ജോസഫ് മാഷിന്റെ കവിതയിൽ ഞാൻ കണ്ട പ്രകാശേട്ടൻ

0
1213

 

”ഒരൊറ്റ ഉമ്മയാൽ ” എന്നൊരു കവിതയിൽ ജോസഫ് മാഷ് ഇങ്ങനെയെഴുതുന്നുണ്ട്

“ഭാഗ്യക്കുറി വിൽക്കുന്ന
ഒരു സുഹൃത്തുണ്ട്
ഒരു വൈകുന്നേരം
അയാൾ വായിച്ചു കൊണ്ടിരുന്ന
കാഫ്കയുടെ ട്രയൽ
എന്ന പുസ്തകം എന്നെ കാണിച്ചു
അയാൾ നഗരത്തിൽ
പലേടത്തായി തെളിയുന്നു
അപ്പോഴൊക്കെ ഭാഗ്യക്കുറി വാങ്ങും
അയാളുടെ കാലടികൾ
പതിഞ്ഞ വഴികളിലേ
നമ്മൾ നടന്നിട്ടുള്ളൂ”

ജോസഫ് മാഷിന്റെ കവിതയിൽ ഞാൻ കണ്ടത് പി.കെ.പ്രകാശ് എന്ന പ്രകാശേട്ടനെയാണ്.. എഴുതിയതുമദ്ദേഹത്തെ തന്നെയെന്നാണ് കരുതുന്നത്. നിങ്ങളും കണ്ടിരിക്കാം.കൊച്ചിയിൽ എവിടെ വച്ചെങ്കിലും ,എണ്ണ തിളങ്ങുന്ന കഷണ്ടിയുള്ള കഴുത്തിലൊരു വെള്ളത്തോർത്തു വട്ടമിട്ട, ചുമലിലൊരു കറുത്ത ബാഗു തൂക്കിയ, അധികമുയരമില്ലാത്ത, പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു ലോട്ടറി ക്കച്ചവടക്കാരനെ…

ഞാനയാളെ ആദ്യം കാണുന്നത് പത്തു പതിമൂന്നു കൊല്ലം മുൻപാവണം… ഞങ്ങളന്ന് ഒരേ തെരുവിലെ കച്ചവടക്കാരായിരുന്നു, മൂന്നു രൂപയുടെ അന്തിപ്പത്രവും കൊണ്ട് ഞാനും ലോട്ടറി ടിക്കറ്റും കൊണ്ട് ചേട്ടനും, മറൈൻ ഡ്രൈവിൽ, സുഭാഷ് പാർക്കിൽ, ബോട്ടുജെട്ടിയിൽ, മാർക്കറ്റിൽ, റെയിൽവേ സ്റ്റേഷനിൽ, ജനറലാശുപത്രിയിൽ, ഒക്കെ ഒരേ ദിവസം പലവട്ടം തമ്മിൽ കടന്നു പോയി.തമ്മിലൊന്നും മിണ്ടാതെ ഞാനങ്ങോട്ടോ, ചേട്ടനിങ്ങോട്ടോ ഒന്നു ചിരിക്കുമായിരുന്നു ഇടയ്ക്ക് മാത്രം.. അപ്പോഴൊക്കെ ഓർക്കും, ഇത്ര കനത്തിൽ എന്താവും ചുമലുതൂങ്ങും വിധം ആ മനുഷ്യൻ താങ്ങിക്കൊണ്ടു നടക്കുന്നത്. പകലുകളിൽ ഞാനും ലോട്ടറി ക്കച്ചവടക്കാരിയാണ്, അതുകൊണ്ടെനിക്കറിയാം,ഒരു ലോട്ടറിക്കച്ചവടക്കാരന്, ഒന്നോ രണ്ടോ കുറ്റി ടിക്കറ്റോ, ഒരാഴ്ചത്തെ റിസൽട്ടിന്റെ ഫോട്ടോ കോപ്പിയോ അല്ലാതൊന്നും ഇങ്ങനെ ചുമന്നു നടക്കാനും മാത്രം ഉണ്ടാവില്ലെന്ന്.എന്തായാലും ആ ചോദ്യത്തിന് എനിക്ക്
ഉത്തരം കിട്ടി. കത്തിക്കാളുന്ന ഒരു വെയിലത്ത് ദർബാർ ഹാളിന്റെ തണുത്ത കല്ലുബഞ്ചിൽ അരണമരത്തിന്റെ ചോട്ടിൽ സ്വയം ആറ്റാനിരുന്ന ഒരിരിപ്പിലാണതുണ്ടായത് .അങ്ങേയറ്റത്ത് പ്രകാശേട്ടനും ഉണ്ടായിരുന്നു.. ചേട്ടൻ വായിക്കുകയും ആ ബാഗ് തുറന്നിരിക്കുകയുമാണ്. അടുത്തുചെന്നു പുസ്തകങ്ങളാണതിൽ മുഴുവൻ, ഇംഗ്ലീഷ് പുസ്തകങ്ങളാണ് അധികവും, ആനുകാലികങ്ങളുമുണ്ട്.. അതിൽ നിന്ന് ഒന്നെടുത്തെനിക്കു നേരേ നീട്ടി, മലയാളം വാരികയായിരുന്നു അടയാളം വച്ചപേജിൽ ഒരു കഥയുണ്ടായിരുന്നു.. ഞാനെഴുതിയതാണ് എന്നു മാത്രം പറഞ്ഞു.. അതിൽ എഴുത്തുകാരന്റെ പേര്, പി.കെ.പ്രകാശ് എന്നു വായിച്ചു.ആ പേരും കഥകളും എനിക്ക് അതിന് മുൻപേ പരിചിതമായിരുന്നു.. അവിശ്വസനീയത തോന്നിയില്ല.. അങ്ങനിരുന്നു.. സാഹിത്യത്തിൽബിരുദാനന്തര ബിരുദം, പി.എച്ച്.ഡി.തീസിസിന്റെ പടിക്കൽ വരെ എത്തിച്ച് തിരിച്ചു പോരൽ.. എന്തുകൊണ്ടെന്ന് ചോദിച്ചില്ല.. ഒരേ ജീവിതം, ജീവിക്കുന്ന രണ്ടു മനുഷ്യർ പരസ്പര വിശദീകരണങ്ങൾക്കതീതരായിരിക്കണമല്ലോ… ഇടക്ക് വീണ്ടും വീണ്ടും എവിടെ വച്ചെങ്കിലും ഒക്കെ കാണും, ഇടനേരങ്ങളാണിരുവർക്കുമെങ്കിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ചോ ആനുകാലികങ്ങളിലെ പുതിയ ലേഖനങ്ങളെക്കുറിച്ചോ ഒക്കെമിണ്ടും.. വീണ്ടും പിരിയും..

