ജ്ഞാനവേൽ സംവിധാനം ചെയ്തു സൂര്യ അഭിനയിച്ച ജയ് ഭീം എന്ന സിനിമ വളരെ ശക്തമായ പ്രമേയത്തെയാണ് അവതരിപ്പിച്ചത്. ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തിൽ നിന്നുള്ള ഒരേട് മാത്രമാണ് ഈ സിനിമ എന്ന് പറയുമ്പോൾ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതം എത്രമാത്രം സംഭവബഹുലമാണ് എന്ന് മനസിലാക്കാം. നീതി ലഭിക്കാത്തവർക്കു വേണ്ടി നിലകൊണ്ട അദ്ദേഹം നീതിപീഠത്തിന് തന്നെ ഒരു വഴികാട്ടിയായിരുന്നു. ജസ്റ്റിസ് ചന്ദ്രുവിന്റെ സംഭവബഹുലമായ, നീതിബോധത്തിലൂന്നിയ ജീവിതം വായിക്കാം . Sigi G Kunnumpuram എഴുതിയത്. (കടപ്പാട് Pscvinjanalokam)
Sigi G Kunnumpuram
1993ല്‍, ഗോപാലപുരം ഗ്രാമത്തില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ രാജാക്കണ്ണിനെ അറസ്റ്റു ചെയ്തു. വൃദ്ധാചലത്തെ കമ്മാപുരം ഗ്രാമത്തില്‍ നിന്നുള്ള കുറവ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു അയാൾ..അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനിലെത്തിച്ചശേഷം, രാജാക്കണ്ണിനെ നഗ്നനാക്കി അതിക്രൂരമായി പൊലീസ് മര്‍ദ്ദനത്തിനിരയാക്കി. ഭര്‍ത്താവിനെ എങ്ങനെ രക്ഷിക്കണം എന്നറിയാതെ സ്റ്റേഷനിലെത്തിയ രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി ഇതെല്ലാം നേരില്‍ക്കാണുകയും ചെയ്തു. ഇതിനിടെ സഹോദരന്റെ മക്കളായ രണ്ടു പേരെയും അറസ്റ്റുചെയ്തു. എന്നാല്‍ അതിന്റെ തൊട്ടടുത്ത ദിവസം, രാജാക്കണ്ണിനെ തേടി സ്റ്റേഷനില്‍ എത്തിയ പാര്‍വതിയെ എല്ലാവരും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു പൊലീസ് അറിയിക്കുന്നു. രാജാക്കണ്ണിനെ കണ്ടെത്തുന്നതില്‍ പൊലീസ് അലംഭാവം തുടര്‍ന്നപ്പോള്‍, സിപിഎം അംഗമായ ഗോവിന്ദന്റെ നേതൃത്വത്തില്‍ രാജാക്കണ്ണിന്റെ ബന്ധുക്കള്‍, ഗോത്രജനങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രതിഷേധവും റാലികളുമൊക്കെ നടത്തി. പക്ഷേ, അനുകൂല നടപടി ഉണ്ടായില്ല. കമ്മാപുരം സിപിഎം താലൂക്ക് സെക്രട്ടറി രാജ്‌മോഹന്റെ ഇടപെടലിനെ തുടര്‍ന്നാണ് രാജാക്കണ്ണിന്റെ തിരോധാനത്തില്‍ ഒരു പൊലീസ് കേസ് തന്നെ ഫയല്‍ ചെയ്യപ്പെട്ടത്..
തുടര്‍ന്നാണ് വിരുധാചലം ജില്ലാ സെക്രട്ടറി കെ ബാലകൃഷ്ണന്റെ ചെന്നൈയിലുള്ള സുഹൃത്തും അഭിഭാഷകനുമായ കെ.ചന്ദ്രുവിന്റെ സഹായം തേടിയത് .ഒരു പരിപാടിയില്‍ പങ്കെടുക്കാനായി കടലൂരിലെ നെയ് വേലിയില്‍ എത്തിയ ചന്ദ്രുവിനെ തേടി രാജാക്കണ്ണിന്റ് ഭാര്യ പാര്‍വതി കൂടെ ഗോവിന്ദനും ഉണ്ടായിരുന്നു. സമയമില്ലാത്തതിനാല്‍ അവരോട് ചെന്നൈയിലേക്ക് വരാന്‍ പറഞ്ഞ് അവര്‍ക്ക് കാര്‍ഡ് കൊടുത്തു. അവര്‍ ചെന്നൈയില്‍ എത്തി നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു. അതിനെത്തുടര്‍ന്ന് രാജാക്കണ്ണിനെ തിരഞ്ഞ് മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. രാജാക്കണ്ണിന്റെ സഹോദരന്റെ മക്കള്‍ രണ്ടു പേര്‍ എവിടെയാണ് എന്നതും പ്രധാന വിഷയമായി.
