രാഷ്ട്രീയ ക്ഷുദ്രതയുടെ മാത്രമല്ല, പൗരബോധത്തിന്റെ അധഃപതനത്തിന്റെ കൂടി അശ്ളീല പ്രതിനിധികളായി മാറിയിരിക്കുന്നു കേരളത്തിലെ പ്രതിപക്ഷം

86
Pramod Puzhankara
Cartoon – Vr Ragesh

രാഷ്ട്രീയ ക്ഷുദ്രതയുടെ മാത്രമല്ല, പൗരബോധത്തിന്റെ അധഃപതനത്തിന്റെ കൂടി അശ്ളീല പ്രതിനിധികളായി മാറിയിരിക്കുന്നു കേരളത്തിലെ പ്രതിപക്ഷം. വളരെ കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ദരിദ്ര സംസ്ഥാനമാണ് ആഗോളതലത്തിലെ മാനദണ്ഡങ്ങൾ വെച്ചുനോക്കിയാൽ കേരളം. അത്തരത്തിലൊരു സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയടക്കമുള്ള മഹാമാരികൾ പടർന്നുപിടിക്കാതിരിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഒരു പരിധി വരെ വിജയിക്കുന്നതിനുള്ള കാരണം കേരളത്തിലെ പൊതുജനാരോഗ്യമേഖലയുടെ സാമൂഹ്യഘടനയാണ്. ഇത്തരത്തിലൊരു പൊതുജനാരോഗ്യ സംവിധാനവും ജീവിതശൈലിയേയും അതിന്റെ സാമൂഹ്യനിലവാരത്തെയും കുറിച്ച് മലയാളി സമൂഹം അതിന്റെ നാനാവിധമായ രാഷ്ട്രീയ സമരങ്ങളിലൂടെയും ആഗോളപരിചയത്തിലൂടെയും ഉണ്ടാക്കിയെടുത്ത സാമൂഹ്യബോധവുമാണ് ഒരു സ്വയംസന്നദ്ധപ്രവർത്തനത്തിന്റെ മാതൃകയിൽ കേരളത്തിന് ഇത്തരം ആരോഗ്യവിപത്തുകളെ അതിജീവിക്കാൻ കഴിയുന്നതിന്റെ കാരണം. പ്രാഥമികതലത്തിൽത്തന്നെ ഈ അതിജീവനം നടന്നില്ലെങ്കിൽ രണ്ടാമത്തെയും മൂന്നാമത്തെയും തലത്തിൽ വേണ്ടിവരുന്ന ഭീമമായ അടിസ്ഥാനസൗകര്യങ്ങളോ അതൊരുക്കാനുള്ള സാമ്പത്തികശേഷിയോ ഈ സംസ്ഥാനത്തിനില്ല. അതുകൊണ്ടുതന്നെ പ്രാഥമികതലത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിജയിക്കുക എന്നത് ഏതാണ്ടൊരു ജീവന്മരണ പോരാട്ടമാണ്.!

അപ്പോഴാണ് ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്ന പ്രതിപക്ഷ നേതാവിന്റെ കുശുമ്പും അവർ നന്നായി വിശ്രമിക്കണമെന്നും അല്ലെങ്കിൽ വായിൽതോന്നിയത് വിളിച്ചുപറയും എന്ന മട്ടിലുള്ള ലീഗ് നേതാവ് മുനീറിന്റെ ആക്ഷേപവും. കൊറോണ ഒരു രാഷ്ട്രീയ രോഗമല്ല എന്നെങ്കിലും തിരിച്ചറിയാനുള്ള പഠിപ്പ് ഏതോ കാലത്ത് ഡോക്ടറായിരുന്ന മുനീറിന് ഉണ്ടാകേണ്ടതാണ്. അതിനു പാണക്കാട്ടെ തങ്ങളുടെ മന്ത്രവാദ തട്ടിപ്പിന്റെ ചികിത്സ പോര.!
ഇതുപോലൊരു പ്രതിസന്ധിഘട്ടത്തിൽ, പൊതുസമൂഹത്തിന്റെ സമ്പൂർണ സഹകരണത്തോടെ മാത്രം നേരിടാവുന്ന ഒരു സംവിധാനത്തിൽ ജനങ്ങളോട് എല്ലാ ദിവസവും ഇതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയിക്കുക എന്നത് ഒരു ജനപ്രതിനിധിയുടെയും സർക്കാരിന്റെയും ചുമതലയാണ്. അതൊരു സാമാന്യമായ ജനാധിപത്യ പ്രക്രിയയാണ്. ജനങ്ങളോട് ജനാധിപത്യ മര്യാദയോടെ ആശയവിനിമയം നടത്തുക എന്നുള്ള അനിവാര്യമായ രാഷ്ട്രീയ ചുമതല, അതിപ്പോൾ കൊറോണ ഇല്ലെങ്കിൽപ്പോലും വേണ്ടതാണ്. വലിയ കുഴപ്പം കൂടാതെ ചെയ്യുന്നു എന്നതിനെ ജനാധിപത്യപരമായ സുതാര്യതയായാണ് കാണേണ്ടത്. അങ്ങനെ ചെയ്യാത്ത അതാര്യമായ ഒരു ഭരണസംവിധാനത്തെ ജനങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്തതിന്റെ ഹുങ്കാണ് ചെന്നിത്തലയും മുനീറും നടത്തുന്ന ഈ ആക്ഷേപത്തിന് പിന്നിലുള്ളത്. ഈ സർക്കാരിലും ഇത്തരത്തിലുള്ള ജനാധിപത്യ സുതാര്യത നാം കാണാത്തതുകൊണ്ടാണ് അതിൽ നിന്നും വ്യത്യസ്തമായി സംസാരിക്കുന്ന കെ.കെ. ശൈലജക്ക് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത്.!