അങ്ങനെയിരിക്കേ ഒരു ദിവസം, പി എസ് സി,കോളേജ് ലക്ചർ പരീക്ഷ വന്നു.. ഞങ്ങളതേക്കുറിച്ച് ഇടക്ക്, ചോദിക്കാറുമുണ്ടായിരുന്നു.. പരസ്പരം.എന്തായി, പഠിക്കണുണ്ടോ.. എവിടം വരെയായി പ്രിപ്പറേഷൻ എന്നൊക്കെച്ചിലത് അങ്ങോട്ടുമിങ്ങോട്ടും.. പരീക്ഷാ ദിവസം വന്നു.. ഇടിച്ചു കുത്തിയ മഴയാണ്. ഒരേ സെന്ററിലാണ് പരീക്ഷ.. കുട്ടികൾ അവസാനബെല്ലിനു മുൻപ് തിരക്കിട്ട തയ്യാറെടുപ്പ്, അവസാനവട്ട വായന, പ്രകാശേട്ടനെ കണ്ടു, ആള് തിരക്കിട്ട കച്ചവടത്തിലാണ്, മഴയത്ത് മക്കളെ പരീക്ഷക്ക് കൊണ്ടുവന്ന അച്ഛന്മാർക്കാണ് ടിക്കറ്റ് നീട്ടുന്നത്..
”ചേട്ടാ, പരീക്ഷത്തയ്യാറെടുപ്പ് കഴിഞ്ഞോ ?”എന്ന് അടുത്തു ചെന്നു ചോദിച്ചു,
”പരീക്ഷ കഴിഞ്ഞിറങ്ങുമ്പോ നറുക്കെടുപ്പു കഴിയും..കേറും മുമ്പ് അരക്കുറ്റീം കൂടി തീർത്തില്ലേ, മുതലും ഇല്ല ലാഭോമില്ല..മഴ ഇല്ലാരുന്നേൽ കുറേക്കൂടി തീർക്കായിരുന്നു.. ” എന്നു മറുപടി.
ഹാളിൽ കയറാൻബല്ലടിച്ചു, ചേട്ടൻ കയറുന്നില്ല.. ബാഗുകൾ പുറത്തു വച്ചു കുട്ടികൾ ഓരോരുത്തരായി അകത്തു കയറി, അതിലൊരു കുട്ടിക്ക് വലിയ ആശങ്ക, അവളത് ഇൻവിജിലേറ്ററോട് പറയുന്നു.ഞാൻ കേൾക്കുന്നു ” കഴുത്തിൽ തോർത്തൊക്കെ ഇട്ടൊരാൾ വരാന്തയിൽ നിൽക്കുന്നു സാർ, പുറത്തു വച്ചിരിക്കുന്ന ബാഗിൽ കാശും ഫോണും ഒക്കെയുണ്ട്. സാറയാളെ ഒന്നു പറഞ്ഞു വിടാമോ…. ” അവളുടെ ആശങ്ക മുഴുവനാക്കാനോ ഇൻവിജിലേറ്റർ പ്രകാശേട്ടനോടത് ചോദിക്കാനോ ഞാൻ സമ്മതിച്ചില്ല.. ” അരുത് സാർ, ചോദിക്കരുത്, ഇതേ പരീക്ഷയെഴുതാൻ വന്നയാളാണ്, കള്ളനല്ല….” പറഞ്ഞു തീരുമ്പോൾ എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.. പെട്ടെന്ന് ബെല്ലടിച്ചു.. ചേട്ടൻ അകത്തു കയറി.പരീക്ഷ തുടങ്ങി.. അന്നങ്ങനൊന്ന് ഉണ്ടായതായി പിന്നീടൊരിക്കലും എത്രയോ വട്ടം കണ്ടിട്ടും പറഞ്ഞില്ല.. പരീക്ഷകൾ തുടരുകതന്നെ ചെയ്യുമ്പോൾ.. ഏറ്റവും സ്നേഹത്തോടെ, ഇന്നീ ലോകത്ത് എനിക്കു മാത്രം എഴുതാനാവുന്ന ഈ കുറിപ്പ് ഇപ്പോൾ എഴുതണമെന്ന് തോന്നിയതിനാൽ മാത്രം ഇവിടെ, ഇങ്ങനെ, എഴുതിയിടുന്നു..

 

വിനീതാ വിജയൻ (ഗവേഷക, ദളിത് ആക്ടിവിസ്റ്റ്, എഴുത്തുകാരി)