തോറ്റാൽ ബിജെപിയിലേക്കുപോകും, ഞങ്ങളെ വിജയിപ്പിക്കേണ്ടത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കടമയാണ്

    177

    Pramod Puzhankara

    എത്ര ലളിതമാണ് കോൺഗ്രസുകാരുടെ ആവശ്യങ്ങൾ. ഞങ്ങളെ തോൽപ്പിക്കരുത്. തോറ്റാൽ ഞങ്ങൾ ബി ജെ പിയിലേക്ക് പോകും (ജയിച്ചാലും പോകും എന്നാണ് കാണുന്നതൊക്കെ). ഞങ്ങളെ വിജയിപ്പിക്കേണ്ടത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കടമയാണ്. ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി പല നാടകങ്ങളും കാണിക്കും. അതിന്റെയൊന്നും വിമർശിക്കരുത്. രാഹുൽ ഗാന്ധി ഇടതുപക്ഷത്തെ തോൽപ്പിക്കണമെന്ന് പറയും. അപ്പോഴും ഇടതുപക്ഷം രാഹുൽഗാന്ധിയെ വിമർശിക്കരുത്. ഇങ്ങനെപ്പോകുന്നു കോൺഗ്രസിന്റെ ആവശ്യങ്ങൾ.

    രാഹുൽ ഗാന്ധിക്കെതിരെ വിമർശനം പാടില്ല,അയാളൊരു ധിഷണാശാലിയാണ്, നല്ല മനുഷ്യനാണ് എന്നൊക്കെയാണല്ലോ. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ വിമർശിക്കുമ്പോൾ രാഹുൽ ഗാന്ധി കോൺഗ്രസ് നേതാവാണ്. രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഭീഷണമായ എല്ലാ ഭാവവും കാണിച്ചപ്പോൾ അമിത് ഷായ്ക്കും മോദിക്കും മുമ്പേ പരമാവധിക് ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാൽ കോൺഗ്രസ് ജയിച്ചുകയറി തിരിച്ചുവരും എന്ന രാഷ്ട്രീയ പ്രവർത്തനം നടത്തിയ കക്ഷിയാണ്. നോട്ടുനിരോധനം പോലെ ഇന്ത്യൻ സമൂഹത്തെ മോദി സർക്കാർ ആക്രമിച്ച ഒരു ഘട്ടത്തിലും ഈ നാട്ടിൽത്തന്നെ ഇല്ലാതിരിക്കാൻ അതിസൂക്ഷ്മമായ ശ്രദ്ധ കാണിച്ച വിദ്വാൻ. സ്വന്തം പാർട്ടിയെ നേതൃരാഹിത്യത്തിലേക്ക് വലിച്ചിട്ട ധിഷണാശാലി. മഹാരാജാവ് സാധാരണ മനുഷ്യർക്കിടയിൽ എന്ന മട്ടിലുള്ള നാടകങ്ങൾക്കൊണ്ട് രാഷ്ട്രീയപ്രവർത്തനം നടത്താമെന്നും പ്രധാനമന്ത്രിയാകാമെന്നും കരുതുന്ന കുടുംബസ്വത്താണ് പാർട്ടിയും രാജ്യവും എന്ന് വിശ്വസിക്കുന്ന തകർന്ന കോട്ടയിലെ അലസനായ കിരീടാവകാശി. കുടുംബാധിപത്യം എന്ന ജീർണബാക്കിയുടെ ദുർബല സ്പന്ദനം. എത്രയോ തവണ ജയിച്ചുവന്ന മണ്ഡലത്തിൽനിന്നും ഓടിപ്പോരേണ്ടിവന്നത്രയും അലസമായ പുച്ഛം ജനത്തോട് പുലർത്തിയ അധികാരത്തിന്റെ ഔദ്ധത്യം. ഇത്രയും ഗുണവിശേഷങ്ങളുള്ള ഒരാൾ കോൺഗ്രസ് നേതാവായതിൽ അത്ഭുതമൊന്നുമില്ല. പക്ഷെ അയാളെ നാട്ടുകാരെല്ലാവരും രാഷ്ട്രീയം മറന്നു തലയിലേറ്റണമെന്ന് പറയരുത്.

