ശ്രീനാഥ് ഭാസിക്കെതിരെ ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ ‘തൊഴിൽ വിലക്ക്’ പൗരാവകാശ ലംഘനമാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
203 VIEWS

പ്രമോദ് പുഴങ്കര സോഷ്യൽ മീഡിയയിൽ എഴുതിയത്

ചലച്ചിത്ര നടൻ ശ്രീനാഥ് ഭാസിക്കെതിരെ ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ ‘തൊഴിൽ വിലക്ക്’ പൗരാവകാശ ലംഘനമാണ്. ഭരണഘടന പൗരന് നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ (Article 21 Right to life and personal liberty) ലംഘനമാണ്. ജീവിക്കാനുള്ള അവകാശം എന്നത് തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം കൂടിയാണെന്ന് Article 21-നെ വ്യാഖ്യാനിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. തനിക്കറിയുന്ന തൊഴിലെടുത്ത് ജീവിക്കാനുള്ള ശ്രീനാഥ് ഭാസിയെന്ന പൗരന്റെ ഭരണഘടനാപരമായ അവകാശത്തെയാണ് നിർമ്മാതാക്കളുടെ സംഘടന വിലക്കുന്നത്. അവർക്കങ്ങനെചെയ്യാനുള്ള യാതൊരുവിധ നിയയമപരമായ അധികാരവുമില്ല. ഇത്തരത്തിലുള്ള തൊഴിൽ വിലക്കുകൾക്ക് നേരെ സർക്കാർ ശക്തമായ നടപടിയെടുക്കണം. ഒരു തൊഴിൽമേഖലയിൽ നടക്കുന്ന ഇത്തരം മുഷ്‌ക്കിനെതിരെ ഇടപെടാനുള്ള ബാധ്യത സർക്കാരിനുണ്ട്.

ശ്രീനാഥ് ഭാസിക്കെതിരെ ഇപ്പോൾ എടുത്തിട്ടുള്ള കേസിൽ അയാളെ ശിക്ഷിക്കാനുള്ള എന്തെങ്കിലും വസ്തുതകളും തെളിവുമുണ്ടെങ്കിൽ അത് ചെയ്യേണ്ടത് കോടതിയാണ്. അയാൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റത്തിന് നിയമനടപടികൾ പുരോഗമിക്കുകയാണ്. അതിനിടയിൽ ഇത്തരത്തിലുള്ള ഖാപ് പഞ്ചായത്ത് ശിക്ഷാവിധികൾ നിയമവാഴ്ച നിലനിൽക്കുന്ന ഒരു ജനാധിപത്യ സമൂഹം അംഗീകരിച്ചുകൊടുത്തുകൂടാ. താത്ക്കാലികമായി ചില നീതിനടപ്പാക്കൽ തോന്നലുകൾ ഇത്തരത്തിലുള്ള നടപടികൾ ചിലപ്പോൾ ഉണ്ടാക്കിയേക്കാമെങ്കിലും അത് ആത്യന്തികമായി ദുർബലമാക്കുന്നത് ജനാധിപത്യ നിയമവാഴ്ചയെയാണ്.
ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്ത സംഭവത്തിലെ തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ടാകും. അത് പൊതുവിടത്തിൽ ലഭ്യമല്ല. ക്യാമറ ഓഫാക്കിയതിനു ശേഷം പറഞ്ഞ തെറിയാണല്ലോ പ്രശ്നം. മറ്റൊരു സമാന അഭിമുഖത്തിൽ അയാൾ പറയുന്ന തെറിയും യാതൊരു പ്രതിപക്ഷബഹുമാനമില്ലാത്ത പുലഭ്യം പറച്ചിലും നിലവിലെ കുറ്റാരോപണത്തിൽ അയാളുടെ നില പരുങ്ങലിലാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. നമുക്കിഷ്ടമില്ലാത്തവരെ തെറി പറയുമ്പോഴും നമുക്കിഷ്ടമുള്ളവർ തെറി പറയുമ്പോഴും വാമൊഴി വഴക്കത്തിന്റെയും പച്ചമനുഷ്യന്റെയുമൊക്കെ വൈകാരികതട്ടിപ്പിൽ പൊതിഞ്ഞുപിടിക്കാനുള്ളതല്ല പൊതുവിടങ്ങളിലെ സംവാദ,സംഭാഷണങ്ങളിലെ ജനാധിപത്യമര്യാദകൾക്ക് നേരെയുള്ള ഇത്തരം ദുഷിപ്പുകൾ. ഇഷ്ടമില്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരിക്കാൻ, ചോദ്യങ്ങളുടെ പൊള്ളത്തരം ചൂണ്ടിക്കാട്ടാൻ, എഴുന്നേറ്റ് പോകാനൊക്കെയുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ മറ്റേയാളെ തെറിപറഞ്ഞുകളയാം എന്ന് കരുതുന്നത് സ്ഥൂലവും സൂക്ഷ്മവുമായി സമൂഹത്തിലും വ്യക്തികളിലും പ്രവർത്തിക്കുന്ന ജനാധിപത്യവിരുദ്ധമായ ദുരധികാരപ്രയോഗമാണ്.

