കോഴിക്കോട്ടെ ഈ പ്ലാസ്റ്റിക് ഇല്ലാ വീട് ഒന്ന് കണ്ടിട്ട് പോണേ…

0
599

കോഴിക്കോട്ടെ ഈ പ്ലാസ്റ്റിക് ഇല്ലാ വീട് ഒന്ന് കണ്ടിട്ട് പോണേ…
——————————————

(തയ്യാറാക്കിയത്: ഹരിതകേരളം മിഷൻ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ പ്രകാശ് പി Prakash P Agri Harithakeralam )
ഹരിത നിയാമാവലി ക്യാമ്പയിൻ പ്രവർത്തനങ്ങൾ വാർഡുതലത്തിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് പെരുമണ്ണ പഞ്ചായത്തിൽ പോയിരുന്നു. പഞ്ചായത്തിൽ എത്തിയത് കുറച്ച് നേരത്തെ ആയതു കാരണം അടുത്തുള്ള വായനശാലയിൽ പോയി പത്രങ്ങൾ ഓരോന്ന് നോക്കുന്നതിനിടെയാണ് മാതൃഭൂമി പത്രത്തിലെ നഗരം സപ്ലിമെന്ററിയിൽ പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള ഫീച്ചർ കാണാനിടയായി. പ്ലാസ്റ്റിക്ക് ഉപയോഗം എങ്ങനെ ജീവിതത്തിൽ കുറയ്ക്കാം എന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കാം എന്നൊക്കെയാണ് അതിൽ പറയുന്നത്. കൂട്ടത്തിൽ ഒരു ബോക്സ് ന്യൂസിൽ പെരുമണ്ണയിൽ താമസിക്കുന്ന ശങ്കരൻ മുസത് എന്ന വ്യക്തിയുടെ മാതൃക ശ്രദ്ധയിൽ പെട്ടത്. പ്ലാസ്റ്റിക്കിന് പകരം സ്റ്റിൽ പാത്രങ്ങൾ മാത്രം അടുക്കളയിൽ പ്രയോഗിച്ചുള്ള രീതി മാതൃകാപരമാണെന്നും അത് പോയി കാണണമെന്നും തോന്നി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, CDS മെമ്പർ, വാർഡ് മെമ്പർ എന്നിവരുമായി ഹരിത നിയമാവലി സംബന്ധമായ ചർച്ചകൾ നടത്തിയ ശേഷം വാർത്തയെക്കുറിച്ച് സംസാരിച്ചപ്പോൾ അവർക്കും പോകണം എന്നായി. അങ്ങനെ ഞങ്ങൾ 4 പേരും കൂടി അവരുടെ വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയപ്പോൾ “പ്ലാസ്റ്റിക് കൊണ്ടുള്ള കവറുകൾ, ക്യാരി ബാഗുകൾ എന്നിവയിൽ നിന്നും വിമുക്തമായ വീട് ” എന്ന വചകം വീടിന് മുമ്പിലെ ചുവരിലൊട്ടിച്ചതാണ് കണ്ടത്. വാഴക്കാട് ഗ്രാമപഞ്ചായത്തിൽ നിന്നും റിട്ടയർ ചെയ്ത ശങ്കരൻ മൂസത് ആണ് വീട്ടുടമസ്ഥൻ. പത്രത്തിലെ വാർത്ത കണ്ട് വന്നതാണെന്ന് അറിയിച്ചപ്പോൾ അവർക്കത് വളരെ സന്തോഷമായി.

വീട്ടിലെ അടുക്കള ഉപകരണങ്ങൾ മുതൽ ഫർണിച്ചറുകൾ വരെ പ്ലാസ്റ്റിക്ക് രഹിതമാണ്. നാമാരും ശ്രദ്ധിക്കാത്ത ഏറ്റവും വലിയ കാര്യമാണ് അടുക്കളയിലെ പ്ലാസ്റ്റിക്ക് സാധനങ്ങൾ. ഉപ്പ് മുതൽ വെള്ളിച്ചെണ്ണ വരെ പല വീടുകളിലും പ്ലാസ്റ്റിക്ക് പാത്രങ്ങളിലാണ് സൂക്ഷിക്കാറുള്ളത് എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി മുഴുവൻ സാധനങ്ങളും സ്റ്റിൽ പാത്രങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഓരോ സ്റ്റിൽ പാത്രത്തിന് മുകളിലും ഓരോ നമ്പർ ഇടുകയും ഓരോ നമ്പറുള്ള പാത്രത്തിലും എന്താണ് സൂക്ഷിച്ചു വച്ചിട്ടുള്ളതെന്ന് കടലാസിൽ എഴുതി അടുത്തുള്ള വാതിലിൽ പതിപ്പിച്ചു വച്ചിട്ടുണ്ട്.

വളരെ ഫലപ്രദമായ മാതൃകയാണ് ഈ കുടുംബം പിന്തുടരുന്നത് ഇത്തരം മാതൃകകൾ നമറിയാതെ നമ്മുടെ ചുറ്റും ഉണ്ട് അവരെ കണ്ടെത്തി മുൻനിരയിലേക്ക് കൊണ്ടുവരേണ്ടതാണ്. ഹരിത കേരളം മിഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ഞാൻ അദ്ദേഹത്തെ ക്ഷണിക്കുകയും അദ്ദേഹം വരാം എന്നും പറഞ്ഞിട്ടുണ്ട്.