ഹര്‍ജി കോടതിയില്‍ എത്തിയപ്പോള്‍, മെനഞ്ഞ കഥയുമായി പോലീസ് വന്നു. എല്ലാവരും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു പോയി എന്നായിരുന്നു പോലീസിന്റെ കഥ. എന്നാല്‍ രാജാക്കണ്ണിന്റെ സഹോദരന്റെ മക്കള്‍ കേരളത്തില്‍ ഉണ്ട് എന്ന വിവരം ചന്ദ്രു ലഭിച്ചു. സംഭവം നടന്ന് കുറച്ച് മാസങ്ങള്‍ക്ക് ശേഷം മുതല്‍ രാജാക്കണ്ണിന്റെ സഹോദരന്റെ വീട്ടിലേക്ക് മണിയോര്‍ഡറുകള്‍ ലഭിച്ചിരുന്നു. അതില്‍ പക്ഷേ കൃത്യമായ അഡ്രസില്ല. ആ മണിയോഡറുകള്‍ ലഭിച്ച വിവരങ്ങള്‍ വെച്ച് തിരഞ്ഞ അവര്‍ക്ക് രണ്ടു പേരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി.
രാജാക്കണ്ണിന്റെ മരണത്തെ തുടര്‍ന്ന് ഇവിടെ കണ്ടു പോകരുത് എന്ന് മുന്നറിയിപ്പ് നല്‍കി പോലീസ് ഇരുവരേയും വിട്ടയച്ചെന്നും ശേഷം കേരളത്തിലെ കൊല്ലം ജില്ലയില്‍ ഒരിടത്ത് വീട്ട് ജോലി ചെയ്ത് ജീവിക്കുയായിരുന്നുവെന്നും അവര്‍ കോടതിയില്‍ മൊഴി നല്‍കി.പോലീസിന്റെ അതിക്രൂര മര്‍ദ്ദനത്തെയും കൊലപാതകത്തേയും കുറിച്ച് ഇരുവരും കോടതിയില്‍ പറഞ്ഞു. വിചാരണയിലും അന്വേഷണത്തിലും ലോക്കപ്പ് പീഡനത്തിന്റെ അതിക്രൂരമായ കഥകള്‍ വെളിച്ചത്തുവരുന്നു. ലോക്കപ്പിലെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ജഡം ട്രിച്ചിയില്‍ തള്ളിയശേഷം, കാണാനില്ലെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു പൊലീസ്.
ഇതോടെ സംഭവത്തില്‍ അന്വേഷണത്തിനായി ഐ.ജി പെരുമാള്‍ സ്വാമിയെ കോടതി നിയോഗിച്ചു. 30 ദിവസം നീണ്ട അന്വേഷണത്തില്‍ കസ്റ്റഡി കൊലപാതകത്തിന്റെ തെളിവുകള്‍ ലഭിച്ചു. പോലീസുകാര്‍ കുറ്റക്കാരാണ് എന്ന് വ്യക്തമായതോടെ ഹൈക്കോടതി കേസ് കടലൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. 1996ല്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല വിധി വന്നു. പൊലീസിനെ സഹായിച്ച ഡോക്ടര്‍, വിരമിച്ച ഡിഎസ്പി, ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. രാജാക്കണ്ണിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും വീടും നല്‍കാനും കോടതി ഉത്തരവിട്ടു. തുടര്‍ന്ന് രാജാക്കണ്ണിന്റെ കുടുംബത്തിന് 2.65 ലക്ഷം രൂപ നഷ്ടപരിഹാരവും മൂന്ന് സെന്റ് സ്ഥലവും സര്‍ക്കാര്‍ നല്‍കി. ഈ സംഭവത്തിനാണ് ജ്ഞാനവേല്‍ ചലച്ചിത്രഭാഷ്യം നല്‍കിയത്.
