“ഈ പെൺകുട്ടിയെ ഒരു വിരൂപയാക്കിക്കാണിയ്ക്കാനാണ് പാട്”

0
95

Pramod Ak

1973 നവംബർ ഒന്നിന് മാംഗ്ലൂർ സ്വദേശിയായ മറൈൻ ബയോളജിസ്റ്റ് കൃഷ്ണരാജിനും ഭാര്യ വൃന്ദാരാജിനും സുന്ദരിയായ ഒരു പെൺകുഞ്ഞ് പിറന്നു.ആ കുഞ്ഞിന്റെ ജനനം കർണ്ണാടകയിലായിരുന്നെങ്കിലും വിദ്യാഭ്യാസവും വളർച്ചയും മുംബൈ മഹാനഗരത്തിന്റെ തിരക്കിലായിരുന്നു.അവൾ ‘ആര്യ-വിദ്യാമന്ദിർ’ സ്കൂളിലും ‘ജയ്ഹിന്ദ്’ കോളേജിലും ‘ഡി.ജി.റുപാറൽ’ കോളേജിലുമായി വിദ്യാഭ്യാസം നേടി. തുടർന്ന് ആ കുട്ടി പ്രൊഫഷണൽ വിദ്യാഭ്യാസത്തിനായി ‘രചനാ സൻസദ് അക്കാദമി ഓഫ് ആർക്കിടെക്ചർ’ ൽ ചേർന്നു.

പഠനത്തോടൊപ്പം അല്പസ്വല്പം മോഡലിംഗും മറ്റുമായി നടന്ന ആ പെൺകുട്ടി തന്റെ ഇരുപതാം വയസ്സിൽ ‘മിസ്സ് ഇന്ത്യ’ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. ആ വിജയത്തോടെയാണ് മോഡലിംഗ് രംഗത്ത് തനിയ്ക്കൊരു ഇടമുണ്ടെന്ന് ആ യുവതി തിരിച്ചറിഞ്ഞത്.ആ തിരിച്ചറിവ് , സൗന്ദര്യത്തിന്റെ ലോകത്ത് അവൾക്ക് കഠിനാദ്ധ്വാനത്തിന് വഴിയൊരുക്കിക്കൊടുത്തു.

ആത്മവിശ്വാസവും കഠിനാദ്ധ്വാനവും അവളുടെ തലയിൽ ഒരു റാണിയുടെ കിരീടം അണിയിച്ചുകൊടുത്തു. ഒരു സൗന്ദര്യറാണിയുടെ കിരീടം.അതെ…ഇന്നേയ്ക്ക് കൃത്യം 26 വർഷം മുൻപ്… ‘മിസ് വേൾഡ്’ കിരീടം തലയിലണിഞ്ഞ ആ ഇന്ത്യാക്കാരി പെൺകുട്ടിയെ ലോകം ഒരേ സ്വരത്തിൽ വിശേഷിപ്പിച്ചു.’ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പെൺകുട്ടി’- ഐശ്വര്യ റായ് .സൗന്ദര്യത്തോടൊപ്പം ബുദ്ധിയും അവൾക്കകമ്പടി സേവിച്ചു .

കഠിനാദ്ധ്വാനിയായ അവൾ തന്റെ പാദം പതിപ്പിച്ച വേദികളെല്ലാം കീഴടക്കി. എന്നോ…എവിടെയോ…മേയ്ക്-അപ് രംഗത്തെ ഒരു വിദഗ്ധൻ ഒരിയ്ക്കൽ രസകരമായി പറഞ്ഞു.”ഒരു പെൺകുട്ടിയെ നല്ലൊരു സുന്ദരിയാക്കിക്കാണിയ്ക്കാൻ അത്ര വലിയ അദ്ധ്വാനമൊന്നും വേണ്ട. അതിന് മിടുക്കനായ ഒരു മേയ്ക്-അപ് വിദഗ്ദ്ധന്റെ മിനുക്കുപണികളും നല്ലൊരു ക്യാമറാമാന്റെ കഴിവും മതി. പക്ഷേ , ഈ പെൺകുട്ടിയെ ഒരു വിരൂപയാക്കിക്കാണിയ്ക്കാനാണ് പാട്.അത് ഒരു മേയ്ക്-അപ് വിദഗ്ദ്ധനെക്കൊണ്ട് എളുപ്പത്തിൽ കഴിയുമെന്ന് തോന്നുന്നില്ല.” മറ്റൊരു സംവിധായകൻ ഒരിയ്ക്കൽ പറഞ്ഞു.’ഈ പെൺകുട്ടിയുടെ സുന്ദരമായ മുഖം മാത്രം ഷൂട്ട് ചെയ്ത് ഒരു രണ്ടര മണിക്കൂർ സിനിമയാക്കി ഞാൻ കാണിയ്ക്കാം.ബോറടിയ്ക്കാതെ ആസ്വാദകർ രണ്ടര മണിക്കൂർ നേരം അത് കണ്ടിരുന്നുകൊള്ളും . അത്രയേറെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു ഇവളിൽ…”ലക്ഷ്മിയും സരസ്വതിയും ഒരേ പോലെ അവളെ അനുഗ്രഹിച്ചു.ഐശ്വര്യയെ റാംപിൽ നിന്നും കൊത്തിയെടുത്ത ദക്ഷിണേന്ത്യൻ സിനിമയിലെ മുടിചൂടാമന്നനായ സംവിധായകൻ മണിരത്നം ‘ഇരുവർ’ എന്ന സിനിമയിലെ നായികാവേഷം നൽകി.

