ഇസ്രായേൽ, പാലസ്തിൻ അനുഭാവികൾ തമ്മിൽ കലഹിക്കാതെ സത്യം വായിച്ചിരിക്കണം

0
230
Jinil Mathew വിന്റെ സുദീർഘമായ പോസ്റ്റാണ്. അടിസ്ഥാന പ്രശ്നങ്ങൾ അറിയാതെ കലഹിക്കുന്നവർക്കു നല്ലൊരു വായന ലഭിക്കും.
Jinil Mathew
ഇസ്രായേൽ – പാലസ്തിൻ ചരിത്രങ്ങൾ
ഇസ്രായേൽ എന്ന രാജ്യം രൂപീകരിക്കാൻ ഇടയായ സാഹചര്യങ്ങളും ഇസ്രായേലും, പാലസ്തീനും തമ്മിലുള്ള പ്രശ്നങ്ങളും എന്തൊക്കെയാണ്? പാലസ്തിൻ എന്നൊരു രാജ്യം ഇന്ന് നിലവിലുണ്ടോ?
എന്താണ് ഗാസയിലെ നിലവിലുള്ള അവസ്ഥ? എന്നുമുതലാണ് ഗാസയിൽ പ്രശ്നങ്ങൾ തുടങ്ങിയത്? ഏതു രീതിയിലാണ് മീഡിയ ഈ പ്രശ്നങ്ങളെ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്? ഒരു സാധാരണ ഇന്ത്യക്കാരൻ ഏതു രീതിയിലാണ് ഇസ്രായേലും, പാലസ്തീനും തമ്മിലുള്ള പ്രശ്നത്തെ സമീപിക്കുന്നത്? എന്തൊക്കെയാണ് നമ്മുടെ മുൻവിധികൾ?
നിലവിൽ ഇസ്രായേൽ എന്നും പാലസ്തിൻ എന്നും വിളിക്കുന്ന പ്രദേശങ്ങൾ ചരിത്രപരമായി ഒട്ടനവധി അധിനിവേശങ്ങളുടെ കഥ പറയുന്നുണ്ട്. ഭൂമിശാസ്ത്രപരമായി ആഫ്രിക്കൻ ഭൂഖണ്ഡങ്ങളുടെയും യൂറോപ്പിന്റെയും ഏഷ്യയുടെയും ഒക്കെ മധ്യത്തിലും അടുത്തും കിടക്കുന്ന പ്രദേശങ്ങൾ ആയതിനാലാവാം ഒരുപക്ഷെ ഇത്രയധികം അധിനിവേശങ്ങൾ ഇവിടെ നടക്കാൻ ഇടയായത്. ലോകത്തിൽ ഏറ്റവും കൂടുതലായി ചിതറിക്കപ്പെട്ട ഒരു ജനതയാണ് യഹൂദർ. ബിബ്ലിക്കൽ കാലഘട്ടത്തിൽ ഇന്ന് ഇസ്രായേൽ എന്നും പാലസ്തിൻ എന്നും വിളിക്കുന്ന പ്രദേശങ്ങളിൽ രണ്ടു രാജ്യങ്ങൾ നിലനിന്നിരുന്നതായി ഹീബ്രു ബൈബിളിന്റെ അടിസ്ഥാനത്തിൽ പറയപ്പെടുന്നു. ഇന്നുള്ള പാലസ്തിൻറെയും ഇസ്രായേലിന്റെയും വടക്കുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ എന്ന രാജ്യവും (അന്ന് സമറിയ), തെക്കൻ പ്രദേശങ്ങളിൽ ജൂദാ രാജ്യവും നിലവിലുണ്ടായിരുന്നു. ബിസി 722 ൽ അന്നത്തെ ഇസ്രായേലിനെ പരാജയപ്പെടുത്തി നിയോ അസ്സീറിയൻ (Neo-Assyrian Empire ) ചക്രവർത്തിമാർ ആധിപത്യം നേടി. ബിസി 586 ൽ ജൂദ രാജവംശത്തെ പരാജയപ്പെടുത്തി നിയോ ബാബിലോണിയൻ (Neo-Babylonian Empire ) സാമ്രാജ്യവും അധികാരത്തിൽ വന്നു.
538 ബിസി യിൽ ബാബിലോണിയൻ സാമ്രാജ്യത്തെ, സൈറസിന്റെ (Cyrus the Great) കീഴിലുള്ള പേർഷ്യൻ സാമ്രാജ്യം (also called Achaemenid) പരാജയപ്പെടുത്തി. അതിനുശേഷം ജൂത സമൂഹം അതിന്റെ കുലീനതകളോടുകൂടി തിരിച്ചുവരികയും രണ്ടാമത്തെ യഹൂദ ദേവാലയം ജറുസലേമിൽ നിർമ്മിക്കുകയും ചെയ്തു. ഈ ദേവാലയം BC 516 മുതൽ AD 70 കാലഘട്ടം വരെ നിലനിൽക്കുകയുമുണ്ടായി. ഹീബ്രു ബൈബിൾ അനുസരിച്ചു ജൂദാ രാജ്യം നിലവിലുണ്ടായിരുന്ന കാലഘട്ടത്തിൽ അന്നത്തെ ഇസ്രായേൽ – ജൂദാ രാജ്യങ്ങളുടെ രാജാവായിരുന്ന സോളമൻ രാജാവാണ് ആദ്യത്തെ യഹൂദ ദേവാലയം ജറുസലേമിൽ പണികഴിപ്പിച്ചത്. പുരാതന ജെറുസലേമിലുണ്ടായിരുന്ന ഈ ദേവാലയം പിന്നീട് ബാബിലോണിയൻ ചക്രവർത്തിയായിരുന്ന Nebuchadnezzar രണ്ടാമൻ നശിപ്പിക്കുകയുണ്ടായി (BC 587 -586 ).
ബിസി 332-ൽ മാസിഡോണിയൻ ഗ്രീക്കുകാർ (Hellenistic) അലക്സാണ്ടറുടെ (Alexander the Great) കീഴിൽ ഇസ്രയേലിനെ ആക്രമിച്ചു കീഴടക്കി. അതിനുശേഷം യഹൂദജനങ്ങൾ മതപരമായി രണ്ടു വിഭാഗങ്ങളായി വിഭജിക്കപ്പെടുകയുണ്ടായി. അതായത് ഒരുകൂട്ടം, യഹൂദന്മാരുടെ പരമ്പരാഗതമായ ആചാരാനുഷ്ടാനങ്ങൾ പിന്തുടരുന്ന യാഥാസ്ഥിതികരായും (orthodox ), മറ്റൊരുകൂട്ടം ആളുകൾ ഗ്രീക്ക് ആചാരങ്ങൾ പിന്തുടരുന്ന സമൂഹമായും (Hellenized ) വിഭജിക്കപ്പെട്ടു. യഹൂദരുടെ മതവിഭാഗങ്ങൾ തമ്മിൽ നടന്ന Maccabean കലാപത്തിനുശേഷം സ്വതന്ത്ര യാഥാസ്ഥിതിക ഹസ്മോണിയൻ രാജ്യം സ്ഥാപിക്കപ്പെട്ടു. ചരിത്രപരമായി പരിശോധിക്കുകയാണെങ്കിൽ അവസാനത്തെ യഹൂദ രാജവംശം ആയിരുന്നു Hasmoneans. അതിനുശേഷം ബിസി 64 ആം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം നിലവിൽ വന്നു. റോമാക്കാർ ഇസ്രായേൽ കീഴടക്കിയതുമുതലാണ് യഹൂദർ ഇസ്രായേലിൽ നിന്നും പുറന്തള്ളപ്പെടാൻ തുടങ്ങിയത്. AD 66-136-ലെ യഹൂദ-റോമൻ യുദ്ധങ്ങൾ നടക്കുന്നതുവരെ പുരാതന ഇസ്രായേലിൽ ജീവിച്ചിരുന്നവരിൽ ഭൂരിഭാഗം ആളുകളും യഹൂദന്മാരായിരുന്നു. റോമാക്കാരും യഹൂദരും തമ്മിൽ നടന്ന യുദ്ധത്തിൽ അന്ന് റോമാ പ്രവിശ്യയായ പാലസ്തീനയിൽ നിന്ന് യഹൂദന്മാരെ റോമാക്കാർ പുറത്താക്കുകയും, യഹൂദരുടെ രണ്ടാമത്തെ ദേവാലയം നശിപ്പിക്കുകയും ചെയ്തു. അതോടുകൂടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും യഹൂദർ ചിതറിക്കപ്പെടാൻ തുടങ്ങി. അതിനുശേഷം റോമാക്കാരുടെ കീഴിലുള്ള ഈ പ്രദേശങ്ങൾ സിറിയ പാലസ്തിന എന്നപേരിൽ അറിയപ്പെട്ടു.
പിന്നീട് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ഭരണകാലമായ നാലാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ റോമൻ ചക്രവർത്തിമാർ ക്രിസ്തുമതം അവരുടെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും, ക്രമേണ ജെറുസലേം ഒരു ക്രിസ്ത്യൻ നഗരമായി മാറി. അതോടുകൂടി യഹൂദർ ജറുസലേമിൽ താമസിക്കുന്നത് വിലക്കുകയും ചെയ്തു. നാലാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം വിഭജിക്കപ്പെട്ടതിനു ശേഷം Byzantine ചക്രവർത്തിമാർ AD 636 വരെ ഇവിടം ഭരിക്കുകയുണ്ടായി. പിന്നീട് Byzantine (റോമാ )ചക്രവർത്തിമാരെ പരാജയപ്പെടുത്തി അറബ് മുസ്ലിം ചക്രവർത്തിമാരുടെ അധിനിവേശം നടക്കുകയും മുസ്ലിം മതം പ്രചരിക്കുകയുമുണ്ടായി. ഇസ്രായേൽ ചരിത്രകാരനായ Moshe Gil പറയുന്നത് മുസ്ലിം ചക്രവർത്തിമാർ അധിനിവേശം നടത്തിയ ഏഴാം നൂറ്റാണ്ടിനു മുൻപുവരെ ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും യഹൂദരോ, അല്ലെങ്കിൽ സമരിയാക്കാരോ ആയിരുന്നുവെന്നാണ്.
AD 1099 ൽ ആദ്യത്തെ കുരിശു യുദ്ധക്കാർ ( First Crusaders) വരുന്നതുവരെ മുസ്ലിം രാജാക്കന്മാരുടെ(അറബ്) ഭരണത്തിന് കീഴിലായിരുന്നു ഈ പ്രദേശങ്ങൾ. കുരിശുയുദ്ധക്കാർ വരുന്നതുവരെ നിരവധി മുസ്ലീം രാജവംശങ്ങൾ പാലസ്തീനെ നിയന്ത്രിച്ചിരുന്നു. AD 1099 മുതൽ 1291 വരെ കുരിശു യുദ്ധക്കാരായിരുന്നു പ്രധാനമായും ഇവിടം ഭരിച്ചുകൊണ്ടിരുന്നത്. യഹൂദരും അവരും തമ്മിൽ പലപ്പോഴും യുദ്ധം നടക്കുകയുണ്ടായി.ജെറുസലേം പിടിച്ചടക്കിയ കുരിശു യുദ്ധക്കാർ ആറായിരത്തോളം യഹൂദരെ കൂട്ടക്കൊല ചെയ്തുവെന്ന് പറയപ്പെടുന്നു. നിരവധി യഹൂദരെ കുരിശുയുദ്ധക്കാർ വധിച്ചുവെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
AD 1187 ൽ അയ്യൂബിദ് സുൽത്താൻ ആയിരുന്ന സലാദിൻ (Saladin ) കുരിശു യുദ്ധക്കാരെ പരാജയപ്പെടുത്തി ജെറുസലേമിന്റെയും, അന്നത്തെ പാലസ്തിൻറെയും മിക്ക ഭാഗങ്ങളും പിടിച്ചെടുക്കുകയുമുണ്ടായി. അതിനുശേഷം അദ്ദേഹം എല്ലാ യഹൂദന്മാരെയും ജെറുസലേമിലേക്ക് മടങ്ങിവന്ന് താമസിക്കാൻ ക്ഷണിച്ചുകൊണ്ട് ഒരു വിളംബരം പുറപ്പെടുവിച്ചു. അങ്ങനെ വീണ്ടും ജൂത കുടിയേറ്റം അന്നത്തെ ഇസ്രായേലിന്റെ ഭാഗങ്ങളായിരുന്ന ജെറുസലേമിലേക്കും മറ്റു പ്രദേശങ്ങളിലേക്കും ആരംഭിച്ചു. AD 1211 ൽ ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും 300 ലധികം റബ്ബിമാരുടെ നേതൃത്വത്തിൽ കുറെയധികം യഹൂദർ പാലസ്തിനിലേക്കു വന്നപ്പോൾ അവിടെ നിലവിലുണ്ടായിരുന്ന യഹൂദസമൂഹം കുറച്ചുകൂടി ശക്തിപ്പെടുകയും ചെയ്തു.
AD 1260-ൽ ഈജിപ്ഷ്യൻ രാജവംശം ആയിരുന്ന MAMLUK ചക്രവർത്തിമാർ നിയന്ത്രണം ഏറ്റെടുത്തു. അവരും കുരിശു യുദ്ധക്കാരും തമ്മിൽ ഇടയ്ക്കിടയ്ക്ക് യുദ്ധം നടന്നിരുന്നു. പിന്നെ AD 1517 മുതൽ 1917 വരെ പാലസ്തിൻ പ്രദേശങ്ങൾ ഭരിച്ചുകൊണ്ടിരുന്നത് ടർക്കിഷ് രാജവംശമായ ഒട്ടോമൻ (Ottoman) ചക്രവർത്തിമാരായിരുന്നു. അന്ന് ഈ പ്രദേശങ്ങൾ ഒട്ടോമൻ സിറിയയുടെ ഭാഗമായി മാറുകയും ഉണ്ടായി. 1917-ൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ ഒട്ടോമൻ സാമ്രാജ്യത്തിന്റെ പരാജയത്തെത്തുടർന്ന് ബ്രിട്ടീഷ് സേന ഒട്ടോമൻ നിയന്ത്രണത്തിലുണ്ടായിരുന്ന പാലസ്തിൻ പിടിച്ചടക്കി. ഒട്ടോമൻ സേനയെ പരാജയപ്പെടുത്തിയതിനുശേഷം, 1918 ൽ ഒട്ടോമൻ സിറിയയിൽ ബ്രിട്ടൻ ഒരു സൈനിക ഭരണകൂടം സ്ഥാപിച്ചു. 1920 ൽ ഓട്ടോമൻ സിറിയ വിഭജിക്കുകയും ഫ്രാൻസും, ബ്രിട്ടനും വീതിച്ചെടുക്കുകയും ചെയ്തു. ബ്രിട്ടന്റെ കീഴിൽ വന്ന പ്രദേശങ്ങൾ ബ്രിട്ടീഷ് പാലസ്തിൻ എന്നപേരിൽ അറിയപ്പെട്ടു. 1948 വരെ ഈ പ്രദേശങ്ങൾ ബ്രിട്ടീഷുകാർ ഭരിച്ചു.
