ബഹിരാകാശത്ത് ആദ്യമായി നടന്ന മനുഷ്യൻ അപരിചിതനോ ?

279

പ്രമോദ് കാരുവള്ളിൽ എഴുതുന്നു 

ബഹിരാകാശത്ത് ആദ്യമായി നടന്ന മനുഷ്യൻ അപരിചിതനോ ?
—————————–

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ഭാഗികവിജയം നേടിയ ഈ സന്ദർഭത്തിൽ പോലും, ശാസ്ത്രലോകത്തിന്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലായ ശൂന്യാകാശനടത്തവും അതു നിർവഹിച്ച മനുഷ്യന്റെ പേരും അധികം ആർക്കും പരിചിതമല്ല !

റഷ്യക്കാരനായിരുന്ന യൂറി അലക്സിയേവിച്ച് ഗഗാറിന്റെയും അമേരിക്കക്കാരനായിരുന്ന നീൽ ആൽഡൻ ആംസ്ട്രോങ്ങിന്റെയും പേരുകൾ നമുക്കു സുപരിചിതമാണ്. ഗഗാറിൻ ലോകത്തിലെ ആദ്യത്തെ ബഹിരാകാശസഞ്ചാരി. ആംസ്ട്രോങ്, ചന്ദ്രനിൽ ആദ്യം കാലു കുത്തിയ വ്യക്തിയും.

എന്നാൽ ശൂന്യാകാശത്ത്
ഇറങ്ങി നടന്ന പ്രഥമമനുഷ്യനായ അലക്‌സേയ് ലിയോനൊവിനെപ്പറ്റി എത്ര പേർ കേട്ടിട്ടുണ്ട് ?

ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനു നാലു വർഷം മുമ്പ്, ബഹിരാകാശം എന്തെന്ന് അനുഭവിച്ചറിഞ്ഞയാളാണ് ലിയോനൊവ്. പക്ഷേ, ചരിത്രം സൃഷ്ടിച്ച അദ്ദേഹത്തിന്റെ വിജയങ്ങളെ കുറിച്ച് പലർക്കും വേണ്ടത്ര അറിവില്ല.

.
ധീരസാഹസികനായ
അലക്‌സേയ് ലിയോനൊവ്
……………………..

ഇക്കഴിഞ്ഞ ദിവസം (ഒക്ടോബർ 11) അന്തരിച്ച ലിയോനൊവ്, ഗഗാറിനെപ്പോലെ തന്നെ യു.എസ്.എസ്.ആറിന്റെ സന്തതിയായിരുന്നു. 1965 മാർച്ച് 18നാണ് അദ്ദേഹം ശൂന്യാകാശത്തു നടന്ന് ചരിത്രം സൃഷ്ടിച്ചത്.

സോവിയറ്റ് എയർ ഫോഴ്സിൽ ഉന്നതോദ്യോഗസ്ഥനായിരുന്ന അലക്സേയ് ആർഖിപോവിച്ച് ലിയോനൊവ് (Aleksei/Alexei Arkhipovich Leonov) 1934 മെയ് 30ന് സൈബീരിയയിലെ ലിസ്ത്വിയാങ്കയിൽ ജനിച്ചു. ഉക്രൈനിലെ ചുഗ്വേവ് മിലിട്ടറി പൈലറ്റ്സ് അക്കാഡമിയിൽ നിന്ന് അദ്ദേഹം ബിരുദം നേടി. 1953 ൽ വ്യോമസേനാംഗമായി.

1960 ൽ, യൂറി ഗഗാറിനും മറ്റ് 18 പേർക്കുമൊപ്പം ബഹിരാകാശയാത്രയ്ക്കായി ലിയോനൊവ് തിരഞ്ഞെടുക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ വിവിധ ശൂന്യാകാശപദ്ധതികളിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നു. എന്നാൽ ചാന്ദ്രദൗത്യമുൾപ്പെടെ പലതും റദ്ദാക്കപ്പെടുകയോ പരാജയത്തിൽ കലാശിക്കുകയോ ചെയ്തു. അല്ലായിരുന്നെങ്കിൽ, ചന്ദ്രനിൽ ഇറങ്ങിയ ആദ്യത്തെ റഷ്യക്കാരനെന്ന ഖ്യാതിയും ഒരുപക്ഷേ അദ്ദേഹത്തിന്റെ പേരിലായേനെ.

