കാടിന്റെ മക്കൾ
Bency Mohan
കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം തീയറ്ററിൽ പോയിക്കണ്ട സിനിമയാണ് 1986ല്‍ റിലീസ് ആയ “കാടിന്റെ മക്കള്‍” . മൃഗങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളായ ഇന്ത്യയിലെ തന്നെ ആദ്യത്തെ സിനിമ. ഏഴു വയസ്സില്‍ കണ്ടതാണെങ്കിലും ഇന്നും ഓര്‍മ്മകളില്‍ ഈ സിനിമ നിറഞ്ഞു നില്‍ക്കാറുണ്ട്. മൃഗങ്ങളുടെ ജീവിതത്തെപ്പറ്റിയുള്ള ബാല്യകാല സങ്കല്‍പ്പങ്ങളെ തകിടം മറിച്ച ഈ സിനിമ, എന്റെ മനസ്സില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു.ഗൌരി, ശങ്കര്‍ എന്നീ രണ്ടു കുരങ്ങുകള്‍ ആണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഒരു തെരുവ് കുരങ്ങു കളിക്കാരന് വളര്‍ത്തുന്ന ഇവര്‍, ഏറെ കഷ്ടപ്പാടുകള്‍ സഹിയ്ക്കുന്നു. അയാളുടെ പീഡനം സഹിയ്ക്ക്തെ ശങ്കര്‍ ഒളിചോടുന്നതും, സ്വാതന്ത്ര്യം തേടി നടത്തുന്ന യാത്രയുമാണ് ഈ സിനിമയുടെ ഇതിവൃത്തം. ആ യാത്രയില്‍ ദുരിതം അനുഭവിയ്ക്കുന്ന മറ്റു ചില മൃഗങ്ങളെ കാണുന്നു. ചിലരെ രക്ഷിയ്ക്കുന്നു.
ആ യാത്രയിലാണ് ശങ്കര്‍ സുന്ദരിയെ കാണുന്നത്. ഒരു ക്ഷേത്രത്തിലെ ആനയാണ് സുന്ദരി. അവനോട് സുന്ദരി സ്വന്തം കഥ പറയുന്നു.കുട്ടിക്കാലത്ത് കാട്ടില്‍ മാതാപിതാക്കളും കൂട്ടരുമൊത്ത് സന്തോഷത്തോടെ കഴിയുന്ന സമയത്താണ് മനുഷ്യര്‍ വരുന്നതും, ചെണ്ട കൊട്ടി ഓടിച്ച് സുന്ദരിയെ വാരിക്കുഴിയില്‍ വീഴിയ്ക്കുന്നതും. നാട്ടാനയാക്കാന്‍ നടത്തുന്ന ശാരീരിക പീഡനങ്ങളും, പിന്നീട് തടി പിടിയ്ക്കാന്‍ കൊണ്ട് പോയി കഷ്ടപ്പെടുതുന്നതും, ഒടുവില്‍ ആരോഗ്യമൊക്കെ നശിച്ചു കഴിയുമ്പോള്‍ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി ഉത്സവങ്ങള്ക്ക്് ഒക്കെ ഉപയോഗിയ്ക്കുന്നതും വിവരിയ്ക്കുന്ന സുന്ദരി, ഒടുവില്‍ മരണത്തിലൂടെ വേദനകള്‍ ഇല്ലാത്ത ലോകത്തേയ്ക്ക് പോകുമ്പോള്‍, ശങ്കറിന്റെ കണ്ണുകള്‍ മാത്രമല്ല നിറയുന്നത്, കാണുന്ന സിനിമ പ്രേക്ഷകരുടെ കൂടെയാണ്.
എം.ടി.വാസുദേവന്‍ നായരുടെ അതുല്യ തൂലിക കൈയൊപ്പ് വച്ച സംഭാഷണങ്ങളാണ് ഈ സിനിമയിലെ ഏറ്റവും വലിയ സവിശേഷത.സിനിമയുടെ അന്ത്യത്തില്‍ മനുഷ്യരില്‍ നിന്നും എന്നന്നേയ്ക്കുമായി രക്ഷപ്പെട്ട് ഗൌരിയുമൊത്ത് കാട്ടിലേയ്ക്ക് പോകുന്ന ശങ്കര്‍, താന്‍ അണിഞ്ഞ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു കൊണ്ട് പറയുന്ന സംഭാഷണം ഇങ്ങനെയാണ് “ഇതില്‍ മനുഷ്യന്മാരുടെ ദുര്‍ഗന്ധമുണ്ട്.”
പി എസ് പ്രകാശ് സംവിധാനം ചെയ്ത ഈ സിനിമ വാണിജ്യപരമായി വിജയിച്ചില്ല. എങ്കിലും മികച്ച കുട്ടികള്‍ക്കുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ആ വര്‍ഷം ഈ സിനിമ നേടി. ഈ സിനിമ “ആസാദി കി ഓര്’ എന്ന പേരില്‍ ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പല പ്രാവശ്യം ദൂരദര്‍ശനില്‍ കാണിച്ച ഈ സിനിമ ഒരു തലമുറയെ ആകെ സ്വാധീനിച്ചിട്ടുണ്ട്.എങ്കിലും കാലത്തിന്റെ ഒഴുക്കില്‍ ഈ സിനിമ മറവിയിലേയ്ക്ക് ഒതുങ്ങി. നല്ലൊരു പ്രിന്റോ, വീഡിയോ കോപ്പിയോ, ഡി.വി.ഡിയോ, ഇന്ന് ലഭ്യം അല്ല. മലയാള സിനിമ ചരിത്രത്തിലെ ഒരു നാഴികകല്ല് എന്ന് വിശേഷിപ്പിയ്ക്കാവുന്ന ഈ സിനിമയ്ക്ക് അര്‍ഹതപ്പെട്ട അംഗീകാരം നമ്മുടെ സിനിമ ലോകം കൊടുത്തിട്ടില്ല എന്നത് ദു:ഖകരമാണ്.