19 ആം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ഇപ്പോഴുള്ള ഇസ്രായേൽ, പലസ്തീൻ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്.ഇന്ന് ഇസ്രായേൽ എന്നും പാലസ്തിൻ എന്നും അറിയപ്പെടുന്ന പ്രദേശങ്ങൾ മുഴുവനും 1920 മുതൽ 1948 വരെ ബ്രിട്ടീഷ് ആധിപത്യത്തിൽ ആയിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടുകൂടിയാണ് പാലസ്തിൻ ദേശീയവാദ സംഘടനകൾ ആദ്യം രൂപം കൊള്ളുന്നത്. ബ്രിട്ടീഷുകാർ ഭരിച്ചുകൊണ്ടിരുന്നപ്പോൾ രണ്ടു ദേശീയവാദ പ്രസ്ഥാനങ്ങൾ ഒന്ന് ജൂത ദേശീയവാദവും, മറ്റൊന്ന് അറബ് ദേശീയവാദവും പലസ്തീനിൽ രൂപം കൊള്ളുകയും ശക്തിയാർജ്ജിക്കുകയും ചെയ്തു. ക്രമേണ അവർ ചെറുവിഭാഗങ്ങളായി തിരിഞ്ഞു പരസ്പരം ഏറ്റുമുട്ടുക പതിവായിരുന്നു. 1936 മുതൽ 1939 വരെ പലസ്തീനിൽ അറബ് ദേശീയവാദം ശക്തിപ്പെടുകയും ബ്രിട്ടീഷ് ഭരണത്തിന്നെതിരെ വിപ്ലവങ്ങൾ നടക്കുകയും ഉണ്ടായി. അറബ് സമൂഹം സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദം ഉയർത്തുവാൻ തുടങ്ങുകയും ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ബ്രിട്ടീഷ് പാലസ്തിനിലേക്കു നടന്ന ജൂത കുടിയേറ്റങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് പലസ്തീൻ പ്രദേശങ്ങളിൽ താമസിച്ചുകൊണ്ടിരുന്ന ജൂത സമൂഹം അറിയപ്പെട്ടിരുന്നത് യിഷുവ്(Yishuv ) എന്ന പേരിൽ ആയിരുന്നു. 18 , 19 ആം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്നും വന്ന ജൂത കുടിയേറ്റക്കാർ അഷ്കനാസീ (Ashkenazi )ഹസ്സിടിക് (Hassidic ) എന്ന പേരിലും അറിയപ്പെടുന്നു. സയണിസ്റ് നേതാക്കന്മാരാണ് ആദ്യം ഒരു ജൂത രാഷ്ട്രം എന്ന സങ്കൽപ്പത്തിന് അടിത്തറയിട്ടത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കപ്പെട്ട യഹൂദർക്ക്, അവരുടെ പൂർവ്വികരുടെ നാട്ടിൽ ജൂത രാഷ്ട്രം വീണ്ടും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപം കൊണ്ട ഒരു മൂവ്മെന്റാണ് സയണിസം (ZIONISM ). തിയോഡോർ ഹെർസൽ എന്ന വ്യക്തിയാണ് സയണിസത്തിന് അടിത്തറയിട്ടതെന്ന് കരുതപ്പെടുന്നു.
ഇതിന്റെ ഭാഗമായി സയണിസ്റ് നേതാക്കന്മാർ യൂറോപ്പിൽ നിന്നും 1907 ൽ Arthur Ruppin എന്നയാളെ അന്ന് ഓട്ടോമൻ ചക്രവർത്തിമാർ ഭരിച്ചുകൊണ്ടിരുന്ന പാലസ്തിനിലേക്കു അയച്ചു. അന്ന് പാലസ്തിനിൽ ജീവിച്ചിരുന്ന യഹൂദസമൂഹത്തിൻറെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുകയും, കാർഷിക വികസനത്തിനും വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനും വികസിപ്പിക്കുന്നതിനും അനുയോജ്യമായ സാധ്യതകളൊക്കെ പഠിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വരവിന്റെ ലക്ഷ്യം. എന്നാൽ അദ്ദേഹം കണ്ട കാഴ്ചകൾ വളരെ ശോചനീയമായിരുന്നു. യഹൂദരുടെ ജീവിത സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെടാനുണ്ടെന്നുള്ള റിപ്പോർട്ടാണ് അദ്ദേഹം സയണിസ്റ് നേതാക്കന്മാർക്ക് കൊടുത്തത്. Arthur Ruppin പിന്നീട് 1908ൽ ബ്രിട്ടീഷ് ആധിപത്യത്തിലുണ്ടായിരുന്ന പാലസ്തിനിലേക്കു തിരിച്ചു വരികയും, സയണിസ്റ്റ് ഓർഗനൈസഷന്റെ ഓഫീസ് പാലസ്തിനിലെ ജാഫയിൽ സ്ഥാപിക്കുകയും ചെയ്തു. ഇന്നത്തെ ടെൽ അവീവ് പട്ടണത്തിന്റെ സ്ഥാപകരിൽ ഒരാളാണ് ഇദ്ദേഹം. ഇസ്രായേലിൽ Kibbutz സ്ഥാപിച്ചതിൽ നിർണ്ണായക പങ്കു വഹിച്ചതും അദ്ദേഹമാണ്. ജൂത സമൂഹത്തിനുവേണ്ടി ഭൂമികൾ വാങ്ങിക്കുക ,കൃഷിരീതികൾ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യാനുള്ള സഹായം ചെയ്തുകൊടുക്കുക, നഗര വികസനം, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വരുന്ന കുടിയേറ്റക്കാരെ സഹായിക്കുക തുടങ്ങിയവയായിരുന്നു ഇവരുടെ മുഖ്യ ലക്ഷ്യം. ഈ കാലഘട്ടത്തിൽ HASHOMER എന്നപേരിൽ ജൂത സമൂഹത്തിന്റെ സ്വയ പരിരക്ഷക്കുവേണ്ടി ഒരു സംഘടന രൂപംകൊണ്ടു. 1920 ൽ ഹഗാന (HAGANAH) എന്ന പേരിൽ ഒരു പാരാമിലിറ്ററി (1921 -48 ) രൂപം കൊണ്ടപ്പോൾ Hashomer ഇതിൽ ലയിച്ചു.പിന്നീട് സ്വാതന്ത്ര്യാനന്തരം HAGANAH ഇസ്രായേലി ഡിഫെൻസ് ഫോഴ്സിന്റെ (IDF) ഭാഗം ആകുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധം (1939 -45 ) നടന്ന കാലഘട്ടത്തിൽ നാസി ജർമ്മനിയും അവരുടെ കൂട്ടാളികളും അന്ന് യൂറോപ്പിൽ ഉണ്ടായിരുന്ന ജൂത സമൂഹത്തിന്റെ മൂന്നിൽ രണ്ടുവിഭാഗം ജനങ്ങളെയും കൂട്ടക്കൊല ചെയ്തപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടന്ന യഹൂദർ അവരുടെ പൂർവ്വികരുടെ ജന്മദേശമായ അന്ന് ബ്രിട്ടീഷ് പലസ്തീൻ എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങളിലേക്ക് മടങ്ങി വരാനും സ്വന്തം രാജ്യം കെട്ടിപ്പടുക്കാനും ആഗ്രഹിച്ചു.
അനുദിനം വർധിച്ചു വന്ന അറബ് – ജൂത പ്രശ്ന പരിഹാരത്തിനായി പാലസ്തിൻ ഭരിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് ഭരണകൂടം, അന്താരാഷ്ട്ര പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, പരിഹരിക്കുന്നതിനും വേണ്ടി രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ രൂപം കൊണ്ട ഐക്യരാഷ്ട്രസഭയെ (UN) സമീപിച്ചു. 1948 ൾ തങ്ങൾ പാലസ്തിനിൽ നിന്നും പിന്മാറുമെന്നു ബ്രിട്ടീഷുകാർ യു എന്നിനെ അറിയിച്ചു. അറബ് ജൂത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി ഐക്യരാഷ്ട്രസഭ 1947 നവംബർ 29 നു ഒരു വിഭജന കരാർ (Partition plan) കൊണ്ടുവന്നു (Resolution 181 . II). ഇതുപ്രകാരം ബ്രിട്ടീഷ് ഭരണം അവസാനിക്കുമ്പോൾ നിലവിലുള്ള പലസ്തീൻ വിഭജിച്ചു അറബികൾക്കുവേണ്ടി സ്വയം ഭരണാധികാരമുള്ള ഒരു സ്റ്റേറ്റും , യഹൂദർക്കുവേണ്ടി മറ്റൊരു സ്റ്റേറ്റും രൂപീകരിക്കുക, തർക്ക വിഷയമായിരുന്ന ജെറുസലേം ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഒരു സമിതിയുടെ കീഴിൽ താത്ക്കാലികമായി കൊണ്ടുവരിക എന്നതുമായിരുന്നു UN നിർദേശം. ജൂതരാഷ്ട്ര രൂപീകരണത്തിനുവേണ്ടി ശ്രമിച്ചുകൊണ്ടിരുന്ന ജ്യൂവിഷ് ഏജൻസി (Jewish Agency for Palestine ) ഈ നിർദേശം അംഗീകരിക്കുകയും എന്നാൽ അറബ് സമൂഹവും നേതാക്കളും ഇത് തള്ളിക്കളയുക മാത്രമല്ല ജൂത രാഷ്ട്രം രൂപീകരിക്കാൻ ഒരിക്കലും അനുവദിക്കുകയില്ലെന്നും പറഞ്ഞു. ഇതോടുകൂടി അറബ് ജൂത സമൂഹങ്ങൾ തമ്മിൽ പര്സപരമുള്ള ശത്രുത കൂടി വരികയും ഉടൻതന്നെ 1947 -48 ൽ കലാപങ്ങളും ആഭ്യന്തര യുദ്ധവും പൊട്ടിപ്പുറപ്പെടുകയും ചെയ്തു. 1945 ൽ ബ്രിട്ടീഷ് പ്രേരണയാൽ ഈജിപ്ത്, ഇറാക്ക് ,ലെബനൻ, സൗദി അറേബ്യ , ട്രാൻസ് ജോർദാൻ , സിറിയ , യമൻ എന്നീ അറബ് രാജ്യങ്ങൾ ചേർന്ന് പരസ്പര സഹകരണത്തിനുവേണ്ടി അറബ് ലീഗ് രൂപീകരിച്ചിരുന്നു. പലസ്തീൻ വിഭജനത്തെ തള്ളിക്കളഞ്ഞ അറബ് ലീഗ് അവരുടെ സൈനിക വിഭാഗമായ അറബ് ലിബറേഷൻ ആർമിയെ പലസ്തീനിൽ ജീവിച്ചിരുന്ന അറബികളുടെ സഹായത്തിനു വേണ്ടി വിട്ടുകൊടുക്കയുണ്ടായി .
ഈ സംഭവങ്ങളൊക്കെ നടന്നത് 1947-48 കാലഘട്ടങ്ങളിലാണ്. 1948 മെയ് 15ന് ബ്രിട്ടീഷ് ഭരണം ഔദ്യോഗികമായി അവസാനിക്കുന്നതിനു മുൻപ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും രാജ്യം രൂപീകരിക്കുകയും ചെയ്തില്ലെങ്കിൽ പിന്നെ ഒരിക്കലും തങ്ങൾക്കു സ്വന്തമായി ഒരു രാജ്യം കിട്ടുകയില്ലെന്നു സയണിസ്റ് നേതാക്കന്മാർക്ക് അറിയാമായിരുന്നു. ആയതിനാൽ ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിന് വേണ്ടി യഹൂദ നേതാക്കൾ 1948 മെയ്12 നു ഒത്തു ചേർന്നു. സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നതിനുവേണ്ടി വോട്ടിങ് നടത്തുകയും അവസാനം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. തീരുമാനങ്ങളെല്ലാം വളരെ രഹസ്യമാക്കി വയ്ക്കാൻ അവർ ശ്രമിച്ചിരുന്നു. അവസാനം 1948 മെയ്14ന് ബ്രിട്ടീഷ് ഭരണം അവസാനിക്കുന്നതിനു തലേദിവസം ടെൽ അവീവിലെ മ്യൂസിയത്തിൽ ഒരുമിച്ചുകൂടിയ ക്ഷണിക്കപ്പെട്ട കുറച്ചു അതിഥികളുടെ മുൻപിൽ വെച്ച് Jewish People’s Council നേതാവ് ഡേവിഡ് ബെൻ ഗുരിയൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. ഇസ്രായേൽ (സ്റ്റേറ്റ് ഓഫ് ഇസ്രായേൽ ) എന്ന രാജ്യം ഔദ്യോ ഗികമായി പ്രഖ്യാപിച്ചു. ഇസ്രായേൽ രാജ്യം നിലവിൽ വന്നു മണിക്കൂറുകൾക്കുള്ളിൽ ഈജിപ്ത്, സിറിയ, ജോർദ്ദാൻ, ഇറാഖ് തുടങ്ങിയ അറബ് രാജ്യങ്ങളുടെ പട്ടാളം സംയുക്തമായിട്ടു പലസ്തീൻ പിടിച്ചടക്കുവാൻ വേണ്ടി ബ്രിട്ടീഷ് പലസ്തീനിൽ പ്രവേശിക്കുകയും ഇസ്രയേലുമായി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇസ്രായേൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഉടൻതന്നെ അമേരിക്കയും സോവിയറ്റ് യൂണിയനും ഇസ്രായേലിനെ അംഗീകരിക്കുകയുണ്ടായി. എന്നാൽ ഐക്യരാഷ്ട്ര സഭക്കോ അമേരിക്കക്കോ അറബ് രാജ്യങ്ങളുടെ ആക്രമണത്തിൽ നിന്നും ഇസ്രയേലിനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല . ഇസ്രായേൽ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയപ്പോൾ അത് തടയുവാൻവേണ്ടി ബ്രിട്ടീഷ് പാലസ്തിനിലെ അറബ് പ്രവിശ്യയുടെ നിയന്ത്രണം ഏറ്റെടുത്ത അറബ് രാജ്യങ്ങൾ ജൂത സമൂഹത്തിനു മുൻതൂക്കമുള്ള പ്രദേശങ്ങൾക്ക്നേരെ ആക്രമണം അഴിച്ചുവിട്ടു. ഇസ്രായേൽ എന്ന രാജ്യം രൂപീകരിക്കുന്നത് തടയുകയും പലസ്തീൻ വിഭജിക്കാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അക്കാലത്തു ശക്തരായ ഈജിപ്ത് , ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങളുടെ പട്ടാളത്തിന്റെ പകുതിപോലും സൈനികരോ ആയുധങ്ങളോ ഇസ്രായേലിനു ഉണ്ടായിരുന്നില്ല. മാത്രവുമല്ല രാജ്യം രൂപീകൃതമായിട്ടു കുറച്ചു മണിക്കുറുകൾക്കുള്ളിലാണ് എതിരാളികളുടെ ഭാഗത്തുനിന്നുള്ള ആക്രമണം നേരിടേണ്ടി വന്നത്.
പുതിയതായി രൂപം കൊണ്ട ഇസ്രായേൽ എന്ന രാജ്യം അവരുടെ സർവശക്തിയും ഉപയോഗിച്ച് അറബ് പട്ടാളത്തെ പ്രതിരോധിക്കുവാനും തിരിച്ചടിക്കുവാനും തുടങ്ങി. എന്തുവില കൊടുത്തും അറബ് ലീഗിന്റെ പട്ടാളത്തെ പ്രതിരോധിക്കണമെന്നുള്ള നിർദേശം ഇസ്രായേൽ അവരുടെ പൗരന്മാർക്ക് കൊടുക്കുകയുണ്ടായി. പലസ്തീനിൽ ജൂത രാഷ്ട്രം രൂപീകരിച്ചാൽ ജൂത സമൂഹത്തെ തങ്ങൾ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുമെന്നുള്ള ഭീക്ഷണികൾ പലപ്പോഴും അറബ് ലീഗിന്റെ നേതാക്കൾ മുഴക്കിയിരുന്നു. ഈ യുദ്ധത്തിൽ പരാജയപ്പെട്ടാൽ ഭൂമുഖത്തുനിന്നും തങ്ങൾ ഇല്ലാതാകുമെന്നും വീണ്ടുമൊരു holocaust ന് ഇരയാകേണ്ടി വരുമെന്നുള്ള ഭീതി ജൂത സമൂഹത്തിനുണ്ടായിരുന്നു. 1948 മെയ് 15 ന് തുടങ്ങിയ ഈ യുദ്ധം ഏകദേശം പത്തു മാസത്തോളം നീണ്ടുനിന്നു.
