“രതിനിർവേദ”ചരിതം
എഴുതിയത് : Pramod Pillai
കടപ്പാട് : Malayalam Movie & Music DataBase (m3db)
“ബ്ലാവ് മരത്തിന്‍റെ ചോട്ടില്‍ രണ്ടു പാമ്പുകള്‍ ഇണചേര്‍ന്നു കിടന്നു,ഭീകരവും അതേസമയം കാമോദ്ദീപകവുമായ ദൃശ്യം ! ഒന്ന് മറ്റൊന്നിന്‍റെ ദേഹത്തു ചുറ്റിപ്പിണഞ്ഞു രണ്ടും കൂടി ഒരു കയര്‍ പോലെ പിരിഞ്ഞു.ഒപ്പം വാലിന്മേല്‍ കുത്തിയുയര്‍ന്നു..”
“പാമ്പ്” എന്ന പേരില്‍ അറുപതുകളിൽ പത്മരാജനെഴുതിയ നോവലിന്റെ തുടക്കം.”പാമ്പി”നെ “രതിനിര്‍വേദ”മാക്കിയത് “ജനയുഗം”, “കുങ്കുമം”, “കേരളശബ്ദം” തുടങ്ങിയവയുടെയൊക്കെ പത്രാധിപരായിരുന്ന കെ.എസ്.ചന്ദ്രനായിരുന്നു.സെക്സിന്റെ അതിപ്രസരമെന്നഭിപ്രായപ്പെട്ട് “കുങ്കുമം” വാരിക മടക്കി നല്കിയ കൃതി തുടർന്ന് “കേരളശബ്ദ”ത്തിൽ പ്രസിദ്ധീകരിച്ചതും എഡിറ്ററായിരുന്ന ശ്രീ.ചന്ദ്രന്‍ തന്നെ !
“പ്രയാണ”ത്തിനു ശേഷം,കുട്ടികളുടെ മനശാസ്ത്രത്തിലേക്കിറങ്ങിച്ചെല്ലാനും വികാരങ്ങളെ അവരുടെ ഭാഷയിൽ വ്യാഖ്യാനിക്കാനും വേണ്ടിയുള്ള ഒരു സിനിമ പ്ലാൻ ചെയ്ത ഭരതൻ – പത്മരാജൻ കൂട്ടുകെട്ട് അതിനാസ്പദമാക്കിയത് ഈ നോവൽ തന്നെ ! (വിവരത്തിന് ആധാരം: ഭരതന്‍ – വേണുഗോപാല്‍ (നെടുമുടി വേണു) അഭിമുഖം – കലാകൗമുദി (1975) )

നോവലിലെ വിവാഹിതയായ രതുച്ചേച്ചി സ്ക്രീനിലെത്തിയപ്പോള്‍ അവിവാഹിതയായി. പേരും പരിഷ്കരിച്ചു.രതു രതിയായി.ഓണാട്ടുകര നെല്ലിയാമ്പതിയും.ശേഷം ചരിത്രം ! ജയഭാരതിയുടെ രതിച്ചേച്ചിയെ മലയാളികള്‍ നെഞ്ചേറ്റി.”ആബാലവൃദ്ധം” (ബാലരും വൃദ്ധരും) കൊട്ടകകളിൽ ഇടിച്ചു കയറി.
“രതിനിര്‍വേദം” സ്‌ക്രീനിൽ മാത്രമല്ല, പിൽക്കാലത്ത് ടിവി ചാനലുകളിലും സി ഡി വിപണിയിലും ഓൺലൈനിലുമൊക്കെ തരംഗമായി. ടെലിവിഷനിൽ ആദ്യം പ്രദർശിപ്പിക്കുന്നത് തൊണ്ണൂറുകളുടെ ഒടുവിൽ ഡൽഹി ദൂരദർശൻ വഴി പാതിരാപ്പടമായി.
