ആ നരാധമന്മാർ തൂക്കുകയറിലേക്ക് ?

385

Prakash Nair Melila

2012 ഡിസംബർ 16 നു രാത്രി ഡൽഹിയിൽ നടന്ന പൈശാചികമായ ” നിർഭയ കൂട്ട ബലാൽസംഗക്കേസിലെ നാല് പ്രതികളായ മുകേഷ് സിംഗ്,അക്ഷയ് കുമാർ സിംഗ്,വിനയ് ശർമ്മ, പവൻ കുമാർ എന്നിവരെ തൂക്കി ലേറ്റാനുള്ള നടപടികൾ ഡൽഹിയിലെ തീഹാർ ജയിലിൽ നടന്നുവരുകയാണ്..

കഴിഞ്ഞ വർഷം ജൂലൈ മാസം, വധശിക്ഷയ്‌ക്കെതിരേ ഇവർ നാലുപേരും സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയതോടെ ഇനി ഒരു കോടതി വാതിലുകളും അവർക്കായി തുറക്കപ്പെടില്ല എന്നുറപ്പായിക്കഴിഞ്ഞു. അവർക്കുമുന്നിൽ അവസാനപോംവഴിയായിരുന്നു പുനഃപരിശോധനാ ഹർജി.

ഇക്കഴിഞ്ഞ ഒക്ടോബർ 28 നു തീഹാർ ജയിൽ ഹെഡ് ക്വാർട്ടേഴ്‌സ്, മൂന്നു ജയിൽ സൂപ്രണ്ടുമാർക്കും ഇവരെ തൂക്കിലേറ്റുന്ന നടപടിക്രമങ്ങൾ ആരംഭിക്കാനായി രഹസ്യ മെമ്മോ അയച്ചിരുന്നു. പ്രതികളായ മുകേഷും അക്ഷയും ജയിൽ നമ്പർ 2 ലും വിനയ് , ജയിൽ നമ്പർ 4 ലും പവൻ, ജയിൽ നമ്പർ 14 ലുമാണുള്ളത്.

ഇതേത്തുടർന്ന് ജയിലധികൃതർ 29/10/2019 ന് നാല് കുറ്റവാളികൾക്കും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള കത്ത് നൽകുകയും അവരിൽനിന്ന് കൈപ്പറ്റു രസീത് വാങ്ങുകയും ചെയ്തു. കൂടാതെ കുറ്റവാളികളെ ഈ കത്തു വായിച്ചുകേൾപ്പിക്കുകയും അത് വിഡിയോയിൽ പകർത്തപ്പെടുകയും ചെയ്യുകയുണ്ടായി.

കത്തിൽ ഇപ്രകാരമാണ് വിവരണമുള്ളത്. ” നിങ്ങളുടെ നിയമപരമായ പോരാട്ടം അവസാനിച്ചിരിക്കുന്നു. നിങ്ങൾ വധശിക്ഷയ്‌ക്കെതിരെ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കാനാഗ്രഹിക്കുന്നെങ്കിൽ ഈ കത്തു കൈപ്പറ്റി ഏഴു ദിവസത്തിനകം അത് ചെയ്യേണ്ടതാണ്” ഇതാണ് കത്തിലെ വരികൾ.

കത്തു കൈപ്പറ്റിയ രണ്ടാം ദിവസമാണിന്ന്. ഏഴു ദിവസത്തിനകം ദയാഹർജി സമർപ്പിക്കാത്ത പക്ഷം കീഴ് കോടതിയെ ജയിലധികൃതർ വിവരമറിയിക്കുകയും കോടതിയുടെ തീരുമാനമനുസരിച്ചു ഇവരെ തൂക്കിലേറ്റുകയും ചെയ്യും.

ഈ സംഭവം രാജ്യാമാകെ വലിയ കോളിളക്കം സൃഷ്ടിച്ചതാണ്. ഇതിലെ ഒരു കുറ്റവാളിയായിരുന്ന ബസ് ഡ്രൈവർ രാംസിംഗ് തിഹാർ ജയിലിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മറ്റൊരു കുറ്റവാളി പ്രായപൂർത്തി യാകാതിരുന്നതിനാൽ മൂന്നുവർഷം ദുർഗുണ പരിഹാര പാഠശാലയിൽ പാർപ്പിച്ച ശേഷം വിട്ടയച്ചെങ്കിലും ജനരോഷം ഭയന്ന് കനത്ത സുരക്ഷയിൽ ഒരു സന്നദ്ധസംഘടനയുടെ സംരക്ഷണയിൽ കഴിയുകയാണ്. വൻ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് പിന്നീട് പ്രായപൂർത്തിയാകാത്തവർക്കും ഇത്തരം കുറ്റകൃത്യങ്ങളിൽ കഠിനമായ ശിക്ഷ നൽകുന്ന നിയമം സർക്കാർ പാർലമെന്റിൽ പാസ്സാക്കുകയുണ്ടായി.