1948 ലെ യുദ്ധത്തിന് മുൻപ് പല സയണിസ്റ് നേതാക്കന്മാരുമായും ജോർദ്ദാൻ രാജാവായ അബ്ദുള്ള രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് പറയപ്പെടുന്നു. അറബികൾക്കുവേണ്ടി പലസ്തീൻ എന്ന രാജ്യം രൂപീകരിക്കാൻ അബ്ദുല്ല രാജാവിന് താൽപ്പര്യം ഉണ്ടായിരുന്നില്ല. മറിച്ചു പലസ്തീൻ പ്രദേശങ്ങൾ ജോർദ്ദാന്റെ ഭാഗമായി കൂട്ടിച്ചേർക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. ആയതിനാൽ ജൂത രാഷ്ട്രം രൂപവൽക്കരിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. അതിനാൽ ജൂത സമൂഹത്തെ ആക്രമിക്കുകയില്ലെന്നു അദ്ദേഹം അവർക്കു രഹസ്യമായി ഉറപ്പുകൊടുത്തിരുന്നതായി പറയപ്പെടുന്നു. എന്താണെങ്കിലും അറബ് രാജ്യങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ജോർദ്ദാനും ഇസ്രയേലിനെ ആക്രമിക്കുകയുണ്ടായി.
1949 മാർച്ച് 10 വരെ ഈ യുദ്ധം നീണ്ടു നിന്നു. ഇതാണ് ആദ്യത്തെ അറബ് – ഇസ്രായേൽ യുദ്ധം. ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുകയും ഇസ്രായേൽ എന്ന രാജ്യം നിലവിൽ വരികയും ചെയ്തു. യുദ്ധാവസാനം ഇസ്രായേൽ രൂപീകരിക്കുവാൻ വേണ്ടി ഐക്യരാഷ്ട്രസഭ നിർദേശിച്ച പ്രദേശങ്ങൾ മാത്രമല്ല പലസ്തീൻ എന്ന രാജ്യം രൂപീകരിക്കുവാൻ വേണ്ടി നിർദേശിച്ച കുറച്ചു പ്രദേശങ്ങൾകൂടി ഇസ്രായേൽ പിടിച്ചടക്കുകയുണ്ടായി . പാലസ്തീന് വേണ്ടി നിർദേശിച്ചിരുന്ന കിഴക്കൻ ജെറുസലേമിന്റെ ഭാഗങ്ങളും , ജൂഡിയ , സമരിയ പ്രദേശങ്ങളും ജോർദ്ദാൻ പിടിച്ചടക്കുകയും വെസ്റ്റ് ബാങ്ക് എന്ന് നാമകരണം ചെയ്യുകയും, ഗാസ ഈജിപ്തിന്റെ കീഴിൽ വരികയും ചെയ്തു. ചുരുക്കത്തിൽ പലസ്തീൻ എന്ന രാജ്യം രൂപീകരിക്കാൻ അവർക്കു സാധിച്ചില്ല.
ഈ യുദ്ധത്തിന്റെ അനന്തര ഫലങ്ങൾ
1 . ഇസ്രായേൽ യുദ്ധം ജയിച്ചു .ഇസ്രായേൽ എന്ന രാജ്യം നിലവിൽ വന്നു
2 . ഇസ്രായേൽ രൂപീകരിക്കുവാൻ വേണ്ടി ഐക്യരാഷ്ട്രസഭ നിർദേശിച്ച പ്രദേശങ്ങൾ മാത്രമല്ല പലസ്തീൻ എന്ന രാജ്യം രൂപീകരിക്കുവാൻ വേണ്ടി നിർദേശിച്ച കുറച്ചു പ്രദേശങ്ങൾകൂടി ഇസ്രായേൽ പിടിച്ചെടുത്തു
3 . ഐക്യരാഷ്ട്രസഭ അറബ് സമൂഹത്തിനുവേണ്ടി രൂപീകരിക്കാൻ തീരുമാനിച്ചിരുന്ന, പലസ്തീൻ എന്ന രാജ്യത്തിനുവേണ്ടി നിർദേശിച്ചിരുന്ന, കിഴക്കൻ ജെറുസലേമും , ജൂഡിയ , സമരിയ എന്നീ പ്രദേശങ്ങളും ജോർദ്ദാൻ പിടിച്ചെടുക്കുകയും വെസ്റ്റ് ബാങ്ക് എന്ന് ഈ പ്രദേശങ്ങളെ നാമകരണം ചെയ്യുകയും ജോർദ്ദാന്റെ ഭാഗമായി പിന്നീട് കൂട്ടിച്ചേർക്കുകയും ചെയ്തു.
4 . പലസ്തീൻ പ്രദേശമായിരുന്ന ഗാസ ഈജിപ്ത് പിടിച്ചെടുത്തു.
5 . പലസ്തീൻ എന്ന രാജ്യം രൂപീകരിക്കാൻ അറബ് രാജ്യങ്ങൾക്കോ പാലസ്തിനികൾക്കോ സാധിച്ചില്ല.
6 . ഏകദേശം 7 ലക്ഷത്തോളം പലസ്തിനികൾ അഭയാർഥികളായി.
7 . അറബ് രാജ്യങ്ങളിൽ ജീവിച്ചിരുന്ന 6 ലക്ഷത്തോളം യഹൂദരെ അവിടെനിന്നും പുറത്താക്കുകയും അവർ ഇസ്രായേലിൽ അഭയാർഥികളായി വരികയും ഉണ്ടായി.
———————————————————————————–
ഈ യുദ്ധം തുടങ്ങിയത് അറബ് രാജ്യങ്ങളാണ്. ഒരുപക്ഷെ അറബ് രാജ്യങ്ങൾ യുദ്ധത്തിന് വരാതെ ഐക്യരാഷ്ട്ര സഭയുടെ തീരുമാനം അംഗീകരിച്ചു പലസ്തീൻ എന്ന രാഷ്ട്രം കെട്ടിപ്പടുക്കാൻ പാലസ്തിനികളെ സഹായിച്ചിരുന്നുവെങ്കിൽ നമ്മൾ ഇന്ന് കാണുന്ന പലസ്തീൻ- ഇസ്രായേൽ പ്രശ്നം ഒരുപക്ഷെ ഉണ്ടാവില്ലായിരുന്നു . സമാധാനത്തോടെ ജീവിക്കാൻ അറബ്-ജൂത സമൂഹങ്ങൾക്ക് കഴിയുമായിരുന്നു. ഒരുപാട് മനുഷ്യരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.
ഈ യുദ്ധത്തിൽ ഏകദേശം 6400 ഇസ്രായേൽ ഭടൻമാരും, സിവിലിയൻസും മരിച്ചു. അറബ് രാജ്യങ്ങളിലെ 7000 ത്തോളം പട്ടാളക്കാരും, 13000 പലസ്തിനി ഭടൻമാരും ജനങ്ങളും മരിച്ചുവെന്ന് കരുതപ്പെടുന്നു. ഏഴു ലക്ഷത്തോളം പാലസ്തിനികൾ വീടും നാടും ഉപേക്ഷിക്കപ്പെട്ടു അഭയാര്ഥികളാവുകയും ചെയ്തുവെന്ന് കണക്കുകൾ പറയുന്നു.
———————————————————————————–
ഇന്ത്യ – പാകിസ്ഥാൻ വിഭജന കാലത്തെ കണക്കുകൾ നമ്മൾ പരിശോധിക്കുകയാണെങ്കിൽ പത്തു ലക്ഷത്തോളം ആളുകൾ മരിക്കുകയും ഒരു കോടിയിൽ അധികം ആളുകൾ അഭയാർഥികളായി പാലായനം ചെയ്തിട്ടുണ്ടെന്നും ചരിത്രം രേഖപ്പെടുത്തുന്നു.
———————————————————————————–
ചുരുക്കത്തിൽ പാലസ്തിനിലെ അറബ് വംശജരെ സഹായിക്കുകയായിരുന്നില്ല അറബ് രാജ്യങ്ങളുടെ ലക്ഷ്യം എന്നുവേണം കരുതാൻ. വസ്തുതകൾ പരിശോധിക്കുകയാണെങ്കിൽ പാലസ്തിൻ എന്ന രാജ്യം രൂപീകരിക്കുന്നതിന് തടസ്സമായിട്ടു നിന്നതിന്റെയും, പലസ്തിനികൾ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെയും മൂലകാരണം അറബ് രാജ്യങ്ങളാണെന്നു വേണമെങ്കിൽ പറയാം. കാരണം
1 . അറബ് രാഷ്ട്രവും , ജൂത രാഷ്ട്രവും രൂപീകരിക്കുവാനുള്ള ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശം അറബ് സമൂഹം അംഗീകരിച്ചിരുന്നുവെങ്കിൽ പാലസ്തിൻ എന്ന രാജ്യം ബ്രിട്ടീഷ് ഭരണം അവസാനിച്ച 1948 ൽ തന്നെ നിലവിൽ വന്നിരുന്നേനെ.
2 . 1948 ൽ നടന്ന ആദ്യത്തെ അറബ് -ഇസ്രായേൽ യുദ്ധത്തിനുശേഷം ജോർദ്ദാനും , ഈജിപ്തും അവർ കീഴടക്കിയ പാലസ്തിൻ പ്രദേശങ്ങളായ വെസ്റ്റ് ബാങ്കും , ഗാസയും പാലസ്തിനിലെ അറബികൾക്ക് വിട്ടു കൊടുത്തു പാലസ്തിൻ എന്ന രാജ്യം രൂപീകരിക്കാൻ അവർക്ക് കഴിയുമായിരുന്നു. അവർ യുദ്ധത്തിന് വന്നതിന്റെ കാരണം തന്നെ പാലസ്തിൻ വിഭജിക്കാതിരിക്കുന്നതിനും, പാലസ്തിൻ എന്ന രാജ്യം സ്ഥാപിക്കുന്നതിനും വേണ്ടിയായിരുന്നു എന്നാണല്ലോ പറയുന്നത്.എന്നിട്ടും എന്തുകൊണ്ടാണ് അവരുടെ അധീനതയിൽ വന്ന വെസ്റ്റ് ബാങ്കും, ഗാസയും ഉൾപ്പെടുത്തി പാലസ്തിൻ എന്ന രാജ്യം രൂപീകരിക്കുന്നതിൽ നിന്നും ഈജിപ്തും, ജോർദ്ദാനും, സിറിയയും , മറ്റു അറബ് രാഷ്ട്രങ്ങളും പിന്മാറിയത് ?
———————————————————————————–
1948 ലെ യുദ്ധത്തിനുശേഷം പലസ്തിൻറെ ഭാഗങ്ങളായ വെസ്റ്റ് ബാങ്ക്, ജോർദ്ദാൻ അവരുടെ രാജ്യത്തിന്റെ ഭാഗമാക്കി. പലസ്തീൻ പൗരന്മാർക്ക് ജോർദ്ദാൻ പൗരത്വം കൊടുക്കുകയും ചെയ്തു . ക്രമേണ പലസ്തീൻ വിമോചനത്തിനുവേണ്ടി പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (PLO) 1964 ൽ രൂപം കൊണ്ടു. ഒരു സ്വതന്ത്ര പലസ്തീൻ രൂപീകരിക്കുക എന്ന ആവശ്യം ശക്തമാവുകയും ചെയ്തു. പി ൽ ഓ പോരാളികൾ ഇസ്രായേലിനു നേരെ ഇടയ്ക്കിടെ ആക്രമണങ്ങൾ അഴിച്ചു വിടാനും ഇസ്രായേൽ പ്രത്യാക്രമണങ്ങൾ നടത്താനും തുടങ്ങി. 1948 ലെ യുദ്ധത്തിനുശേഷം ഇസ്രയേലും അറബ് രാഷ്ട്രങ്ങളും തമ്മിൽ പലപ്പോഴും യുദ്ധങ്ങളും, ആക്രമണങ്ങളും പതിവായി. ഗോലാൻ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ജോർദ്ദാൻ നദിയുടെ ദിശ സിറിയ തിരിച്ചു വിടാൻ ശ്രമിച്ചിരുന്നു. ഇസ്രായേലിനുള്ളിലെ പ്രദേശങ്ങളിൽക്കൂടി ജോർദ്ദാൻ നദി ഒഴുകുന്നത് തടയുകയായിരുന്നു സിറിയയുടെ ലക്ഷ്യം. സീയൂസ് കനാൽ വഴിയുള്ള ചരക്കു കപ്പലുകൾ ഈജിപ്ത് തടയുവാൻ ശ്രമിച്ചപ്പോൾ ബ്രിട്ടനും , ഫ്രാൻസും , ഇസ്രയേലും ചേർന്ന് ഈജിപ്തിനെ ആക്രമിക്കുകയുണ്ടായി. 1956 ൽ ഈജിപ്തുമായി നടന്ന യുദ്ധത്തിൽ ഈജിപ്തിന്റെ ഭാഗമായിരുന്ന സീനായി പ്രദേശങ്ങൾ, Suez canal പ്രശ്നത്തിന്റെ പേരിൽ ഇസ്രായേൽ കയ്യേറിയിരുന്നു. ഇതിനുശേഷം മിഡിൽ ഈസ്റ്റ് മേഖല പലപ്പോഴും സംഘർഷഭരിതമായി. വെസ്റ്റ് ബാങ്കിലും, ജോർദ്ദാനിലും താവളമാക്കിയ പാലസ്തിൻ പോരാളികൾ ഇസ്രായേലിനു നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരുന്നു. ഇതിനു പ്രതികാരം ചെയ്യുവാൻ വേണ്ടി ഇസ്രായേലി ഡിഫെൻസ് ഫോഴ്സ്, വെസ്റ്റ് ബാങ്കിലെയും, ജോർദ്ദാനിലെയും പാലസ്തിൻ പോരാളികളുടെ താവളങ്ങളും ആക്രമിച്ചു. ഇതിടയിൽ 1967 ൽ അറബ് രാജ്യങ്ങളുമായി വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു.
ഈജിപ്തും, സിറിയയും, ജോർദ്ദാനും, പലസ്തീൻ പോരാളികളും സംയുക്തമായിട്ടു വീണ്ടും ഇസ്രയേലിനെ ആക്രമിച്ചു . 1967 ൽ ജൂൺ 5 മുതൽ 10 വരെ നീണ്ടു നിന്ന യുദ്ധം സിക്സ് ഡേ വാർ എന്നറിയപ്പെടുന്നു. ഈ യുദ്ധത്തിൽ ജോർദ്ദാന്റെ നിയന്ത്രണത്തിലായിരുന്ന കിഴക്കൻ ജെറുസലേമും , വെസ്റ്റ് ബാങ്കും, ഈജിപ്തിന്റെ കയ്യിൽ നിന്ന് ഗാസയും, സീനായ് പെനിൻസുലയും, സിറിയയുടെ കയ്യിൽ നിന്നും ഗോലാൻ കുന്നുകളും ഇസ്രായേൽ പിടിച്ചെടുത്തു. ചുരുക്കത്തിൽ 1967ലെ യുദ്ധത്തോടുകൂടി പാലസ്തീൻ പ്രവിശ്യകളായ വെസ്റ്റ് ബാങ്കും , ഗാസയും മുഴുവനായും ഇസ്രായേലിന്റെ അധീനതയിൽ വന്നു.