Image result for ramesh chennithala AND SHAILAJA TEACHERഇത്തരത്തിലുള്ള ഏതെങ്കിലും ഒരു പ്രശ്നത്തോട് ശാസ്ത്രീയമായ പ്രതികരണങ്ങൾ നടത്താനുള്ള കഴിവില്ലായ്മ കേരളത്തിലെ പ്രതിപക്ഷം തെളിയിച്ചുകഴിഞ്ഞതാണ്. ശാസ്താവും കർത്താവുമടക്കമുള്ള ദൈവങ്ങളൊക്കെ രോഗാവധിയെടുത്ത് ഒളിവിൽ പോയതിനാൽ ഇത്തവണത്തെ കല്ലേറിൽ നിന്നും മുക്തനായ ചെകുത്താൻ മാത്രമാണ് ഓടിപ്പോകാത്ത കക്ഷി. വള്ളിക്കാവിലെ സുധാമണി കെട്ടിപ്പിടിത്ത ശുശ്രൂഷ നിർത്തുകയും ചെയ്തു. യേശുവിന്റെ നാമത്തിൽ ആരെങ്കിലും കൃപയിൽ തട്ടിവീഴാത്തവരുണ്ടെങ്കിൽ അവർക്ക് കൃപാസനത്തിൽ കിടന്നാലും രക്ഷയില്ല എന്നാണു സ്ഥിതി. അതായത് ആർത്തവ സവർണ്ണ മുന്നണിയുടെ നാമജപത്തെറികൾക്കൊണ്ട് പരിഹാരം കാണാവുന്ന ഒരു പ്രശ്നമല്ല ഇത്. സിദ്ധ, യുനാനി തുടങ്ങി സർക്കാർ പണം മുടക്കി നാട്ടുകാരെ പറ്റിക്കുന്ന നാനാവിധ ലാടവൈദ്യങ്ങൾക്കൊണ്ടും ഇതിനെ നേരിടാനാകില്ല. അതുകൊണ്ട് തത്ക്കാലം ആധുനിക വൈദ്യശാസ്ത്രവും കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനവും പൗരസമൂഹവും ചേർന്നുനിൽക്കുന്ന ഒരു പരിഹാരമാണ് സർക്കാരിന്റെ നേതൃത്വത്തിൽ ഉണ്ടാകേണ്ടത്. ആ അവസരത്തിലാണ് ടീച്ചർ ഒന്നുറങ്ങണം, വിശ്രമിക്കണം, മീഡിയ മാനിയ തുടങ്ങിയ പതിനാറാം തരം ആരോപണങ്ങളുമായി പ്രതിപക്ഷം വരുന്നത്.!
Image result for corona keralaഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും കൊറോണ പരിശോധനയുടെ ആദ്യഘട്ടം നടത്താനുള്ള സംവിധാനമൊരുക്കേണ്ട കേന്ദ്ര സർക്കാർ, മധ്യപ്രദേശിലെ സർക്കാരിനെ അട്ടിമറിക്കാനും സിന്ധ്യയെ വിലയ്ക്കു വാങ്ങാനും നടക്കുകയായിരുന്നു. കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും രോഗപ്പടർച്ചയെ അതിന്റെ ശൃംഖല നോക്കി പിന്തുടരുന്ന സംവിധാനമിതുവരെ ഇല്ല. അതിനിടയിൽ ഇറ്റലിയിൽ നിന്നും വന്ന പത്തനംതിട്ടക്കാർക്ക് വേണ്ടി പ്രതിപക്ഷത്തിന്റെ മനുഷ്യാവകാശ വേദന ഉയർന്നതിന്റെ കാരണം തത്ക്കാലം ഔചിത്യം കൊണ്ട് പറയാതിരിക്കാം.!