ഇത്തരത്തിലുള്ള തെറിപറച്ചിലൊക്കെ സർഗാത്മകതയുടെ ലക്ഷണമായി കണക്കാക്കുന്നത് സർഗാത്മകതയുടെ ദാരിദ്ര്യമനുഭവിക്കുന്ന സമൂഹം മാത്രമാണ്. സംവാദങ്ങളിലും സംഭാഷണങ്ങളിലും കടുത്ത ഹിംസാത്മകത എടുത്തുവീശുകയാണ് സംഭാഷണത്തിലെ തെറിപ്രയോഗംകൊണ്ടു ചെയ്യുന്നത്. അത് ആസന്നമായ ശാരീരിക ഹിംസയുടെ ഭീഷണികൂടിയാണ്. അത് സംഭാഷണത്തിലെ, വ്യക്തിബന്ധത്തിലെ, സാമൂഹ്യബന്ധത്തിലെ അധികാരശ്രേണിയെ വ്യക്തമാക്കുകകൂടിയാണ് ലക്ഷ്യമിടുന്നത്. ഫാഷിസ്റ്റ് രാഷ്ട്രീയാധികാരം ചെയ്യുന്നത് ഈ ഹിംസയെ സാമൂഹ്യവത്ക്കരിക്കുകകൂടിയാണ്. കൂടുതൽ ഹിംസാത്മകമായി പെരുമാറുന്നവർ മിടുക്കന്മാരും ധീരരുമായി സ്വീകരിക്കപ്പെടുകയും ജനാധിപത്യവാദികൾ ദുർബ്ബലരായി അവഹേളിക്കപ്പെടുകയും ചെയ്യുന്നു. ഗാന്ധിക്കെതിരെ ഗോഡ്‌സെയുടെ ഒരാരോപണം അദ്ദേഹം ഹിന്ദുക്കളെ അഹിംസാവാദത്തിന്റെ പേരിൽ ദുർബ്ബലരാക്കികളഞ്ഞു എന്നായിരുന്നു.

നമ്മുടെ സാമൂഹ്യമാധ്യമങ്ങളിലും രാഷ്ട്രീയസംവാദമണ്ഡലങ്ങളിലും കയ്യടി കിട്ടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നവരിൽ വലിയൊരുവിഭാഗം ആളുകൾ ഇത്തരത്തിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള തെറികളിലും ഹിംസാത്മകമായ സംവാദവിരുദ്ധതയിലും അഭിരമിക്കുന്നവരാണ്. നിങ്ങളൊരു ചർച്ചയിൽ പങ്കെടുക്കുമ്പോൾ പ്രസക്തമായ രാഷ്ട്രീയാഭിപ്രായം കോലാഹലമോ വഷളൻ വ്യംഗ്യാലങ്കാരങ്ങളോ കൂട്ടിച്ചേർക്കാതെ പറയുന്നത് അവഗണിക്കപ്പെടാനുള്ള സാധ്യത ഏതാണ്ട് പൂർണ്ണമാണെങ്കിലും എതിരാളിയെ ഇരട്ടപ്പേര് വിളിച്ചാൽ നിങ്ങൾക്ക് കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്. എന്ത് വഷളത്തവും വിളിച്ചുപറയാനുള്ള സാമൂഹ്യപ്രേരണ അതിന്റെ ഉടന്തടി സ്വീകാര്യതയുടെ ആകർഷണത്താൽ നമ്മുടെ സമൂഹത്തിൽ അതിശക്തമാണ്.

