ഇന്ത്യയിലെ ആദ്യത്തെ ത്രിമാനചലച്ചിത്രവും പ്രസിദ്ധീകരണവും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
247 VIEWS

പ്രമോദ് കാരുവള്ളിൽ

ഇന്ത്യയിലെ ആദ്യത്തെ ത്രിമാനചലച്ചിത്രവും പ്രസിദ്ധീകരണവും
————————————————————
ത്രിമാനസാങ്കേതികവിദ്യ അഥവാ ത്രീ ഡി (3D – Three Dimensional) ടെക്നോളജി ഇന്നു വികസിതലോകത്തിനു സുപരിചിതമാണ്; നമ്മൾ മലയാളികൾക്കും. ചിത്രമായും ചലച്ചിത്രമായും ഒട്ടേറെ ത്രിമാനകലാസൃഷ്ടികൾ അടുത്തകാലത്തു ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നു പുറത്തിറങ്ങിയിട്ടുണ്ട്. നമ്മുടെ നാടും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകം വരെ സ്ഥിതി അതായിരുന്നില്ല.
.
ത്രീ ഡി: ലഘുചരിത്രവും
സവിശേഷതകളും
……………………………….
ഫോട്ടോഗ്രഫിയോളം തന്നെ പഴക്കമുണ്ട്, ത്രിമാനസാങ്കേതികവിദ്യയ്ക്ക്. ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞനായ സർ ചാൾസ് വീറ്റ്സ്റ്റോണാണ് 1838 ൽ ത്രീ ഡി ഫോട്ടോഗ്രഫിയുടെ പ്രാഥമികരൂപമായ സ്റ്റീരിയോസ്കോപ്പിനു തുടക്കമിട്ടത്. എന്നാൽ ഒരു ത്രിമാനചലച്ചിത്രം നിർമ്മിക്കാൻ പിന്നെയും 75 വർഷത്തിലധികം വേണ്ടിവന്നു. ത്രീ ഡി ഫോട്ടോകളും ചിത്രങ്ങളും 20-ാം നൂറ്റാണ്ടിൽ പ്രചാരത്തിലായെങ്കിലും സിനിമയിൽ ആ സാങ്കേതികവിദ്യ പലപ്പോഴും വെല്ലുവിളിയായി തുടർന്നു. സാധാരണ ചലച്ചിത്രങ്ങളിലും അച്ചടിയിലും വീഡിയോ, ചിത്രങ്ങൾ എന്നിവയ്ക്കു നീളവും വീതിയും മാത്രമേയുള്ളൂ. ത്രീ ഡി -യിലാകട്ടെ, അവയ്ക്ക് ആഴവും ഉണ്ട്. അതായത് ഒരാളുടെ പിന്നിൽ മറ്റൊരാൾ നില്ക്കുന്നതായി വരച്ച ചിത്രത്തിൽ യഥാർത്ഥ ജീവിതത്തിലെ പോലെ അയാൾ ശരിക്കും അപരന്റ പിന്നിലായിത്തന്നെ തോന്നും.
.
നമ്മുടെ ആദ്യത്തെ
ത്രീ ഡി കോമിക്സ്
………………………….
ഇന്ത്യയിലെ ആദ്യത്തെ ത്രിമാനപ്രസിദ്ധീകരണം (3D Publication) എന്ന വിശേഷണത്തോടെ 1980 കളുടെ മധ്യത്തിൽ ഇറങ്ങിയ കോമിക്സാണ് ‘ഡെവിൾസ് ആൻഡ് ദ വണ്ടർ ഗ്ലാസസ്’.ന്യൂ ഡെൽഹിയിലെ സ്റ്റാർ ജേണൽസാണ് ഇതു പ്രസിദ്ധീകരിച്ചത്. എന്റെ ജ്യേഷ്ഠൻ പ്രേം കുമാർ നടത്തിയിരുന്ന നെഹ്റു ചിൽഡ്രൻസ് ലൈബ്രറിക്കു വേണ്ടി വാങ്ങിയതാണ് ഈ ചിത്രകഥ എന്നു തോന്നുന്നു. ആറു രൂപയായിരുന്നു വില. നീലയും ഓറഞ്ചും നിറങ്ങളിലുള്ള ഇരട്ട അച്ചടിയിലൂടെയാണ് ഇതിലെ ചിത്രങ്ങൾക്കു ത്രിമാനരൂപം സാധ്യമാക്കിയത്. ഒരു വശത്ത് നീലയും മറ്റൊരു വശത്ത് ചെമപ്പും നിറമുള്ള സവിശേഷമായ കണ്ണടയിലൂടെ നോക്കുമ്പോഴേ ത്രീ ഡി അനുഭവവേദ്യമാകുകയുള്ളൂ. കോമിക്സിനൊപ്പം കണ്ണട സൗജന്യമായി ലഭിച്ചു.

