ഗാന്ധിജിക്ക് മരണമില്ല, മനുഷ്യ വിരുദ്ധരായ എല്ലാ തരം ഫാസിസ്റ്റുകൾക്കും വർഗീയ വാദികൾക്കുമെതിരെ മാനവരാശി ഈ മനുഷ്യനെ ഉയർത്തിപ്പിടിക്കുന്നു

102
ഗാന്ധിജിക്ക് മരണമില്ല, മനുഷ്യ വിരുദ്ധരായ എല്ലാ തരം ഫാസിസ്റ്റുകൾക്കും വർഗീയ വാദികൾക്കുമെതിരെ മാനവരാശി ഈ മനുഷ്യനെ ഉയർത്തിപ്പിടിക്കുന്നു
റഫീക്ക് അഹമ്മദ് (കവി) എഴുതുന്നു 
………………..
ലോകം മുഴുവൻ കരഞ്ഞ ഒരു ദിവസത്തിന്റെ ഓർമ്മ പുതുക്കുകയാണിന്ന്. ലോക ചരിത്രത്തിലെ ഏറ്റവും ലജ്ജാകരവും ഭീരുത്വം നിറഞ്ഞതുമായ ഒരു കൃത്യം നടന്ന ദിവസം. അഹിംസയുടെ ആൾരൂപമായ മഹാത്മജിയെ വെടിവെച്ചു കൊന്നിട്ടത് ഇന്നാണ്. ആ കൊലപാതകിയുടെ Image result for rafeeq ahmedപ്രത്യയശാസ്ത്രത്തിന് പൂർവ്വാധികം സ്വീകാര്യത കൈവന്നു കഴിഞ്ഞ ഈ ഇരുണ്ട കാലത്ത് എന്നും പരാജയപ്പെടുകയും എന്നിട്ടും ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്ന മാനവികതയുടെ ആ നിത്യ പ്രതികത്തെ വീണ്ടും ഓർക്കാം.
മാരകമായ സത്യസന്ധതയും വിട്ടുവീഴ്ചയില്ലാത്ത ധാർമ്മികതയും പോർബന്ദർ കാരനായ മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന കൃശഗാത്രനെ ഒരു വലിയ ഉപഭൂപഖണ്ഡത്തിലെ മനുഷ്യ മഹാസഞ്ചയത്തിന്റെ എതിരില്ലാത്ത നേതാവാക്കി. സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തിന്റെ ആയുധ / കായിക ബലത്തെ നിർവീര്യമാക്കി.
നാനാത്വവും വൈവിധ്യവും ബഹുസ്വരതയുമാണ് ഇന്ത്യ എന്നദ്ദേഹം തിരിച്ചറിഞ്ഞു.
ഇന്ത്യ എന്ന മഹത്തായ സംസ്കൃതിയുടെ ആത്മാവിനെ വീണ്ടെടുക്കുകയും ലോക ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലത്ത വിധത്തിൽ രാഷ്ട്രീയ നൈതികതയുമായി ആത്മീയതയെ മുഖാമുഖം നിർത്തി ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്തു. സായുധരും നിഗ്രഹാസക്തരും പ്രതികാര ദാഹികളുമായ ദൈവങ്ങളുടെ സ്ഥാനത്ത് സത്യം എന്ന ദൈവത്തെ പ്രതിഷ്ഠിച്ചു.
അദ്ദേഹത്തിന്റെ ചിന്തകളിൽ അപ്രായോഗികവും പഴഞ്ചനുമായ ആശയങ്ങൾ കൂടിക്കലർന്നിരുന്നു. ആധുനികതയെക്കുറിച്ചുള്ള വിചാരങ്ങൾക്ക് അനുയോജ്യമല്ലാത്ത പലതും, അതിലുണ്ടായിരുന്നു. പക്ഷെ ഓർക്കണം, ഗാന്ധിക്കു ശേഷവും എത്രയോ യുദ്ധങ്ങളും കലാപങ്ങളും രക്തച്ചൊരിച്ചിലും ഉണ്ടായി. അതെല്ലാം ഇന്നും തുടരുന്നു. അഹിംസ എന്ന ദർശനത്തിന്റെ വിപുലമായ അർത്ഥ വിസ്തൃതി ഇന്നു പോലും ശരിയായി ഉൾക്കൊള്ളാൻ കഴിയാത്ത ലോകത്തിൽ ഗാന്ധി ദർശനം അപ്രായോഗികവും പഴഞ്ചനുമായി കരുതപ്പെടുന്നതിൽ അത്ഭുതകരമായി ഒന്നുമില്ല.
ഒരു സൈദ്ധാന്തികനാണെന്ന് ഒരിക്കലും ഗാന്ധിജി അവകാശപ്പെട്ടിരുന്നില്ല. നിരന്തരമായ സത്യാന്വേഷണ പരീക്ഷണങ്ങളായിരുന്നു ആ ജീവിതം. അതുകൊണ്ട്, തന്റെ തെറ്റുകളെയും കർമ്മത്തിലെ വൈരുധ്യങ്ങളെയും സവിനയം അംഗീകരിക്കുവാനും താൻ ഒടുവിൽ പറഞ്ഞത് സ്വീകരിക്കുക എന്ന് തിരുത്താനും അദ്ദേഹത്തിന് മടിയേതുമുണ്ടായിരുന്നില്ല.