കേസ് വാദിച്ച ചന്ദ്രുവിനു 5000 രൂപ പോലീസ് നല്‍കണമെന്നും കോടതി വിധിച്ചു. പണം നിഷേധിച്ചെങ്കിലും കോടതി ഉത്തരവ് മാറ്റിയില്ല. ഏഴ് വര്‍ഷത്തിന് ശേഷം ആ പണം പോലീസ് അദേഹത്തിന് നല്‍കി. അദ്ദേഹം പണം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് കൈമാറി. . സെഷന്‍സ് കോടതിയിലെ നടപടികള്‍ നീണ്ടെങ്കിലും പ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവ് ശിക്ഷ ലഭിച്ചു.
“ഏറ്റവും പ്രധാനപ്പെട്ട കേസ് ഏത് എന്ന ചോദ്യത്തിന് പല തവണ ഈ കേസ് ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് പത്രങ്ങളിലും മറ്റും വന്നതുമാണ്. എന്നാല്‍ അതെല്ലാം ആളുകള്‍ വായിച്ചു വിട്ടു എന്നല്ലാതെ കാര്യമായ ചര്‍ച്ചയുണ്ടായില്ല. ഇടയ്ക്ക് സംവിധായകന്‍ ജ്ഞാനവേലുവുമൊത്ത് നെയ്വേലിയിലേക്ക് ഒരു പുസ്തകോത്സവത്തില്‍ പങ്കെടുക്കാനായി യാത്ര നടത്തിയിരുന്നു. അന്ന് പഴയ സംഭവങ്ങള്‍ ഞാന്‍ വിശദീകരിച്ചു. ഇവിടെ വെച്ചാണ് ആ സ്ത്രീയെ ആദ്യം കണ്ടത്, ഇവിടെയാണ് രാജാക്കണ്ണ് കൊല ചെയ്യപ്പെട്ടത്, മൃതദേഹം ഈ സ്ഥലത്താണ് ഉണ്ടായിരുന്നത്”….. തുടങ്ങി എല്ലാം വിശദമായി ചന്ദ്രു പറഞ്ഞു. എന്തുകൊണ്ട് ഇത് സിനിമയാക്കിക്കൂട എന്ന ചിന്ത അങ്ങനെ ജ്ഞാനവേലിനുണ്ടായി. അതിനായി കേസിന്റെ രേഖകള്‍ തിരഞ്ഞു.
ഈ സിനിമകൊണ്ട് ആർക്കെങ്കിലും ഗുണംവരണം എന്ന ചിന്ത ഉറപ്പായും ഉണ്ടായിരുന്നു. ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് സിനിമയെടുക്കാം, ഒരു സമൂഹത്തെ കേന്ദ്രീകരിച്ചും എടുക്കാം. വലിയ ബുദ്ധിമുട്ടും പ്രതിസന്ധിയും നേരിടുന്ന ജന വിഭാഗമാണ് ഇരുളര്‍. ഇരുളരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദിണ്ടിഗലിലെ പ്രൊഫ. കല്യാണിയെ എനിക്ക് പരിചയമുണ്ട്. ഇരുള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന വലിയ ചുമതല അവര്‍ ഏറ്റെടുത്ത് നടത്തുന്നു. ഇക്കാര്യമെല്ലാം പരിഗണിച്ചാണ് കുറവ വിഭാഗത്തില്‍പ്പെട്ട രാജാക്കണ്ണിന്റെ കഥ ഇരുളരുടെ കഥയായി മാറുന്നത്.
ആരാണ് ജസ്റ്റിസ് ചന്ദ്രു ?
ജയ് ഭീം പറയുന്നതുപോലെ സാധാരണക്കാരനായ ഒരു മനുഷ്യന്‍ മാത്രമാണ് കെ. ചന്ദ്രു. സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടി, ആക്ടിവിസ്റ്റും അഭിഭാഷകനും പിന്നീട് ഹൈക്കോടതി ജഡ്ജിയുമായ ആള്‍. തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയില്‍ സിരിരംഗത്ത് 1951 മെയ് 8 – നു ജനിച്ചു. ചെന്നൈയിലെ സ്‌കൂളിലും പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി. തമിഴ്‌നാട്ടിൽ എസ്.എഫ്.ഐ യുടെ സ്ഥാപക നേതാവും പ്രസിഡന്റായിരുന്ന അദ്ദേഹം ചില വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിനെ തുടർന്ന് ലയോള കോളേജിൽ നിന്ന് പുറത്താക്കി . തുടര്‍ന്നു ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. ബിരുദപഠനത്തിനുശേഷം സാമുഹ്യസേവനവും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനവുമാണ് ചന്ദ്രു ആഗ്രഹിച്ചത്. അതിനായി തമിഴ്‌നാട് മുഴുവന്‍ സഞ്ചരിക്കുകയും ചെയ്തു.
അണ്ണാ സർവ്വകലാശാലയിൽ ലാത്തി ചാർജിനെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് വേണ്ടി ചന്ദ്രു കമ്മീഷനിൽ ഹാജരായി. കമ്മിഷന്റെ തലവനായി മദ്രാസ് ഹൈക്കോടതിയിലെ ഒരു അഡീഷണൽ ജഡ്ജിയെ നിയമിച്ചു. ഈ ജഡ്ജിജയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം നിയമ പഠനത്തിനു ചേരുകയും പിന്നീട് ചെന്നൈയിലെ നിരാലംബരായ വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിലെ പ്രശ്‌നങ്ങൾക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തു.അടിയന്തരാവസ്ഥയുടെ നാളുകളില്‍, ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് ചന്ദ്രുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. 1976ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1997-ൽ മുതിർന്ന അഭിഭാഷകയായി.
പാവപ്പെട്ടവര്‍, ജാതിവിവേചനത്തിന് ഇരയാകുന്ന ദളിത്-ഗോത്ര-ആദിവാസി ജനത, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, അശരണരായ സ്ത്രീകള്‍ എന്നിവരുടെ ശബ്ദമായി ചന്ദ്രു മാറി. ജാതിവിവേചനത്തിനെതിരെ കോടതിയിലും പൊതുവേദിയിലും ചന്ദ്രു ശബ്ദമുയര്‍ത്തി. ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടങ്ങളില്‍ അദ്ദേഹം പങ്കുചേര്‍ന്നു. പണമോ, പാരിതോഷികമോ വാങ്ങാതെയാണ് അദ്ദേഹം കേസുകള്‍ വാദിച്ചത്. 2006ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. 2009ല്‍ സ്ഥിരം ജഡ്ജിയുമായി. 2013ല്‍ വിരമിച്ചു. ചുരുങ്ങിയ കാലത്തിനിടെ, 96,000 കേസുകളാണ് തീര്‍പ്പാക്കിയത്. കേസുകളുടെ ആസൂത്രണം, വര്‍ഗീകരണം എന്നിവയിലൂടെ ഇത്തരം നേട്ടങ്ങള്‍ സാധ്യമാണെന്ന് പറയുന്ന ജസ്റ്റിസ് ചന്ദ്രു, ഒരു ദിവസം ശരാശരി 75 കേസുകളാണ് കേട്ടിരുന്നത്. ജഡ്ജിയെന്ന നിലയില്‍ ശ്രദ്ധേയമായ വിധികള്‍ അദ്ദേഹത്തിന്റേതായി വന്നു. സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാരികളാകാം, ജാതിപരിഗണനയില്ലാത്ത പൊതുശ്മശാനങ്ങള്‍ വേണം, ഉച്ചഭക്ഷണ സംഘാടകരുടെ നിയമനത്തില്‍ സാമുദായിക സംവരണം വേണം എന്നിങ്ങനെ നിര്‍ണായക വിധികള്‍ അദ്ദേഹത്തിന്റേതാണ്. ‘ജനങ്ങളുടെ ജഡ്ജി’ എന്ന വിളിപ്പേരും അദ്ദേഹത്തിനു ലഭിച്ചു.
