💠 അമരീഷ്പുരിയുടെ 90-ാം ജന്മവാർഷികം 💠
ഇന്ത്യൻ സിനിമയിലെ മിക്ക ഭാഷകളിലും വില്ലൻ വേഷങ്ങൾ ചെയ്തതിലൂടെ എന്നെന്നും ഓർമ്മിക്കപ്പെടുന്ന അംരീഷ് പുരി. 1987-ൽ പുറത്തിറങ്ങിയ ശേഖർ കപൂറിന്റെ മിസ്റ്റർ ഇന്ത്യ എന്ന ഹിന്ദി ചിത്രത്തിലെ മൊഗാംബോ എന്ന കഥാപാത്രത്തിന്റെ പേരിലാണ് അദ്ദേഹം കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. 1967-നും 2005-നും ഇടയിൽ ഹോളിവുഡിൽ റിച്ചാഡ് അറ്റൻബറോയുടെ ഓസ്കാർ അവാർഡ് നേടിയ ചിത്രം ഗാന്ധി (1982), സ്റ്റീവൻ സ്പിൽബർഗിന്റെ ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം (1984) 450-ലധികം സിനിമകളിൽ അഭിനയിച്ചു. സിനിമകളിൽ ക്രൂരനായ വില്ലൻ വേഷങ്ങൾ ചെയ്ത അംരീഷ് പുരി യഥാർത്ഥ ജീവിതത്തിൽ ഒരു പാവം മനുഷ്യനായിരുന്നു.
പഞ്ചാബിലെ ജലന്ദറിനടുത്തുള്ള നവൻശേഹർ എന്ന ജില്ലയിൽ 1932 ജൂൺ 22 ന് ലാല നിഹാൽ ചന്ദിന്റെയും വേദ് കോറിന്റെയും മകനായി ജനിച്ചു. അഭിനയത്തിനോട് അതീവ താൽപ്പര്യമുണ്ടായിരുന്ന അംരീഷ് പുരി മുംബൈയിലെ പ്രശസ്തമായ പ്രിഥ്വി തീയറ്റർ എന്ന നാടക കമ്പനിയിൽ സത്യദേവ് ദുബെ രചിച്ച നാടകങ്ങളിൽ അഭിനയിക്കുകയും തുടർന്ന അദ്ദേഹത്തിന് 1979 ൽ സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിക്കുകയും ചെയ്തു. 1970 ൽ പുറത്തിറങ്ങിയ പ്രേം പൂജാരി എന്ന സിനിമയാണ് അംരീഷ് പുരിയുടെ ആദ്യ ഹിന്ദി സിനിമ. തുടർന്ന് ധാരാളം ഹിന്ദി സിനിമകളിൽ അംരീഷ് പുരി അഭിനയിക്കുകയുണ്ടായി. ദിൽ വാലെ ദുൽഹനിയ ലേ ജായേംഗേ (1995), പർദേശ് (1997), ചോരി ചോരി ചുപ്കെ ചുപ്കെ (2001) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അംരീഷ് പുരിയെ ഏറെ ശ്രദ്ധേയനാക്കി. പഞ്ചാബി സിനിമകളിൽ കൂടുതലും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചത് ചൻ പർദേശി, സത് ശ്രി അകൽ, ഷഹീദ് ഉധം സിംഗ് തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതാണ്.
തെലുഗുവിൽ ജഗദേക വീരുദു അതിലോഗ സുന്ദരി, മേജർ ചന്ദ്രകാന്ത്, ആദിത്യ 369, കൊണ്ടവീടി ദോങ്ക, അശ്വമേധം, ആകരി പൊറാട്ടം തുടങ്ങിയ ചിത്രങ്ങളിലും തമിഴിൽ മണിരത്നം സംവിധാനം ചെയ്ത മമ്മൂട്ടിയും രജനീകാന്തും അഭിനയിച്ച ദളപതിയും, രജനീകാന്ത് അഭിനയിച്ച ബാബയിലും അഭിനയിച്ചു.
തൻ്റെ ആദ്യ കാലങ്ങളിലാണ് അദ്ദേഹം കന്നഡയിൽ അഭിനയിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ അംരീഷ് പുരി നായകനായി അഭിനയിച്ച കന്നഡ സിനിമയാണ് കാടു. ഹിന്ദി, കന്നഡ, ഹോളിവുഡ്, പഞ്ചാബി, തമിഴ്, മലയാളം, തെലുഗു തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലെല്ലാം വില്ലനായും, സഹനടനായും വെള്ളിത്തിരയിൽ തിളങ്ങിയ അംരീഷ് മലയാളത്തിൽ മോഹൻലാൽ നായകനായി അഭിനയിച്ച കാലാപാനിയിലും പ്രിയദർശൻ ഹിന്ദിയിൽ സംവിധാനം ചെയ്ത വിരാസത്, ഹൽചൽ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കച്ചി സഡക് എന്ന ചിത്രമാണ് അംരീഷ് പുരിയുടെ അവസാന ചിത്രം. അദ്ദേഹത്തിൻ്റെ മരണശേഷമാണ് ഈ സിനിമ പുറത്തിറങ്ങിയത്.2005 ജനുവരി 12 ന് 72-ാം വയസ്സിൽ അന്തരിച്ചു. അംരീഷ് പുരിക്ക് ചമൻ പുരി, ഓംപുരി (രണ്ടുപേരും നടന്മാരാണ്) എന്നീ രണ്ടു സഹോദരന്മാരും, ചന്ദ്രകാന്ത എന്ന ഒരു സഹോദരിയും ഉണ്ട്. ഭാര്യ ഊർമിള ദിവേകർ. മക്കൾ: രാജീവ് പുരി, നംമ്രത പുരി.
കടപ്പാട് : വായനക്കൂട്ടം (കലാഗ്രാമം ബുക്ക് ക്ലബ്ബ് )
💫 വിവിധ മാധ്യമങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത് 💫