വോസ്കോദ് 2 (Voskhod 2) എന്ന നൗകയിലെ യാത്രയ്ക്കിടയിലാണു ലിയോനൊവ് ബഹിരാകാശത്തു നടന്നത്. 12 മിനിറ്റോളം അദ്ദേഹം പേടകത്തിനു പുറത്തു ചെലവഴിച്ചു. പാവെൽ ബെല്യായേവ് എന്ന സഹപ്രവർത്തകനാണ് ആ സമയത്തു വാഹനം നിയന്ത്രിച്ചിരുന്നത്.

എന്നാൽ നടത്തത്തിനിടയിൽ അപകടകരമായ സ്ഥിതിവിശേഷം ഉണ്ടായി. ലിയോനൊവ് നൗകയിലേക്കു തിരിച്ചു കയറും മുമ്പ് അദ്ദേഹത്തിന്റെ ശൂന്യാകാശവസ്ത്രം വീർത്തു വലുതായി. ചെറിയ വാതിലിലൂടെ കടക്കാൻ കഴിയാതെ വന്നു. പിന്നീട് ഒരു വാൽവ് തുറന്ന്, വസ്ത്രത്തിനുള്ളിലെ പ്രാണവായു അല്പം പുറത്തു കളഞ്ഞിട്ടാണ് ഞെങ്ങി ഞെരുങ്ങി ഉള്ളിൽ കടന്നത്.

യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് എന്ന യു.എസ്.എസ്.ആറും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും
1975 ൽ സംയുക്തമായി നടത്തിയ അപ്പോളോ – സൊയൂസ് ദൗത്യത്തിൽ, റഷ്യയുടെ വാഹനമായ സൊയൂസ് 19 ന്റെ കമാൻഡറായിരുന്നു ലിയോനൊവ്. ആ പദ്ധതി വൻവിജയമായി.

.
കലാകാരനായ
ബഹിരാകാശസഞ്ചാരി
………………….

ശൂന്യാകാശദൗത്യങ്ങൾക്കു ശേഷം യൂറി ഗഗാറിൻ കോസ്മോനോട്ട് ട്രെയിനിങ് സെന്ററിൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ച ലിയോനൊവ് കൃതഹസ്തനായ ചിത്രകാരൻ കൂടിയായിരുന്നു. ബഹിരാകാശത്തു വച്ച് ആദ്യം സൃഷ്ടിക്കപ്പെട്ട കലാരൂപമായി അദ്ദേഹം വരച്ച സൂര്യോദയചിത്രം കണക്കാക്കപ്പെടുന്നു.

ലിയോനൊവിന്റെ ഒട്ടേറെ രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയും റഷ്യയും തമ്മിൽ ഉണ്ടായിരുന്ന ശൂന്യാകാശകിടമത്സരത്തെ (Space Race) കുറിച്ച് മുൻ യു.എസ്‌. ബഹിരാകാശസഞ്ചാരി ഡേവിഡ് സ്കോട്ടുമായി ചേർന്ന് എഴുതിയ കൃതിയാണ് ‘റ്റൂ സൈഡ്സ് ഓഫ് ദ മൂൺ: അവർ സ്റ്റോറി ഓഫ് ദ കോൾഡ് വാർ സ്പെയ്സ് റെയ്സ്’.

വാസിലി ലെവിൻ സംവിധാനം ചെയ്ത ‘ദ ഓറിയൻ ലൂപ് ‘ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാരചനയിലും ലിയോനൊവ് പങ്കാളിയായിരുന്നു.

യു.എസ്.എസ്.ആറിലെ ഉന്നതപുരസ്കാരമായ ‘ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ’ രണ്ടു തവണ അദ്ദേഹത്തിനു സമ്മാനിച്ചു. ‘ഓർഡർ ഓഫ് ലെനിൻ’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സ്വെത്ലാന പാവ്ലൊവ്ന ഡോസൻകോ ആണ് പത്നി.

.
അപ്പോളോ – സൊയൂസ് ദൗത്യം
………………………..

