ട്രംപിന് ‘വട്ടെന്ന്’ തുറന്നടിച്ചിട്ടുള്ള റിഹാനയ്ക്ക് ആണോ കങ്കണയെയും മോദിയെയും ഭയം ?

  0
  309

  Prameela Govind

  സംഭവം ഇന്റര്‍നാഷണല്‍ ആണെങ്കിലും അല്ലെങ്കിലും നീതിക്ക് വേണ്ടി പെണ്ണ് ശബ്ദമുയര്‍ത്തിയോ പിന്നെ കളി മാറും. അത് പിന്നെ കറുത്ത വര്‍ഗ്ഗക്കാരി ( ഇന്ത്യയിലെ സാഹചര്യത്തില്‍ ദളിതര്‍) കൂടിയായാല്‍ അവള്‍ക്ക് മിണ്ടാന്‍ എന്തധികാരമെന്നാണ് ചോദ്യം.

  പറഞ്ഞ് വരുന്ന ബാര്‍ബാഡിയന്‍ ഗായിക റിഹാനക്ക് നേരെ നടക്കുന്ന പോരുകളെ കുറിച്ചാണ്. കര്‍ഷക സമരത്തെ പിന്തുണച്ച് റിഹാനയുടെ ട്വീറ്റ് വിവാദമായതോടെ റിഹാനയുടെ മുന്‍ കാമുകന്‍ ക്രിസ് ബ്രൗണിനെ പിന്തുണച്ചാണ് റൈറ്റ് വിങ്ങുകാര്‍ ഇറങ്ങിയിരിക്കുന്നത്.

  കാറില്‍ വെച്ച് ഗായികയെ ക്രുരമായി മര്‍ദ്ദിച്ചതിന്റെ പേരില്‍ 2009ല്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്. ക്രിസ് ബ്രൗണിനെ മിസ് ചെയ്യുന്നു എന്ന് ചിലര്‍ ഇപ്പോള്‍ പറയുപ്പോള്‍ അവളെ തല്ലിയൊതുക്കണമെന്നാണ് ഇവര്‍ പറയുന്നത്.
  അവര്‍ ആകെ ചോദിച്ചത് എന്ത് കൊണ്ട നമ്മള്‍ കര്‍ഷക സമരത്തെ കുറിച്ച സംസാരിക്കുന്നില്ല എന്നും. അതായത് പ്രതികരിക്കുന്ന പെണ്ണ് കറുത്ത വര്‍ഗ്ഗക്കാരി ഇത്രയും മതി അവളെ കായികമായി ഒതുക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യയിലെ സംഘികളെ പോലെ ബുദ്ധിയില്ലാത്ത വംശീയവെറിയന്മാര്‍ക്ക് കരുതാന്‍. കൊള്ളേണ്ടത് കൊള്ളേണ്ടിടത്ത് കൊണ്ടതിന് പുറകെ ആണ് ആക്ഷേപശരങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ഒഴുകുന്നത്.

  കങ്കണ റണൗത്തിന്റെ അത്രയുമില്ലെങ്കിലും റിഹാനക്കെതിരേ പോരിനിറങ്ങുന്നതിന് മുമ്പ് അവര്‍ ആരാണ് എന്നത് എങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുള്ള വംശീയ അതിക്രമങ്ങളില്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന റിഹാന മനുഷ്യാവകാശ പ്രവര്‍ത്തകയും ജീവകാരുണ്യ പ്രവര്‍ത്തകയുമാണ്.

  മാനസിക ആരോഗ്യത്തിന് കാര്യമായ പ്രശ്നമുള്ള ആളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപെന്ന് തുറന്ന് വിമര്‍ശിച്ച റിഹാന തന്റെ ഗാനങ്ങള്‍ ട്രംപിന്റെ രാഷ്ട്രീയ റാലികളില്‍ ഉപേയാഗിക്കാനുള്ള ലൈസന്‍സ് അടക്കം റദ്ദാക്കിയിരുന്നു. ഇരു കൈകളിലും വലിയ പ്ലാസ്റ്റിക് ബാഗിലെ മാലിന്യം കളയാന്‍ പോകുന്ന സ്വന്തം ചിത്രം പങ്കു വെച്ചാണ് ട്രംപിന്റെ വൈറ്റ് ഹൗസ് പടിയിറക്കത്തെ സ്വീകരിച്ചത്.

  വിവാദത്തിന് പിന്നാലെ റിഹാനയുടെ മതമന്വേഷിക്കുന്നത് ഇന്ത്യാക്കാരാണ്. റിഹാനയുടെ മതം, റിഹാന മുസ്ലീം ആണോ തുടങ്ങിയ അന്വേഷണങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ഗൂഗിളില്‍ വര്‍ധിക്കുകയും ചെയ്തു. 20 കോടി ആല്‍ബങ്ങള്‍ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള കലാകാരികളില്‍ ഒരാളാണ്. ബില്‍ബോര്‍ഡ് ഹോട്ട് 100 ചാര്‍ട്ടില്‍ പതിനാല് ഒന്നാം സ്ഥാനത്ത് എത്തിയ ഗാനങ്ങള്‍ ഏറ്റവും വേഗത്തില്‍ കൈവരിച്ച ഗായികയാണ്.ഇതിനോടകം 8 ഗ്രാമി, 12 അമേരിക്കന്‍ സംഗീത പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങെളും നേടിയിട്ടുണ്ട്. ഫോബ്‌സ് മാഗസിനും ടൈം മാഗസിനും റിഹാനയെ തങ്ങളുടെ ലോകത്തിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട.