ആദ്യത്തെ സംസാരിക്കുന്ന സിനിമയും (ബാലന്‍) ഒരു ഒളിച്ചോട്ടവും

Prabhakaran Puthoor

മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചിത്രമാണ് ബാലന്‍. ഇതിന്‍റെ നിര്‍മ്മാണഘട്ടത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടുകയുണ്ടായി. കൗതുകകരമായ ഒരു സംഭവം ബാലന്‍റെ പ്രധാന ചുമതലക്കാരനായിരുന്ന സുന്ദരത്തിന്‍റെ ഒളിച്ചോട്ടമാണ്.

ബാലനില്‍ അഭിനയിക്കാന്‍ തൃശൂരില്‍നിന്നുമെത്തിയ ഒരു നടിയുമായി എ. സുന്ദരം പ്രണയത്തിലായി. ഇവരുമൊത്ത് ഇദ്ദേഹം ഒരു ഹോട്ടലില്‍ താമസിക്കുകയും ചെയ്തു. സിനിമാനിര്‍മ്മിക്കാന്‍ സമ്മതിച്ചിരുന്ന സേലം മോഡേണ്‍ തിയേറ്റര്‍ നല്‍കിയ പണം സുന്ദരവും കാമുകിയുംകൂടി ധൂര്‍ത്തടിച്ചുകളഞ്ഞു.
സിനിമയിലഭിനയിക്കാന്‍ കേരളത്തില്‍നിന്ന് എത്തിയ നടീനടന്മാരും ടെക്നീഷ്യന്മാരും ശരിക്കും ഇരുട്ടിലായി. എ. സുന്ദരം മദ്രാസ് മലയാളി അസോസിയേഷന്‍റെ പേരില്‍ പ്രസിദ്ധം ചെയ്ത ഒരു പരസ്യം കണ്ടിട്ടാണ് ഇവര്‍ സിനിമയിലഭിനയിക്കാന്‍ ഇറങ്ങി പുറപ്പെട്ടത്.

അന്ന് കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്. വാര്യര്‍ നടത്തിയിരുന്ന ഒരു നാടകക്കമ്പനിയിലെ നടനായിരുന്ന കെ. കുഞ്ചുനായര്‍ (കെ.കെ.അരൂര്‍) സി.ഒ.എന്‍. നമ്പ്യാര്‍ (കണ്ണൂര്‍), ശങ്കു (തലശ്ശേരി), ഗോപിനാഥ് (തിരുവനന്തപുരം), കെ.കെ. ലക്ഷ്മി (പള്ളുരുത്തി), എം.കെ. കമലം (കുമരകം), ആലപ്പി വിന്‍സെന്‍റ് തുടങ്ങിയവരാണ് ഇങ്ങനെ സിനിമാസംഘത്തില്‍ എത്തിപ്പെട്ടത്.
എ സുന്ദരത്തിന് പ്രണയം മൂത്തപ്പോള്‍ ഇവരെല്ലാം അനാഥരായി. ഇയാള്‍ കാമുകിയേയുംകൊണ്ട് ഒളിച്ചോടാന്‍ പോകുന്നുവെന്ന വിവരം അറിഞ്ഞ അഭിനയസംഘം ആലപ്പിവിന്‍സന്‍റിന്‍റെ നേതൃത്വത്തില്‍ സുന്ദരവുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള സേലം മോഡേണ്‍ തിയേറ്റര്‍ ഉടമയെ ചെന്നുകാണുന്നു. അദ്ദേഹവും ഒരു സുന്ദരമാണ് (ടി.ആര്‍. സുന്ദരം) മോഡേണ്‍ തിയേറ്ററും എം. സുന്ദരവുമായി ഒരു കരാര്‍ ഉണ്ടായിരുന്നു. കരാര്‍ അനുസരിച്ച് കഥയും തിരക്കഥയും രചിച്ച്, നടീനടന്മാരെ സംഘടിപ്പിച്ച് സിനിമ നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തം എ.സുന്ദരത്തിന് മോഡേണ്‍ തിയേറ്ററുകാര്‍ നല്‍കിയിരുന്നു. പണം മോഡേണ്‍ തിയേറ്റേഴ്സാണ് മുടക്കുക. സാങ്കേതിക വിദഗ്ധരേയും അവര്‍ നല്‍കും.

