മിസിസ് നായർ അറിയാതെ ഒരു വഞ്ചിയും ആ കടലിൽ ഇറങ്ങുന്നില്ല

182

Pramod Puzhankara

മാധ്യമപ്രവർത്തകയ്ക്ക് ലൈംഗികചുവയുള്ള സന്ദേശം അയച്ചത് തന്റെ ഭർത്താവും ആഗോള ‘ബ്രോ’യുമായ IAS പ്രശാന്ത് നായരല്ല മറിച്ച് താൻ തന്നെയാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട് ഇടംവലം ഓതിരം കടകം മറിഞ്ഞു വെട്ടിക്കൊണ്ട് IAS നായരുടെ ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തു വന്നിരിക്കുന്നു. ഭർത്താവിനെ സ്ത്രീകൾക്കെതിരായ ലൈംഗികച്ചുവയുള്ള വർത്തമാനം അടക്കം violating the modesty of a woman എന്ന കുറ്റകൃത്യത്തിൽ നിന്നും രക്ഷിക്കാനുള്ള കുലസ്ത്രീ ശ്രമം നല്ലതുതന്നെ. നായർക്കും ഭാര്യക്കും നിർബന്ധമാണെങ്കിൽ മിസിസ്സ് നായരിൽ ആ കുറ്റം ചുമത്താം. പ്രസ്തുത കുറ്റകൃത്യം gender neutral ആണെന്ന് കോടതി കൃത്യമായി പറഞ്ഞിട്ടുണ്ട്.

ഇനി നമുക്ക് ഉടൻ മഹാദേവി ഇടത്തുകണ്ണാൽ അഴിഞ്ഞ വാർപൂങ്കുഴലൊന്നുതുക്കിക്കൊണ്ട് നടത്തുന്ന ജ്വലനത്തിലേക്കൊന്ന് തിരനോക്കാം. ശവംതീനി എന്നാണ് താൻ മാധ്യമപ്രവർത്തകയെ വിളിച്ചതെന്നും അത് തോട്ടിപ്പണി എന്ന് തെറ്റിധരിച്ചവരോടുള്ള പുച്ഛവും മിസിസ്സ് നായർ ആദ്യമേതന്നെ അറിയിക്കുന്നു. ഭർത്താവ് നായരുടെ മനസ് അസ്വസ്ഥമാകാതിരിക്കാൻ മിസിസ് നായർ കാണിക്കുന്ന ആ കരുതലും ശ്രദ്ധയും നമ്മെ അവർ അറിയിക്കുന്നു. അതിനാൽ മിസിസ്സ് നായർ vet ചെയ്തുള്ള ചാറ്റുകളും വാർത്തകളും മാത്രമേ പ്രശാന്തിന്‌ നൽകുന്നുള്ളൂ. ടിയാൻ കാക്കത്തൊള്ളായിരം glorified ഗുമസ്തന്മാരിൽ ഒരാളെണെന്ന് കരുതി മിസിസ്സ് നായർക്ക് അശ്രദ്ധയായിരിക്കാനാകില്ല. വീരശൂരപരാക്രമിയായ നായർ ഇപ്പോൾ നല്ല ‘കുട്ടിയായി’ ഇരിക്കുന്നെണ്ടെന്നും മിസിസ് നായർ പറയുന്നു. ചൈന ഒരു ഉറങ്ങുന്ന സിംഹമാണെന്ന് ഒരു സായ്‌വ് പറഞ്ഞപോലെ കണ്ടാൽ മതി. ജാഗ്രതൈ തിരുട്ടുപയലുകളെ എന്നാണ് മുന്നറിയിപ്പ്.
ശേഷം ശ്രീമതി നായർ നമ്മെ സർക്കാർ ഉദ്യോഗസ്ഥന്റെ അച്ചടക്കത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നു. അതായത് ഉത്തരവാദപ്പെട്ടവരോട് പറയും കാര്യങ്ങൾ എന്ന്. അങ്ങനെത്തന്നെ വേണം, സർക്കാർ സർവീസിൽ ഇരുന്നു നടത്തുന്ന ഔദ്യോഗികകാര്യങ്ങൾ തന്റെ നേട്ടം പോലെയാക്കി നിരന്തരം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും നാലാംകിട വഷളൻ കമൻറ്റുകളും കൂലിയെഴുത്തുപോലെ ‘ബ്രോ’ പുരാണം പാടുന്ന (അവരെയൊന്നും ‘ബ്രോ’ മറക്കുന്നില്ല കേട്ടോ!) കുറെ വൃന്ദങ്ങളുമായി നിരന്തരം നിറഞ്ഞാടുന്ന നായർ ബ്രോയാണ് ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥന്റെ അച്ചടക്കത്തെക്കുറിച്ച്‌ ജനത്തെ പഠിപ്പിക്കുന്നത്. ക്ഷമിക്കണം, ബ്രോയല്ല, മിസിസ്സ് ബ്രോ.

