കടൽക്കൊലക്കേസിൽ ഇറ്റാലിയൻ നാവികർക്കായി ഒറ്റുപണിയെടുത്ത സഭ കോൺഗ്രസിന് വോട്ടും ചോദിച്ചിറങ്ങി

57

Pramod Puzhankara യുടെ സോഷ്യൽ മീഡിയയിൽ മീഡിയ പോസ്റ്റ്

കൊല്ലം രൂപതയുടെ ഇടയലേഖനവും ജപമാലയും പതിവുപോലെ തെരഞ്ഞെടുപ്പിന് മുമ്പായി വിശ്വാസികൾക്കായി എത്തിയിട്ടുണ്ട്. എന്തേ വന്നില്ല എന്നുള്ള അത്ഭുതമേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ അമ്പരപ്പൊന്നുമില്ല. ആഴക്കടലും തീരക്കടലും പോയിട്ട് ഈ ഭൂമി മുഴുവൻ സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും തീറെഴുതിക്കൊടുത്താലും വിരോധമില്ലാത്ത പാദസേവകരാണ് ഇപ്പോൾ കേന്ദ്ര സർക്കാരിനൊപ്പം കേരളവും എന്ന സുഭാഷിതം പാടി തങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ ഇടയവടികളുമായി ഇറങ്ങിയിരിക്കുന്നത്. കർദിനാളും ബിഷപ്പും പിന്നെ കൂറിലോസും മാറിലോസും അനിയൻ ബാവയും ചേട്ടൻ ബാവയുമൊക്കെ മോദിയേയും അമിത് ഷായെയും കാണാൻ വിശുദ്ധ ശ്രീധരൻ പിള്ള പുണ്യാളാ ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥനാകേണമേ എന്ന് പ്രാർത്ഥിക്കുകയാണ്. എന്നിട്ടിവിടെ മത്സ്യത്തൊഴിലാളികളെ പറ്റിക്കാനൊരു ഇടയലേഖനം. കടൽക്കൊലക്കേസിൽ ഇറ്റാലിയൻ നാവികർക്കായി ഒറ്റുപണിയെടുത്ത സഭയാണിപ്പോൾ കോൺഗ്രസ് മുന്നണിക്ക് വോട്ടും ചോദിച്ചിറങ്ങിയിരിക്കുന്നത്.

വാസ്തവത്തിൽ ക്രിസ്ത്യൻ സഭകൾ ഇടതുവിരോധത്തിൽ ഇതൊക്കെ ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളു. കുപ്രസിദ്ധമായ വിമോചന സമരക്കാലത്ത് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സർക്കാരിനെ അട്ടിമറിക്കാൻ ആളും അർത്ഥവുമായി നിറഞ്ഞാടിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പുള്ളിപ്പുലിയുടെ പുള്ളി പോലെ സഭയ്ക്ക് ഇപ്പോഴുമുണ്ട്. അന്ന് ലോകമാകെ പടരുന്ന കമ്മ്യൂണിസ്റ്റ് ഭീഷണിയിൽ നിന്നും കേരളത്തെയും ലോകത്തെയും രക്ഷിക്കാൻ കേരളത്തിലേക്കൊഴുക്കിയ പണത്തിനു കണക്കില്ല. ഉള്ള കണക്കിലാണെങ്കിൽ ഇന്ത്യയിലെ കത്തോലിക്കാ പാതിരിമാർക്ക് 1959-ലെ ആദ്യത്തെ നാലുമാസം മാത്രം 370 ലക്ഷം രൂപ വിദേശപണം ലഭിച്ചുവെന്ന് പാർലമെൻറ്റിൽ എ കെ ജിയുടെ ചോദ്യത്തിന് നൽകിയ മറുപറിയിൽ സർക്കാർ അറിയിച്ചിരുന്നു.

Anti Communism Crusade, Moral Rearmament Movement തുടങ്ങിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ ആഗോള ക്രിസ്ത്യൻ സുവിശേഷ സംഘടനകൾ കേരളത്തിലേക്ക് മിഷണറിമാരുടെയും പണത്തിന്റെയും ഒഴുക്കാണ് നടത്തിയത്. വിമോചന സമരത്തിന് ശേഷം സമരനേതാക്കളിൽ മുഖ്യനായിരുന്ന മന്നത്തു പദ്മാനഭനടക്കമുള്ളവരെ സ്വിട്സർലാന്റിലെ തങ്ങളുടെ ആസ്ഥാനത്തു കൊണ്ട് പോയി യൂറോപ്പൊക്കെ കറക്കി കാണിച്ചാണ് MRA തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്. ക്രിസ്ത്യാനികൾക്കും ഇത്ര നന്മയോ എന്ന് നായർ പ്രമാണി അത്ഭുതം കൂറിയിട്ടുമുണ്ട്. സ്പീക്കറാവാൻ തൊപ്പിയൂരിയ ലീഗ് നേതാവ് സി എച് മുഹമ്മദ് കോയയും പോയി ഈ വിരുന്നുണ്ണാൻ. കോയയും സാമാന്യത്തിലേറെ അനുഭവിച്ച വിരുന്നിന്റെ രസം എഴുതിവെച്ചു. സുഭിക്ഷമായൊരു സദ്യയായിരുന്നു മൊത്തത്തിൽ വിമോചന സമരം അതിന്റെ നേതാക്കൾക്കും പങ്കാളികൾക്കും എല്ലാ അർത്ഥത്തിലും. ആ സഭയ്ക്കറിയാം എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരെ എതിർക്കേണ്ടതെന്ന്!

