പൃഥ്വിയുടെ മകള്‍ അല്ലി കാണാന്‍ കൊതിച്ച യുസ്‌റ മര്‍ദിനി ആരാണ് ?⭐
അറിവ് തേടുന്ന പാവം പ്രവാസി
👉ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥികള്‍ക്കുള്ള പ്രവർത്തനങ്ങളുടെ ഗുഡ്വില്‍ അംബാസിഡറാണ് യുസ്‌റ.ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥിക്കൂട്ടങ്ങള്‍ക്കു വേണ്ടി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ നടത്തുകയാണ് യുസ്‌റ മര്‍ദീനിയിപ്പോള്‍.2015 ഓഗസ്റ്റില്‍ സിറിയയില്‍ നടന്ന അഭ്യന്തരയുദ്ധത്തില്‍ യുസ്ര മാര്‍ദിനിയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. യുസ്‌റയും കുടുംബവും മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്രാപിച്ചു. സഹോദരി സാറയോടൊപ്പം ബോംബിന്റെയും, ഷെല്ലിന്റെയും, വെടിപ്പുകയുടേയും, ചോരയുടേയും, പകയുടേയും നാട്ടില്‍ നിന്നും പലായനം ചെയ്യുന്നു.പതിനേഴ് വയസ്സുമാത്രം പ്രായമുള്ള അതിസുന്ദരിയാണ് യുസ്‌റ. സിറിയയില്‍ നിന്നും ലബനിലേക്കും അവിടെ നിന്നും തുര്‍ക്കിയിലേക്കും സഞ്ചാരം വിമാനത്തില്‍.
തുര്‍ക്കിയില്‍ നിന്നും ഗ്രീസിലേക്ക് ഒരു ബോട്ടില്‍ കയറി. ആറോ ഏഴോ പേര്‍ക്ക് മാത്രം
സഞ്ചരിക്കാന്‍ സജ്ജമാക്കിയിട്ടുള്ള ബോട്ട്. കയറിയത് 20 യാത്രക്കാര്‍.ബോട്ട് മുക്കിയും , മൂളിയും യാത്രയാരംഭിച്ചു. ഗ്രീസിലെത്താന്‍ 45 മിനിട്ടും 10 കിമിയും ശേഷിക്കേ യന്ത്രത്തകരാറില്‍ ബോട്ട് പ്രവര്‍ത്തനരഹിതമായി. നീന്തലറിയാവുന്ന യുസ്റ മാര്‍ദിനി വെള്ളത്തിലേക്ക് എടുത്തുചാടി.യുസ്റയുടെ നീന്തലിന്റെയും , ജലപരിചയത്തിന്റെയും ബലത്തില്‍ ബോട്ട് മെല്ലേ മെല്ലേ മുന്നോട്ട് നീങ്ങി.
ബോട്ടിലുണ്ടായിരുന്ന സഹോദരി സാറ യുസ്‌റയോട് ബോട്ടില്‍ കയറാന്‍ പലവട്ടം അപേക്ഷിച്ചിട്ടും അവള്‍ വഴങ്ങിയില്ല.മൂന്ന് മണിക്കൂര്‍കൊണ്ട് ബോട്ട് കരയിലെത്തി. പത്തൊന്‍പത് ജീവനുകളാണ് യുസ്‌റ മാര്‍ദിനിയുടെ ദൃഢനിശ്ചയത്തില്‍ രക്ഷപ്രാപിച്ചത്.ബോട്ട് ഗ്രീസിലെത്തി.
