തോക്കുകൾക്ക് നിയന്ത്രിക്കാനാകാത്ത ജനക്കൂട്ടത്തെ ഒരു രാഷ്ടീയക്കാരന്റെ ഒറ്റ ശാസനയിൽ വരഞ്ഞവരയിൽ നിർത്താനാകും

416

എഴുതിയത്  : Prajith Kumar Newmahe

കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം കൊല്ലപ്പെട്ട സഖാക്കളുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ നിരത്തി കിടത്തിയിരിക്കയാണ് .
ആശുപത്രിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത് .
നെഞ്ചിലും തലയിലും വെടിയേറ്റ് മരണപ്പെട്ട തങ്ങളുടെ പ്രിയ സഖാക്കളുടെ ചേതനയറ്റ ശരീരം കണ്ട് അവിടെയെത്തിയ ആരിരങ്ങളുടെ രോഷം നേരിട്ട് കണ്ട അനുഭവമുണ്ട് .

ആശുപത്രിയുടെ തൊട്ട് മുന്നിലാണ് തലശ്ശേരി പഴയ പോലീസ് സ്റ്റേഷൻ .

മോർച്ചറിയിലേക്ക് ഓടികൂടിയ ആയിരങ്ങളിൽ ചിലരുടെ ശ്രദ്ധ തൊട്ട്മുന്നിലുള്ള പോലീസ് സ്റ്റേഷനിലേക്ക് തിരിയുന്നത് വളരെ പെട്ടന്നായിരുന്നു .
അതൊരു കൂട്ടമായ ആക്രമണമായി മാറാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു .

വെടിവെപ്പിന് ശേഷം കണ്ണൂരിലാകെ റോഡിലൊന്നും ഒരൊറ്റ പോലീസുകാരനും ഇല്ലായിരുന്നു ..ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൊക്കെ സ്‌റ്റേഷനിൽ നിന്നും പുറത്തിറങ്ങാതെ നിൽക്കുന്ന സാഹചര്യവും..

പഴയ പോലീസ് സ്റേഷന്റെ തൊട്ടു മുന്നിലുള്ള ആശുപത്രിയിലാണ് മൃതദേഹങ്ങളും തടിച്ചുകൂടിയ ആയിരങ്ങളും .
അത്തരമൊരു സാഹചര്യത്തിലാണ് പ്രതിഷേധം പോലീസ് സ്‌റ്റേഷനിലേക്ക് മാറാൻ പോകുന്നു എന്ന നിലയുണ്ടാകുന്നത് .
ഒരൊറ്റ തീക്കൊള്ളിമതി ചൗരിചൗരാ സംഭവം പോലെ തലശ്ശേരി പഴയ പോലീസ് സ്റ്റേഷൻ കത്തിയമരാൻ .
അത്ര തീക്ഷണമായിരുന്നു സാഹചര്യം .
അന്ന് ആ ഓടിട്ട പഴയ കെട്ടിടത്തിൽ പോലീസുകരായി ഇന്നത്തെ പോലുള്ള ആക്ഷൻ ഹീറോ ബിജുമാരുമുണ്ടാകും നാടിനെയും നാട്ടാരെയും ജനാധിപത്യത്തെയുമൊക്കെ ബഹുമാനിക്കുന്ന സാധാ പോലീസുകാരും ഉണ്ടാകും ..
പ്രതിഷേധക്കാരുടെ ശ്രദ്ധ പോലീസ് സ്റ്റേഷനിലേക്ക് മാറുന്നു എന്ന് തിരിച്ചറിഞ്ഞ തലശ്ശേരിയിലെ പാർട്ടി നേതൃത്വം ഒറ്റക്കെട്ടായി തടയാനെത്തി ..
സഖാവ് പുഞ്ചയിൽ നാണുവേട്ടന്റ ആർക്കും പെട്ടന്ന് തിരിച്ചറിയാനാകുന്ന ശബ്ദത്തിലുള്ള ശക്തമായ ശാസന / മുന്നറിയിപ്പ് മൈക്കിലൂടെ കേട്ടത് ഇന്നും ഓർമ്മയുണ്ട് .
നിമിഷ നേരംകൊണ്ട് അഞ്ച് സഖാക്കൾക്ക്പകരം പത്ത് കാക്കി ധാരികളെ ചുട്ടു കൊല്ലാനുള്ള പ്രതിഷേധക്കാരുടെ രോഷം കെട്ടടങ്ങിയതും അവർ പിൻവാങ്ങിയതും കാക്കിയും അരയിൽ തോക്കുമായാൽ എന്തുമായി എന്ന് കരുതുന്ന അൽപന്മാരുടെ പവറിന് മുന്നിലല്ല എന്നോർക്കണം …
സന്തോഷത്തിലും ദു:ഖത്തിലും എന്നും തങ്ങളോടൊപ്പമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ശാസനയ്ക്ക് മുന്നിലാണ് ..

ഡിഗ്രിയും കാക്കിയും അരയിൽ തോക്കുമായാൽ എന്തുമായി എന്നു കരുതുന്ന അൽപ്പന്മാരായ പോലീസുകാരോടും അവർക്ക് കൈയടിയുമായി ഫാൻസ് ഗ്രൂപ്പുണ്ടാക്കിയ മണ്ടന്മാരോടും ഒന്നേ പറയാനുള്ളൂ നാട്ടിൽ പോലീസും കോടതിയും ഉള്ളത്കൊണ്ടുമാത്രമല്ല നാട്ടിൽ സമാധാനമുണ്ടാകുന്നത് ..
ആയിരം തോക്കുകൾക്ക് നിയന്ത്രിക്കാനാകാത്ത ജനകൂട്ടത്തെ കൊലുന്തുപോലുള്ള രാഷ്ടീയക്കാരന്റെ ഒറ്റ ശാസനയിൽ വരഞ്ഞവരയിൽ നിർത്താനാകും .

അത് അറിയണമെങ്കിൽ നിങ്ങൾക്കൊക്കെ കുറഞ്ഞപക്ഷം ഇന്നലെകളെ കുറിച്ചറിയണം .
ജനാധിപത്യം എന്ന വാക്കിന്റെ അർത്ഥമെങ്കിലും അറിയണം ….

 

Advertisements