അങ്ങനെ 1997 ൽ ലോകസുന്ദരി ഐശ്വര്യ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചു.1998 ൽ ബ്രഹ്മാണ്ഡസംവിധായകൻ ശങ്കർ , ‘ജീൻസ്’ എന്ന തമിഴ് ചിത്രത്തിലൂടെ നല്ലൊരു കോമേഴ്സ്യൽ ഹിറ്റ് അവൾക്ക് സമ്മാനിച്ചു. പതിയെ കോളിവുഡ്ഡിൽ നിന്നും ബോളിവുഡ്ഡിലേയ്ക്ക് നടന്നു കയറിയ ഐശ്വര്യ റായ് അഞ്ചു ഭാഷകളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഫിലിം ഫെയർ അവാർഡുകളും 2009 ൽ പത്മശ്രീ പുരസ്കാരവും ഐശ്വര്യ തന്റെ അലമാരയിലെത്തിച്ചു. 2012 ൽ ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത ബഹുമതിയ്ക്കർഹയായ ഐശ്വര്യയെ ഐക്യരാഷ്ട്രസഭ , എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ‘ഗുഡ്‌വിൽ അംബാസിഡർ’ സ്ഥാനം നൽകി ആദരിച്ചു. 2003 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി ഐശ്വര്യയെ തെരഞ്ഞെടുത്തു.
2007 ഏപ്രിൽ 20ന് അഭിഷേക് ബച്ചനുമായുള്ള വിവാഹം. 2011 നവംബർ 16 ന് ഐശ്വര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

1994 ൽ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പെൺകുട്ടിയായി തെരഞ്ഞെടുക്കപ്പെട്ട ആ ഇന്ത്യാക്കാരി നല്ലൊരു അഭിനേത്രിയായും നല്ല ഭാര്യയായും നല്ല അമ്മയായും തിളങ്ങി. സൗന്ദര്യലോകത്തിന്റെ ഇടനാഴികളിൽ ഐശ്വര്യ ഇന്നും ചർച്ചാവിഷയമാണ്.സുന്ദരിയായ ഒരു പെൺകുട്ടിയുടെ സൗന്ദര്യം ഒരു തർക്കവിഷയമാവുമ്പോൾ നീണ്ട 26 വർഷങ്ങൾക്കിപ്പുറവും നാം ചോദിയ്ക്കുന്ന ഒരു ചോദ്യമുണ്ട്.”നീയാരാ… വല്യ ഐശ്വര്യാ റായ് ആണെന്നാ ഭാവം?”ഇങ്ങനെ ഉപമിയ്ക്കാൻ അന്നും ഇന്നും ഒറ്റ ഐശ്വര്യയേ ഉണ്ടായിട്ടുള്ളൂ.

ലോകസുന്ദരിയുടെ കിരീടം തലയിലേറ്റിയിട്ട് ഇന്നേയ്ക്ക് 26 വർഷം തികഞ്ഞു. 1973 ൽ ജനിച്ച ആ സുന്ദരിയുടെ പിറന്നാൾ നവംബർ ഒന്നിനാണെങ്കിലും അവൾ ഒരു ലോകസുന്ദരിയായി പിറവിയെടുത്തത് ഇതുപോലൊരു നവംബർ 19 ന് ആയിരുന്നു.വർഷങ്ങൾക്കപ്പുറവും , തന്റെ സൗന്ദര്യം ഒരു ബ്രാൻഡ് ആക്കിയ ഐശ്വര്യ സൗന്ദര്യലോകത്ത് ഇന്നും തലയുയർത്തി നിൽക്കുന്നു.അന്നും ഇന്നും എന്നും ഐശ്വര്യയ്ക്ക് പകരം ഐശ്വര്യ മാത്രം…!