പക്ഷേ എ. സുന്ദരം കാമുകിയുമായി ഒളിച്ചോടാന്‍ തയ്യാറായതോടെ മോഡേണ്‍ തിയേറ്റര്‍ ഉടമ സംഘര്‍ഷത്തിലായി. ഭാഗ്യത്തിന് ഇയാളെയും കാമുകിയേയും തക്കസമയത്തുതന്നെ പിടികൂടി. സുന്ദരവുമായുള്ള കരാര്‍ റദ്ദാക്കുകയും അയാളെ ഒഴിവാക്കുകയും ചെയ്തു. നില്‍ക്കക്കള്ളിയില്ലാതെ അയാളും കാമുകിയും എങ്ങോട്ടോ മുങ്ങി.

യഥാര്‍ത്ഥത്തില്‍ എ. സുന്ദരം എഴുതിയ ‘ഫേറ്റ് ആന്‍റ് മിസ്സിസ് നായര്‍’ എന്ന കഥയാണ് ബാലന്‍ സിനിമയുടെ പ്രമേയം. കഥയും തിരക്കഥയും എഴുതി പൂര്‍ത്തിയാക്കാതെയായിരുന്നു സുന്ദരത്തിന്‍റെ ഒളിച്ചോട്ടം. മലയാളിയായ ഒരു തിരക്കഥാകൃത്തിനെ കണ്ടുപിടിക്കാനായി അടുത്ത ശ്രമം. അതിന്‍റെ ഉത്തരവാദിത്വം ആലപ്പി വിന്‍സന്‍റിന്‍റെ തലയിലായി. അദ്ദേഹം കേരളത്തിലെത്തി മുതുകുളം രാഘവന്‍പിള്ളയെ തപ്പികൊണ്ടുവന്നു. അങ്ങനെ മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും, ഗാനങ്ങളും രചിക്കാനുള്ള ഭാഗ്യം മുതുകുളത്തിനായി.

ആറുമാസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയായി. കെ.കെ.അരൂര്‍ ആയിരുന്നു നായകന്‍. 1938 മാര്‍ച്ചില്‍ ബ ബാലന്‍ പ്രദര്‍ശനമാരംഭിച്ചു.അറിഞ്ഞോ അറിയാതെയോ സിനിമാ ചരിത്രത്തിന്‍റെ ഭാഗമായി മാറിയ അവരെയൊക്കെ നമുക്ക് നന്ദിപൂര്‍വ്വം സ്മരിക്കാം.

Leave a Reply
You May Also Like

“ഈ കാല് വച്ച് ഞാൻ ഒരാളെ തല്ലുമെന്നു നിങ്ങൾ കരുതുന്നുണ്ടോ ?”

‘തല്ലുമാല’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരിൽ ഒരാളെ തല്ലിയ വിഷയം…

“രാത്രി ഈ സിനിമ കണ്ട് കിടന്നപ്പോൾ ഒരിക്കലുമോർത്തില്ല രാവിലെ വണ്ടിപെരിയാർ പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ടുവെന്ന കോടതി വിധിയാകും ആദ്യം കേൾക്കുന്ന വാർത്തയെന്ന്” – കുറിപ്പ്

വെട്ടുക്കിളി വിപ്ലവനായിക നിമിഷയുടെ മുഖം കാണാനുള്ള മൂഡ് ഇല്ലാതിരുന്നിട്ടും ഇന്നലെ രാത്രി ഈ സിനിമ കണ്ട്…

മഹേഷിന്റെ പ്രതികാരത്തിൽ അപർണ്ണ ബാലമുരളിയുടെ വേഷം ചെയ്യാനിരുന്നത് മലയാളത്തിൽ തരംഗമായ മറ്റൊരു നടി, പിന്മാറിയതിന്റെ കാരണം ഇതാണ്

തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം.ഫഹദ് ഫാസിൽ കേന്ദ്ര…

ഇത്ര പെട്ടെന്നൊരു അന്വേഷണം നടത്താൻ പറ്റുമോ എന്ന് ലോജിക്കലായി ചിന്തിക്കാതിരുന്നാൽ പടം കൊള്ളാം

Santhosh Iriveri Parootty ഒരു ഓക്കെ ത്രില്ലർ മലയാള സിനിമയിലെ ത്രില്ലറുകളുടെ രാജകുമാരനാണ് ജീത്തു ജോസഫ്.…