1967 ലെ സിക്സ് ഡേ വാറിനുശേഷം, വെസ്റ്റ് ബാങ്കിന്റെയും, കിഴക്കൻ ജെറുസലേമിന്റെയും , ഗാസയുടെയും നിയന്ത്രണവും ഭരണവും ഇസ്രായേൽ ഏറ്റെടുത്തപ്പോൾ പലസ്തീൻ പോരാളികൾ (PLO ) ജോർദ്ദാനിലേക്ക് പ്രവേശിക്കുകയും ഹുസൈൻ രാജാവ് അവർക്കു അഭയം കൊടുക്കുകയും ചെയ്തു. 1967ൽ നടന്ന ഇസ്രായേൽ- അറബ് യുദ്ധത്തിനുശേഷം ജോർദ്ദാൻ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പലസ്തീൻ വിമോചന മുന്നണി (PLO) ശക്തി ആർജ്ജിക്കുകയും, ജോർദ്ദാനിലെ ചില പ്രദേശങ്ങളിൽ PLO സമാന്തര ഭരണം നടത്തുകയും ഉണ്ടായി. ഇതിന്റെ പേരിൽ ജോർദ്ദാൻ പട്ടാളവും, പാലസ്തിൻ പോരാളികളും തമ്മിൽ പലപ്പോഴും പരസ്പരം ഏറ്റുമുട്ടലുകൾ നടന്നു. ഇതിനിടയിൽ പാലസ്തിൻ ഫെഡയീൻസ്, ജോർദ്ദാൻ രാജാവിനെ വധിക്കാൻ ശ്രമിക്കുകയുണ്ടായി. 1970 സെപ്റ്റംബറിൽ പാലസ്തിൻ ഫെഡയീൻസ് മൂന്നു യാത്രാ വിമാനങ്ങൾ തട്ടിയെടുത്തു, ജോർദ്ദാനിലെ Dawson’s ഫീൽഡിൽ ഇറക്കി. അതിനുശേഷം വിദേശീയരെ ബന്ദിയാക്കുകയും, അന്താരാഷ്ട്ര മീഡിയയുടെ മുൻപിൽ വെച്ച് തട്ടിയെടുത്ത 3 വിമാനങ്ങൾ കത്തിക്കുകയും ചെയ്തപ്പോൾ ജോർദ്ദാൻ പട്ടാളം പലസ്തീൻ പോരാളികളെ അവിടെനിന്നും തുരത്തി ഓടിച്ചു. ഈ സംഭവം ബ്ലാക്ക് സെപ്റ്റംബർ എന്നറിയപ്പെടുന്നു. ജോർദാനിൽ നിന്നും പലസ്തീൻ പോരാളികളും അഭയാർത്ഥികളും സിറിയ വഴി സൗത്ത് ലേബനോനിലേക്ക് പ്രവേശിക്കുകയും അവിടം താവളമാക്കി പ്രവർത്തിക്കാനും തുടങ്ങി. ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന സ്ഥലപ്രദേശമാണ് ലെബനോന്റെ തെക്കൻ പ്രദേശങ്ങൾ. 1975 ഓടുകൂടി ഏകദേശം മൂന്നു ലക്ഷത്തിൽപ്പരം അഭയാർത്ഥികൾ സൗത്ത് ലെബനോനിൽ കുടിയേറി എന്നാണ് ചരിത്രം പറയുന്നത്. പിൽക്കാലത്തു ഈ അഭയാർത്ഥികൾ ലെബനൻ ആഭ്യന്തര കലാപത്തിന് (1975-1990) കാരണക്കാരായി. ജോർദ്ദാനിൽ നിന്നും ലേബനോനിലേക്ക് വന്ന അഭയാർഥികളുടെ കുടുംബത്തിൽ നിന്നും PLO തീവ്രവാദികളെ റിക്രൂട്ട് ചെയ്തു. അതിനുശേഷം ഇസ്രായേൽ ലെബനൻ അതിർത്തി മിക്കപ്പോഴും സംഘർഷഭരിതമായിരുന്നു. ലെബനൻ അതിർത്തിയിൽ നിന്നും PLO പോരാളികൾ ഇസ്രായേലിന് നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരുന്നു. ഈ സംഭവങ്ങൾ രണ്ടുതവണ ഇസ്രായേൽ – ലെബനൻ യുദ്ധത്തിന് കാരണമാവുകയും ചെയ്തു.
സമാധാന ശ്രമങ്ങളും കരാറുകളും
ഇതിനിടയിൽ മിഡിൽ ഈസ്റ്റിൽ സമാധാനം നിലനിർത്തുവാനും, യുദ്ധങ്ങൾ ഒഴിവാക്കുവാനും, ഇസ്രായേൽ പലസ്തീൻ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിനുവേണ്ടിയും ലോക രാഷ്ട്രങ്ങൾ ശ്രമങ്ങൾ നടത്തിവരുന്നുണ്ടായിരുന്നു.1967 നവംബർ 22 ന് ഐക്യരാഷ്ട്രസഭ യുദ്ധത്തിൽ പിടിച്ചെടുത്ത സ്ഥലങ്ങൾ തിരിച്ചു കൊടുക്കാനുള്ള പ്രമേയം പാസ്സാക്കി. (Resolution 242 അഥവാ ‘ലാൻഡ് ഫോർ പീസ്’ ഉടമ്പടി). ഇതിൻറെ അടിസ്ഥാനത്തിൽ ഇസ്രായേലിനോട് യുദ്ധത്തിൽ പിടിച്ചെടുക്കപ്പെട്ട ഭൂമി തിരിച്ചു കൊടുക്കുവാൻ യുഎൻ ആവശ്യപ്പെട്ടു.
1. CAMP DAVID ACCORD
ഇസ്രായേലും, ഈജിപ്തും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം നിലനിർത്താനുള്ള സാഹചര്യങ്ങൾക്കുവേണ്ടി അമേരിക്ക മദ്ധ്യസ്ഥന്റെ റോളിൽ എത്തി. അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടറിന്റെ സാന്നിധ്യത്തിൽ 1978 സെപ്റ്റംബർ 17 ന് വൈറ്റ്ഹൗസിൽ വെച്ച് ഈജിപ്ത്യൻ പ്രസിഡണ്ട് അൻവർ സാദത്തും, ഇസ്രായേലി പിഎം Menachem Begin-ഉം തമ്മിൽ Camp David സമാധാന കരാർ ഒപ്പിട്ടു. ഉടമ്പടി പ്രകാരം ഈജിപ്തിൽ നിന്നും പിടിച്ചെടുത്ത സീനായി പ്രദേശങ്ങൾ ഇസ്രായേൽ, ഈജിപ്തിന് വിട്ടുകൊടുത്തു. അതോടുകൂടി ഇസ്രായേലും, ഈജിപ്തും തമ്മിലുള്ള ശത്രുത അവസാനിക്കുകയും, സമാധാനം നിലവിൽ വരികയും വ്യാവസായിക, വാണിജ്യ ബന്ധങ്ങൾ തുടങ്ങുവാനും നിമിത്തമായി. മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി നടന്ന ആദ്യത്തെ ഉടമ്പടിയാണ് CAMP DAVID ACCORD. ആയതിനാൽ 1978 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം സാദത്തും ബീഗിനും കൊടുക്കയുണ്ടായി. ഇസ്രയേലുമായി സമാധാന ഉടമ്പടി നടത്തിയതിന്റെ പേരിൽ ഈജിപ്തിനെ അറബ് ലീഗ് കുറ്റപ്പെടുത്തുകയും, അവഗണിക്കുകയും ചെയ്തു.1979 മുതൽ 1989 വരെ ഈജിപ്തിനെ അറബ് ലീഗിൽ നിന്നും പുറത്താക്കി. ഇസ്രയേലുമായി സമാധാന ഉടമ്പടി നടത്തിയതിന്റെ പേരിൽ ഈജിപ്തിലെ തീവ്രവാദ സംഘടനയായ ഈജിപ്ത്യന് ഇസ്ലാമിക് ജിഹാദ്, 1981-ൽ അൻവർ സാദത്തിനെ വധിച്ചു.
2. ഇസ്രായേൽ ജോർദാൻ സമാധാന കരാർ
1994 ഒക്ടോബർ 26ന് ഇസ്രായേലും ജോർദ്ദാനും തമ്മിൽ സമാധാന കരാറിൽ ഒപ്പു വയ്ക്കുകയും പരസ്പര സഹകരണം തുടങ്ങുകയും ചെയ്തു. അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റനാണ് ഇസ്രായേൽ, ജോർദ്ദാൻ സമാധാന കരാറിന് മധ്യസ്ഥനായത്. ഇസ്രായേലുമായി, ജോർദ്ദാൻ സമാധാന ഉടമ്പടി നടത്തുകയാണെങ്കിൽ ജോർദ്ദാന്റെ കടങ്ങൾ അമേരിക്ക എഴുതിത്തള്ളുമെന്നു ഹുസൈൻ രാജാവിന് ക്ലിന്റൺ ഉറപ്പു കൊടുത്തിരുന്നു. ഇപ്പോൾ ഇസ്രയേലുമായി സഹകരണവും, ബന്ധവും ഉള്ള അറബ് രാജ്യങ്ങൾ ഈജിപ്തും, ജോർദ്ദാനുമാണ്.
ഇസ്രായേൽ – പലസ്തീൻ സമാധാന ഉടമ്പടി
OSLO Accords
1967ലെ യുദ്ധത്തിനുശേഷം ഇസ്രായേലും പലസ്തീനും തമ്മിൽ ആദ്യമായി സമാധാന ഉടമ്പടി നടത്തുന്നത് 1993 സെപ്റ്റംബർ 13 -ന് വാഷിംഗ്ടണിൽ വെച്ചാണ്. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബിൽ ക്ലിന്റന്റെയും, പി ൽ ഓ നേതാവ് യാസർ അറഫാത്തിന്റെയും, ഇസ്രായേലി പ്രധാനമന്ത്രിയായിരുന്ന യിസഹാക് റാബിന്റെയും സാന്നിധ്യത്തിൽ ഇസ്രായേലിനുവേണ്ടി ഷിമോൺ പെരെസും, പി ൽ ഓ-ക്ക് വേണ്ടി മഹമൂദ് അബ്ബാസും ഓസ്ലോ കരാറിൽ ഒപ്പിട്ടു. ഓസ്ലോ കരാറിൽ ഒപ്പിട്ടത് വഴി സമാധാനം പുനഃസ്ഥാപിക്കാൻ ധാരണയായതിന്റെ അടിസ്ഥാനത്തിൽ 1994 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം യാസർ അറഫാത്തും യിസഹാക്ക് റാബിനും ഷിമോൺ പെരെസും പങ്കിടുകയുണ്ടായി.
പ്രധാനപ്പെട്ട ഓസ്ലോ കരാർ നിർദേശങ്ങൾ താഴെപ്പറയുന്നതാണ്.
1. ഇസ്രയേലിനെ രാജ്യമായിട്ടു പാലസ്തിൻ വിമോചന മുന്നണി (PLO) അംഗീകരിക്കുക.
2. പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ (PLO) ഇസ്രായേൽ അംഗീകരിക്കുക.
3. പാലസ്തീനിൽ വെസ്റ്റ് ബാങ്കിന്റെയും , ഗാസയുടെയും ഇടക്കാല സ്വയം ഭരണത്തിനുവേണ്ടി പാലസ്തീൻ നാഷണൽ അതോറിറ്റി രൂപീകരിക്കുക.പാലസ്തീനിയൻ അതോറിറ്റിയുടെ നിയന്ത്രണത്തിൽ വരുന്ന പ്രദേശങ്ങളുടെ ഭരണാധികാരം അതോറിറ്റിയിൽ നിക്ഷിപ്തമായിരിക്കും.
4.ഇസ്രായേൽ, പലസ്തീൻ സമാധാന ചർച്ചകൾക്ക് പലസ്തീൻ ജനതയുടെ ഔദ്യോ ഗിക പ്രതിനിധികളായി PLO യെ ഇസ്രായേൽ അംഗീകരിക്കുക . അവരുമായി സമാധാന ചർച്ചകൾ നടത്തി ബാക്കിയുള്ള പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുക.
5.വെസ്റ്റ് ബാങ്കിൽ നിന്നും, ഗാസയിൽ നിന്നും ഇസ്രായേൽ പട്ടാളത്തെ പിൻവലിക്കുക.
6. പരസ്പരം ആക്രമണങ്ങൾ നടത്താതെ പാലസ്തീനും, ഇസ്രയേലും തമ്മിൽ സമാധാനവും, സാമ്പത്തിക സഹകരണവും പുനഃസ്ഥാപിക്കുക. ശത്രുത ഉപേക്ഷിച്ചു ഇരുകൂട്ടരും പരസ്പരം അംഗീകരിക്കുക യും, സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യുക.
ആദ്യത്തെ അഞ്ചു വർഷത്തേക്ക് പലസ്തീൻ പ്രവിശ്യകളായ വെസ്റ്റ് ബാങ്കും , ഗാസയും ഭരിക്കുന്നതിനു വേണ്ടി പലസ്തീൻ അതോറിറ്റി രൂപീകരിക്കുക , ഈ അതോറിറ്റിക്ക് പാലസ്തിൻ പ്രദേശങ്ങളുടെ ഭരണം ഇസ്രായേൽ കൈമാറുക , അഞ്ചുവർഷത്തിനുശേഷം ബാക്കിയുള്ള പ്രശ്ന പരിഹാരത്തിനായി കൂടിയാലോചനകൾ നടത്തുക എന്നതായിരുന്നു കരാറിലെ മുഖ്യ വ്യവസ്ഥകൾ . എന്നാൽ ഓസ്ലോ കരാർ പ്രകാരം പലസ്തീൻ എന്ന രാജ്യം ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടില്ല.
അവസാന തീരുമാനങ്ങൾ, അതായതു ഇസ്രയേലും, പലസ്തീനും തമ്മിലുള്ള അതിർത്തി നിശ്ചയിക്കുക, അഭയാർത്ഥി പ്രശ്നം പരിഹരിക്കുക , വെസ്റ്റ് ബാങ്കിലെയും , ഗാസയിലെയും ഇസ്രായേലി കയ്യേറ്റങ്ങളും കുടിയേറ്റങ്ങളും പരിഹരിക്കുക, ഇപ്പോൾ ഇസ്രായേലിന്റെ ഭാഗമായിരിക്കുന്ന പ്രദേശങ്ങളിൽ നിന്നും പാലായനം ചെയ്യപ്പെട്ടവർക്കു മടങ്ങിവരുവാനുള്ള അവകാശം, ജെറുസലേം എങ്ങനെ നിലനിർത്തും തുടങ്ങിയ കാര്യങ്ങൾ PLO പ്രതിനിധികളുമായി പിന്നീട് ചർച്ച ചെയ്തു തീരുമാനത്തിൽ എത്തുക എന്നതായിരുന്നു ഇരുകൂട്ടരും അംഗീകരിച്ച കരാർ വ്യവസ്ഥകൾ. എന്നാൽ പലസ്തീൻ അഭയാർത്ഥികൾക്ക് തിരിച്ചു വരുവാനുള്ള സാഹചര്യം ഒരുക്കുകയോ അല്ലെങ്കിൽ അഭയാർത്ഥികളെ എന്ത് ചെയ്യുമെന്ന കാര്യത്തിലോ ഇരു കൂട്ടരും തമ്മിൽ ഇതുവരെ ഒരു ധാരണയിലും എത്തിയിട്ടില്ല. ഓസ്ലോ കരാർ പ്രകാരം യാസർ അറഫാത്തിന് വെസ്റ്റ് ബാങ്കിലേക്ക് പ്രവേശിക്കുവാനുള്ള അനുവാദം ഇസ്രായേൽ കൊടുത്തു. അതുവരെ അറാഫാത് ജോർദ്ദാനിലും ലെബനോനിലുമായിരുന്നു. പലസ്തീൻ ലിബറേഷനെ തീവ്രവാദ സംഘടനയായിട്ടായിരുന്നു ആദ്യം ഇസ്രായേൽ കണ്ടിരുന്നത്.