“ഞാന്‍ മുങ്ങിമരിച്ചാല്‍ അതൊരു വലിയ നാണക്കേടായിരിക്കും. കാരണം ഞാനൊരു നീന്തല്‍കാരി കൂടിയാണ് “എന്നാണ് യുസ്‌റ പിന്നീട് ഇതേക്കുറിച്ച് പറഞ്ഞത്.മെഡിറ്ററേനിയന്‍ കടലിലെ സാക്ഷാല്‍ രക്ഷക.ഗ്രീസില്‍ നിന്നും ജര്‍മനിയിലേക്ക് നടന്നും , ബസ്സിലും , കള്ളവണ്ടികയറിയും ഭഗീരഥപ്രയത്‌നം നടത്തി അവസാനം ജര്‍മ്മനിയിലെത്തി.സിറിയയില്‍ ജനിച്ചുവളര്‍ന്ന ഈ നീന്തല്‍ താരം ഇപ്പോള്‍ ജീവിക്കുന്നത് ജര്‍മ്മനിയിലാണ്.അവിടെ എത്തിയ നാള്‍മുതല്‍ ജര്‍മ്മന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ബര്‍ളിന്‍ പ്രദേശത്തെ ഒളിംബിക്‌സ് നീന്തല്‍ കുളത്തില്‍ പരിശീലനവും പിന്നെ അക്കാദമിക തുടര്‍പഠനവും ആരംഭിച്ചു.യുസ്‌റ ജര്‍മ്മനിയിലെത്തിയിട്ട് കഷ്ടിച്ച് ഒരുവര്‍ഷം തികയുന്നതിന് മുൻപ് അഭയാര്‍ത്ഥിയായ യുസ്‌റ ഒളിംബിക് ടീമില്‍ അംഗമായി. നീന്തല്‍താരം എന്ന പരിവേഷത്തോടെ സ്വിമ്മിംഗ് സൂട്ടണിഞ്ഞു.ലോകവ്യാപകമായി അഭയാര്‍ത്ഥി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിയോ ഒളിംബിക്‌സില്‍ മല്‍സരിക്കാന്‍ അന്ന് യുസ്‌റയുള്‍പ്പടെ പലര്‍ക്കും അവസരം കിട്ടി. അഭയാര്‍ത്ഥി ഒളിംബിക്ക് ടീമിന്റെ ലേബലില്‍.
അടുത്ത ടോക്കിയോ ഒളിംബിക്‌സില്‍ മല്‍സരിക്കുവാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ് യുസ്‌റയിപ്പോള്‍.യുസ്ര മാര്‍ദിനി രചിച്ച പുസ്തകമാണ് ‘ ബട്ടര്‍ഫ്‌ളൈ’ .പല പതിപ്പുകള്‍ ഇറങ്ങിയ ഈ പുസ്തകം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട യുസ്‌റയുടെ ജീവചരിത്രമാണ്.
അഭയാര്‍ത്ഥി മുതല്‍ ഒളിമ്പ്യന്‍വരെയും ബോട്ടിലെ രക്ഷാപ്രവര്‍ത്തനം, പ്രതീക്ഷ, വിജയം എന്നിവയുടെ കഥയാണ് ബട്ടര്‍ ഫ്‌ലൈ. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ കുട്ടിക്കാലമായിരുന്നു യൂസ്റ തരണം ചെയ്തത്.‘ ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോര്‍ റിബല്‍ ഗേള്‍സ് ‘ എന്ന പുസ്തകം യൂസ്റയുടെ ജീവിതം പറയുന്ന സമാഹാരമാണ്. ജീവന്‍ പണയം വച്ച് ജീവിതത്തിലേക്കു നീന്തിക്കയറിയ പെണ്‍കുട്ടിയുടെ കഥ ഉള്‍പ്പെട്ട പുസ്തകമാണ് . ഈ പുസ്തകങ്ങളില്‍ നിന്നുമാണ് യൂസ്റ പൃഥിയുടെ മകളുടെ കുഞ്ഞ് മനസ്സിലേക്ക് കയറുന്നത്.യുസ്‌റ മര്‍ദിനിയെക്കുറിച്ചറിയാതെ പലരും സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജിന്റെ മകളുടെ ആഗ്രഹത്തെ വിമർശിക്കുന്നുണ്ട്.