    ഒരു വിനോദപരിപാടിക്കപ്പുറം രാഷ്ട്രീയത്തെയും ജനങ്ങളെയും കാണാൻ കഴിയാത്ത ഒരാളാണ് രാഹുൽ ഗാന്ധി. അതുകൊണ്ടാണ് രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളുടെ ഒരു ധാരയിലും അയാൾക്ക് നേതൃത്വം നൽകാൻ കഴിയാതെ പോകുന്നത്. കാലങ്ങളായി കോൺഗ്രസ് നേതൃത്വം കൊണ്ടുനടക്കുന്ന രാജാവിന്റെ ജനസമ്പർക്കം പോലുള്ള തട്ടിപ്പുനാടകങ്ങളിലാണ് അയാളുടെയും അഭയം. കുടിലിൽ ഊണ്, ആൾക്കൂട്ടത്തെ കണ്ടാൽ ചാടിയിറങ്ങി പൂക്കൾ കൊടുക്കലും കൈകൊടുക്കലും, ബിരിയാണി വെപ്പ്, കടലിൽ ചാടൽ തുടങ്ങിയ പരമ്പരാഗത നാടകങ്ങൾക്കപ്പുറം അയാൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമെന്താണ്? അയാൾ നയിക്കുന്ന രാഷ്ട്രീയ സമരമെന്താണ്? രാജ്യത്തെ രാഷ്ട്രീയ സമരങ്ങളിൽ ട്രാക്ടറോടിക്കലും രാഹുൽ ഗാന്ധിയുടെ ഇടംവലം തിക്കും തിരക്കും കൂട്ടുന്ന നേതാക്കളുമായി അത്തരം സമരങ്ങളുടെ രാഷ്ട്രീയ ശക്തിയെ ചോർത്തിക്കളയാൻ മാത്രമാണ് അയാൾക്ക് കഴിയുന്നത്.

    കോൺഗ്രസ് എന്ന പാർട്ടിയുടെ ചരിത്രപരമായ പഠനമാണ് നടക്കുന്നത് രാഹുൽ ഗാന്ധി കടലിൽച്ചാടി കളിക്കുമ്പോൾ തൊട്ടടുത്ത പുതുച്ചേരിയിൽ കോൺഗ്രസ് സാമാജികർ ഒന്നടങ്കം ബി ജെ പിയായി മാറുകയായിരുന്നു. ഫാഷിസ്റ്റ് വിരുദ്ധ, ജനകീയ സമരങ്ങൾ പോകട്ടെ, സ്വന്തം പാർട്ടിയിലെ നേതൃത്വത്തെയും സാമാജികരെയും ബി ജെ പിക്കെതിരെ നിർത്താനുള്ള ശേഷി പോലുമില്ലാത്ത ഇയാളെ വിമർശിച്ചില്ലെങ്കിലാണ് തെറ്റ്.

    രാഷ്ട്രീയ ധിഷണ അളക്കുന്നത് ഒരാളുടെ പത്താം ക്ലാസിലെ മാർക് വെച്ചിട്ടല്ല. രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളോട് സൈദ്ധാന്തികവും പ്രായോഗികവുമായി അയാൾ പുലർത്തുന്ന സമീപനങ്ങളുടെയും നിലപാടുകളുടെയും പേരിലാണ്. ഒരു പാർട്ടി എന്ന നിലയിൽ സാമ്പത്തിക നയങ്ങളിൽ ബി ജെ പിയുമായി യാതൊരു വ്യത്യാസവും കോൺഗ്രസിനില്ല എന്ന് മാത്രമല്ല ബി ജെ പിയുടെ പല നയങ്ങളുടെയും ഉത്ഭവകേന്ദ്രം കോൺഗ്രസാണ് താനും. മതേതരത്വത്തിന്റെ കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാടിൽപ്പോലും വെള്ളം ചേർത്താണ് ക്ഷേത്രദർശനവും ദീപാരാധനയുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വം തങ്ങളുടെ ആശയപാപ്പരത്വം വെളിവാക്കിയത്.

    സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നും, പാർട്ടിക്ക് ഒരു മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നുമുള്ള ആവശ്യം ഉന്നയിച്ച തന്റെ തന്നെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളെ, തന്റെ സ്തുതിപാഠക വൃന്ദത്തോടൊപ്പം ചേർന്ന് അടിച്ചമർത്താനാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്. അയാൾക്ക് കോൺഗ്രസ് പാര്ടിയെന്നാൽ മുതുമുത്തച്ഛൻ മരിച്ചപ്പോൾ അച്ഛമ്മയ്ക്കും അച്ഛമ്മ മരിച്ചപ്പോൾ അച്ഛനും ശേഷം വിധവയായും അമ്മയ്ക്കും പിന്നാലെ തനിക്കും കുറച്ചു തന്റെ സഹോദരിക്കുമായി കിട്ടിയ ഒരു കുടുംബസ്വത്താണ്. ആ കൊട്ടാരത്തിലെ ഭൃത്യരും വിദൂഷകരും സ്തുതിപാഠകരുമൊക്കെയാണ് മറ്റു കോൺഗ്രസ് നേതാക്കൾ. അതായത് രാഹുൽ ഗാന്ധി മുട്ടിലിഴഞ്ഞു നടക്കുന്ന കാലത്ത് മുഖ്യമന്ത്രിയായ എ കെ ആന്റണി, രാഹുൽജി എന്ന് വിളിച്ചുകൊണ്ട് ഓച്ഛാനിച്ചു നിൽക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ കടലിൽ ചാടുകയാണ് വേണ്ടതെന്ന് അയാൾക്ക് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു.
    ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയത്തിനും ജനകീയ സമരങ്ങൾക്കും രാഹുൽ ഗാന്ധിയെപ്പോലൊരു കഥാശൂന്യൻ വലിയ ബാധ്യതയാണ്. അയാളുടെ തമ്പുരാൻ പുരാണം വിളമ്പി ഇനിയും മലയാളികളെ അപമാനിക്കരുത്.