ഓസ്ലോ കരാറിന്റെ പിന്തുടർച്ചയായി താഴെപ്പറയുന്ന ഉടമ്പടികൾ നിലവിൽ വന്നു
1.ഗാസാ-ജെറിക്കോ ഉടമ്പടി (1994 MAY 4th): ഇതുപ്രകാരം പലസ്തീൻ പ്രവിശ്യകളായ വെസ്റ്റ് ബാങ്കിന്റെയും, ഗാസയുടെയും സ്വയം ഭരണത്തിനുവേണ്ടി പലസ്തീൻ നാഷണൽ അതോറിറ്റി രൂപീകരിച്ചു. ഈ ഉടമ്പടി പ്രകാരം ഇസ്രായേൽ ജെറിക്കോയിൽ നിന്നും, ഗാസയിൽ നിന്നും ഭാഗികമായി പട്ടാളത്തെ പിൻവലിച്ചു.
2. ഇസ്രയേലും PLO യും തമ്മിൽ പരസ്പരം അധികാരവും, ഉത്തരവാദിത്വവും കൈമാറുന്നതിനുള്ള ഉടമ്പടി (29 AUG 1994) ഉണ്ടായി. ഇതുപ്രകാരം വെസ്റ്റ് ബാങ്കിന്റെയും, ഗാസയുടെയും നിയന്ത്രണം ഭാഗികമായി ഇസ്രായേൽ പലസ്തീൻ അതോറിറ്റിക്ക് വിട്ടുകൊടുത്തു.
ഓസ്ലോ 2 (24 sept 1995)
ഓസ്ലോ ഒന്നാം കരാറിനുശേഷം നടന്ന ഉടമ്പടിയാണിത്. ഇസ്രായേൽ – പാലസ്തീൻ സമാധാന ചർച്ചകളുടെ ഭാഗമായി നടന്ന പ്രധാനപ്പെട്ട ഒരു ഉടമ്പടിയായിരുന്നു OSLO 2. ഈ കരാറിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് ബാങ്കിനെ മൂന്നു ഭാഗങ്ങളായി തരം തിരിച്ചു. ഏരിയ എ, ബി, സി എന്നീ മൂന്ന് പ്രവിശ്യകൾ നിലവിൽ വന്നു. പലസ്തീൻ അതോറിട്ടി (PA) നിലവിൽ വന്നപ്പോൾ ഗാസയുടെയും, വെസ്റ്റ് ബാങ്കിലെ ഏരിയ എ, ബി പ്രവിശ്യകളുടെയും നിയന്ത്രണം പാലസ്തിൻ അതോറിറ്റിക്ക് ഇസ്രായേൽ വിട്ടുകൊടുത്തു. എന്നാൽ ഏരിയ സി ഇസ്രായേലിന്റെ അധീനതയിൽ നിലനിർത്തി. ഓസ്ലോ കരാർ പ്രകാരം അഞ്ചു വർഷത്തേക്ക് ഒരു ഇടക്കാല ഗവൺമെൻറ് രൂപീകരിക്കാനും, ഇരുകൂട്ടരും തമ്മിൽ പരസ്പരം അംഗീകരിക്കാനും, സാമ്പത്തിക സഹകരണവും, സുരക്ഷിതത്വവും, സമാധാനവും ഉറപ്പു വരുത്താനും ധാരണയായി. PLO നേതാവ് യാസർ അറഫാത് പലസ്തീൻ അതോറിറ്റിയുടെ പ്രസിഡന്റ് ആയി 1994 July 5ന് ചുമതലയേറ്റു.
ഇസ്രായേൽ PLO യുമായി ഓസ്ലോ കരാറിൽ ഏർപ്പെട്ടതിനാൽ അതിനെ എതിർത്തിരുന്ന ജൂത വലതുപക്ഷ സംഘടനയുടെ പ്രവർത്തകൻ 1995 Nov 4ന് യിസഹാക് റാബിനെ വധിച്ചു.
1967 ലെ യുദ്ധത്തിനുശേഷം വെസ്റ്റ് ബാങ്കിന്റെയും, ഗാസയുടെയും നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തപ്പോൾ അവിടങ്ങളിൽ ഇസ്രായേൽ പൗരന്മാരുടെ കുടിയേറ്റം ഇസ്രായേൽ അനുവദിച്ചിരുന്നു. ഇതാണ് ഇസ്രായേൽ സെറ്റിൽമെൻറ്സ് എന്നറിയപ്പെടുന്നത്. വെസ്റ്റ് ബാങ്കിലെയും, ഗാസയിലെയും ഇസ്രായേൽ കയ്യേറ്റങ്ങൾക്കെതിരെയും അടിച്ചമർത്തലുകൾക്കെതിരെയും പലസ്തീൻ അറബ് ജനത ഉയർത്തെണീക്കുകയും പോരാടുകയും ചെയ്തു. ഇത് intifada എന്ന പേരിൽ അറിയപ്പെടുന്നു.1987 ഡിസംബറിൽ തുടങ്ങി രണ്ടു വർഷത്തോളം ഇത് നീണ്ടു നിന്നു. അതിനുശേഷം ഇസ്രായേൽ പലസ്തീൻ പ്രശ്നങ്ങൾ കൂടിയാലോചനകൾ നടത്തി പരിഹരിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും വേണ്ടി അമേരിക്കയിലെ മേരിലാൻഡിൽ വെച്ച് 2000 ജൂലൈ 11 മുതൽ 25 വരെ, ഓസ്ലോ കരാറിന്റെ പിന്തുടർച്ചയായി ഡേവിഡ് ക്യാമ്പ് സമ്മിറ്റ് നടന്നു. അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, യാസർ അറാഫത്, ഇസ്രായേലി പ്രധാനമന്ത്രി എഹൂദ് ബാരാക് തുടങ്ങിയവർ പങ്കെടുത്തു. എന്നാൽ ചർച്ച പരാജയപ്പെടുകയും തീരുമാനം ഒന്നും എടുക്കാതെ പിരിയുകയും ചെയ്തു. ചർച്ച പരാജയപ്പെട്ടതിന്റെ പേരിൽ ബിൽ ക്ലിന്റൺ, അറാഫത്തിനെ കുറ്റപ്പെടുത്തുകയുണ്ടായി. സ്വാതന്ത്ര്യമെന്ന പലസ്തീൻ ജനതയുടെ സ്വപ്നമാണ് യാസർ അറഫാത് തല്ലിക്കെടുത്തിയതെന്നു ക്ലിന്റൺ പരസ്യമായി പറഞ്ഞു. അതിനുശേഷം രണ്ടാമത്തെ ഇന്ടിഫാദ 2000 -2005 കാലഘട്ടത്തിൽ നടന്നു. ഇസ്രായേലി പൊളിറ്റീഷ്യൻ ആയിരുന്ന ഏരിയൽ ഷാരോൺ ജറുസലേമിലെ ടെംപിൾ മൌണ്ട് സന്ദർശിച്ചതിൽ പ്രകോപിതരായ പലസ്തിനികൾ പോലീസിന് നേരെ കല്ലെറിയുകയും, ക്രമേണ സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയുംചെയ്തു. വെടിവെപ്പും, മനുഷ്യ ബോംബും ഉൾപ്പെടെ ഗറില്ലാ ആക്രമണങ്ങൾ പല ഭാഗങ്ങളിലും നടന്നു. യാസർ അറാഫത്ത് മരിച്ചതിനുശേഷം മഹ്മൂദ് അബ്ബാസ് പലസ്തീൻ അതോറിറ്റിയുടെ പ്രസിഡണ്ടായി ചുമതല ഏൽക്കുന്നതുവരെ ആക്രമണങ്ങൾ നടന്നുകൊണ്ടിരുന്നു. ഇതിൽ നിരവധി പലസ്തിനികളും, ഇസ്രായേലി പൗരന്മാരും കൊല്ലപ്പെടുകയുണ്ടായി. മഹമൂദ് അബ്ബാസും ഇസ്രായേലി പ്രധാനമന്ത്രി ഏരിയൽ ഷാരോണും തമ്മിൽ ചർച്ച നടത്തുന്നതുവരെ പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഇതോടുകൂടി ഇസ്രായേലി പൗരന്മാരുടെ സുരക്ഷക്കുവേണ്ടി വെസ്റ്റ് ബാങ്കിൽ ഇസ്രയേലിന്റെ അതിർത്തികൾ മതിലുകൾ പണിത് വേർതിരിക്കാനും തുടങ്ങി. ഇപ്പോൾ വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽക്കൂടി സഞ്ചരിക്കുമ്പോൾ വെസ്റ്റ് ബാങ്കിനെയും, ഇസ്രായേൽ പ്രദേശങ്ങളെയും തമ്മിൽ വേർതിരിച്ചു നിർത്തിയിരിക്കുന്ന കൂറ്റൻ മതിലുകൾ കാണുവാൻ സാധിക്കും. സുരക്ഷാ കാരണങ്ങളാൽ വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന പലസ്തീൻ പൗരന്മാർക്ക് ഇസ്രായേലിലേക്ക് വരുന്നതിനു കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. 1994ൽ പലസ്തീൻ അതോറിറ്റി ചുമതല ഏറ്റെടുക്കുന്നതുവരെ വെസ്റ്റ് ബാങ്കിലും ഗാസയിലും ജീവിച്ചിരുന്ന പലസ്തീൻ പൗരന്മാർക്ക് ഇസ്രായേലിനുള്ളിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കുന്നതിനും, ഇസ്രായേലിൽ വന്നു വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിനും, തൊഴിൽ ചെയ്യുന്നതിനും, ബിസിനസ്സ് സ്ഥാപനങ്ങൾ നടത്തുന്നതിനും മറ്റും തടസ്സങ്ങൾ ഒന്നുമില്ലായിരുന്നു. ഇപ്പോൾ വെസ്റ്റ് ബാങ്കിൽ ജീവിക്കുന്ന പലസ്തിനികൾക്കു ഇസ്രായേലിൽ വരണമെന്നുണ്ടെങ്കിൽ കർശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. പെർമിറ്റ് കാർഡ് ഉള്ളവരെ മാത്രമേ ഇസ്രായേലിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. അപേക്ഷിക്കുന്ന എല്ലാ പാലസ്തിനികൾക്കും പെർമിറ്റ് കാർഡ് ഇഷ്യൂ ചെയ്യുന്നുമില്ല. എങ്കിൽപ്പോലും ഇപ്പോഴും വെസ്റ്റ് ബാങ്കിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കു വേണ്ടിയും നിരവധി പാലസ്തിനികൾ ഇസ്രായേലിൽ വരുന്നുണ്ട്.
വെസ്റ്റ് ബാങ്ക്
പലസ്തിൻറെ ഭാഗമാണ് വെസ്റ്റ് ബാങ്ക്.1948ലെ യുദ്ധത്തിൽ വെസ്റ്റ് ബാങ്ക് ജോർദ്ദാൻ പിടച്ചടക്കിയിരുന്നു. എന്നാൽ 1967 ലെ യുദ്ധത്തിൽ ഇസ്രായേൽ, ജോർദ്ദാനിൽ നിന്ന് തിരിച്ചു പിടിക്കുകയും 1994 വരെ വെസ്റ്റ് ബാങ്ക് മുഴുവൻ നിയന്ത്രിക്കുകയും ചെയ്തിരുന്നു.
ഇസ്രായേൽ – പലസ്തീൻ സമാധാന ചർച്ചകളുടെ ഭാഗമായി ഓസ്ലോ കരാർ പ്രാബല്യത്തിൽ വന്ന 1994ൽ പാലസ്തീൻ പ്രദേശങ്ങളായ വെസ്റ്റ് ബാങ്കിന്റെയും, ഗാസയുടെയും താത്ക്കാലിക ഭരണത്തിന് വേണ്ടി പാലസ്തിൻ അതോറിറ്റി രൂപീകരിക്കുകയുണ്ടായി. ഓസ്ലോ ഉടമ്പടി പ്രകാരം വെസ്റ്റ് ബാങ്കിനെ മൂന്നു ഏരിയകളായി തരം തിരിച്ചു. ഏരിയ എ,ബി, സി എന്നിങ്ങനെ മൂന്നു പ്രവിശ്യകൾ. വെസ്റ്റ് ബാങ്കിലെ എ,ബി പ്രവിശ്യയുടെ ഭരണം പലസ്തീൻ അതോറിറ്റിക്ക് ഇസ്രായേൽ കൈമാറുകയുണ്ടായി. അതോടൊപ്പം ഇസ്രായേൽ ഡിഫെൻസ്, അവരുടെ പട്ടാളത്തെ പലസ്തീൻ അതോറിറ്റിക്കു പരമാധികാരമുള്ള പ്രദേശങ്ങളിൽ നിന്നും പിൻവലിച്ചു. 1995 മുതൽ പാലസ്തിൻ നാഷണൽ അതോറിറ്റിയാണ് വെസ്റ്റ് ബാങ്ക് ഭരിക്കുന്നത്. പ്രസിഡന്റിനാണ് അതോറിറ്റിയുടെ പരമാധികാരം. യാസർ അറഫാത്തിന്റെ മരണശേഷം മഹമൂദ് അബ്ബാസാണ് ഇപ്പോഴത്തെ പലസ്തീൻ അതോറിറ്റിയുടെ പ്രസിഡണ്ട്.ഏകദേശം 30 ലക്ഷത്തിനടുത്തു പാലസ്തിനികൾ വെസ്റ്റ് ബാങ്കിൽ വസിക്കുന്നുണ്ട്. അതിൽ ഭൂരിപക്ഷം ആളുകളും മുസ്ലിം മതസ്ഥരും ചെറിയ ശതമാനം അറബ് ക്രിസ്ത്യൻസും ഉണ്ട്. ഏകദേശം അഞ്ചു ലക്ഷത്തോളം ഇസ്രായേലി പൗരന്മാർ ഇപ്പോൾ വെസ്റ്റ് ബാങ്കിൽ കുടിയേറിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ പ്രദേശങ്ങൾ ഏരിയ സി എന്നറിയപ്പെടുന്നു. ഈ പ്രദേശത്തിന്റെ നിയന്ത്രണം ഇപ്പോഴും ഇസ്രായേലിനാണ്. ആയതിനാൽ ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്ക് എന്നാണ് ഐക്യരാഷ്ട്രസഭ ഈ പ്രദേശങ്ങളെ വിളിക്കുന്നത്. 1988ൽ വെസ്റ്റ് ബാങ്കിന് വേണ്ടിയുള്ള അവകാശവാദം ജോർദ്ദാൻ ഉപേക്ഷിച്ചു.പക്ഷെ ജെറുസലേമിലുള്ള ടെമ്പിൾ മൗണ്ടിലെ മുസ്ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുള്ള ധനസഹായം ജോർദ്ദാൻ രാജാവ് ഇപ്പോഴും തുടരുന്നു.