മാതൃഭൂമിയിലെ മുതിർന്ന ലേഖകരെ വിളിച്ച് താനിനി മൗനസരോവരതീരത്ത് താപസമൗനത്തിലാകുമെന്ന് ബ്രോ പറഞ്ഞിട്ടുള്ള കാര്യം ലക്ഷ്മി പറയുന്നു. എന്നിട്ടും അവിടെയുള്ള കേവലം ഒരു ചെറു ലേഖിക തന്റെ ഭര്ത്താവിനെ വിളിച്ചു ശല്യപ്പെടുത്തുകയോ! ഛായ് , ആരവിടെ! അതായത് IAS നായർ വിളിച്ച വിവരം മാതൃഭൂമി ഉടൻ തന്നെ എഡിറ്റോറിയൽ യോഗം കൂടി അറിയിച്ചില്ലെന്ന്. നായരേ, മിസിസ്സ് നായരേ, കാര്യം കേരളത്തിലെ മാധ്യമങ്ങളാണെങ്കിലും ഒരു മര്യാദയൊക്കെ വേണ്ടേ? പിന്നീട് തെക്കൻ കളരിയുടെ അടവുവടിവുകളിൽ താനീ മാധ്യമ പ്രവർത്തകയെ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് പറയുന്നുണ്ട് മിസിസ്സ് നായർ. ഹേയ്, ഒരു പെഗ് ഇവിടെയൊഴിക്കൂ, yes തുടരണം മിസിസ്സ് നായർ….

ആ, അജ്ഞാത നമ്പറുകളിലെ വിളിയാണ് രംഗം കൊഴുപ്പിക്കുന്നത്. അതായത് ഒഅജ്ഞാത നമ്പറെന്നു പറഞ്ഞുകൊണ്ട് മിസിസ്സ് നായർ ഉണ്ടാക്കാൻ ശ്രമിക്കുന്ന ആ നിഗൂഢതയുണ്ടല്ലോ അതൊരു IAS ബുദ്ധിയായിപ്പോയി. വിളിയ്ക്കുമ്പോൾ എടുക്കുകയും ആരാണെന്നു വിളിച്ചയാൾ പറയുകയും ചെയ്യുന്നതോടെ നമ്പറും ഉടമയുമെല്ലാം ജ്‌ഞാതമാകും. മിസിസ് നായർക്ക് അനുഭവമുണ്ടായിരിക്കാവുന്ന മറ്റു വിളികളുടെ അജ്ഞാത രഹസ്യങ്ങൾ മാധ്യപ്രവർത്തകയിൽ ആരോപിക്കുന്നത് ശരിയല്ല എന്നെ പറയാനുള്ളു. താങ്കളെ ഉപദ്രവിക്കാനല്ല, ഒരു പ്രതികരണം ആരായാനാണ് എന്നത് കണ്ടപ്പോഴേ മിസിസ് നായർ ക്ഷുഭിത നായർ വനിതയായി. ഒരു IAS ഉദ്യോഗസ്ഥനോട് ചെറിയ വായിൽ വലിയ വർത്തമാനമോ എന്ന് മിസിസ് നായർ പൂണ്ടടക്കം വിറച്ചു ചോദിക്കുന്നു. ഒന്നാലോചിച്ചു നോക്ക്, ഈ നാട്ടിലെ സാധാരണക്കാരായ, IAS -ധനിക ക്ളബ്ബുകളിൽ നിശാവിരുന്നുകളിൽ പോകാൻ കഴിയാത്ത മനുഷ്യരെ നായരും നായരുടെ അച്ചിയും അതുപോലുള്ള സകല ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും എങ്ങനെയാണ് കാണുന്നതെന്ന്! IAS -കാരെക്കുറിച്ച് IAS കാർക്കുള്ള ധാരണ ഇപ്പോഴും തങ്ങൾക്ക് രണ്ടെണ്ണം കൂടുതലുണ്ട് എന്നാണല്ലോ എന്ന് സഹതാപമുണ്ട്. അവരുടെ ഭാര്യമാർക്കും ഭർത്താക്കന്മാർക്കും അതേ ധാരണയുള്ളത് വലിയ നിരാശയുണ്ടാക്കാനിടയുണ്ട് എന്ന് സൂചിപ്പിച്ചുകൊള്ളട്ടെ.