മിതത്വത്തിലൂന്നിയ മാനുഷികമായ വികസന സങ്കൽപ്പവും പരിസ്ഥിതി ദർശനവുമായിരുന്നു ഗാന്ധിയുടേത്. ശാസ്ത്രത്തിനു തന്നെ ശരിവെക്കേണ്ടി വരും വിധം ഗാന്ധി ചിന്തയുടെ പ്രവാചക സ്വഭാവം ഗ്ലോബൽ വാമിങ്ങിന്റെ പശ്ചാത്തലത്തിൽ ഇന്ന് നാം തിരിച്ചറിയുന്നു.
രാഷ്ട്രീയവും മതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗാന്ധിയ്ക്കുണ്ടായിരുന്ന ധാരണകൾ, അഭിപ്രായങ്ങൾ അവസാന കാലമാവുമ്പോഴേക്ക് വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. അടിസ്ഥാന സങ്കൽപങ്ങളിൽ അത് മാറാതെ നിൽക്കുകയും ചെയ്തു. വർഗീയ ഫാസിസ്റ്റുകളുടെ രാമനോ അവരുടെ രാമരാജ്യമോ അല്ലായിരുന്നു ഗാന്ധിയുടെ ആദർശപുരുഷനും രാജ്യവും. ഫാസിസ്റ്റുകൾ തോറ്റു പോയത് അവിടെയാണ്. അവർക്ക് നെഹ്റുവിയൻ സെക്യുലറിസവും ആധുനികതയും ഭാരതീയത എന്ന നമ്പർ ഉപയോഗിച്ച് എതിർത്തു തോൽപ്പിക്കാനാവുമായിരുന്നുമാർക്സിയൻ വൈരുധ്യാത്മക ഭൗതിക വാദത്തെ, ശാസ്ത്രീയ സോഷ്യലിസത്തെ, യൂറോപ്യൻ ജനാധിപത്യ സങ്കൽപ്പങ്ങളെ എല്ലാം സനാതന ധർമ്മം എന്ന തുറുപ്പു ശീട്ടു കൊണ്ട് മുട്ടുമടക്കിപ്പിക്കാനാവുമായിരുന്നു. എന്നാൽ ഗാന്ധിയെ നേരിടാൻ അവർക്ക് ആശയങ്ങൾ കൊണ്ട് കഴിയില്ലായിരുന്നു. അവരുടെ അതേ ആയുധങ്ങളെ നിർവീര്യമാക്കുകയും, അവരുടെ ധർമ്മസംഹിതകളെ മാനുഷികത കൊണ്ട് പുനർ വ്യാഖ്യാനിക്കുകയും അങ്ങനെ അവരുടെ അക്രാമകവും ഹിംസാത്മകവുമായ മതത്തെ അപനിർമ്മിക്കുകയും നിരായുധീകരിക്കുകയുമായിരുന്നു ഗാന്ധി. വാക്കു കൊണ്ട് ആ മനുഷ്യനെ ജയിക്കുക അസാധ്യമെന്നു കണ്ട് അവർ തോക്കു കൊണ്ട് ആ ജീവിതം അവസാനിപ്പിച്ചു. പക്ഷെ ഗാന്ധിജിക്ക് മരണമില്ല . മനുഷ്യ വിരുദ്ധരായ എല്ലാ തരം ഫാസിസ്റ്റുകൾക്കും വർഗീയ വാദികൾക്കുമെതിരെ മാനവരാശി ഈ മനുഷ്യനെ ഉയർത്തിപ്പിടിക്കുന്നു. സ്വാതന്ത്ര്യ ധ്വംസനങ്ങൾക്കെതിരെ, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ, ഹിംസയ്ക്കും മൃഗീയതയ്ക്കുമെതിരെ മാനവരാശിയെ നയിക്കുക ഈ കൃശഗാത്രൻ തന്നെയായിരിക്കും.
സ്നേഹിതരേ കുട്ടികളോട് പറഞ്ഞു കൊടുക്കുക മറ്റൊരു രാജ്യത്തോട് ഒരു പക്ഷെ ശത്രുരാജ്യത്തോട് നീതി ചെയ്യൂ എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു രാജ്യത്തിന്റെ രാഷ്ട്രപിതാവ് പട്ടിണി കിടക്കുക എന്ന അവിശ്വസനീയമായ സംഭവം ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ല എന്ന്, ഇനി ഉണ്ടാവുകയും ഇല്ല എന്ന്. അത്തരം ഒരു ചരിത്രം അണ്വായുധക്കൂമ്പാരങ്ങളുടെയും സമ്പത്തിന്റെയും അഹങ്കാരങ്ങളിൽ നെഞ്ചു വിരിച്ചു നിൽക്കുന്ന ഏതൊരു സാമ്രാജ്യത്വ ഗർവ്വിനെയും നിഷ്പ്രഭമാക്കുവാൻ പോരുന്നതാണെന്ന്.
ഇങ്ങനെ ഒരു മനുഷ്യൻ ജനിച്ച നാട്ടിൽ ജനിക്കാനിടയായി എന്നത് ഒരു വലിയ ധന്യതയാണെന്ന്.
*
ടോം ജെ വട്ടക്കുഴിയുടെ ചിത്രമാണ് കൂടെ.
**