പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഒരു സത്യമാണ്, മനസിലാക്കുക

783

പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പ്രസവസംബന്ധമായ മാനസിക സംഘർഷം വളരെ ഗൗരവമേറിയ ഒരു സംഗതിയാണ്. അമ്മയുടെ മനസികാരോഗ്യത്തിന്റെ ചില വ്യതിയാനങ്ങളുടെ ഫലമായി പല പ്രശ്നങ്ങളും ഉടലെടുക്കുന്നു. അനുഭവസ്ഥയായ ഈ യുവതിയുടെ ഈ പോസ്റ്റ് വായിക്കൂ…

കൊച്ചു ത്രേസ്യ എഴുതുന്നു Kochu Thressia

Kochu Thressia
Kochu Thressia

തുടരെ തുടരെയുണ്ടായ രണ്ടു നഷ്ടങ്ങൾ.. അതുണ്ടാക്കിയ മാനസികവും ശാരീരികവുമായ മുറിവുകൾ എല്ലാം ഉണങ്ങി എന്നു തോന്നിയപ്പോഴാണ്‌ ഒരിക്കൽ കൂടി ഗർഭിണിയായത്‌. സന്തോഷം നിറയേണ്ടുന്ന നാളുകൾ. പക്ഷെ സംഭവിച്ചത്‌ അതല്ല. മുൻകാല മുറിവുകൾ ഒരു ഒഴിയാബാധ പോലെ പിടികൂടി. ഓരോ സെക്കന്റിലും ഭയം മാത്രം. തീയിലൂടെ നടക്കുമ്പോലെ. പിടിവിട്ടു പോകുന്ന ചിന്തകളെ അതിജീവിക്കാൻ ഓഫീസിൽ കൂടുതൽ ജോലികളേറ്റെടുത്തു. വിശ്രമമില്ലാതെ പണിയെടുത്തു. ഗർഭിണിയാണ്‌ എന്ന്‌ എന്ന കാര്യം പോലും മറക്കാൻ ശ്രമിച്ചു. പ്രസവിക്കുന്നതിന്റെ തലേന്നു വരെ ജോലിക്കു പോയത്‌ അസാമാന്യ ധൈര്യം കൊണ്ടൊന്നുമല്ല. വെറുതേയിരിക്കാൻ പേടിയായിട്ടാണ്‌. കുഞ്ഞുണ്ടായിക്കഴിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണു ചെയ്തത്‌. ഒരു രക്ഷയുമില്ലാത്ത മൂഡ്‌സ്വിംഗ്സ്‌. വല്ലാതെ കെട്ടിയിടപ്പെട്ട പോലെ. ഒരു പാടു സന്തോഷിക്കേണ്ട സമയത്ത്‌ ഇങ്ങനൊക്കെ തോന്നുന്നതിന്റെ കുറ്റബോധം അതിലേറെ. കാത്തിരുന്ന് ഒടുക്കം ഒരു കുഞ്ഞിനെ കിട്ടിയല്ലോ എന്ന് ആശ്വസിച്ച്‌ തൊട്ടടുത്ത സെക്കന്റില് കുഞ്ഞൊരുത്തനാണ്‌ ജീവിതം ഇങ്ങനെ നരകതുല്യമാക്കിയത്‌ എന്ന് സങ്കടവും തോന്നും. പോസ്റ്റ്‌ പാർട്ടം ഡിപ്രഷൻ ഐഡന്റിഫൈ ചെയ്ത്‌ ഓരോ ആഴ്ചയിലും കൗൺസിലർ വീട്ടിൽ വന്ന് ചെക്ക്‌ ചെയ്യുമായിരുന്നു. ഇത്രയേറെ ഇൻസെക്യൂരിറ്റിയും വച്ച്‌ കുഞ്ഞിനൊപ്പം കഴിയുന്നതിനേക്കാൾ നല്ലത്‌ ജോലിക്ക്‌ തിരിച്ചു കേറുന്നതാണെന്ന് ഞങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു. അങ്ങനെ കഷ്ടിച്ചു മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ പ്രൈമറി കെയർ ഗിവർ സ്ഥാനം അവന്റെ അച്ഛൻ ഏറ്റെടുത്തു. ജോലിക്കു പോക്ക്‌ ഒരു തരത്തിൽ ഒരു രക്ഷപെടലായിരുന്നു. രാവിലെയും രാത്രിയും മാത്രം കുഞ്ഞിനൊപ്പം കഴിയുന്നതു കൊണ്ട്‌ പണ്ടത്തെ നിരന്തരമായ ആ മാനസികസംഘർഷങ്ങളിൽ നിന്ന് കുറെയൊക്കെ രക്ഷപെട്ടു. എന്നാലും പൂർണ്ണമായൊന്നും മാറിയില്ല. മാതൃത്വം നിറഞ്ഞു തുളുമ്പേണ്ടുന്ന ഞാനിങ്ങനെ ഒഴിഞ്ഞുമാറുമ്പോൾ ആറടിപ്പൊക്കത്തിൽ തികച്ചും പരുക്കൻ ഭാവങ്ങളുള്ള ഒരാൾ ഒരു പോക്കറ്റിൽ നാപ്പിയും മറ്റേപ്പോക്കറ്റിൽ പാൽക്കുപ്പിയും വച്ച്‌ അനായാസമായി കുഞ്ഞിനെയും കൊണ്ട്‌ ചുറ്റിക്കറങ്ങുന്നതു കാണുമ്പോൾ ആശ്വാസവും സന്തോഷവും മാത്രമല്ല. അസൂയയും അരിശവുമൊക്കെയുണ്ടായിരുന്നു. സ്വന്തം അവയവം കൊണ്ടു നടക്കുമ്പോലെ അത്ര ആയാസരഹിതമായിട്ടായിരുന്നു അച്ഛൻ കുഞ്ഞിനെ കൊണ്ടു നടന്നിരുന്നത്‌. എനിക്കോ.. കുഞ്ഞിന്റെ കൂടെയുള്ള ഓരോ നിമിഷവും വിലപിടിച്ച ഒരു നിധി കൊണ്ടു നടക്കുമ്പോലെയും. ഏതു നിമിഷവും അത്‌ എന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചേക്കുമെന്ന് സംശയിച്ച്‌ ഉള്ള സെൻസറുകളെല്ലാം ഫുൾ പവറിലാക്കി കുറച്ചു കഴിയുമ്പോഴേക്കും തളർന്നു പോകും.