ഇതിനിടെ ജീവിക്കാനുള്ള അവകാശം, മത സ്വാതന്ത്ര്യം ഉള്‍പ്പെടെ വിഷയങ്ങളില്‍ നീതി തേടിയ സ്ത്രീകളെക്കുറിച്ചാണ് ‘ലിസണ്‍ ടു മൈ കേസ് -വെന്‍ വിമണ്‍ അപ്രോച്ച് ദി കോര്‍ട്ട്‌സ് ഓഫ് തമിള്‍നാട്’ എന്ന പുസ്തകത്തില്‍ ജസ്റ്റിസ് ചന്ദ്രു വിവരിക്കുന്നത്. രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി ഉള്‍പ്പെടെ നീതിക്കായി പോരാടിയ 20 സ്ത്രീകളുടെ ജീവിതമാണ് പുസ്തകത്തില്‍ പറയുന്നത്. അദ്ദേഹത്തിന്റെ നേരിട്ടറിഞ്ഞ അനുഭവങ്ങളാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. ഈവര്‍ഷം ലെഫ്റ്റ് വേര്‍ഡ്‌സ് ബുക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
നടപ്പുമാതൃകകളെ ഉടച്ചുവാര്‍ക്കുന്നതായിരുന്നു ചന്ദ്രുവിന്റെ ഔദ്യോഗിക ജീവിതം. അഭിഭാഷകര്‍ ദൈവമല്ലെന്നും പൂക്കളോ ഷാളുകളോ ഉള്‍പ്പെടെ പാരിതോഷികങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം പരസ്യമായി പ്രസ്താവിച്ചു. അധികാരചിഹ്നങ്ങളെ എതിര്‍ത്തിരുന്ന ചന്ദ്രു കോടതിയില്‍ ‘മൈ ലോര്‍ഡ്’ എന്ന അഭിസംബോധന വിലക്കിയിരുന്നു. ഔദ്യോഗിക വാഹനത്തില്‍ അനുവദനീയമായ ചുവന്ന ബീക്കണ്‍ പോലും ഉപയോഗിച്ചിരുന്നില്ല. താന്‍ ജഡ്ജിയുടെ ചേംബറിലേക്ക് എത്തുന്ന സമയത്ത്, ചുവന്ന തൊപ്പിയും വെള്ള വസ്ത്രവും ധരിച്ച ദവാലി ജഡ്ജി വരുന്നതായി വിളിച്ചു പറയുന്നതും അദ്ദേഹം വേണ്ടെന്ന് പറഞ്ഞു.
2013ല്‍ വിരമിക്കുമ്പോള്‍, യാത്രയയപ്പ് ചടങ്ങുപോലും സ്വീകരിച്ചില്ല.അദ്ദേഹം സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തന്റെ സെക്യൂരിറ്റി ഗാര്‍ഡ് ആവുന്നതിനെയും നിരസിച്ചു. ഇതെല്ലാം അധികാരത്തിന്റെ ചിഹ്നങ്ങളും പ്രതീകങ്ങളുമായിട്ടാണ് ചന്ദ്രു കണക്കാക്കിയത്. സബര്‍ബന്‍ ട്രെയിനിലാണ് അദ്ദേഹം തിരികെ വീട്ടിലേക്ക് പോയത്. വിരമിച്ചപ്പോള്‍, തന്റെ സ്വത്തുവകകള്‍ സംബന്ധിച്ച സത്യവാങ്മൂലം ആക്ടിങ് ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കുകയും ചെയ്തു.
പണം ഉണ്ടാക്കാനുള്ള മാര്‍ഗമായിരുന്നില്ല തനിക്ക് അഭിഭാഷക ജീവിതമെന്ന് പലതവണ പറഞ്ഞ ജസ്റ്റിസ് ചന്ദ്രു പ്രവര്‍ത്തിയിലും അത് തെളിയിച്ചു. പൊതുജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. സ്വന്തം നാട്ടില്‍ വളരെക്കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിച്ച അദ്ദേഹം സുപ്രീംകോടതി പദവി പോലും ആഗ്രഹിച്ചിരുന്നില്ലെന്ന് തുറന്നുപറഞ്ഞിട്ടുമുണ്ട്. വിരമിച്ചശേഷം ട്രിബ്യൂണലുകള്‍, കമ്മീഷനുകള്‍ തുടങ്ങിയ ജോലികളും സ്വീകരിച്ചില്ല. എന്നാല്‍, സാമുഹ്യ വിഷയങ്ങളില്‍ അദ്ദേഹം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. നിയമജ്ഞനെന്ന നിലയില്‍ വേറിട്ട പാതയിലൂടെയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ യാത്രകള്‍. പലപ്പോഴും അദ്ദേഹം ജുഡീഷ്യറിക്കുതന്നെ വഴികാട്ടിയായി. ഇപ്പോഴും അത് തുടരുന്നു. അതിന്റെ ചെറിയ ഭാഗം മാത്രമാണ് ജയ് ഭീം.