International
നെൽസൺ റോഹ്ലാഹല മണ്ടേല, എന്തൊരു മനുഷ്യനാണയാൾ
നെൽസൺ റോഹ്ലാഹല മണ്ടേല. എന്തൊരു മനുഷ്യനാണയാൾ. 27 വർഷം തന്നെ ജയിലിൽ അടച്ചു പീഡിപ്പിച്ച, തന്റെ 45 വയസ്സ് മുതൽ 72 വയസ്സ് വരെയുള്ള ജീവിതം തടവറക്കുള്ളിലെ ഇരുട്ടിൽ പരിമിതപ്പെടുത്തിയ ദക്ഷിണാഫ്രിക്കയിലെ
159 total views

നെൽസൺ റോഹ്ലാഹല മണ്ടേല. എന്തൊരു മനുഷ്യനാണയാൾ. 27 വർഷം തന്നെ ജയിലിൽ അടച്ചു പീഡിപ്പിച്ച, തന്റെ 45 വയസ്സ് മുതൽ 72 വയസ്സ് വരെയുള്ള ജീവിതം തടവറക്കുള്ളിലെ ഇരുട്ടിൽ പരിമിതപ്പെടുത്തിയ ദക്ഷിണാഫ്രിക്കയിലെ വംശീയ ഭരണകൂടത്തോടും, അതിന് പൂർണ പിന്തുണ നൽകിയ ജനവിഭാഗത്തോടും അയാൾ എന്തൊരു മധുര പ്രതികാരമാണ് നിർവഹിച്ചത്.
മുൻകാലങ്ങളിൽ വർണ വെറി പൂണ്ടു ന്യൂനപക്ഷക്കാരായ വെളുത്ത വർഗക്കാർ ചെയ്ത കുറ്റകൃത്യങ്ങൾ ക്ഷമിക്കണമെന്ന്, 1994 ൽ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ പ്രസിഡന്റായത് മുതൽ തന്റെ പാർട്ടി അംഗങ്ങളോടും, ജനതയോടും ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. ഇല്ലെങ്കിൽ 80% ആഫ്രിക്കൻ വംശജരുള്ള ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ടേല എന്ന പ്രസിഡന്റിനു വർഷങ്ങളായി വെളുത്ത വർഗക്കാർ തന്നോടും, തന്റെ ജനവിഭാഗത്തിനോടും ചെയ്തുകൂട്ടിയ അനീതികൾക്കും, അക്രമത്തിനും പകരം ചോദിക്കാൻ ഇതിലും മികച്ച അവസരം വേറെയുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം തെരഞ്ഞെടുത്തത് ‘റെയിൻബോ രാജ്യം’ എന്നറിയപ്പെടുന്ന സൗത്ത് ആഫ്രിക്കയിലെ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന വഴിയായിരുന്നു.
രാജ്യത്തെ വെള്ളക്കാർ അഭിമാനമായും, ഭൂരിപക്ഷ ആഫ്രിക്കൻ വംശജർ വെറുപ്പോടെയും കണ്ടിരുന്ന ‘സ്പ്രിങ്ബോക് ‘എന്ന പേരിൽ അറിയപ്പെട്ടിരുന്ന നാഷണൽ റഗ്ബി ടീമിനെ എങ്ങനെയാണ് മണ്ടേല രാജ്യത്തെ ജനങ്ങളുടെ മൊത്തം വികാരമാക്കിയതെന്നും, മനുഷ്യരുടെയിടയിൽ വർണ വർഗ വ്യത്യാസങ്ങൾ അലിഞ്ഞില്ലാതാക്കിയത് എന്നും മനോഹരമായ ‘ഇൻവിക്ട്സ്’എന്ന സിനിമയിലൂടെ ക്ലിന്റ് ഈസ്റ്റ് വുഡ് നമുക്ക് കാണിച്ചു തരുന്നുണ്ട്. റഗ്ബി താങ്കളുടെ പൊളിറ്റിക്കൽ കാൽക്കുലേഷൻ ആയിരുന്നല്ലേ എന്ന് സഹായി പിന്നീട് ചോദിക്കുമ്പോൾ ജനങ്ങളുടെ പ്രിയപ്പെട്ട ‘മാഡിബ ‘ പറയുന്നത് അതൊരു ഹ്യൂമൻ കാൽക്കുലേഷൻ ആയിരുന്നെന്നാണ്.
നമ്മൾ രാഷ്ട്ര ശില്പി എന്ന് ജവാഹർലാൽ നെഹ്റുവിനെ എന്തു കാരണത്താലാണോ വിളിക്കുന്നത് അതെ കാരണം കൊണ്ടു തന്നെ ദക്ഷിണാഫ്രിക്കക്കാർക്ക് നെൽസൺ മണ്ടേലയും രാഷ്ട്ര ശില്പിയാണ്.പക്ഷേ പിൽക്കാല ചരിത്രം പലപ്പോളും ഈ മഹത് വ്യക്തികളോട് നീതികാണിക്കാറില്ലെന്നതും, അവർ പരിശ്രമിച്ചു കെട്ടിയുയർത്തിയ വിശാലതയുടെയും, വൈവിധ്യത്തിന്റെയും, സഹിഷ്ണുതയുടെയും രാഷ്ട്ര സങ്കല്പം അപക്വമതികളായ പിൽക്കാല ഭരണകർത്താക്കൾ താൽക്കാലിക ലാഭത്തിനായി ചവിട്ടി മെതിക്കുന്നതെങ്ങനെയെന്ന് നാം കണ്ടു കൊണ്ടിരിക്കുകയാണ്. വലിയ അണക്കെട്ടുകളാണ് നവീന ഭാരതത്തിന്റെ ക്ഷേത്രങ്ങൾ എന്ന് പ്രഖ്യാപിച്ച നെഹ്റുവിൽ നിന്ന് 3000 കോടി രൂപ ഉപയോഗിച്ചു ഐക്യത്തിന്റെ പ്രതിമ പണിയുന്നവരിലേക്ക് ദൂരം എത്രയാണ്.
‘ഇൻവിക്ട്സ്’സിനിമയിൽ തന്റെ പാർട്ടി അണികളോട് മണ്ടേല പറയുന്നുണ്ട്, “നിങ്ങൾ എന്നെ നേതാവായി തെരഞ്ഞെടുത്തു, ഇനി ഞാൻ നിങ്ങളെ നയിക്കാം,ഇപ്പോളത്തെ ആവശ്യം രാജ്യം പുനർനിർമിക്കുക എന്നതാണ്. അതിനായി ലഭ്യമായ എല്ലാ ഇഷ്ടികകളും നമ്മൾ ഉപയോഗിക്കുക തന്നെ വേണം”.
ഇവിടെ സമകാലിക ഇന്ത്യയിൽ പ്രസക്തമായ ചോദ്യം, ലഭ്യമായ ഇഷ്ടികകൾ കൊണ്ട് നമ്മളിപ്പോൾ പുനർനിർമിച്ചു കൊണ്ടിരിക്കുന്നതെന്താണെന്നതാണ്. ആ ഇഷ്ടികകളിൽ അഭിമാനം കൊള്ളുമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്ന രാജ്യത്തെ 130 കോടി ജനങ്ങളിൽ ഞാനുൾപ്പെടുന്നില്ല എന്നത് മാത്രമാണ് എനിക്കിപ്പോൾ പറയാനാവുന്നത്.
160 total views, 1 views today