ്ട്. ഇത്തരത്തില്‍ ഉറങ്ങിവീഴുന്ന അല്ലെങ്കില്‍ ഉറങ്ങിപോകുന്ന അവസ്ഥയാണ് നാര്‍കോലെപ്‌സി. ഇവർ പകൽ സമയങ്ങളിൽ ധാരാളം ഉറങ്ങുന്നു. അതുകൊണ്ട് തന്നെ എല്ലായിപ്പോഴും ഇവരിൽ ക്ഷീണമുണ്ടാകാനും കോട്ടുവായിടുന്നത് പതിവായി കാണുകയും ചെയ്യുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്ന വിളിക്കുന്നത്. ഇത്തരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുകയാണെങ്കില്‍ അവർ കോട്ടുവായ് ഇടാൻ തുടങ്ങും. ഹൈപ്പോ ഗ്ലൈസീമിയയുടെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണിത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുക എന്നതാണ് ഈ രോഗത്തിന്റെ പരിഹാരം

കൂർക്കംവലിയുള്ളവരിൽ കോട്ടുവായിടുന്ന ശീലം സാധാരണ കണ്ടുവരാറുണ്ട്. കൂർക്കംവലി കാരണം രാത്രി ഉറങ്ങുമ്പോൾ ഇവർക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. മിക്കപ്പോഴും വേണ്ടത്ര ഉറക്കം ലഭിക്കാറില്ല. ഇത്തരക്കാരിൽ എല്ലാ ദിവസവും ക്ഷീണം കൂടുതലായിരിക്കും
അമിതമായി കോട്ടുവായിടുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം എന്ന് ചില ഗവേഷകർ പറയുന്നു. അധികമായി കോട്ടുവായിടുന്നത് ഹൃദയത്തിലോ അതിന്റെ ചുറ്റുമുള്ള രക്തസ്രാവത്തിനെയോ കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നു.

മൃഗങ്ങളിൽ കോട്ടുവായ് മുന്നറിയിപ്പിനുള്ള ഒരു സൂചനയാണ്. ചാൾസ് ഡാർവിൻ തൻ്റെ The Expression of the Emotions in Man and Animals എന്ന പുസ്തകത്തിൽ ബബൂൺ കുരങ്ങുകൾ തങ്ങളുടെ ശത്രുക്കളെ ഭയപ്പെടുത്താനായി കോട്ടുവായ് ഉപയോഗിയ്ക്കുന്നുണ്ട് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷെ കോട്ടുവായിലൂടെ തങ്ങളുടെ വലിയ കൊമ്പൻ പല്ലുകൾ ശത്രുക്കളെ കാണിയ്ക്കാം എന്നുള്ളതായിരിയ്ക്കാം അവയുടെ ഉദ്ദേശം.
അതുപോലെ സയാമീസ് ഫൈറ്റിംഗ്‌ മീൻ ( Siamese fighting fish ) തങ്ങളുടെ വർഗ്ഗത്തിൽ പെട്ട മറ്റൊരു മീനിനെ കണ്ടാൽ മാത്രമേ കോട്ടുവായ് ഇടൂ. അതിനുശേഷം ഇതരമത്സ്യത്തെ ഉടനെ അത് ആക്രമിച്ചേക്കാം.
ഗിനിപന്നികളും തങ്ങളുടെ രോഷം കാണിയ്ക്കാനായി കോട്ടുവായ് ഇടാറുണ്ട്. നായ്ക്കളും , പൂച്ചകളും കോട്ടുവായ് ഇടുന്നത് ചിലപ്പോൾ അവയുടെ ഉടമകൾ കോട്ടുവായ് ഇടുമ്പോളാണ്.മറ്റു ചിലപ്പോൾ അവയ്ക്കു എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഇരിയ്ക്കുമ്പോളും. നായ്ക്കൾക്ക് മനുഷ്യരുടെ കോട്ടുവായ് പകരുന്നത് അവയുടെ പരിണാമപരമായ ഫലമാണോ അതോ മനുഷ്യരുമായുള്ള ദീർഘമായ സഹവാസത്തിന്റെ ഫലമായാണോ എന്ന് തീർച്ചപ്പെടുത്തിയിട്ടില്ല.

You May Also Like

നിങ്ങൾ ഇതുവരെ ഇതൊന്നും വാങ്ങി വച്ചിട്ടില്ലെങ്കിൽ അതിന്റെ കാരണം എന്താണ് ?

പലയിടത്തും അഗ്നി സംബന്ധമായ അപകടങ്ങൾ ആണ് . മനുഷ്യന് അശ്രദ്ധ എന്നൊരു സംഗതി ഉള്ളിടത്തോളം കാലം…

പണ്ട് ട്രെയിൻ യാത്രകളിൽ റെയിൽവേ സ്റ്റേഷനുകളിൽ ലോക്കോപൈലറ്റ് ചൂരൽ പോലെയുള്ള ഒരു വസ്തു കൈമാറുന്നത് കാണാമായിരുന്നു. എന്താണത് ?

പണ്ട് ട്രെയിൻ യാത്രകളിൽ റെയിൽവേ സ്റ്റേഷനുകളിൽ ലോക്കോപൈലറ്റ് ചൂരൽ പോലെയുള്ള ഒരു വസ്തു കൈമാറുന്നത് കാണാമായിരുന്നു.…

കണ്ടാൽ സുന്ദരൻ രോമമില്ലെങ്കിൽ ഭീകരൻ

ധ്രുവക്കരടിയുടെ യഥാര്‍ത്ഥ നിറം എന്താണ്? അറിവ് തേടുന്ന പാവം പ്രവാസി കരടി വർഗ്ഗത്തിലെ ഏറ്റവും വലിയ…

ശത്രുക്കളെ തുപ്പി ഓടിക്കുന്ന പക്ഷി ഏത് ?

പ്രകൃതി എന്നു പറയുന്നത് വളരെ കൗതുകകരമാണ്. പല ജീവികളും ശത്രുക്കളില്‍ നിന്ന് രക്ഷനേടാനായി പല പല സൂത്രങ്ങളാണ് ഉപയോഗിക്കുന്നത്.