റഷ്യൻ ബഹിരാകാശസഞ്ചാരികളെ കോസ്മോനോട്ട് (Cosmonaut) എന്നും അമേരിക്ക ഉൾപ്പെടെ മറ്റു പല രാജ്യങ്ങളിലെയും ശൂന്യാകാശയാത്രികരെ അസ്ട്രോനോട്ട് (Astronaut) എന്നുമാണ് വിശേഷിപ്പിക്കാറുള്ളത്.

സോവിയറ്റ് യൂണിയനും യു.എസ്സും സംയുക്തമായി സംഘടിപ്പിച്ച പ്രഥമബഹിരാകാശപരിപാടിയാണ് അപ്പോളോ – സൊയൂസ് ദൗത്യം (Apollo – Soyuz Test Project – ASTP). ഇതിൽ ലിയോനൊവിന്റെ കൂടെ യു.എസ്.എസ്.ആറിൽ നിന്ന് വലേരി നിക്കൊളായെവിച്ച് കുബാസോവ് എന്ന കോസ്മോനോട്ടും അംഗമായിരുന്നു.

സൊയൂസ് 19 ഉം യു.എസ്സിന്റെ അപ്പോളോ 18 ഉം 1975 ജൂലൈ 17ന് ബഹിരാകാശത്തു സന്ധിച്ചു. റഷ്യൻ യാത്രികർ അമേരിക്കൻ നൗകയും യു.എസ്. യാത്രികർ സോവിയറ്റ് പേടകവും സന്ദർശിക്കുകയും ചെയ്തു.

(ആ പദ്ധതിയെ കുറിച്ച് സംക്ഷിപ്തരൂപത്തിൽ, ലിയോനൊവിന്റെ വാക്കുകളിൽത്തന്നെ ഇതോടൊപ്പം ചേർക്കുന്നു).

അപ്പോളോ – സൊയൂസ് പരിപാടിയെയും അതിൽ ഉൾപ്പെട്ട ധീരസാഹസികരെയും കുറിച്ച് ലിയോനൊവ് എഴുതിയ പുസ്തകം ‘സൗരവാതം’ എന്ന പേരിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലെ ചിത്രങ്ങൾ വരച്ചതു ഗ്രന്ഥകാരൻ തന്നെയായിരുന്നു. വിവർത്തനം നിർവഹിച്ചത് പാറക്കുന്നേൽ.

മോസ്കോയിലെ പ്രോഗ്രസ് പബ്ലിഷേഴ്സാണ് 1978ൽ, നമ്മുടെ നാട്ടിലെ പുസ്തകങ്ങളേക്കാൾ മികച്ച നിലവാരത്തിൽ ‘സൗരവാതം’ പുറത്തിറക്കിയത്. പ്രഭാത് ബുക്ക് ഹൗസ് കേരളത്തിലെ വായനക്കാർക്ക് കുറഞ്ഞ വിലയ്ക്ക് അത് എത്തിച്ചു കൊടുക്കുകയും ചെയ്തു.

.
ശൂന്യാകാശപദ്ധതികൾ
അനിവാര്യമാണോ ?
…………………..

ഏതു മേഖലയിലായാലും നേട്ടങ്ങളുടെ ഫലം അനുഭവിക്കുകയല്ലാതെ, അതു നേടിത്തന്നവരെ നാം പലപ്പോഴും ഓർക്കാറില്ലെന്നതാണു സത്യം. നമ്മുടെ രാജ്യത്തിന്റെ ആദ്യബഹിരാകാശസഞ്ചാരിയായ രാകേഷ് ശർമ്മ ഈയിടെ കേരളത്തിലെത്തിയതും പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

ബഹിരാകാശഗവേഷണത്തിനും റോക്കറ്റുകളുടെ നിർമ്മാണത്തിനും ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനുമായി കോടിക്കണക്കിനു രൂപ ഭാരതം ചെലവഴിക്കുമ്പോൾ, അത് അത്യാവശ്യമാണോ എന്നും അതെല്ലാം പാഴ്ച്ചെലവല്ലേ എന്നും നാം ചിന്തിച്ചേക്കാം. എന്നാൽ നമുക്ക് അതിന്റെയൊക്കെ ഗുണഫലം കൈവിട്ടു കളയാൻ കഴിയുമോ ?