ഗാസ
മെഡിറ്ററേനിയൻ കടലിന്റെ കിഴക്കുഭാഗത്തുള്ള ഒരു തുരുത്താണ് ഗാസ. ഇസ്രായേലുമായും, ഈജിപ്തുമായും അതിർത്തി പങ്കിടുന്നു. ഗാസയുടെ ഒരു അതിർത്തി മെഡിറ്ററേനിയൻ കടലാണ്. 20 ലക്ഷത്തോളം മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഗാസ, ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ മൂന്നാം സ്ഥാനത്താണ്. ഗാസയിൽ വസിക്കുന്ന മനുഷ്യർക്ക് ഗാസയിൽ നിന്നും കര മാർഗ്ഗം പുറത്തേക്കു കടക്കണമെന്നുണ്ടെങ്കിൽ ഒന്നുകിൽ ഈജിപ്തിന്റെ, അല്ലെങ്കിൽ ഇസ്രായേലിന്റെ അതിർത്തി കടന്നു മാത്രമേ പുറത്തേക്കു പോകുവാൻ സാധിക്കുകയുള്ളു. ഗാസയുടെ വ്യോമയാന, നാവിക മേഖല നിയന്ത്രിക്കുന്നത് ഇസ്രായേലാണ്. ഗാസക്ക് ചുറ്റിലും ഏഴ് അതിർത്തി ചെക്പോസ്റ്റുകൾ ഉണ്ട്. അതിൽ ആറു (6) ബോർഡർ ക്രോസ്സിങ്ങും നിയന്ത്രിക്കുന്നത് ഇസ്രായേലാണ്. ഒരു ബോർഡർ ക്രോസിങ് ഈജിപ്തിന്റെ നിയന്ത്രണത്തിലും.
പാലസ്തിൻ എന്നറിയപ്പെടുന്ന വെസ്റ്റ് ബാങ്കും, ഗാസയും ഒരുമിച്ചുകിടക്കുന്ന പ്രദേശങ്ങളല്ല. ഇത് രണ്ടും രണ്ട് അറ്റത്തു കിടക്കുന്ന പ്രദേശങ്ങളാണ്. ഗാസക്കും വെസ്റ്റ് ബാങ്കിനുമിടയിൽ ഇസ്രായേലിന്റെ ഭൂപ്രദേശങ്ങളാണ് ഉള്ളത്.വെസ്റ്റ് ബാങ്കിൽ നിന്നും ഒരാൾക്ക് ഗാസയിലേക്കു പോകണമെന്നുണ്ടെങ്കിൽ ഇസ്രായേലിൽക്കൂടി സഞ്ചരിച്ചാൽ മാത്രമേ ഗാസയിൽ പോകുവാൻ സാധിക്കുകയുള്ളു. 1948 മുതൽ 1967 വരെ ഗാസ ഈജിപ്തിന്റെ നിയന്ത്രണത്തിലും, ഭരണത്തിന് കീഴിലും ആയിരുന്നു. 1967ൽ അറബ് രാജ്യങ്ങളുമായി നടന്ന യുദ്ധത്തിൽ (6 DAY WAR) ഗാസ, ഈജിപ്തിൽ നിന്നും ഇസ്രായേൽ പിടിച്ചെടുത്തു. 1993 ൽ ഇസ്രയേലും, പാലസ്തിൻ ലിബറേഷൻ പ്രതിനിധികളുമായി (PLO) അമേരിക്കയിൽ വെച്ച് സമാധാന ചർച്ചകൾ നടക്കുന്നതുവരെ ഗാസ ഇസ്രായേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരുന്നു. 1993ലെ ഓസ്ലോ കരാർ പ്രകാരം 1994 ൽ വെസ്റ്റ് ബാങ്കിന്റെയും, ഗാസയുടെയും താത്ക്കാലിക ഭരണത്തിനുവേണ്ടി PLO യുടെ നേതൃത്വത്തിൽ പാലസ്തിൻ നാഷണൽ അതോറിറ്റി രൂപീകരിച്ചപ്പോൾ ഇസ്രായേൽ അവരുടെ പട്ടാളത്തെ ഗാസയിൽ നിന്നും ഭാഗികമായി പിൻവലിക്കുകയും, ഗാസയുടെ ഭരണം പാലസ്തിൻ അതോറിറ്റിയെ ഏൽപ്പിക്കുകയും ചെയ്തു.
1967 ലെ യുദ്ധത്തിൽ ഈജിപ്തിൽ നിന്നും ഗാസ, ഇസ്രായേൽ പിടിച്ചടക്കിയപ്പോൾ മുതൽ ഇസ്രായേലി പൗരന്മാർ ഗാസയിലേക്ക് കുടിയേറി 2005 വരെ അവിടെ ജീവിക്കുന്നുണ്ടായിരുന്നു. ഗാസയിൽ നിന്നും ഇസ്രായേൽ പൂർണ്ണമായി പിന്മാറുക എന്ന നിർദേശം ഇസ്രായേൽ പ്രധാനമന്ത്രി ആയിരുന്ന ഏരിയൽ ഷാരോൺ 2003ൽ ഇസ്രായേൽ പാർലമെന്റിൽ അവതരിപ്പിച്ചു. 2005 ഫെബ്രുവരിയിൽ ഇസ്രായേലിന്റെ പാർലമെന്റ് ആയ Knesset ഈ തീരുമാനം അംഗീകരിച്ചു. ഗാസയിൽ കുടിയേറിയ ഇസ്രായേലി പൗരന്മാരെ അവിടെനിന്നും കുടിയിറക്കാനും ഇസ്രായേലിന്റെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും, അവർക്കു മതിയായ നഷ്ടപരിഹാരം കൊടുക്കാനും തീരുമാനം എടുത്തു. ഈ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ 2005 ഓഗസ്റ്റ് 15ന് മുൻപ് അവിടെ കുടിയേറിയ ഇസ്രായേലി പൗരന്മാരോട് ഗാസയിൽ നിന്നും പുറത്തുപോകാൻ ഇസ്രായേലിന്റെ പ്രധാനമന്ത്രിയായിരുന്ന ഏരിയൽ ഷാരോൺ ആവശ്യപ്പെട്ടു. എന്നാൽ ഗാസയിൽ കുടിയേറിയ ചില ഇസ്രായേലി പൗരന്മാർ അവിടെ നിന്നും മാറാൻ കൂട്ടാക്കിയില്ല. അവരെ ഷാരോണിന്റെ നിർദേശപ്രകാരം ബലപ്രയോഗത്തിൽക്കൂടി ഇസ്രായേലി പട്ടാളം ഗാസയിൽ നിന്നും കുടിയൊഴിപ്പിച്ചു. ഏരിയൽ ഷാരോണിന്റെ നിർദേശപ്രകാരം 8000ത്തോളം യഹൂദ കുടിയേറ്റക്കാരെ ഗാസയിൽ നിന്നും ഇസ്രായേലിന്റെ പല ഭാഗങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. അങ്ങനെ 2005 സെപ്റ്റംബർ 12ന് ഇസ്രായേലി കുടിയേറ്റക്കാരും, പട്ടാളവും ഗാസയിൽ നിന്നും പൂർണ്ണമായി പിൻമാറി.
PLO യുടെ പൊളിറ്റിക്കൽ വിങ്ങാണ് ഫത (FATAH). 1987ൽ രൂപം കൊണ്ട ഇസ്ലാമിക തീവ്രവാദ സംഘടനയാണ് ഹമാസ്. പാലസ്തിൻ അതോറിറ്റിയുടെ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പ് ഫതയും, ഹമാസും തമ്മിലുണ്ടായിരുന്ന ശത്രുത കാരണം 1996നു ശേഷം ഒരിക്കലും നടന്നിട്ടുണ്ടായിരുന്നില്ല. അമേരിക്ക പാലസ്തിൻ അതോറിറ്റിക്ക് 2.3 മില്യൺ ഡോളർ കൊടുക്കുകയും 2006 ജനുവരി 25ന് പാലസ്തിൻ അതോറിറ്റിയുടെ കീഴിലുള്ള നിയമ നിർമ്മാണ സഭയിലേക്കു തിരഞ്ഞെടുപ്പ് നടക്കുകയുമുണ്ടായി. ആ തിരഞ്ഞെടുപ്പിൽ ഫതയെ പരാജയപ്പെടുത്തി ഹമാസ് വിജയിച്ചു. പാലസ്തിൻ മുഴുവനായി അതായത് ഇപ്പോഴുള്ള പാലസ്തിൻറെ ഭാഗങ്ങളായ വെസ്റ്റ് ബാങ്കും, ഗാസയും മാത്രമല്ല ഇസ്രായേൽ എന്ന രാജ്യത്തിൻറെ മുഴുവൻ പ്രദേശങ്ങളും കൂടി ഉൾപ്പെടുത്തി ഒരു ഇസ്ലാമിക രാജ്യം രൂപീകരിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യം. ഇസ്രായേൽ എന്ന രാജ്യത്തെ ഹമാസ് അംഗീകരിക്കുന്നില്ല. PLOയുമായിട്ടും ഹമാസ് ശത്രുതയിലാണ്. ഹമാസ് അധികാരം ഏറ്റെടുത്ത ഉടൻതന്നെ പാലസ്തിൻ അതോറിറ്റിക്ക് നൽകിക്കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും അമേരിക്കയും, റഷ്യയും, ഐക്യരാഷ്ട്രസഭയും, യൂറോപ്യൻ യൂണിയനും, ഇസ്രായേലും താത്ക്കാലികമായിട്ടു മരവിപ്പിച്ചു. കാരണം 1993 ലെ ഓസ്ലോ ഉടമ്പടിയെ ഹമാസ് എതിർത്തിരുന്നു. ഓസ്ലോ ഉടമ്പടി പ്രകാരം ഇസ്രായേലും, PLOയും തമ്മിൽ നേരിട്ട് സമാധാന ചർച്ചകൾ നടത്തി ഇസ്രായേൽ – പാലസ്തിൻ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്നുള്ള നിർദ്ദേശം ഹമാസ് അംഗീകരിച്ചിരുന്നില്ല, അംഗീകരിക്കുന്നുമില്ല. ചർച്ചകൾ നടത്തി സമാധാനം പുനഃസ്ഥാപിക്കുന്നതിനു പകരം ഇസ്രയേലിനെ ആക്രമിച്ചു കീഴ്പ്പെടുത്തി അവിടെയൊരു ഇസ്ലാമിക രാജ്യം പടുത്തുയർത്തുകയാണ് ഹമാസ് ലക്ഷ്യമിടുന്നത്. പുതിയതായി അധികാരം ഏറ്റെടുത്ത ഹമാസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം മാത്രമേ പാലസ്തിൻ അതോറിറ്റിക്കുള്ള സഹായം പുനഃസ്ഥാപിക്കുകയുള്ളുവെന്നു UN അറിയിച്ചു. അക്രമം അവസാനിപ്പിക്കുകയും, ഇസ്രയേലിനെ രാജ്യമായിട്ടു അംഗീകരിക്കുകയും, സമാധാനം നിലനിർത്താനും പാലസ്തിൻറെ ഭാവി കാര്യങ്ങൾക്കുവേണ്ടി പി ൽ ഓ യും, ഇസ്രയേലും തമ്മിൽ നടന്ന മുൻകരാറുകളെ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ പാലസ്തിൻ അതോറിറ്റിക്കുള്ള സഹായം പുനരാരംഭിക്കുകയുള്ളുവെന്നു അമേരിക്കയും, റഷ്യയും, ഐക്യരാഷ്ട്രസഭയും, യൂറോപ്യൻ യൂണിയനും അറിയിച്ചു. എന്നാൽ ഈ നിർദേശം ഹമാസ് തള്ളിക്കളഞ്ഞു. അധികാരം ഏറ്റെടുത്ത ഉടൻതന്നെ ഹമാസ് ഇസ്രായേലിന്റെ നഗരങ്ങളും, ഗ്രാമങ്ങളും, റോക്കറ്റും, മോർട്ടറും ഉപയോഗിച്ച് ആക്രമിക്കാൻ തുടങ്ങി. ഹമാസിന്റെ ഈ നടപടി മൂലം അന്താരാഷ്ട്ര രാജ്യങ്ങൾ ഹമാസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ ബഹിഷ്കരിക്കുകയും, പാലസ്തിൻ അതോറിറ്റിക്കുള്ള സഹായം മരവിപ്പിക്കുകയും ചെയ്തു. ഹമാസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പിരിച്ചു വിടാൻ അന്താരാഷ്ട്ര സമൂഹം മഹമൂദ് അബ്ബാസിന്റെ മേൽ സമ്മർദ്ദം ചെലുത്തുകയുണ്ടായി. ഗാസയിൽ സർക്കാർ ഉദ്യോഗസ്ഥർക്കു ശമ്പളം കൊടുക്കുവാനുള്ള പണം പോലും ഹമാസിന്റെ പക്കൽ ഉണ്ടായിരുന്നില്ല. 2007 ജൂൺ 10നു ഹമാസും പാലസ്തിൻ അതോറിറ്റിയും തമ്മിലുള്ള ശത്രുത കൂടി വരികയും ഗാസയുടെ അധികാരത്തിനുവേണ്ടി ഫതയും, ഹമാസും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ഹമാസും, ഫതയും തമ്മിൽ ഗാസയിൽ നടന്ന ആഭ്യന്തര കലാപത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം ആയിരത്തോളം പാലസ്തിനികൾ കൊല്ലപ്പെടുകയുണ്ടായി. അതോടുകൂടി പാലസ്തിൻ അതോറിറ്റിയുടെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 2007 ജൂൺ 14 ന് ഹമാസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിനെ പിരിച്ചു വിടുകയും ചെയ്തു. ഉടൻ തന്നെ പാലസ്തിൻ അതോറിറ്റിയിൽ നിന്നും ഗാസയുടെ ഭരണം പിടിച്ചെടുത്ത ഹമാസ് അവരുടെ രാഷ്ട്രീയ എതിരാളിയായ ഫതയുടെ നേതാക്കളെയും, പാലസ്തിൻ അതോറിറ്റിയുടെ ഉദ്യോഗസ്ഥരെയും ഗാസയിൽ നിന്നും പുറത്താക്കി. 2008 ന്റെ അവസാനത്തോടുകൂടി ഈജിപ്തും, സൗദി അറേബിയയും, ജോർദ്ദാനും ഒരുമിച്ചു ഹമാസിന് എതിരെ നടത്തിയ സംയുക്ത പ്രസ്താവനയിൽ വെസ്റ്റ് ബാങ്കിലുള്ള മഹമൂദ് അബ്ബാസിനെ മാത്രമേ പാലസ്തിൻറെ ഔദ്യോഗിക ഭരണകൂടമായി അംഗീകരിക്കുകയുള്ളുവെന്നു പ്രഖ്യാപിച്ചു. ഈജിപ്ത് അവരുടെ എംബസി ഗാസയിൽ നിന്നും വെസ്റ്റ് ബാങ്കിലേക്ക് മാറ്റുകയും ചെയ്തു.
പാലസ്തിൻ അതോറിറ്റിയിൽ നിന്നും ഗാസയുടെ ഭരണം ഹമാസ് പിടിച്ചെടുത്തപ്പോൾ ഇസ്രായേലും, ഈജിപ്തും ഗാസയിൽ നിന്നും പുറത്തേക്കുള്ള ബോർഡർ ക്രോസിങ് മുഴുവനും അടച്ചുപൂട്ടി ഉപരോധം ഏർപ്പെടുത്തി. അതോടുകൂടി ഗാസയിൽ ജീവിക്കുന്നവർക്ക് പുറത്തേക്കു പോകുവാനും, പുറമെ ഉള്ളവർക്ക് ഗാസയിലേക്കു വരുവാനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്രായേലും, ഈജിപ്തും അതിർത്തി ചെക്പോസ്റ്റുകൾ അടച്ചുവെങ്കിലും, ടണൽ നിർമ്മിച്ച് ഈജിപ്തിൽ നിന്നും ആയുധങ്ങളും, സ്ഫോടകവസ്തുക്കളും ഹമാസ് ഗസ്സയിലേക്ക് കടത്തുന്നുണ്ടായിരുന്നു. 2007ൽ ഗാസയിൽ നിന്നും ഈജിപ്തിന്റെ അതിർത്തികളിലേക്കു കടക്കുവാൻ സാധിക്കുന്ന അറുപതോളം തുരങ്കങ്ങൾ ഈജിപ്ഷ്യൻ സുരക്ഷാ സേന കണ്ടെത്തി. വെള്ളം, വൈദ്യുതി, ടെലികമ്യൂണിക്കേഷൻ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി ഗാസ ഇസ്രായേലിനെ ആശ്രയിച്ചാണ് കഴിയുന്നത്. ഗാസയിലേക്കു ഭക്ഷണവും, മറ്റു അത്യാവശ്യ സാധനങ്ങളും ഇസ്രായേലിന്റെ അതിർത്തിയിൽക്കൂടി കർശന നിയന്ത്രണങ്ങളോടുകൂടി മാത്രമേ കടത്തി വിടാറുള്ളു. മരുന്നിന്റെയും, ഫുഡിന്റെയും മറവിൽ ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും ഗാസയിലേക്കു ഹമാസ് കള്ളക്കടത്തു നടത്തുന്നത് തടയുവാൻ ഇസ്രേലിന്റെയും, ഈജിപ്തിന്റെയും പട്ടാളം അവരുടെ ബോർഡർ ചെക്പോസ്റ്റുകളിൽ കർക്കശമായ പരിശോധനകളാണ് നടത്തി വരുന്നത്.