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്തൊക്കെ മാറ്റങ്ങളുണ്ടായാലും കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ വിരുദ്ധതയിൽ ക്രിസ്ത്യൻ സഭയ്ക്കും മലയാള മനോരമയ്ക്കും ഒരു മാറ്റവുമുണ്ടായിട്ടില്ല. അതിപ്പോൾ സൂചനകളും കുരുക്കുമായി കഴിഞ്ഞ നാളുകളിലൊക്ക ഒന്നുകൂടി ബോധ്യമായത് നന്നായി.

MRA -യുടെ കേരളത്തിലെ ജിഹ്വ മലയാള മനോരമയായിരുന്നു. 1961-ൽ ബ്രസീലിൽ നടന്ന MRA ആഗോള സമ്മേളനത്തിൽ മനോരമയുടെ കെ എം ചെറിയാൻ പ്രസംഗിച്ചു. കമ്മ്യൂണിസത്തിനെതിരായ ആഗോളയുദ്ധത്തിനു തന്റേതായ ആക്രമണ തന്ത്രങ്ങൾ അവിടെ അദ്ദേഹം സംഭാവന ചെയ്യുന്നുണ്ട്; ” കമ്മ്യൂണിസ്റ്റുകാർ അവരുടെ ഏജൻറ്റുമാരെ ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും പോകുവാൻ പരിശീലിപ്പിച്ചിരിക്കുകയാണ്. MRA -യെ ഉപയോഗപ്പെടുത്തി കേരളത്തിൽ നിന്നും ജപ്പാനിൽ നിന്നും ഒരു പ്രത്യാക്രമണം നടത്തേണ്ടതുണ്ട്. ഈ രണ്ടു വഴിയിലൂടെയുള്ള കടന്നാക്രമണം ലോകത്തെ രക്ഷിക്കും. ഈ മഹത്തായ ധാർമ്മിക പുനരായുധീകരണ പ്രസ്ഥാനത്തിനുവേണ്ടി എന്റെ പത്രവും എന്റെ സമ്പത്തും ഞാൻ സമർപ്പിക്കുകയാണ്.”
ജപ്പാനിലെ കാര്യം എന്തായാലും, കേരളത്തിൽ കെ എം ചെറിയാന്റെ വാഗ്ദാനം പോലെ മനോരമ ഇപ്പോഴും ലോകരക്ഷക്കായുള്ള കടന്നാക്രമണം തുടരുകയാണ്.

കൃസ്ത്യൻ സഭകളും അവരുടെ കൂലിയെഴുത്തുകാരും വിമോചനസമരക്കാലത്തു നടത്തിയ നുണപ്രചാരണത്തിന്റെ ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന ഇക്കാലത്ത് ഇപ്പോഴത്തെ ഇടയലേഖനത്തിന്റെ വ്യാകരണം എവിടെനിന്നാണ് എന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. കമ്മ്യൂണിസ്റ്റുകാരെക്കുറിച്ച് സഭ എഴുതിക്കൂട്ടിയ വിഷലിപ്തമായ കള്ളങ്ങളും ആക്രമണങ്ങളും ഒരു മാതൃകയ്ക്ക് ചിലതു നോക്കാം.വിമോചനസമരക്കാലത്ത് വരാപ്പുഴ വികാരി ജനറൽ എ ലന്തപ്പറമ്പിൽ “സമത്വ സുന്ദരമായ സോവിയറ്റ് സ്വർഗം?” എന്ന ലഘുലേഖയിൽ വിശ്വാസികളെ തിരുസിംഹാസന ശാസനം ഓർമ്മപ്പെടുത്തിക്കൊണ്ട് പറയുന്നു, ” കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സിദ്ധാന്തങ്ങൾ സ്വീകരിക്കുകയോ അവയെ പിന്താങ്ങാനും പ്രചരിപ്പിക്കാനും ഏതെങ്കിലും വിധത്തിൽ പ്രവർത്തിക്കുകയോ ചെയ്യുന്ന കത്തോലിക്കൻ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗത്വമുള്ളവനായാലും അല്ലെങ്കിലും ശരി, കത്തോലിക്കാ വിശ്വാസം പരിത്യജിച്ചവനായി കരുതപ്പെടും. അതിനാൽ അവ സ്വീകരിക്കുന്നവനും അവനെ സഹായിക്കുന്നവരും മഹറോൻ ശിക്ഷയിൽ ഉൾപ്പെടും.”