“രതിനിര്‍വേദ” ത്തിന്റെ മുഖ്യ ആകര്‍ഷണം ജയഭാരതി അനശ്വരമാക്കിയ രതിച്ചേച്ചിയാണല്ലോ ! രതിയെ ജയഭാരതി ഉജ്ജ്വലമാക്കി. “രതിനിർവേദം – ഒരു പത്മരാജൻ കവിത ” – തൊണ്ണൂറുകളുടെ തുടക്കത്തിൽ, “മലയാള മനോരമ” ആഴ്ചപ്പതിപ്പിൽ, ഒരഭിമുഖത്തിൽ ഈ സിനിമയെ ജയഭാരതി വിശേഷിപ്പിച്ചതിങ്ങനെ. രതിച്ചേച്ചിയാകുവാൻ നിർമ്മാതാവ് ഹരി പോത്തൻ ആദ്യം സമീപിച്ചത് തന്നെയായിരുന്നുവെന്നാണ് നടി ഷീല “മലയാള മനോരമ”യുടെ “നേരെ ചൊവ്വെ” അഭിമുഖത്തില്‍ ജോണി ലൂക്കൊസിനോട് പറയുന്നത്. കഥാപാത്രത്തിന്റെ സ്വഭാവമൊക്കെ ചോദിച്ചറിഞ്ഞ ഷീല പിന്നീട് പിന്മാറിയത്രെ!.
എന്നാല്‍,ഭരതനും പത്മരാജനും രതിച്ചേച്ചിയായി മനസ്സില്‍ കണ്ടത് ഉണ്ണിമേരിയെ ആയിരുന്നുവെന്നും ഒടുവിൽ നിര്‍മ്മാതാവായ ഹരി പോത്തന്റെ നിര്‍ബന്ധത്തിനു വഴങ്ങി രതിയായി ജയഭാരതിയെ ഉറപ്പിക്കുകയായിരുന്നുവെന്നുമാണ് ജോണ്‍ പോളിന്റെ അഭിപ്രായം ! (“ഒരു കടങ്കഥ പോലെ ഭരതന്‍”, ഗ്രീൻ ബുക്സ്,പേജ് 155 (2011) )
“രതിനിർവേദ”ത്തിന് നാമറിയാതെ പോയൊരു പൂർവചരിത്രവുമുണ്ടായിരുന്നു !
“പ്രയാണ” ചിത്രീകരണത്തിൽ ഭരതനൊപ്പം സംവിധാനസഹായികളായത് അജയൻ തോപ്പിൽഭാസിയും താജ് ബഷീറും മറ്റും.ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം അടുത്ത ചിത്രമേതെന്ന് ഇവർ ആലോചിക്കുമ്പോഴാണ് “രതിനിർവേദം” ഉൾപ്പെടുന്ന മൂന്ന് കഥകളടങ്ങിയ ഒരു പുസ്തകം പത്മരാജന്‍ ബഷീറിന് നല്‍കുന്നത്. “രതിനിർവേദം” ഭരതനും ഇഷ്ടമായി.തുടർന്ന്, തിരുവനന്തപുരത്തെ വേളി ബോട്ട് ക്ലബ്ബിൽ മുറിയെടുത്ത് വിശദമായി ചർച്ചചെയ്ത് പത്മരാജന്‍ തിരക്കഥ എഴുതുകയും ചെയ്തു.
ഈ ചിത്രത്തിന്റെ നിര്‍മ്മാണ ചുമതല താജ് ബഷീറും തളങ്കര ഹക്കീമും ഏറ്റെടുത്തു. രതിച്ചേച്ചിയായി ഉണ്ണിമേരിയെയും പപ്പുവായി മാസ്റ്റർ സത്യജിത്തിനെയും (കോഴിക്കോട് അബ്ദുൾ ഖാദറിന്റെ മകൻ) നിശ്ചയിച്ചു. ഉണ്ണിമേരിക്ക് അഡ്വാൻസും നൽകി.ഭരതൻ സംവിധാനവും ബാലുമഹേന്ദ്ര ഛായാഗ്രാഹകനെന്നും തീരുമാനിച്ചു.ബ്ലാക് ആൻഡ് വൈറ്റിലാണ് ചിത്രീകരണം പ്ലാൻ ചെയ്തത്.
