ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമെന്ന് ദുഷ്‌പേര് സമ്പാദിച്ച ചിത്രമാണ് പ്രഭാസിന്റെ രാധേശ്യാം. രാധാ കൃഷ്ണകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം 120 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് പ്രാഥമിക നിഗമനം. മാർച്ച് പതിനൊന്നിന് തിയേറ്ററിൽ എത്തിയ ചിത്രത്തിന്റെ സർവ്വ മേഖലകളും കടുത്ത വിമര്ശനത്തിനിരയായി. എന്നാലിപ്പോൾ ഇതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകൻ പ്രഭാസ് . ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആണ് പ്രഭാസ് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.
“കോവിഡ് അല്ലെങ്കില്‍ തിരക്കഥയിലുള്ള എന്തോ കുറവ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. എന്നെ ആളുകള്‍ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നില്‍ നിന്ന് നല്ലത് മാത്രം പ്രതീക്ഷിക്കുന്നത് കൊണ്ടുമാകാം”- എന്നാണു പ്രഭാസ് പറഞ്ഞത് .
ബാഹുബലിയുടെ വിജയത്തോടെ പ്രഭാസും അദ്ദേഹതിന്റെ ചിത്രങ്ങളും പാൻ ഇന്ത്യൻ ലെവലിൽ ആണ് ചർച്ച ചെയ്യപ്പെടുന്നത്. രാധേശ്യമിന് മുന്പിറങ്ങിയ സാഹോയും പരാജയമായിരുന്നു. പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറിയ രാധേശ്യാം 350 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് . എന്നാൽ 214 കോടി മാത്രമേ ചിത്രത്തിന് നേടാനായുള്ളൂ. ടി സീരീസും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. വിക്രമാദിത്യ എന്ന ഹസ്തരേഖ വിദഗ്ധന്റെ കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. പൂജ ഹെഗ്‌ഡെ, ഭാഗ്യശ്രീ, സത്യരാജ്, ജഗപതി ബാബു തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തില്‍ വേഷമിട്ടിരുന്നു.