ചുരുക്കത്തിൽ 2007 മുതൽ ഹമാസാണ് ഗാസ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും.ഇന്ന് പാലസ്തിൻ എന്നറിയപ്പെടുന്ന പ്രദേശങ്ങൾ വെസ്റ്റ് ബാങ്കും ഗാസയും മാത്രമാണ്. പാലസ്തിൻ അതോറിറ്റിയുടെ പരമാധികാരി പ്രസിഡണ്ടാണ്. എന്നാൽ പാലസ്തിൻ അതോറിറ്റിയുടെ പ്രസിഡണ്ടിനോ അദ്ദേഹത്തിന്റെ ഔദ്യോഗിക ഭരണകൂടത്തിനോ ഗാസയുടെ മേൽ യാതൊരു നിയന്ത്രണവും അധികാരവും ഇല്ല. മാത്രമല്ല 2007നു ശേഷം ഇതുവരെ പാലസ്തിൻ അതോറിറ്റിയുടെ പ്രസിഡന്റ് ആയ മഹമൂദ് അബ്ബാസ് ഗാസയിലേക്ക് പോയിട്ടുമില്ല. പാലസ്തിൻ അതോറിറ്റിക്ക് നിലവിൽ വെസ്റ്റ് ബാങ്കിൽ മാത്രമേ അധികാരവും നിയന്ത്രണവും ഉള്ളു. ഇന്ത്യൻ പ്രധാനമന്ത്രിക്കും, പ്രസിഡന്റിനും ഇന്ത്യയിലെ പകുതി സംസ്ഥാനങ്ങളുടെമേൽ യാതൊരു നിയന്ത്രണമില്ലാത്തതും അവിടേക്കു പോകുവാൻപോലും കഴിയാത്തതുമായ സ്ഥിതി വിശേഷം ഒന്ന് ആലോചിച്ചു നോക്കിക്കേ? അതാണ് ഇന്ന് ഗാസയിലെ അവസ്ഥ. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് ഗാസയിലെ പാലസ്തിനികൾ ഇന്ന് ജീവിക്കുന്നത്. ഹമാസിന്റെ ഏകാധിപത്യ ഭരണമാണ് നിലവിൽ ഗാസയിൽ നടക്കുന്നത്.
ഹമാസിന്നെതിരെ പ്രതിഷേധിക്കുന്നവരെ ഹമാസിന്റെ പട്ടാളം വെടിവെച്ചു കൊല്ലുന്നു. കുട്ടികളും, സ്ത്രീകളും ഉൾപ്പെടെ സിവിലിയൻസിനെ മനുഷ്യകവചമാക്കി മുന്നിൽ നിറുത്തിയാണ് ഇസ്രായേലിനു എതിരെ അതിർത്തിയിൽക്കൂടി ഹമാസ് പോരാടുന്നത്. ഗാസയിലെ ജനസംഖ്യയുടെ പകുതിയോളവും മനുഷ്യർ ഇന്ന് പട്ടിണിയിലാണ്. തൊഴിൽ ചെയ്തു ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒന്നും ഗാസയിൽ ഇല്ല. കുടിവെള്ളം പോലും വേണ്ട രീതിയിൽ കിട്ടാറില്ല. കിട്ടുന്ന ജലത്തിന്റെ ഭൂരിഭാഗവും മലിനമാണ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് അപ്പുറം, ഗാസയിലെ പൗരന്മാർക്ക് ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നുംതന്നെ ഹമാസ് ഒരുക്കികൊടുക്കുന്നില്ല. വിദ്യാഭ്യാസം പോലും പല കുട്ടികൾക്കും നിഷേധിക്കുന്നു. മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിനും അതോടൊപ്പം തൊഴിൽ ചെയ്തു ജീവിക്കാനുള്ള സാഹചര്യങ്ങളുടെ അഭാവവും നിമിത്തം ജനങ്ങൾ അസംതൃപ്തരാണ്. ഹമാസിനെതിരെ, ഗാസയിൽ ശബ്ദം ഉയർത്താൻ ജനങ്ങൾക്ക് ഭയമാണ്. ഗാസക്കുള്ളിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും, ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുമുള്ള പുറത്തുവരുന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. ഗാസയിലെ സ്കൂളുകളും, ഹോസ്പിറ്റലും, സർക്കാർ ഓഫീസുകളും ഇന്ന് ഹമാസിന്റെ ആയുധപ്പുരകളാണ്. ഗാസയിൽ ചെറുതും വലുതുമായ നിരവധി തീവ്രവാദ ഗ്രൂപ്പുകളുണ്ട്. ഹമാസ് കഴിഞ്ഞാൽ അവിടുത്തെ വലിയ തീവ്രവാദ സംഘടന 1981 ൽ രൂപീകരിച്ച പാലസ്തിൻ ഇസ്ലാമിക് ജിഹാദാണ്. ഇറാനും, സിറിയയുമാണ് ഇവർക്കൊക്കെ ട്രെയിനിങ്ങും, ഫണ്ടും കൊടുക്കുന്നത്. ഇസ്രയേലിനെ നശിപ്പിച്ചു, ഒരു ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ സംഘടനകളൊക്കെ പ്രവർത്തിക്കുന്നത്. ഇസ്ലാമിക് ജിഹാദ്, ഹെസ്ബൊള്ളാ (Hezbollah), ഹമാസ് തുടങ്ങി നിരവധി തീവ്രവാദ സംഘടനകൾക്ക് ഇറാൻ ഫണ്ട് ചെയ്യുന്നതിനാലും, ആയുധങ്ങൾ കൊടുത്തു ഇസ്രേലിന്നെതിരെ ആക്രമിക്കാൻ വിടുന്നതിനാലും ഇറാനുമായി, ഇസ്രായേൽ ശത്രുതയിലാണ്.
ഗാസ ഹമാസിന്റെ നിയന്ത്രണത്തിൽ ആയതിനാൽ പാലസ്തിൻ അതോറിറ്റിക്കുള്ള ധനസഹായവും മറ്റും അന്താരാഷ്ട്രസമൂഹം ഇന്ന് മഹമൂദ് അബ്ബാസിന് നേരിട്ടാണ് കൊടുക്കുന്നത്. പാലസ്തിൻ അതോറിറ്റിയും ഗാസക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഗാസയിലെ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ശമ്പളം അബ്ബാസ് വെട്ടിച്ചുരുക്കി. ഒരു ദിവസം വെറും നാല് മണിക്കൂർ മാത്രമേ ഗാസക്കുള്ള വൈദ്യുതിയും അബ്ബാസ് കൊടുക്കുന്നുള്ളു. ഗാസക്ക് എതിരെ സാമ്പത്തിക ഉപരോധവും, ശിക്ഷാ നടപടികളും എടുക്കുന്നുവെന്നും, ഗാസയിലെ ജനങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നും ആരോപിച്ചു പാലസ്തിൻ അതോറിറ്റിയുടെ പ്രസിഡണ്ട് മഹമൂദ് അബ്ബാസിന് എതിരെ പലപ്പോഴും ഗാസയിൽ പ്രതിക്ഷേധം നടക്കുന്നുണ്ട് . ഗാസയുടെ നിയന്ത്രണം പാലസ്തിൻ അതോറിറ്റിയെ ഏൽപ്പിക്കാത്തിടത്തോളം കാലം, ഗാസയിൽ എന്തുതന്നെ സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം മുഴുവനും ഹമാസിനായിരിക്കുമെന്നും, പാലസ്തിൻ അതോറിറ്റിക്കല്ലെന്നും അബ്ബാസ് പലപ്പോഴും പരസ്യമായിട്ടു പറഞ്ഞിട്ടുണ്ട്.
2014ൽ ഗാസയിൽവെച്ച്, ഹമാസും, ഫതയും തമ്മിൽ അനുരഞ്ജന ചർച്ചകൾ നടത്തി ഒരു ഐക്യ സർക്കാർ രൂപീകരിക്കാനുള്ള ധാരണ എടുത്തിരുന്നു. ഗാസയിലെ ഹമാസ് ഭരണകൂടത്തിന്റെ പ്രധാനമന്ത്രി ഇസ്മായിൽ ഹാനിയെഹും, പാലസ്തിൻ അതോറിറ്റിയുടെ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് അയച്ച PLO യുടെ പ്രതിനിധിയും തമ്മിൽ ഗാസ കരാർ ഒപ്പിടുകയും അതിന്റെ അടിസ്ഥാനത്തിൽ 2014 ജൂൺ 2 നു ഗാസയിൽ യൂണിറ്റി സർക്കാർ നിലവിൽ വരികയും ചെയ്തു. എന്നാൽ 2015 ജൂൺ 17 നു ഈ സർക്കാരിനെ അബ്ബാസ് പിരിച്ചു വിട്ടു. അതിനുശേഷം 2017 ഒക്ടോബറിൽ ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഈജിപ്തിൽ വെച്ച് വീണ്ടും ഹമാസും, ഫതയും തമ്മിൽ അനുരഞ്ജന ചർച്ചകൾ നടത്തുകയും, ഒരുമിച്ചു പ്രവർത്തിക്കാൻ ധാരണയിൽ എത്തുകയുമുണ്ടായി. ഹമാസ് അബ്ബാസിനെ ഗാസയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി ഗാസ സന്ദർശിക്കുവാൻപോയ പാലസ്തിൻ അതോറിറ്റിയുടെ പ്രധാനമന്ത്രി Rami Hamdallah ക്ക് നേരെ ഗാസയിൽ വെച്ച് 2018 മാർച്ച് 13നു ബോംബ് ആക്രമണം (വധശ്രമം) നടന്നിരുന്നു. ഈ ആക്രമണത്തെ പാലസ്തിൻ അതോറിറ്റിയുടെ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് ശക്തമായി അപലപിക്കുകയും ഹമാസിനെ കുറ്റപ്പെടുത്തുകയും ഉണ്ടായി. അതോടൊപ്പം പാലസ്തിൻ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ ഗാസ സന്ദർശിക്കുന്നതിൽ നിന്നും അബ്ബാസ് വിലക്കുകയും ചെയ്തു.
ഹമാസുമായോ, ഹമാസ് നേതൃത്വം കൊടുക്കുന്ന സർക്കാരുമായോ തങ്ങൾ യാതൊരുവിധത്തിലുള്ള സമാധാന ചർച്ചകളും നടത്തുകയില്ലെന്നു ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹു ആവർത്തിച്ചു പറയുന്നു. പാലസ്തിൻ അതോറിറ്റിക്ക് ഗാസയിൽ യാതൊരു നിയന്ത്രണവും, അധികാരവും ഇല്ലാത്തതിനാൽ ഇപ്പോൾ പാലസ്തിൻ – ഇസ്രായേൽ പ്രശ്ന പരിഹാരത്തിനായുള്ള ചർച്ചകൾ പലപ്പോഴും തടസ്സപ്പെടുന്നു. . ഈജിപ്തിലെ സീനായി പെനിൻസുല, ഗാസയുടെ അടുത്തുകിടക്കുന്ന ഒരു പ്രദേശമാണ്. സീനായി ഇന്ന് തീവ്രവാദ ഗ്രൂപ്പുകളുടെ താവളമാണ്. al-Qaeda ഉൾപ്പെടെയുള്ള പതിനഞ്ചോളം തീവ്രവാദ സംഘടനകൾ സീനായിൽ ബേസ് ചെയ്തു പ്രവർത്തിക്കുന്നുണ്ടെന്നും, അതിൽ മിക്ക തീവ്രവാദ സംഘടനകളും ഗാസയിലെ ഹമാസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി നല്ല ബന്ധം പുലർത്തുന്നുണ്ടെന്നും ഈജിപ്ത് പറയുന്നു
ഗാസയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തത് മുതൽ ഗാസയിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിടുന്നത് പതിവായി. 2008 മാർച്ചിൽ ഒരുദിവസം തന്നെ അൻപതോളം റോക്കറ്റുകൾ ഇസ്രായേലിൽ വീഴുകയും, അതിനു പ്രതികാരമായി ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് നടത്തിയ വ്യോമ ആക്രമണത്തിൽ നൂറിലധികം പാലസ്തിനികൾ കൊല്ലപ്പെടുകയുമുണ്ടായി. 2008 ഡിസംബറിലും , 2014 ജൂലൈയിലും ഹമാസും , ഇസ്രായേലും തമ്മിൽ യുദ്ധം നടന്നിരുന്നു. ആയിരക്കണക്കിന് മനുഷ്യർ ഈ യുദ്ധങ്ങളിൽ കൊല്ലപ്പെടുകയുണ്ടായി. ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണങ്ങൾ നടത്തുകയും, തിരിച്ചു ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങളിലേക്ക് ഇസ്രായേൽ വ്യോമ ആക്രമണവും, പീരങ്കി ഷെല്ലുകൾ വഴി ആക്രമിക്കലും ഇന്ന് പതിവ് സംഭവമാണ്.
ആദ്യമൊക്കെ ഗാസയുടെ അതിർത്തിയിലുള്ള ഇസ്രായേൽ ഗ്രാമങ്ങളായിരുന്നു ഹമാസ് ആക്രമിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ ടെൽ അവീവിലും ജെറുസലേമിലും റോക്കറ്റുകൾ വീഴുന്നുണ്ട്. ടെൽ അവീവിലുള്ള ഒരു സുഹൃത്ത് പറഞ്ഞത് 2014 ൽ ഹമാസ് – ഇസ്രായേൽ യുദ്ധം നടക്കുന്ന സമയത്തു ഏഴോളം തവണ ഷെൽറ്ററിൽ അഭയം തേടേണ്ടി വന്നിട്ടുണ്ടെന്നാണ്. ഗാസയിൽ നിന്നും ഏകദേശം 95 കിലോമീറ്റർ ദൂരമാണ് ടെൽ അവീവിലെ ഞങ്ങൾ താമസിക്കുന്ന അപ്പാർട്ടുമെന്റിലേക്കുള്ളത്. അതായതു ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന അപാർട്മെന്റിന്റെ ഷെൽട്ടറിൽ പോയി 2014 ൽ ഒളിച്ച കാര്യമാണ് സുഹൃത്ത് പറഞ്ഞത്. ജനവാസ കേന്ദ്രങ്ങളിൽ റോക്കറ്റ് വീഴുന്നതിനു മുൻപ് തന്നെ ഇസ്രായേൽ അതിനെ അയൺ ഡോം ഉപയോഹിച്ചു നശിപ്പിക്കുകയാണ് പതിവ്.