2015 -ൽ നിന്ന് 2019 -ലെത്തി നീൽക്കുമ്പോൾ ഞങ്ങൾ മൂന്നു പേരും അന്നത്തെ സ്ട്രഗിളുകളിൽ നിന്ന് ഒരു പാടു മുന്നോടു വന്നു. ആ നാടു തന്നെ വിട്ട്‌ വേറൊരു രാജ്യത്ത്‌ ചേക്കേറി. പക്ഷെ എനിക്കൊരിക്കലും പഴയ പോലെയാവാൻ പറ്റിയിട്ടില്ല. അവൻ വരുന്നതിനു മുൻപേ ഓരോ ടെൻഷനും യാത്ര ചെയ്തിരുന്നു തീർത്തിരുന്ന ഞാൻ ഫ്രീയായി ഒന്നു ഇവിടെ സിറ്റി സെന്ററിലൂടെയെങ്ക്ലും ചുറ്റിക്കറങ്ങിയിട്ട്‌ നാലു വർഷമാകുന്നു. ഓരോ ചെറിയ ചലനത്തിനും ചെവികൂർപ്പിച്ചു കിടക്കുന്നതു കൊണ്ട്‌ നന്നായി ഒന്നുറങ്ങിയിട്ടും അത്രയും തന്നെ നാൾ. ആരും ഫോഴ്സ്‌ ചെയ്യുന്നതല്ല. കുഞ്ഞിനെപറ്റിയുള്ള , ഒരു പക്ഷെ തികച്ചും അനാവശ്യമായ, കരുതൽ കാരണമാണ്‌. ഇതൊന്നും അവനോടുള്ള സ്നേഹത്തിന്‌ ഒരു കുറവും വരുത്തിയിട്ടില്ല. പക്ഷെ എനിക്കു തീരെ പരിചയമില്ലാത്ത മറ്റൊരാളാണ്‌ ഞാനിന്ന്. ആ മറ്റൊരാളുമായി പൊരുത്തപ്പെട്ടു പോകാൻ ഞാന് നല്ലോണം ബുദ്ധിമുട്ടുന്നുണ്ട്‌. അമ്മയാവുക എന്നത്‌ മാനസികമായും ശാരീരികമായും വൈകാരികമായും സ്ത്രീകളെ ബാധിക്കുന്ന ഒരു പ്രക്രിയയാണ്‌. ചിലരൊക്കെ അതു ഈസിയായി തരണം ചെയ്യും. ചില് കാലിടറി വീഴും. ഇനിയും ചിലര്‌ കഷ്ടിച്ച്‌ കടന്നു കൂടും. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന പരിക്കുകളോടെ…

Advertisements