പിറകെ വരുന്നത് തന്റെ നായരും മദനകാമരാജനുമായ ബ്രോയുമായി sex chat നുള്ള ശ്രമമാണെന്ന് മിസിസ് നായർ പൊടുന്നനെ തിരിച്ചറിഞ്ഞു. ആ കോൾ എടുത്ത് രണ്ടു പറയുകയായിരുന്നു വേണ്ടതെന്ന് ഇപ്പോൾ നഷ്ടബോധം തോന്നുന്നെണ്ടെന്ന് മിസിസ്സ് നായർ ദീർഘനിശ്വാസത്തോടെ അറിയിക്കുന്നു. അച്ചാമ്മേ, ഒന്ന് മിണ്ടാതിരിക്ക്. നിങ്ങള് പോ മനുഷ്യാ, ഞാനിവനോട് രണ്ടു പറഞ്ഞിട്ട് തന്നെ കാര്യം എന്ന് പറഞ്ഞ അച്ചാമ്മ വർഗീസിനെ തിരിച്ചിട്ടപോലെ തോന്നുന്നുണ്ടോ. തോന്നരുത്, ഞങ്ങൾ അസ്സൽ തറവാടി നായന്മാരാണ്. വാസ്തവത്തിൽ അച്ചാമ്മയല്ല, ചെവിയിൽ പൂടയുള്ള സുരേഷ് ഗോപി സ്റ്റൈൽ നായരാണ് താരം. അതുകൊണ്ട്, ഓർമ്മയുണ്ടോ ഈ മുഖം പോലെ ഒരു പഞ്ച് ഡയലോഗ് അടിച്ചേ അവസാനിപ്പിക്കാവൂ എന്നതുകൊണ്ട് മിസിസ് നായർ unbllock ആക്കി ശവം തീനി എന്ന് വിളിച്ചുച്ചേ അവസാനിപ്പിച്ചുള്ളു. മിസിസ് നായർ പറഞ്ഞ കാര്യം തന്റെ സ്ഥിരം പഞ്ച് ഡയലോഗ് താണിട്ടു എന്നാണ്. അപ്പോളീ IAS നായരുടെ ഫോൺ സ്ഥിരമായി vet ചെയ്യുന്നത് മിസിസ് നായരാണ് എന്നാണ്. ബ്രോയുടെ സുഹൃത്തുക്കൾക്കൊക്കെ ഇപ്പൊ കാര്യം പിടികിട്ടിക്കാണും. ഒപ്പം അയാളുടെ സഹപ്രവർത്തകർക്കും. മിസിസ് നായർ അറിയാതെ ഒരു വഞ്ചിയും ആ കടലിൽ ഇറങ്ങുന്നില്ല.