വ്യത്യസ്തമായ കഴിവുകളാണു മനുഷ്യർക്കുള്ളത്. ഒരു കൂട്ടർക്കു കൃഷി ചെയ്യാനായിരിക്കും അറിവ്. മറ്റു ചിലർക്കു പഠിപ്പിക്കാൻ; വേറേ കുറേപ്പേർക്കു ചികിത്സിക്കാൻ. ഇനിയും ചിലർക്കു ഗവേഷണത്തിലായിരിക്കും അറിവ്. എല്ലാവർക്കും അവസരം വേണമല്ലോ. ഒരോരുത്തരുടെയും കഴിവുകൾ പ്രയോജനപ്പെടുത്തുമ്പോൾ മാത്രമേ സമഗ്രവികസനമുണ്ടാകൂ.

അതുകൊണ്ടു തന്നെ ശൂന്യാകാശപദ്ധതികൾ ഒഴിവാക്കുന്നത് അഭികാമ്യമാവില്ല. ശാസ്ത്രനേട്ടങ്ങളുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും അവയുടെ അനിവാര്യത ഉൾക്കൊള്ളാതിരിക്കാൻ ആധുനികസമൂഹത്തിനു കഴിയില്ല. അതേക്കുറിച്ചുള്ള നമ്മുടെ എതിരഭിപ്രായം നാലുപേർ അറിയണമെങ്കിൽ പോലും ഇന്ന് ശാസ്ത്രസന്തതികളായ ടി.വി.യും സ്മാർട്ട് ഫോണും ഇന്റർനെറ്റും വേണം.

ശാസ്ത്രത്തെ സംബന്ധിച്ച അഭിപ്രായങ്ങൾക്കു മാത്രമല്ല, അതിന്റെ കണ്ടെത്തലുകൾക്കും രണ്ടു വശമുണ്ട്‌. നന്മയ്ക്കായും തിന്മയ്ക്കായും സയൻസിനെ ഉപയോഗിക്കുന്നതാണ് വൈരുധ്യം. കണ്ടുപിടിത്തങ്ങൾ എങ്ങനെ ജനക്ഷേമത്തിനുപയോഗിക്കാം എന്നാണു നാം ചിന്തിക്കേണ്ടത്.

.
അത്ഭുതകരമായ യാദൃച്ഛികത
……………………..

ആശ്ചര്യകരമായ ഒരു വസ്തുത കൂടി ഇവിടെ ചേർക്കട്ടെ.

ഇന്നലെ രാവിലെ പഴയ റഷ്യൻ പുസ്തകങ്ങളും മറ്റും എടുത്തു താലോലിക്കുന്നതിനിടയിൽ, ‘സൗരവാതം’ എന്റെ കണ്ണിൽപ്പെടുകയും അതേക്കുറിച്ച് എഴുതിയാലോ എന്ന് ആലോചിക്കുകയും ചെയ്തിരുന്നു. പക്ഷേ, തല്കാലം വേണ്ട എന്നു തീരുമാനിച്ചു.

രാത്രിയിൽ പത്രം നോക്കിയപ്പോഴാണ് അത്ഭുതപ്പെട്ടത്. അലക്‌സേയ് ലിയോനൊവിന്റെ മരണവാർത്ത അതിലുണ്ടായിരുന്നു!
രാവിലെ ആ വിവരം അറിയാതെയാണ് ഞാൻ അദ്ദേഹത്തിന്റെ പുസ്തകം എടുത്തത്. അസാധാരണമായ ഇത്തരം യാദൃച്ഛികത മുമ്പും ഉണ്ടായിട്ടുണ്ട്.

അതോടെ, ബാല്യത്തിൽ ഞാൻ വായിക്കുകയും അറിവു നേടുകയും ചെയ്ത ആ പുസ്തകത്തെയും ബഹിരാകാശത്തു നടന്ന ആദ്യത്തെ മനുഷ്യനെയും കുറിച്ച് എഴുതാൻ മറ്റൊരു സന്ദർഭം നോക്കേണ്ടതില്ല എന്ന തിരിച്ചറിവോടെ എഴുത്തു തുടങ്ങുകയായിരുന്നു.

…………………………….
പ്രമോദ് കാരുവള്ളിൽ
13-10-2019