ഇങ്ങനെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം കുത്തിവെച്ച വിശ്വാസികളെയാണ്, പിൽക്കാലത്ത് സഭ പരസ്യ പ്രചാരണത്തിൽ നിന്നും പിന്നോട്ട് പോയെങ്കിലും അവർ ബാക്കിയാക്കിയത്. ആ നിക്ഷേപത്തിലാണ് ഇപ്പോഴും അവരിറക്കുന്ന ഇടയലേഖനങ്ങളും. എന്നാൽ വിശ്വാസികളായ ക്രിസ്ത്യാനികൾക്ക് വലിയ പങ്കിനും സാത്താനും മാർക്‌സും ചേട്ടാനിയന്മാരല്ല എന്ന തിരിച്ചറിവ് വന്നിട്ടുണ്ട് എന്നതാണ് സഭയുടെ ആധിയിപ്പോൾ.

സോവിയറ്റെന്നൊരു നാടുണ്ടത്രെ പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം !, എന്ന് കമ്മ്യൂണിസ്റ്റുകാർ പറഞ്ഞ ആ കാലത്ത് സോവിയറ്റ് റഷ്യ തന്നെയായിരുന്നു കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ പ്രധാന പ്രമേയം. പള്ളിയുടെ ലഘുലേഖയിൽ (‘മാർക്സിസത്തിൽ കുടുംബജീവിതമോ?’ നരിക്കുഴി ) ഒട്ടും ഉളുപ്പില്ലാതെ പച്ചക്കള്ളം ഇങ്ങനെ എഴുതിപ്പിടിപ്പിക്കുന്നു, “ഒരു യുവതി ഒരാളെ മാത്രം ഭർത്താവാക്കുന്നത് രാജ്യദ്രഹമായി പ്രഖ്യാപിച്ച ലെനിന്റെ രാഷ്ട്രമാണ് റഷ്യ. വിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഒറ്റപ്പെടുത്തി അകലെയുള്ള പാടത്തും ഫാക്ടറിയിലും വേല ചെയ്യാൻ വിട്ടു. അവിടെ അവർ ഏതെങ്കിലും ഒരാളുമായി പ്രേമബന്ധത്തിൽ ചേർന്നുകൊള്ളണം…സ്ത്രീകൾ പൊതുസ്വത്താണ്. ആരുടേയും വകയല്ല. എല്ലാവർക്കും എപ്പോഴും വേണ്ടിയുള്ളവരാണ്. ഒരു പുരുഷനും ഒരു സ്ത്രീയെയും സ്വന്തമായി പാർപ്പിക്കരുത്.”

കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ഏതറ്റം വരെയും പോയി സഭ.
എന്തായാലും ക്രിസ്ത്യൻ സഭകൾക്കും കോൺഗ്രസിനും മന്നത്തിനും മറ്റ് വിമോചന സമര കൂട്ടാളികൾക്കുമൊക്കെ സ്വന്തം വാഗതാത്പര്യം നിലനിർത്തുന്നതിനൊപ്പം കൈ നിറയെ കാശും കിട്ടി. എസ് എൻ ഡി പി-കോൺഗ്രസ് നേതാവായിരുന്ന ആർ ശങ്കർ ഇ എം എസ് ആർക്കാരിനെ പിരിച്ചുവിട്ടതിനുശേഷമുള്ള പത്രസമ്മേളനത്തിൽ അമേരിക്കൻ ചാരസംഘടനയായ സി ഐ എക്ക് നന്ദിയും പറഞ്ഞു. സി ഐ എ അത്ര പരസ്യമായ നന്ദിപ്രകടനം ആവശ്യപ്പടാത്ത നന്മ നിറഞ്ഞവരായതുകൊണ്ട് അവരത് മുക്കിപ്പിച്ചു.
ഭൂവുടമകളും ധനികരും സമുദായ പ്രമാണിമാരുമായിരുന്നു എല്ലായിടത്തും സമരനേതാക്കൾ. കുട്ടനാട്ടിൽ നാലായിരം ഏക്കറിന്റെ ഉടമയായ കാവാലത്തെ തോമസ് ജോസഫ് ആയിരുന്നു സമരസമിതി പ്രസിഡണ്ട്. പ്രമാണിമാരുടെ സമരത്തിൽ മന്നം രഥത്തിലും പള്ളിയും പട്ടക്കാരും നുണകളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേന്ദ്ര സർക്കാരുമായി ഇറങ്ങി. എന്തായാലും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാരിനെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു. അതൊക്കെയും ശേഷവും ചരിത്രമാണ്.