സംവാദമോ ഭിന്നാഭിപ്രായങ്ങളുടെ ജനാധിപത്യവ്യവഹാരമോ അല്ല തേച്ചൊട്ടിക്കുകയും വലിച്ചുകീറുകയുമാണ് പുത്തൻരീതി. എതിരഭിപ്രായം പറയുന്നവരെല്ലാം ഊളയും ഊച്ചാളിയുമായി, തിരുത്താതിരിക്കുന്ന തെറി വിപ്ലവപ്രവർത്തനവും ധീരതയുമായി. ശ്രീനാഥ് ഭാസിയോട് അഭിമുഖം നടത്തുന്ന സ്ത്രീ ചോദിക്കുന്ന ചോദ്യങ്ങൾ അവരുടെ മുൻ അഭിമുഖങ്ങളിലേതുപോലെ തീർത്തും അരോചകമാണ്. എന്നാൽ, ഇതുപോലെ നാനാവിധമായ അരോചകവും വഷളുമായ പരിപാടികളാണ് മറ്റ് പലതുമെന്നത് നമുക്ക് വിമർശിക്കാം പക്ഷെ തടയാനാവില്ല. വഷളൻ ചോദ്യങ്ങൾ ജോൺ ബ്രിട്ടാസും ജോണി ലൂക്കോസും മറ്റു രീതിയിൽ സീമയോടും (മിക്ക ജെ ബി ജംങ്ഷനും സമാനമായിരുന്നു) മോഹൻലാലിനോടും ചോദിച്ചത് നാം കേട്ടിട്ടുണ്ട് . പക്ഷെ ” മുഖ്യധാരാ മാധ്യമപ്രവർത്തനത്തിന്റെ ദുർഗന്ധം” നമുക്ക് ശീലമായിപ്പോയി എന്നതാണ് കാര്യം.

ടെലിവിഷൻ ചാനലുകളും അച്ചടിമാധ്യമങ്ങളുമെല്ലാം സിനിമാതാരങ്ങളുടെ വിശേഷങ്ങളിലാണ് വലിയയൊരു ഭാഗം സമയവും സ്ഥലവും നിറയ്ക്കുന്നത്. വളരെ പരിമിതവും ശുഷ്ക്കവുമായ കലാമൂല്യവും കലാകാലജീവിതവുമുള്ള കലാകാരന്മാരും കലാസൃഷ്ടികളും പരമാവധി വാണിജ്യനേട്ടങ്ങൾക്കായി ശ്രമിക്കുക സ്വാഭാവികമാണ്. അവരുടെ ലക്ഷ്യവും അതുതന്നെയാണ്. ഇന്നത്തെ സാമൂഹ്യ-സാമ്പത്തികക്രമത്തിൽ അതൊരു നാട്ടുനടപ്പായായതുകൊണ്ട് അതിൽ തെറ്റുമില്ല. എന്നാൽ അവർ സവിശേഷമായ അധികാരവാകാശങ്ങളുള്ള ഒരു പ്രത്യേക വിഭാഗമായി സ്വയം പ്രഖ്യാപിക്കുന്നത് പ്രശ്നമാണ്. ഇത് വാണിജ്യവിജയം നേടുന്ന ആളുകളിൽ മാത്രമല്ല രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിലും ധനികവിഭാഗങ്ങളിലുംകൂടിയായി രൂപപ്പെടുന്ന പുത്തവർഗ്ഗമാണ്. അയാളുടെ കഷ്ടകാലത്തിന് ശ്രീനാഥ് ഭാസിക്ക് അതിൽ കയറിപ്പറ്റാനുള്ള സാമൂഹ്യമൂലധനം ആർജ്ജിക്കാനായില്ല നിലവിൽ എന്നുമാത്രം. ശ്രീറാം വെങ്കിട്ടരാമനും, ദിലീപിനും, ആർ.ബാലകൃഷ്ണപ്പിള്ളയ്ക്കും കെ.എം.മാണിക്കുമൊക്കെ അതുണ്ട്, ഉണ്ടായിരുന്നു. അതുകൊണ്ടാണ് അഴിമതിയുടെ പേരിൽ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയ്ക്ക് ഇടതുസർക്കാർ കാബിനറ്റ് പദവി നൽകിയതും സ്മാരകത്തിന് കോടികൾ അനുവദിച്ചതും.അഴിമതി തെറിയല്ലല്ലോ !

ശ്രീനാഥ് ഭാസിയുടെ bio samples മയക്കുമരുന്നുപയോഗിച്ചോ എന്ന പരിശോധനക്കായി പോലീസ് ശേഖരിച്ചിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വെച്ചതിനോ ഉപയോഗിച്ചതിനോ അയാൾക്കെതിരെ കേസില്ലെങ്കിൽ ഇത്തരം പരിശോധന സ്വകാര്യതയുടെയും പൗരാവകാശത്തിന്റെയും ലംഘനമാണ്. തെറി പറഞ്ഞതും അസ്വാഭാവിക പെരുമാറ്റവുമാണ് പ്രകോപനമെങ്കിൽ നിയമസഭയിൽ മേശപ്പുറത്തു നൃത്തം ചവിട്ടിയ ശിവൻകുട്ടിയെയൊക്കെ എന്തൊക്കെത്തരം പരിശോധനയ്ക്ക് വിധേയമാക്കണം!

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.