“സൂചിക്ക് തുള വേണം. ഹൃദയത്തിന് പ്രണയവും” – സുഡാനിലെ ഒരു പഴമൊഴി

പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധുനികമനശാസ്ത്രത്തിന് ഈ വിഷയത്തിലുള്ള കാഴ്ചപ്പാടുകളും അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രണയമെന്ന നാട്യത്തിലുള്ള ലൈംഗികപീഡനങ്ങളും ദാമ്പത്യങ്ങളിലെ മോഹഭംഗങ്ങളും സുലഭമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ പ്രണയത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധത്തിന് ചെറുതല്ലാത്ത പ്രസക്തിയുണ്ട്. തന്‍റെ പ്രണയസങ്കല്‍പങ്ങളില്‍ പിഴവുകളുണ്ടോ, തനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത് യഥാര്‍ത്ഥസ്നേഹമാണോ എന്നൊക്കെയുള്ള തിരിച്ചറിവുകള്‍ ലഭിക്കാന്‍ പ്രണയത്തെപ്പറ്റിയുള്ള ശാസ്ത്രീയ ഉള്‍ക്കാഴ്ചകള്‍ നമ്മെ സഹായിക്കും. പ്രണയത്തെ സംബന്ധിച്ചുള്ള പ്രധാന ശാസ്ത്രസിദ്ധാന്തങ്ങളെയും അതിന്‍റെ അടിസ്ഥാനസ്വഭാവങ്ങളുടെ സൂക്ഷ്മാവലോകനം വിഷയമാക്കിയ ഒട്ടനവധി പഠനങ്ങള്‍ തരുന്ന പുത്തനറിവുകളെയും ഒന്നു പരിചയപ്പെടാം.

പ്രണയത്തിന് മനുഷ്യഹൃദയങ്ങളില്‍ ഇത്ര പ്രാമുഖ്യം ലഭിച്ചതെങ്ങനെ എന്നതിന് പരിണാമസംബന്ധിയായ പല വിശദീകരണങ്ങളും നിലവിലുണ്ട്. അവയെല്ലാം തന്നെ “വംശം കുറ്റിയറ്റു പോവില്ല എന്നുറപ്പു വരുത്താന്‍ പ്രകൃതി നമ്മോടു കാണിച്ച ഒരു വേലത്തരമാണു പ്രണയം” എന്ന സോമര്‍സെറ്റ്‌ മോമിന്‍റെ പ്രസ്താവനയെ ശരിവെക്കുന്നവയാണ്!

മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് പരാശ്രയം കൂടാതെ ജീവിക്കാനാവാന്‍ കൂടുതല്‍ കാലദൈര്‍ഘ്യം എടുക്കുന്നുണ്ട്. മാതാപിതാക്കള്‍ ഇരുവരുടെയും സ്നേഹവും സംരക്ഷണവും അവരുടെ ശരിയായ വളര്‍ച്ചക്ക് അത്യന്താപേക്ഷിതവുമാണ്. ഇത് ഉറപ്പുവരുത്താനായി നമ്മെയൊക്കെ ഏറെനാളത്തേക്ക് ഒരു പങ്കാളിയില്‍ത്തന്നെ ആകൃഷ്ടരാക്കി നിര്‍ത്താന്‍ പ്രകൃതിയൊരുക്കിയ ഒരു സൂത്രവിദ്യയാവാം പ്രണയം എന്നൊരു വാദമുണ്ട്. കുത്തഴിഞ്ഞ ലൈംഗികജീവിതം പകരംതരുന്ന ഗുഹ്യരോഗങ്ങള്‍ പ്രജനനശേഷി കുറയാനും ഭ്രൂണത്തിന് ക്ഷതങ്ങളേല്‍ക്കാനും പ്രസവം ക്ലേശകരമാവാനുമൊക്കെ ഇടയാക്കുകയും അതു വഴി വംശപ്പെരുപ്പത്തിന് വിഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നതും പ്രണയത്തിന്‍റെ ആവിര്‍ഭാവത്തിലേക്കു നയിച്ചിട്ടുണ്ടാവാം. നമ്മുടെ തലച്ചോറുകള്‍ അമിതസംയമനം കൈക്കൊണ്ട് പ്രത്യുല്‍പാദനചോദനകള്‍ക്ക് കടിഞ്ഞാണിടുന്നത് തടയുക എന്നതും പ്രണയത്തിന്‍റെ അവതാരോദ്ദേശങ്ങളില്‍ ഒന്നാവാം.

പരിണാമപ്രക്രിയ പ്രണയത്തെ യുക്തിക്കു നിരക്കാത്ത ഒരു പ്രതിഭാസമാക്കിത്തീര്‍ത്തതും ദീര്‍ഘദൃഷ്ടിയോടെത്തന്നെയാവാം. യുക്ത്യാനുസൃതമായി മാത്രം തന്‍റെ പങ്കാളിയെ തിരഞ്ഞെടുക്കുന്ന ഒരാള്‍ അതേ യുക്തിക്ക് കൂടുതല്‍ നല്ലതെന്നു തോന്നുന്ന മറ്റൊരാളെ കണ്ടുമുട്ടുമ്പോള്‍ ആദ്യപങ്കാളിയെ കയ്യൊഴിഞ്ഞേക്കാമല്ലോ. ദീര്‍ഘകാലബന്ധങ്ങളുടെ ഉന്മൂലനത്തിനു കളമൊരുക്കിയേക്കാവുന്ന അത്തരമൊരു സാഹചര്യത്തെ മുളയിലേ നുള്ളിക്കളയാനാവാം പ്രകൃതി യുക്തിരഹിതമായ പ്രണയത്തെ രംഗത്തിറക്കിയത്.

