അയ്യപ്പ സേവാസംഘത്തിന്റെ ഭരണസമിതിയിലേക്കല്ല ചെന്നിത്തലേ തെരഞ്ഞെടുപ്പ്

0
62

Pramod Puzhankara യുടെ ഫേസ്ബുക് കുറിപ്പ് 

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്രമേൽ ഹിന്ദുത്വ വർഗീയതയുമായി കോൺഗ്രസ്-ലീഗ് മുന്നണി ഐക്യപ്പെട്ടൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല എന്ന് കോൺഗ്രസ് നേതാക്കന്മാരുടെ ഇന്നത്തെ സ്വാമി അയ്യപ്പൻ പൊറാട്ട് നാടകം വീണ്ടും തെളിയിക്കുന്നു. അയ്യപ്പ സേവാ സംഘത്തിന്റെ ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ് എന്ന മട്ടിലാണ് കാര്യങ്ങൾ. ഒരു മതേതര രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്വാമി അയ്യപ്പനോട് മാപ്പു പറയണമെന്നാണ് തെരഞ്ഞെടുപ്പ് ദിവസത്തിൽ ആദർശ കോൺഗ്രസിന്റെ ആറാട്ട് മുണ്ടൻ ഏ കെ ആന്റണിക്ക് പറയാനുള്ളത്. ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയ ഭീകരതക്കെതിരെ ഒരു വാക്കു പറയാൻ മെനക്കെടുന്നില്ല അന്തോണി.

അയ്യപ്പകോപമെന്ന് ചെന്നിത്തല, അയ്യപ്പശാപവും പകരം വീട്ടലുമെന്ന് ഉമ്മൻചാണ്ടി, വരിവരിയായി പിന്നാലെ സമാന പ്രസ്താവനകളുമായി മറ്റ് കോണ്ഗ്രെസ്സ് നേതാക്കൾ, ഒപ്പം ഭരണമാറ്റത്തിനായി പുളിപ്പുറത്തേറി സാക്ഷാൽ പെരുന്നയിലെ നായർ പോപ്പ്. ബ്രാഹ്‌മണ്യ ഹൈന്ദവാചാര ലംഘനത്തിന് രണ്ടു വർഷം തടവ് ശിക്ഷ നൽകുമെന്ന് പറയുന്ന, തെരഞ്ഞെടുപ്പ് അയ്യപ്പകോപത്തിന്റെ അളവുകോലാക്കുന്ന, സ്വാമി അയ്യപ്പനോട് മാപ്പു പറഞ്ഞാണ് മതേതര രാജ്യത്ത് തെരഞ്ഞടുപ്പ് നടക്കേണ്ടതെന്നു കരുതുന്ന, സവർണ മാടമ്പി സമുദായത്തിന്റെ ഭരണമാറ്റ രാഷ്ട്രീയത്തിന് ഭരണത്തുടർച്ചയുടെ ജനാധിപത്യ വിരുദ്ധതയെക്കുറിച്ച് സിദ്ധാന്തം ചമച്ചുകൊടുക്കുന്ന സണ്ണി കപിക്കാടിനെപ്പോലുള്ള വലതുപക്ഷ ചോറ്റുപട്ടാളം സ്വാമി അയ്യപ്പനുള്ള മാപ്പപേക്ഷക്കായി അംബേദ്ക്കർ സ്‌മൃതിന് സംഘടിപ്പിക്കുന്ന അശ്ളീല രാഷ്ട്രീയവും കാണുകയാണ്.

ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉന്നയിക്കാനുള്ള പ്രശ്നം ആചാരം ലംഘിക്കുന്ന സ്ത്രീകൾക്ക് രണ്ടു വർഷം തടവുശിക്ഷയാണ്. അങ്ങനെ വരിവരിയായി ഹൈന്ദവാചാരം ലംഘിച്ച സ്ത്രീകൾ സെൻട്രൽ ജയിലിലേക്ക് നടന്നുപോകുന്ന ആ സുന്ദര കാലത്തിലെ സുപ്രഭാതങ്ങൾക്കു വേണ്ടിയാണ് യു ഡി എഫിനായി സിദ്ധാന്തവും കവിതയും സമാസം ചേർത്തു വാദിക്കുന്ന പണ്ട് ഞാനുമൊരു ഇടതുപക്ഷ തീപ്പൊരിയായിരുന്നു ഇപ്പോൾ ബോൾഷെവിക്കാണ് എന്നുവരെ പറയുന്ന പുത്തൻകൂറ്റുകാരുടെ ആക്രോശങ്ങൾ. ഇതിലേറെ കാപട്യവും ജനവഞ്ചനയും വേറെന്തുണ്ട്!

മതത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ഉള്ളിൽ മനുഷ്യനെ തളച്ചിടുന്ന ബ്രാഹ്മണ്യ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനതിരെ പടപൊരുതി പുറത്തുവന്ന മനുഷ്യരെ വീണ്ടും അതേ ആലയിലേക്ക് ആട്ടിത്തെളിക്കാൻ കരാറെടുത്ത ദല്ലാളുകളാണ് ഭരണത്തുടർച്ച ജനാധിപത്യവിരുദ്ധതയാണ് എന്ന തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത്. കേരളത്തിൽ ഇന്ന് നടക്കുന്നത് ഒരു നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമല്ല, ഇന്നുവരെ നേടിയ എല്ലാതരത്തിലുള്ള നാഗരികതയുടെ രാഷ്ട്രീയ മൂല്യബോധത്തെയും തകർക്കാനുള്ള ഇടതുപക്ഷവിരുദ്ധ മഹാസഖ്യത്തിനെതിരായ പോരാട്ടം കൂടിയാണ്. രാവിലെ മുതൽ ശബരിമല എന്നെഴുതിക്കാണിച്ചുകൊണ്ട് യു ഡി എഫിനായി വോട്ടു ചോദിക്കുന്ന മാധ്യമങ്ങളുമായുള്ള പോരാട്ടമാണ്. ഇതിൽ വിജയിക്കേണ്ടത് ഒരു ആധുനിക സമൂഹം എന്ന നിലയിൽ നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്തമാണ്.