പ്രജയും, പ്രജാപതിയും
Shaju Surendran
കരുത്തന്മാരായ, over the top image ഉള്ള, നായക കഥാപാത്രങ്ങൾ, അവതരിപ്പിക്കുന്നത് മലയാളത്തിലെ വലിയ സൂപ്പർ സ്റ്റാറുകൾ.അവർക്ക് തുല്യരായ, കട്ടക്ക് നിൽക്കുന്ന പവർഫുൾ വില്ലന്മാർ.തീപ്പൊരി മാസ്സ് ഡയലോഗുകൾ. പ്രേക്ഷകരിൽ രോമാഞ്ചം സൃഷ്ടിക്കുന്ന സീനുകൾ.മാസ്സ് എന്റെർറ്റൈനറുകളൊരുക്കി വലിയ വിജയങ്ങൾ സമ്മാനിച്ച അണിയറക്കാരുടെ (ജോഷി, രഞ്ജി പണിക്കർ, രഞ്ജിത്ത്), പ്രേക്ഷകർ കാത്തിരുന്ന രണ്ട് സിനിമകൾ.
ഇങ്ങനെ, ഒരു വമ്പൻ മാസ്സ് മസാല സിനിമയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും ഉണ്ടായിരുന്നിട്ടും ബോക്സ് ഓഫീസിൽ പാളിപ്പോയ ചിത്രങ്ങളാണ് പ്രജയും, പ്രജാപതിയും.രണ്ടിന്റെയും പ്രധാന പ്രശ്നമായി തോന്നിയത് തീരെ അടുക്കും ചിട്ടയുമില്ലാത്ത തിരക്കഥയാണ്. മികച്ച രീതിയിൽ തുടങ്ങിയ രണ്ട് സിനിമകളും ക്ലൈമാക്സ് അടുക്കും തോറും സംവിധായകന്റെയും, തിരക്കഥാകൃത്തിന്റെയും കയ്യിൽ നിന്ന് വഴുതി പോകുന്ന രീതിയിലായിപ്പോയി.രണ്ടു വമ്പൻ നായകന്മാരുടെയും ഹീറോയിസം സിനിമയുടെ കഥയെക്കാൾ മുഴച്ചു നിന്നു. സിനിമയുടെ കഥാ പരിസരവും, കഥാ ഗതിയും ഒരു മലയാളം മാസ്സ് സിനിമയ്ക്ക് തീരെ ചേരാത്തതായിരുന്നു.
പ്രജ: – മലയാളത്തിൽ പല അധോലോക നായകന്മാരുടെ കഥകളും വന്ന് പോയിട്ടുണ്ട്. അവയിൽ മിക്കതും പ്രേക്ഷകർക്ക് നന്നായി കണക്റ്റ് ആവുന്നവയും ആയിരുന്നു. എന്നാൽ പ്രജയിലെ സക്കീർ അലി ഹുസൈൻ ഒരേ സമയം ഒരു അധോലോക നായകനെ പോലെയും, സാമൂഹ്യ പരിഷ്കർത്താവിനെ പോലെയും പെരുമാറുന്ന ആളാണ്. പുള്ളി ഒരേ സമയം വിൻസന്റ് ഗോമസും, ജാക്കിയും, ഭരത് ചന്ദ്രനും, ജോസഫ് അലക്സും ഒക്കെയാണ്. ഒരുതരം 90 കളുടെ അവസാനം വരാറുണ്ടായിരുന്ന, മിഥുൻ ചക്രവർത്തിയുടെ ചില ഹിന്ദി മസാല സിനിമയൊക്കെ കണ്ട ഒരു ഫീലായിരുന്നു സിനിമ തീർന്നപ്പോൾ.
പ്രജാപതി: – ഇതിലെ ദേവർ മഠം നാരായണനും, അയാളുടെ ഗ്രാമവും ആന്ധ്രാ, കർണ്ണടക, തമിഴ് നാട് തുടങ്ങിയ അന്യ സംസ്ഥാന സിനിമകളിൽ മാത്രം കണ്ടുവരാറുള്ള തരത്തിലുള്ള നിർമ്മിതികളാണ്. മലയാള സിനിമയ്ക്ക് തീരെ ഇണങ്ങാത്ത കഥയും, കഥാപാത്രങ്ങളും. ഇതേ കഥ തെലുഗിലോ മറ്റോ ആയിരുന്നെങ്കിൽ ഒരു പക്ഷേ മികച്ച വിജയം നേടിയേനെ.
രണ്ട് സിനിമകളുടെയും ഹൈലൈറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന മാസ്സ് ഡയലോഗുകൾ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അരോചകമാം വണ്ണം നീണ്ട് വലിഞ്ഞു പോകുന്നത് കാണാമായിരുന്നു. ചിത്രങ്ങളുടെ രണ്ടാം പകുതി കഴിഞ്ഞ് ക്ലൈമാക്സ് ഒക്കെയാകുമ്പോൾ, രണ്ട് നായകന്മാരും നടത്തുന്ന നെടുനീളൻ ഗീർവാണങ്ങൾ, സിനിമ കണ്ട് കൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് “ഹോ..ഒന്ന് നിർത്തിക്കൂടെ” എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വെറും verbal diarrhoea മാത്രമായി ആയി മാറി.
പ്രജയിലെ മോഹൻലാലിന്റെ ഡയലോഗ് ഡെലിവറി, ഒരു പരാജയകാരണമായി രഞ്ജി പണിക്കർ ഉൾപ്പെടെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. സത്യം പറയാമല്ലോ, ഒരു സീനിൽ പോലും പുള്ളിയുടെ ഡയലോഗ് ഡെലിവറി മോശമായി എനിക്ക് ഫീൽ ചെയ്തില്ല. ആദ്യ ഭാഗങ്ങളിൽ പലയിടത്തും നല്ല രീതിയിൽ ആസ്വദിക്കുകയും ചെയ്തു. എന്നാൽ അവസാന ഭാഗങ്ങളിലെ നീണ്ട ഡയലോഗുകൾ അരോചകമായി തോന്നി. ആ ഭാഗത്ത് വരുന്ന കാതടപ്പിക്കുന്ന നെടുനീളൻ, ബോറൻ ഡയലോഗുകൾ മറ്റേതൊരു നടൻ പറഞ്ഞാലും അതേ ഫീൽ തന്നെയേ കിട്ടുമായിരുന്നുള്ളൂ.
തിരക്കഥ ഒന്നുകൂടെ ചെത്തി മിനുക്കി, സംഭാഷണങ്ങളുടെയും, സിനിമയുടെ മൊത്തത്തിലുമുള്ള നീളവും കുറച്ച്, മലയാള സിനിമയ്ക്ക് ചേരുന്ന രീതിയിൽ വീര നായകന്മാരെ പ്രസന്റ് ചെയ്തുകൊണ്ട് പ്രജയും, പ്രജാപതിയും ഇറക്കിയിരുന്നെങ്കിൽ രണ്ട് സിനിമകളുടെയും ബോക്സ് ഓഫീസ് ഫലം മറ്റൊന്നായിരുന്നേനെ.! ചാനലുകളിലും, യുട്യൂബിലുമൊക്ക ഇടയ്ക്കിടെ ഈ ചിത്രങ്ങളിലെ ഇഷ്ട രംഗങ്ങൾ ശ്രദ്ധയിൽ പെടുമ്പോൾ ഇപ്പോഴും മിസ്സാക്കാറില്ല..!