ഭാരതത്തിന്റെ ആ ദുഃഖപുത്രിക്ക് ‘നിർഭയ’ എന്ന പേര് സമൂഹവും മാദ്ധ്യമങ്ങളും നൽകിയതാണ്. 2012 ഡിസംബർ 16 നു രാത്രി സിനിമകണ്ടശേഷം സുഹൃത്തായ യുവാവിനൊപ്പം പാരാമെഡിക്കൽ വിദ്യാർഥി നിയായിരുന്ന 23 കാരി നിർഭയ, ബസ്സിൽ ഡൽഹിയിലെ ‘മുനിരക്ക’ യിൽ നിന്നും വീട്‌സ്ഥിതിചെയ്യുന്ന ദ്വാരകയിലേക്ക് യാത്രയായതായിരുന്നു.

ഇവർ രണ്ടുപേരെക്കൂടാതെ ബസ്സിൽ 6 പേർ കൂടിയുണ്ടായിരുന്നു. അവരാണ് ഈ കേസിലെ പ്രതികൾ. ബസ്സിലെ ജീവനക്കാരും അവരുടെ സുഹൃത്തുക്കളുമായിരുന്നു അവർ. യാത്രക്കിടെ നിർഭയയെ ഇവർ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ സുഹൃത്തിനെ ഇവരെല്ലാം ചേർന്ന് അതിക്രൂരമായി മർദ്ദിച്ചവശനാക്കി. ഓടിക്കൊണ്ടിരുന്ന ബസ്സിൽ പിന്നീടുനടന്നത് മാനവരാശിയെത്തന്നെ വിറങ്ങലിപ്പിച്ച ഹീനതകളായിരുന്നു.

മാനഭംഗം ചെറുക്കാൻ ആവതുശ്രമിച്ച നിർഭയയെ അവർ അതിദാരുണമായി മർദ്ദിച്ചു. ഡ്രൈവറുൾപ്പെടെ ഓരോരുത്തരായി 6 പേരും മാറിമാറി അവളെ പിച്ചിച്ചീന്തി.അവൾ പലതവണ താണുകേണപേക്ഷിച്ചു, കാലുപിടിച്ചു, പക്ഷേ കാമാന്ധത പൂണ്ട ആ കാപാലികന്മാരുടെ കേരളലിഞ്ഞില്ലെന്നു മാത്രമല്ല ഒരേസമയം ഒന്നിലേറെപ്പേർ ചേർന്നുനടത്തിയ രതിവൈകൃതങ്ങൾ അവളെ അബോധാവസ്ഥയിലാക്കുകയും ചെയ്തു.

ഒടുവിൽ പ്രായപൂർത്തിയാകാത്ത കുറ്റവാളി ചെയ്ത പൈശാചികത ഓർക്കുന്നതുപോലും ഞെട്ടലുളവാ ക്കുന്നതാണ്. ബസ്സിന്റെ വീൽ സ്പാനർ, അർദ്ധബോധാവസ്ഥയിലായിരുന്ന നിർഭയയുടെ ഗുഹ്യഭാഗത്ത് കുത്തിക്കയറ്റി.അവളുടെ കുടൽമാല മുഴവൻ പുറത്തുചാടി രക്തം തുരുതുരെ വാർന്നൊഴുകി.

രാത്രി 12 മണിക്ക് ഡൽഹിയിലെ മഹിപാൽപ്പൂരിനടുത്തുള്ള ബസന്ത് വിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് ഇരുവരെയും ഈ നരപിശാചുക്കൾ പുറത്തേക്ക് വലിച്ചെറിഞ്ഞു.

വിവരമറിഞ്ഞ പോലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നിർഭയയുടെ നില ഗുരുതരമായി തുടർന്നു. സംഭവമറിഞ്ഞു രാജ്യമൊട്ടാകെ ജനം ഇളകിമറിഞ്ഞു. ഡൽഹിയിലെ തെരുവുകളിൽ രാപ്പകലില്ലാതെ പ്രതിഷേധങ്ങൾ ഇരമ്പി. കുറ്റവാളികളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി.ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വിദഗ്ദ്ധ ചികിത്സക്കായി നിർഭയയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പ്പിറ്റലിക്ക് മാറ്റപ്പെട്ടു. ഏറെ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ 29 ഡിസംബർ രാത്രി 2.15 നു നിർഭയ അവിടെ അന്ത്യശ്വാസം വലിച്ചു.

രാജ്യമാകെ ചർച്ചചെയ്യപ്പെട്ട ഈ സംഭവത്തെത്തുടർന്ന് കേസിന്റെ അതിവേഗനടത്തിപ്പിനായി ഫാസ്റ്റ് ട്രാക്ക് കോർട്ട് രൂപീകരിച്ചാണ് വിചാരണാനടപടികൾ പൂർത്തിയാക്കിയത്.(VS)