ഈ വാർത്തയൊക്കെ നൽകുന്നത് ഊളത്തരമാണെന്ന് മിസിസ് നായർ പറയുന്നു. എന്നിട്ട് മിസിസ് നായർ പറയുന്നത് ഇതുവരെയും മാതൃഭൂമിയിൽ നിന്നും ആരും തന്നെയോ പ്രശാന്തിനെയോ വിളിച്ചിട്ടില്ല എന്നാണ്. മിസ്റ്റർ വാട്സൺ, ഇത്രയ്ക് വൈകാരികമാകുമ്പോൾ വരുന്ന പ്രശ്നമാണ്. ഈ വാർത്തയുടെ പേരിൽ പ്രശാന്ത് നായരെ വിളിക്കുന്നത് മനസിലാക്കാം, മിസിസ് നായരെ വിളിക്കാൻ ആരെങ്കിലും ആലോചിക്കേണ്ടതുണ്ടോ. നിങ്ങളാണ് IAS നായരുടെ ഫോൺ കൈകാര്യം ചെയ്യുന്നതെന്ന് നിങ്ങൾക്കല്ലേ അറിയൂ. അപ്പോൾ നിങ്ങളെ എന്തിനു വിളിക്കണം. അപ്പോൾ സ്വാഭാവികമായി ഭർത്താവിന്റെ ഔദ്യോഗിക വിഷയങ്ങളിൽ നിങ്ങൾ വിളികൾ പ്രതീക്ഷിക്കുന്ന പതിവുണ്ട്. അല്ലെങ്കിൽ IAS നായർക്ക് ആവേശം മൂത്തപ്പോൾ പഞ്ച് ഡയലോഗിൽ വന്ന പിഴവാണ് ആ വാചകം, മറ്റു പല വാചകങ്ങളും പോലെ. വേഷം മാറി തെറി പറയുമ്പോഴുള്ള ബുദ്ധിമുട്ടാണത്. ചിലപ്പോൾ ആവേശം മൂത്താൽ, ദേഷ്യം കൂടിയാൽ മുണ്ട് പൊക്കിക്കാണിക്കും, അവിടെപ്പൊളിയും പ്രച്ഛന്നവേഷം.

പിന്നെ ‘സീമച്ചേച്ചിയുടെ’ സ്റ്റിക്കർ ഓ ,യാ! വളരെ സാധാരണമായ communication എന്ന് മിസിസ് നായർ (മിസ്റ്ററല്ല കേട്ടോ) ആര്, സീമച്ചേച്ചി എന്ന്! അതായത് സാധാരണഗതിയിൽ IAS നായർക്കും മിസിസ് നായർക്കും ഒരു അഭിനേത്രി എന്ന നിലയിൽ നമ്മെയെല്ലാവരെയും പോലെ മാത്രം പരിചയമുള്ള ശ്രീമതി സീമയെ, സീമച്ചേച്ചി എന്ന് വിളിക്കാൻ മറക്കാത്ത ലക്ഷ്മി, ഒരു മാധ്യമ പ്രവർത്തകയെ ഉടനടി ശവം തീനി എന്നും സീമച്ചേച്ചിയുടെ സ്റ്റിക്കറിലെ എഴുത്തുമൊക്കെ വെച്ചു കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ, ഏതു നായർക്കാണ് കുളിരാത്തത്, ഒന്ന് പനിക്കാത്തത്.

നീട്ടുന്നില്ല, പുച്ഛരസം മനസിലാകാത്തവർക്ക് counselling ശുപാർശ ചെയ്യുന്നുണ്ട് മിസിസ് നായർ. ദയാലുവാണ്, മനുഷ്യസ്നേഹിയാണ്. ഒരിക്കൽ കലാമണ്ഡലത്തിൽ ചെറുപ്രായത്തിലുള്ള കുറച്ചു സ്‌കൂൾ കുട്ടികൾ വന്നു. അവരോട് കഥകളിയിലെ മുദ്രകളെക്കുറിച്ചു പറയവേ ആശാൻ കമലദളം കാണിച്ചുകൊണ്ട് ഇതെന്താ മുദ്ര എന്ന് ചോദിച്ചു. കുട്ടികൾ തങ്ങളുടെ നിഷ്ക്കളങ്കമായ ചോദനയിൽ കുരങ്ങൻ എന്ന് മറുപടിയും പറഞ്ഞു. ആശാൻ ഒട്ടും ക്ഷോഭിച്ചില്ല, “എന്റെ മുഖത്തേക്കല്ല, കയ്യിലേക്ക് നോക്കി പറയൂ” എന്ന് വീണ്ടും പറഞ്ഞു. അതുപോലെയാണ് മിസിസ് നായർ പറയുന്നത്, നിങ്ങൾ എവിടെയാണ് നോക്കുന്നത്, ഉദ്ദേശിച്ച രസം കാണണമെങ്കിൽ പറയുന്നിടത്ത് നോക്കണം.