അമേരിക്കൻ എംബസി ജെറുസലേമിലേക്കു മാറ്റിയതിനുശേഷം ഗാസയിൽ പ്രശ്നങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഗ്രേറ്റ് റിട്ടേൺ മാർച്ച് എന്നപേരിൽ പ്രതിഷേധങ്ങൾ ഗാസയുടെയും ഇസ്രായേലിന്റെയും അതിർത്തികളിൽ നടക്കുന്നു. ഗാസയുടെ അതിർത്തിയിൽ പതിനായിരക്കണക്കിന് മനുഷ്യർ സംഘടിച്ചു നിൽക്കുന്നു. സ്ത്രീകളെയും , കുട്ടികളെയും മനുഷ്യകവചമാക്കി ഹമാസ് ഉപയോഗി ക്കുകയാണ്. അതിർത്തികളിലെ മതിലും മറ്റും കുട്ടികളോട് പൊളിച്ചു നീക്കാൻ ഹമാസ് ആവശ്യപ്പെടുന്നു. ചില അതിർത്തി പ്രദേശങ്ങളിലെ മുള്ളുവേലികൾ പ്രക്ഷോപകർ പൊളിച്ചു മാറ്റുന്നു. രഹസ്യ താവളങ്ങളിൽ ഇരുന്നുകൊണ്ട് ഹമാസിന്റെയും ഇസ്ലാമിക ജിഹാദിന്റെയും നേതാക്കൾ ഗാസയിലെ ജനങ്ങളെ ഇസ്രായേലി പട്ടാളത്തിന്റെ തോക്കുകൾക്കു ഇരയായി ഇട്ടുകൊടുക്കുന്ന ദുരവസ്ഥയാണ് ഇപ്പോഴുള്ളത്. കുട്ടികളും, സ്ത്രീകളും ഉൾപ്പെടുന്ന സിവിലിയൻസിനെ മനുഷ്യ കവചമായി ഉപയോഗിച്ച്, അതിന്റെ മറവിൽ ചിത്രങ്ങളും, വീഡിയോയും പകർത്തി ഇസ്രയേലിനെ ആഗോളതലത്തിൽ ഒറ്റപ്പെടുത്താനുള്ള ശ്രമം (BDS മൂവ്മെന്റ്) ഹമാസ് നടത്തിവരുന്നുണ്ട്. അതിർത്തിയിൽ നിന്നും മാറിയില്ലെങ്കിൽ വെടിവെക്കുമെന്നു ഇസ്രായേൽ പട്ടാളം പ്രക്ഷോപകർക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇസ്രായേൽ -ഗാസ അതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന കമ്പി വേലികൾ പല സ്ഥലങ്ങളിലും ഹമാസിന്റിന്റെ അനുയായികൾ പൊളിച്ചു മാറ്റി ഇസ്രായേൽ അതിർത്തികളിലേക്കു നുഴഞ്ഞുകയറാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് . ആയിരക്കണക്കിന് ടയർ അതിർത്തികളിൽ കൂട്ടിയിട്ടു കത്തിച്ചു അതിന്റെ പുകമറക്കുള്ളിൽ നിന്ന് ഹമാസ്, അതിർത്തിയിലുള്ള ഇസ്രായേലി പട്ടാളത്തിന് നേരെ വെടിവെപ്പുകളും മോർട്ടാർ ഷെൽ ആക്രമണങ്ങളും നടത്തുന്നു. ഇസ്രായേൽ തിരിച്ചും ആക്രമിക്കുന്നു. നൂറിനുമുകളിൽ പാലസ്തിനികൾ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടു. ഇപ്പോഴത്തെ പ്രക്ഷോപം ആരംഭിച്ചതിനുശേഷം ആയിരക്കണക്കിന് ഏക്കർ കൃഷി ഭൂമികൾ പ്രക്ഷോപകർ സ്ഫോടക വസ്തുക്കൾ നിറച്ച പട്ടവും, ബലൂണും മറ്റും ഉപയോഗിച്ചു കത്തിനശിപ്പിച്ചതായി ഇസ്രായേൽ ഒഫീഷ്യൽസ് പറയുന്നു. റോക്കറ്റും , മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് ഹമാസ് ആക്രമണം തുടങ്ങിക്കഴിഞ്ഞു. ഇസ്രായേലി യുദ്ധ വിമാനങ്ങൾ ഗാസയിൽ ഹമാസിന്റെ കേന്ദ്രങ്ങളും, ആയുധപ്പുരകളും ബോംബിട്ടു നശിപ്പിക്കാൻ തുടങ്ങി.
ഇതുവരെ പാലസ്തിൻ എന്ന രാജ്യം രൂപീകരിക്കപ്പെട്ടിട്ടില്ല. Non-member observer സ്റ്റേറ്റ് എന്ന രീതിയിലാണ് പാലസ്തീനെ ഐക്യരാഷ്ട്രസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു രാജ്യം എന്ന നിലയിൽ പാലസ്തിനെ അംഗീകരിക്കണമെങ്കിൽ അവിടെ വ്യവസ്ഥാപിതമായ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ഉണ്ടായിരിക്കണം. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടത്തിന് അതിനുകീഴിൽ വരുന്ന പ്രദേശങ്ങളുടെ മുഴുവൻ നിയന്ത്രണവും പരമാധികാരവും വേണം. എന്നാൽ നിലവിലുള്ള പാലസ്തിൻ അതോറിറ്റിക്ക് പാലസ്തിൻ പ്രദേശങ്ങളുടെ പരമാധികാരമില്ല. നിലവിൽ പാലസ്തിൻ അതോറിറ്റിക്ക് വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങളുടെ മാത്രം അധികാരമേയുള്ളു. ഗാസ ഇപ്പോഴും തീവ്രവാദ സംഘടനയായ ഹമാസാണ് നിയന്ത്രിക്കുന്നത്.നിലവിൽ ഇസ്രായേൽ കയ്യേറിയിരിക്കുന്നതു വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങളാണ്. ഇത് വെറുമൊരു അതിർത്തി പ്രശ്നമല്ല. 1967 ലെ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത സ്ഥലമാണ്. യുദ്ധത്തിൽ പിടിച്ചെടുത്ത സ്ഥലങ്ങൾ ആരും ആർക്കും വെറുതെ കൊടുത്ത ചരിത്രമില്ലല്ലോ. സമാധാനം പുനഃസ്ഥാപിക്കുകയും, ഹമാസിനെ നിരായുധീകരിക്കുകയും ചെയ്താൽ മാത്രമേ തങ്ങൾ ചർച്ചകൾ പുനരാരംഭിക്കുകയുള്ളുവെന്നു ഇസ്രായേൽ പറയുന്നു. സമാധാന പ്രക്രിയയുടെ അവസാനം വെസ്റ്റ് ബാങ്ക് മുഴുവനായും പാലസ്തിൻ അതോറിറ്റിക്ക് വിട്ടു കൊടുക്കുമെന്നാണ് ഓസ്ലോ കരാർ നിബന്ധനകൾ വഴി ഇസ്രായേൽ പണ്ട് അംഗീകരിച്ചിരുന്നത്. അതിനു സമാധാന ചർച്ചകൾ ഇരു പ്രദേശങ്ങളുടെയും നേതാക്കൾ തമ്മിൽ നടക്കണം. ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങൾ കാരണം നിലവിൽ സമാധാന ചർച്ചകൾ പലപ്പോഴും തടസ്സപ്പെടുന്നു.
ഇസ്രായേലിനെപ്പറ്റി സാധാരണ മോശം അഭിപ്രായമാണ് ഇന്ത്യയിൽ പ്രചരിക്കുന്നത്. പാലസ്തിനികളെ എല്ലാ ദിവസവും കൂട്ടക്കൊല ചെയ്യുന്ന രാജ്യം, ഒരു മുസ്ലിമിനെപ്പോലും പ്രവേശിപ്പിക്കാത്ത രാജ്യം എന്നൊക്കെയാണ് പലരും പറയുന്നത്. മീഡിയ പറയുന്നതല്ല യാഥാർഥ്യമെന്ന് ഇവിടെ ജീവിക്കുമ്പോൾ, ഇസ്രയേലിൽക്കൂടെയും, വെസ്റ്റ് ബാങ്കിന്റെ ചില പ്രദേശങ്ങളിൽക്കൂടെയും സഞ്ചരിച്ചപ്പോഴും ഇവിടെയുള്ള കുറച്ചു അറബ് വംശജരോടും, യഹൂദരോടും സംസാരിച്ചപ്പോഴും മനസ്സിലായത്. ഞാൻ ആദ്യം ചിന്തിച്ചിരുന്നത് ഇസ്രായേൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം മതസ്ഥരെ ഇസ്രായേലിലേക്ക് പ്രവേശിപ്പിക്കുകയില്ലെന്നാണ്. എന്നാൽ ഇവിടെ റിസർച്ച് ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള മുസ്ലിം മതസ്ഥരെ നേരിട്ട് കണ്ടപ്പോൾ ഇന്ത്യയിൽ നിന്നും ഞാൻ കേട്ടതല്ല ശരിയെന്നു മനസ്സിലായി. അതുമാത്രമല്ല കഴിഞ്ഞ ആഴ്ച ഈദ് പെരുന്നാളിന്റെ അന്ന് ആഫ്രിക്കയിൽ നിന്നുള്ള നൂറുകണക്കിന് മുസ്ലിം അഭയാർത്ഥികൾ ജാഫയിലെയും, ടെൽ അവീവിലെയും മുസ്ലിം പള്ളികളിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു. ആഭ്യന്തര കലാപങ്ങളും, പട്ടിണിയും മറ്റും കാരണം ആഫ്രിക്കൻ രാജ്യങ്ങളായ എറിത്രിയയിൽ നിന്നും സുഡാനിൽ നിന്നുമുള്ള പതിനായിരക്കണക്കിന് അഭയാർത്ഥികൾ ഇസ്രായേലിലുണ്ട്.എന്നാൽ നല്ലൊരു ശതമാനം മുസ്ലിം അഭയാർത്ഥികൾ ഇവിടെയുണ്ടെന്ന് ഈദിന്റെ അന്നാണ് മനസ്സിലായത്. നമ്മുടെ കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഇടയ്ക്കിടക്ക് ഉണ്ടാകാറില്ലേ, അങ്ങനെ പോലും ഒരു അക്രമവും ഇസ്രായേലിനുള്ളിൽ ജീവിക്കുന്ന അറബ് – ജൂത വിഭാഗങ്ങൾ തമ്മിൽ നടക്കുന്നില്ലെന്നതാണ് യാഥാർഥ്യം. 1948 ലെ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചടക്കിയ അറബ് ഭൂരിപക്ഷ പ്രദേശങ്ങളാണ് ഹൈഫ , ജാഫ , നസ്രേത് ,റാംല, ആക്കോ എന്നീ നഗരങ്ങൾ. അവിടെയൊക്കെ ഇപ്പോഴും അറബ് വംശജർ തന്നെയാണ് ഭൂരിപക്ഷം. ടെൽ അവീവ് പട്ടണത്തിന്റെ ഒരു ഭാഗമാണ് ജാഫ. അവിടെയുള്ള ഷോപ്പുകൾ അധികവും അറബികളുടേതാണ്. അറബ് ഫുഡ് കഴിക്കാൻ വരുന്നവരിൽ അധികവും യഹൂദരാണ്. ചുരുക്കിപ്പറഞ്ഞാൽ പരസ്പരം ഇടകലർന്നും, സമാധാനത്തിലുമാണ് അറബ് – ജൂത വിഭാഗങ്ങൾ ഇസ്രായേലിൽ ജീവിക്കുന്നത്.
ഇസ്രായേൽ എന്ന രാജ്യത്തിന് കേരളത്തിന്റെ പകുതിപോലും വലുപ്പമില്ല. ഇവിടുത്തെ ആകെ ജനസംഖ്യ തൊണ്ണൂറു ലക്ഷത്തിലും താഴെയാണ്. ജനസംഖ്യയുടെ 75 ശതമാനവും യഹൂദരാണ്. അവരുകഴിഞ്ഞാൽ അറബ് മുസ്ലിം വിഭാഗമാണ് കൂടുതലുള്ളത്. പിന്നെ അറബ് ക്രിസ്ത്യൻസും, Druze , കുറച്ചു ബഹായി മതക്കാർ തുടങ്ങിയ സമൂഹങ്ങളാണ് ഇസ്രായേലിൽ ജീവിക്കുന്നത്. ഇന്ത്യയിലുള്ള Brahmakumari വിഭാഗത്തിൽ പെടുന്ന ആളുകളും ഇവിടെയുണ്ട്. അവർക്കു ഇസ്രായേലിൽ എട്ടോളം സെന്ററുകൾ ഉണ്ടെന്നാണ് ഒരു ദിവസം യാത്രക്കിടെ പരിചയപ്പെട്ട ബ്രഹ്മ കുമാരി ആചാരങ്ങൾ അനുഷ്ഠിക്കുന്ന ഒരു യഹൂദവംശജയായ സ്ത്രീ പറഞ്ഞത്. ഇതൊരു ജനാധിപത്യ രാഷ്ട്രവും അതോടൊപ്പം ജൂത രാഷ്ട്രവുമാണ്. പാലസ്തീൻ – ഇസ്രായേൽ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി രണ്ടു ഫോർമുലകളാണ് പൊതുവെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്. ചിലർ രണ്ടു സ്റ്റേറ്റും ഒരു രാജ്യവുമെന്നുള്ള ആശയം പങ്കുവെക്കുമ്പോൾ മറ്റുചിലർ രണ്ടു രാജ്യമെന്ന ആശയം മുന്നോട്ടു വെക്കുന്നു. ഒരു രാജ്യമെന്നുള്ള നിർദേശത്തെ രണ്ടുകൂട്ടരും അംഗീകരിക്കുന്നുണ്ടെന്നു തോന്നുന്നില്ല. പിന്നെ ചർച്ചകളിൽ മുൻതൂക്കം കിട്ടുന്നത് രണ്ടു രാജ്യങ്ങൾ എന്ന ആശയത്തിനാണ്. വെസ്റ്റ് ബാങ്കും, ഗാസയും ഭരിക്കുന്ന പാലസ്തീൻ അതോറിറ്റിയും, ഹമാസും തമ്മിലുള്ള അനൈക്യവും, ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങളും കാരണം സമാധാന ചർച്ചകൾ പലപ്പോഴും വഴിമുട്ടി നിൽക്കുന്നു.
ഗൂഗിളിൽ സെർച്ച് ചെയ്താൽ The Green Prince എന്ന ഡോക്യുമെന്ററി കിട്ടും. വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ നേതാവായ ഹസ്സൻ യൂസഫിന്റെ മകനായ മൊസാബ് ഹസ്സൻ യൂസഫ് ഇസ്രായേലിന്റെ തടവിൽ എത്താനിടയായ സാഹചര്യങ്ങളും അതിനുശേഷം എങ്ങനെയാണ് യൂസഫ് ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ ചാരനായി പ്രവർത്തിച്ചതെന്നുമുള്ള കാര്യങ്ങൾ The Green Prince പറയുന്നുണ്ട്. ഗാസയിലെയും, വെസ്റ്റ് ബാങ്കിലെയും യുവാക്കളുടെ ജീവിതം എങ്ങനെയാണ് ഹമാസ് നശിപ്പിക്കുന്നതെന്നും മൊസാബ് വ്യക്തമായി പറയുന്നു.
Sources:
https://www.telegraph.co.uk/…/palestinian-prime-minister-s…/
https://www.jpost.com/…/Rare-Gaza-Strip-protest-againt-Hama…
https://history.state.gov/milest…/1945-1952/arab-israeli-war
https://www.britannica.com/…/Israel/Establishment-of-Israel…
https://en.wikipedia.org/…/History_of_the_Jews_and_Judaism_…)