അക്കാലത്തു പുറത്തിറങ്ങിയ ചില ത്രിമാനചലച്ചിത്രങ്ങളിൽ ത്രീ ഡി സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിച്ചിരുന്നു. തോക്കും ഐസ് ക്രീമും പൂക്കളും വെള്ളിത്തിരയിൽ നിന്നു സദസ്സിലേക്കു നീണ്ടു വരുന്നതു കണ്ട് തിയറ്ററുകളിൽ കാഴ്ചക്കാർ അത്ഭുതപ്പെട്ടു.പക്ഷേ, അച്ചടിയുടെ ന്യൂനത കൊണ്ടോ സാങ്കേതികത്തകരാറു മൂലമോ, ഈ കോമിക്സിലെ ചിത്രങ്ങളുടെ ത്രിമാനരൂപം കാണുക പ്രയാസമായിരുന്നു. അപൂർവം ചിത്രങ്ങൾക്കേ ആ മിഴിവു ലഭിച്ചുള്ളൂ. പില്ക്കാലത്ത് പല പ്രസാധകരും ഇത്തരം കോമിക്സുകൾ/മാഗസിനുകൾ പുറത്തിറക്കി. അവയിൽ മിക്കതും ഗുണമേന്മയുള്ളവയാണ്.
.
ആദ്യത്തെ ത്രിമാനചലച്ചിത്രങ്ങൾ
…………………………………………….
ഹാരി കെ. ഫെയറൽ (Harry K. Fairall) നിർമ്മിച്ച് നാറ്റ് ജി. ഡെവറിഷ് ( Nat G. Deverich) സംവിധാനം ചെയ്ത ‘ദ പവർ ഓഫ് ലവ്’ (The Power of Love) ആണ് ലോകത്ത് ആദ്യം റിലീസായ ത്രീ ഡി ചലച്ചിത്രം. 1922-ൽ അമേരിക്കയിൽ ഇറങ്ങിയ ഈ കലാസൃഷ്ടി നിശ്ശബ്ദചലച്ചിത്രമായിരുന്നു.1984-ൽ റിലീസായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഇന്ത്യൻ ചലച്ചിത്രമേഖലയിലും ത്രിമാനസാങ്കേതികവിദ്യ പരിചയപ്പെടുത്തി. നവോദയ സ്റ്റുഡിയോ ഉടമ അപ്പച്ചൻ (ജോസ് പുന്നൂസ്) നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ മകൻ ജിജോ ആണ്.

മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരം കുട്ടിച്ചാത്തനെ തേടിയെത്തി.1997-ൽ ചില മാറ്റങ്ങളോടെ, അന്നത്തെ തലമുറയ്ക്കു വേണ്ടി ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ പുനഃസൃഷ്ടിക്കപ്പെട്ടു. മലയാളത്തിലെ ആദ്യത്തെ ഡി.റ്റി.എസ്. ചലച്ചിത്രമായി മാറി, അത്. ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും ഈ ചിത്രം ഇറങ്ങിയിട്ടുണ്ട്.സൈനികസേവനകാലത്തിനു ശേഷം എന്റെ അച്ഛൻ കെ.എൻ. രാമൻ പിള്ള 1980 കളിൽ ജോലി ചെയ്തിരുന്ന സിനിമാ നിർമാണ – വിതരണസ്ഥാപനം, ‘Magnificent Body Guards’ എന്ന ത്രീ ഡി ആയോധനകലാചലച്ചിത്രം കേരളത്തിലെത്തിച്ചിരുന്നു. കായികാഭ്യാസമായ കുങ് ഫു-വിൽ വിദഗ്ധനായ ജാക്കി ചാനായിരുന്നു നായകൻ.ലോ വെയ് (Lo Wei) സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ ‘മഗ്‌നിഫിസന്റ് ബോഡി ഗാർഡ്സ്’ ഹോങ് കോങ്ങിലെ ആദ്യത്തെ ത്രീ ഡി ചലച്ചിത്രമാണ്. ഇംഗ്ലിഷ് സബ് ടൈറ്റിലുകളോടെയാണു ചിത്രം കേരളത്തിലെത്തിയത് എന്നാണ് ഓർമ്മ.
.
“ഓസിൽ കിട്ടിയാൽ
ആസിഡും കുടിക്കും!”
…………………………….
അന്നു ടെലിവിഷൻ കേരളത്തിൽ പ്രചരിച്ചിട്ടില്ല. ഡി.വി.ഡി.യും പെൻ ഡ്രൈവും കണ്ടുപിടിച്ചിട്ടില്ല. ഇന്റർനെറ്റിനെ കുറിച്ചു കേട്ടിട്ടേയില്ല. മൾട്ടി പ്ലക്‌സ് എന്ന ആശയം ഉടലെടുത്തിരുന്നോ എന്നു തന്നെ സംശയം. വീഡിയോ പ്ളേയറും കാസറ്റും ഒരുപക്ഷേ ഉണ്ടായിരുന്നിരിക്കാം. ഇന്നത്തെ അത്രയും ആധുനികസൗകര്യങ്ങൾ ഇല്ലാത്ത ആ കാലത്ത് സാധാരണക്കാരന് ഒരു ചലച്ചിത്രം ഒന്നിലധികം തവണ കാണണമെങ്കിൽ തിയറ്ററിൽ പോകുകയേ നിവൃത്തിയുള്ളൂ.

‘ഗംഭീരന്മാരായ ബോഡി ഗാർഡുകളു’ടെ അഭ്യാസപ്രകടനങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു. ത്രീ ഡീ ഇഫക്റ്റാകട്ടെ, അതിലേറെ വിസ്മയജനകവും. വീണ്ടും വീണ്ടും ചലച്ചിത്രം കാണാൻ കുട്ടികൾക്കു തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! ഇംഗ്ലീഷ് ഭാഷ അക്കാലത്ത് എനിക്ക് അത്ര വഴങ്ങുന്നതായിരുന്നില്ല എങ്കിലും ‘അച്ഛന്റെ സ്ഥാപനം’ കൊണ്ടുവന്ന ചലച്ചിത്രമായതിനാൽ ആറോ ഏഴോ തവണ ഞാൻ ആ ബോഡി ഗാർഡുകളെ കണ്ടു! പണം മുടക്കിയല്ല; സൗജന്യമായി!
………………………………..

2022 സെപ്റ്റംബർ 8

കടപ്പാട്:
Wikipedia, Mediacollege.com & Star Journals
Navodaya

LATEST

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.