എന്നാൽ, അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം ഇവരുടെ പദ്ധതി അവതാളത്തിലാക്കി. സെക്സും വയലൻസും അനുവദിക്കുകയില്ല എന്ന സെൻസർബോർഡിന്റെ കടുത്ത തീരുമാനവും ഇരുട്ടടിയായി ! ഇത് ബഷീറിനും കൂട്ടര്‍ക്കും സമ്മാനിച്ചത് കടുത്ത നിരാശ! അടിയന്തരാവസ്ഥ വളരെക്കാലം തുടരുമെന്ന് കരുതി,അതുവരെ ചിത്രത്തിനായി ഇവര്‍ മുടക്കിയ പണം നൽകാമെന്ന ഓഫർ ലഭിച്ചപ്പോൾ “രതിനിര്‍വേദ”ത്തിന്റെ തിരക്കഥ “സുപ്രിയ”യുടെ ഹരി പോത്തന് നൽകുകയും ചെയ്തു. പിൽക്കാലത്ത്, താജ് ബഷീർ കെ.പി.എ.സി ബാലനുമൊത്ത് പി. അയ്യനേത്തിന്റെ തിരക്കഥയിൽ “മുഹൂർത്തങ്ങൾ” എന്ന ചിത്രം നിർമ്മിച്ചു. (മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ശ്രീ.താജ് ബഷീറില്‍ നിന്നും നേരിട്ട് മനസ്സിലാക്കിയത്)
“വട്ടത്തിൽ വട്ടാരം…” എന്ന കുട്ടികളുടെ ഗാനം “രതിനിര്‍വേദ”ത്തില്‍ ഉൾപ്പെടുത്തുവാൻ സാധിച്ചില്ല. മാത്രമല്ല,18 വയസ്സിനു മുകളിലുള്ള “കുട്ടികൾ”ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി മാത്രമായി ഈ സിനിമ മാറുകയും ചെയ്തു.തല്‍ഫലമായി ഈ കുട്ടിപ്പാട്ടിന് അനുയോജ്യസ്ഥാനമില്ലാതെ പോയി. പില്‍ക്കാലത്ത് ഇതേ ഗാനം “മർമ്മര”ത്തിൽ (1982) സന്ദര്‍ഭാനുസരണം ഉൾപ്പെടുത്തി. അങ്ങനെ,”രതിനിര്‍വേദ”ത്തിലൂടെ ദേവരാജപരിചരണം ഏല്‍ക്കേണ്ടിയിരുന്ന കാവാലത്തിന്റെ ഈരടികള്‍ പില്‍ക്കാലത്ത് എത്തപ്പെട്ടത് മെല്ലിശൈമന്നൻ എം.എസ്.വി സന്നിധിയില്‍.
“രതിനിർവേദ”ത്തിന് 45 വയസ്സ്.1978 മാർച്ച് എട്ടിന് പ്രദർശനശാലകളിൽ എത്തിയ സിനിമയുടെ മാറ്റ് ,നാലു പതിറ്റാണ്ടുകൾക്കിപ്പുറവും കുറഞ്ഞിട്ടില്ല!
ഹൃദയസ്പർശിയായ ക്ലൈമാക്സ് ചിത്രത്തിന് മുതൽക്കൂട്ടായി.
റീ റിലീസുകൾക്കൊപ്പം വികലമായ റീ-മേയ്ക്കുകളും വന്നു.ഭരതന്റെ മഹത്വം മലയാളികൾ ശരിക്കും മനസ്സിലാക്കിയത് “രതിനിർവേദ”ത്തിന്റെ “അജീർണ്ണപ്പതിപ്പ് ” വന്നതിനു ശേഷമാവും !
ചിത്രം: “രതിനിർവേദ”ത്തിനു വേണ്ടി ഭരതൻ രൂപകല്പന ചെയ്ത പോസ്റ്റർ