അപ്പോൾ പറഞ്ഞുവന്നത് കൊല്ലം രൂപതയുടെ ഇടയലേഖനം ഒരു ചരിത്രത്തുടർച്ചയാണ് അതിൽ അമ്പരക്കണ്ട എന്നാണ്. വലതുപക്ഷ മുന്നണിയുടെ പരാജയം രണ്ടുതരത്തിൽ കേരളത്തിലെ മത, സാമുദായിക രാഷ്ട്രീയത്തെയും സ്ഥാപനങ്ങളെയും ദുർബലമാക്കും. ഒന്ന്, പ്രത്യക്ഷത്തിൽ തങ്ങൾക്ക് രാഷ്ട്രീയ ഭാഗധേയം ഇല്ലാത്ത ഒരു സംവിധാനം തുടരുന്നതോടെ വിലപേശലിനുള്ള സമ്മർദ്ദതന്ത്രം ദുർബലമാകും. രണ്ട്, കൂടുതൽ ജ്ഞാന മണ്ഡലത്തിലേക്ക് തുറക്കുന്ന സമൂഹം ഇതുവരെ നടത്തിയ ശബരിമലയടക്കമുള്ള യാഥാസ്ഥിതിക പ്രചാരണങ്ങളെ തള്ളിക്കളഞ്ഞു എന്നുവന്നാൽ അത് സകല മത ചൂഷകരുടെയും സ്വാഭാവികമായ അധികാര ശോഷണത്തിലേക്ക് ചെറിയൊരു പടി മുന്നോട്ടു വെക്കലാകും, അമിത പ്രതീക്ഷ വേണ്ടെങ്കിലും.
അപ്പോൾ ഇത്രയൊക്കെയായാലും ഈ കള്ളപ്രചാരണങ്ങൾക്കെതിരെ നിരന്തരം ഏറ്റുമുട്ടിക്കൊണ്ടുമാത്രമേ ഇടതുപക്ഷ രാഷ്ട്രീയത്തിന് മുന്നോട്ടുപോകാനാകൂ. അല്ലെങ്കിൽ അസംബന്ധമെന്ന് നിസംശയം യുക്തിസഹമായി കരുതാവുന്ന നുണപ്രചാരണങ്ങൾ പോലും സമൂഹത്തിൽ വേരോടും അതൊരു സൂക്ഷ്മമായ ചരിത്രപാഠം കൂടിയാണ്. അത്തരം പ്രചാരണങ്ങളെ അവഗണിച്ചുകൊണ്ട് പ്രകോപിപ്പിക്കാതിരിക്കാം എന്ന് കരുതുന്നത് അതിലേറെ അപകടമാണ്, നമ്മൾ പ്രകോപിപ്പിച്ചാലും ഇല്ലെങ്കിലും അവരുടെ ശത്രുക്കൾ ഇടതുപക്ഷം തന്നെയാണ്.

ഇത്രയധികം ആളുകളെ എങ്ങനെയാണ് വിമോചന സമരക്കാർക്ക് കൂടെക്കൂട്ടാൻ കഴിഞ്ഞത് എന്നതിനെക്കുറിച്ച് വിമോചന സമരക്കാലത്തിറക്കിയ “വിരുദ്ധ മുന്നണിയും കമ്മ്യൂണിസ്റ്റുകാരും” എന്ന ലഘുലേഖയിൽ ഇ എം എസ് ഇങ്ങനെ പറയുന്നു, ” ഈ ചോദ്യങ്ങൾക്കുള്ള മറുപടി രണ്ടു വാക്കുകൾ മാത്രമടങ്ങുന്ന ഒരു ചെറുവാചകമാണ്- നുണ പറഞ്ഞിട്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെപ്പറ്റി, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാരെപ്പറ്റി, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ ആചാര്യന്മാരെയും പറ്റി,സോവിയറ്റ് യൂണിയനേയും ചൈനയേയും പറ്റി – എല്ലാം തന്നെ വെള്ളം കൂട്ടാത്ത തനിക്കള്ളം പറഞ്ഞുപരത്തിയിട്ടാണവർ നാട്ടുകാരിലൊരു വിഭാഗത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയിൽ നിരത്തുന്നത്.”
നുണ അവഗണിക്കേണ്ട ഒരു മനോവൈകൃതമല്ല, അതൊരു പിന്തിരിപ്പൻ രാഷ്ട്രീയ അജണ്ടയാണ്. അതുകൊണ്ട് നുണകൾക്കെതിരെ രാഷ്ട്രീയ ശരികളുയർത്തിപ്പിടിക്കുക എന്നത് ജാഗ്രതയുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കൂടിയാണ്.