അമ്മമാര്‍ പിഞ്ചുകുഞ്ഞുങ്ങളെ നെഞ്ചോടണക്കുകയും ചുംബിക്കുകയും ആശ്ലേഷിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ആ കുട്ടികള്‍ തങ്ങള്‍ ഭ്രൂണാവസ്ഥയില്‍ ശ്രവിച്ചുകൊണ്ടിരുന്ന മാതൃഹൃദയത്തിന്‍റെ താളം വീണ്ടും കേള്‍ക്കുകയും അതുവഴി ഗര്‍ഭപാത്രത്തിനുള്ളില്‍ അനുഭവിച്ച കടുത്ത സുരക്ഷിതത്വത്തെക്കുറിച്ച് ഓര്‍മിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതേ സുരക്ഷിതത്വത്തെയാണ് നാം പ്രണയഭാജനങ്ങളുടെ ചുംബനങ്ങളിലും ആലിംഗനങ്ങളിലുമൊക്കെ നമ്മളറിയാതെ തേടുന്നത് എന്നാണ് നരവംശശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറിസിന്‍റെ അനുമാനം.

പ്രണയത്തിന് ഒരു നിര്‍വചനം

“പ്രണയം കാറ്റിനെപ്പോലെയാണ്. കാണാനാവില്ല, അനുഭവിക്കാനേ പറ്റൂ.” – നിക്കോളാസ് സ്പാര്‍ക്ക്സ്

ലൈംഗികതയുള്‍ക്കൊള്ളുന്നതും പങ്കാളിയെ ആദര്‍ശവല്‍ക്കരിക്കുന്നതും തുടര്‍ന്നുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതുമായ ഏതൊരു തീക്ഷ്ണമായ ആകര്‍ഷണത്തെയും പ്രണയം എന്നു വിളിക്കാം.

സരളമായ നിര്‍വചനങ്ങള്‍ക്കു പിടികൊടുക്കാത്തത്ര കുഴഞ്ഞുമറിഞ്ഞ ഒരു പ്രതിഭാസം തന്നെയാണു പ്രണയം. സൂക്ഷ്മവിശദാംശങ്ങളില്‍ ഏറെ വൈജാത്യങ്ങളുള്ള അനേകതരം ബന്ധങ്ങള്‍ പ്രണയം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നുണ്ട്. അവയില്‍ നിന്നും യഥാര്‍ത്ഥ പ്രണയത്തിനുള്ള വ്യതിരിക്തതകളെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ജാന്‍കോവിയാക്ക്, ഫിഷര്‍ എന്നീ ഗവേഷകര്‍ മുന്നോട്ടുവെച്ച നിര്‍വചനത്തിനാണ് ഇന്ന് ഏറ്റവും പൊതുസമ്മതി ലഭിച്ചിട്ടുള്ളത്. അവരുടെ നിഗമനത്തില്‍ ലൈംഗികതയുള്‍ക്കൊള്ളുന്നതും പങ്കാളിയെ ആദര്‍ശവല്‍ക്കരിക്കുന്നതും തുടര്‍ന്നുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതുമായ ഏതൊരു തീക്ഷ്ണമായ ആകര്‍ഷണത്തെയും പ്രണയം എന്നു വിളിക്കാം. സൌഹൃദം, കാമാസക്തി, ക്ഷണികമായ വശീകരിക്കപ്പെടലുകള്‍ തുടങ്ങിയവയില്‍ നിന്ന്‍ പ്രണയത്തെ വേര്‍തിരിച്ചു കാണിക്കാന്‍ ഈ നിര്‍വചനത്തിനാവുന്നുണ്ട്.

 

You May Also Like

കൂരാക്കൂര് ഇരുട്ടിൽ എന്നും തപ്പിത്തിരയാതെ വല്ലപ്പോഴെങ്കിലും വെളിച്ചത്തിലും രാസലീലകൾ ആവാം

Sindhu Thangavel ഭൂമിയിലുളള സകല ജീവജാലങ്ങളും അനുഭവിക്കുന്ന ഏറ്റവും തീഷ്ണവും, അസഹ്യവുമായ വികാരം വിശപ്പ് അല്ലെങ്കിൽ…

ദാമ്പത്യ ബന്ധത്തിൽ പരസ്പര ധാരണ എങ്ങനെ മെച്ചപ്പെടുത്താം? ഇതാ ചില നുറുങ്ങുകൾ

ഇന്നത്തെ തിരക്കേറിയ ലോകത്ത്, ദമ്പതികൾക്കിടയിൽ ആഴത്തിലുള്ള ധാരണ വളർത്തിയെടുക്കുന്നത് ശാശ്വതവും സംതൃപ്തവുമായ ബന്ധത്തിന് നിർണായകമാണ്.

ഒരു ചെറിയ മുറി വലുതായി തോന്നാൻ എന്തൊക്കെ ചെയ്യണം ?

ഒരു ചെറിയ മുറി വലുതായി തോന്നാൻ എന്തുചെയ്യണം ? വാടക മുറികൾ വളരെ ചെറുതാണ്. അതിൽ…

ലൈംഗീകത, പൊതു ചോദ്യങ്ങൾ

വിവാഹിതരാകാൻ പോകുന്നവർ ലൈംഗീകതയുമായി ബന്ധപ്പെട്ട് പൊതുവായി ഉന്നയിക്കുന്ന ചില സംശയങ്ങളാണ് ഇവിടെ നല്കിയിരിക്കുന്നത് .പുതു ലൈംഗീകതയിലെ…