ലോകം മുഴുവൻ കൊറോണ ഭീതിയിലും അതിനെതിരായ പ്രതിരോധപ്രവർത്തനത്തിലും ഏർപ്പെട്ട സമയത്ത്, ഈ രോഗം നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കി പടർന്നുപിടിക്കുന്ന ഇറ്റലിയിൽ നിന്നും വന്ന പ്രവാസി ധനികർക്ക് അതിന്റെ പരിശോധനയ്ക്കും കരുതലിനും പ്രത്യേക ക്ഷണക്കത്തു നൽകിയില്ല എന്നതാണ് പ്രശ്നമെങ്കിൽ അതൊരു വല്ലാത്ത പ്രശ്നമാണ്. നാഴികയ്ക്ക് നാല്പതുവട്ടം നമുക്കെല്ലാം പൗരബോധത്തെക്കുറിച്ച് ക്ളാസെടുക്കുന്നതും ഇക്ക്കൂട്ടരൊക്ക എന്നത് വീണ്ടും ഈ ഘട്ടത്തിൽ പറയാതെ മാറ്റിവെക്കുന്നു.!!
കേരളത്തിന്റെ രാഷ്ട്രീയ സമരങ്ങളാണ് ഇത്തരത്തിലൊരു പൊതുജനാരോഗ്യ സമ്പ്രദായത്തെ സൃഷ്ടിച്ചത്. ഒരു സ്വകാര്യ ആശുപത്രിയും കൊറോണ ബാധിതരെ അന്വേഷിച്ച് സേവനവുമായി ഇറങ്ങില്ല. സുധാമണിയുടെ ആശുപത്രിയിലും ഒരു സാമൂഹ്യപ്രതിബദ്ധതയുടെയും വൈറസ് ബാധിക്കുന്നില്ല. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഇത്തരം അടിയന്തര ഘട്ടങ്ങളിൽ സർക്കാർ നിയന്ത്രണത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കുകയാണ് വേണ്ടത്.!
യേശു സുവിശേഷക്കാരുടെയും സുധാമണി കെട്ടിപ്പൂടിതട്ടിപ്പിന്റെയും സംസം വെള്ളത്തിന്റെയുമൊക്കെ ശാസ്ത്രവിരുദ്ധ തട്ടിപ്പ് തുറന്നുകാട്ടുക കൂടിയാണ് ഈ ഘട്ടത്തിൽ നാം ചെയ്യേണ്ടത്. അതിനു പകരം ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ എന്ന് പറയുന്ന അല്പന്മാരെ എന്താണ് ചെയ്യേണ്ടത്! ജനസമ്പർക്ക പരിപാടി എന്ന പേരിൽ ആളുകൾ നിലത്തിഴഞ്ഞുവന്നു ഔദാര്യം സ്വീകരിക്കാൻ നിൽക്കേണ്ടി വന്നിരുന്ന ആഭാസങ്ങൾ നടത്തിയിരുന്ന ഉമ്മന്ചാണ്ടിയുടെയൊക്കെ സഹചാരികളാണ് ഈ രമേശ, മുനീറൻമാർ എന്നതാണ് തമാശ.!!
ഒരു സ്ത്രീയാണ് ഇത്തരത്തിൽ പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ മുന്നിൽ നിൽക്കുന്നത് എന്നുള്ളതുകൊണ്ടുള്ള പുരുഷപ്രമാണിമാരുടെ അമർഷം കൂടിയാണത്. ഇതേ പുരുഷാധിപത്യ സമൂഹമാണ് കൂടെ നിന്നാൽ മതി ടീച്ചറമ്മ കാത്തോളും എന്ന വഷളൻ വർത്തമാനങ്ങളുമായി അവരെ അമ്മദൈവമാക്കാൻ ശ്രമിക്കുന്നതും. ഒരു സ്ത്രീക്ക് ഇത്തരത്തിലൊരു രാഷ്ട്രീയ, ഭരണ നൈപുണ്യം ഉണ്ടാകാനുള്ള സാമാന്യവും സാധാരണവുമായ സാധ്യതകളെയാണ് ഇത്തരത്തിലുള്ള അമ്മദൈവമാക്കുന്നതിലൂടെ തമസ്കരിക്കാനും തിരസ്കരിക്കാനും ശ്രമിക്കുന്നത്.!
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സർക്കാരും ഒരു ജോലിയാണ് ചെയ്യുന്നത്. അത് സാമാന്യമായ ഉത്തരവാദിത്തത്തോടെ ചെയ്യുന്നത് പോലും മഹാത്ഭുതമായി മാറുന്നുണ്ടെങ്കിൽ എത്ര ആഴത്തിലാണ് നമ്മുടെ ജനാധിപത്യ ഭരണനിർവഹണത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ നമ്മിൽ നിന്നും ഇല്ലാതായിരിക്കുന്നത് എന്ന ഭീതിദമായ വെളിപാടുകൂടിയാണ് കേരളത്തിലെ കൊറോണ, നിപ്പ കാലങ്ങൾ. ഒരു സമൂഹത്തിന്റെ അസ്തിത്വ പ്രശ്നങ്ങളോട് എത്ര ദരിദ്രമായാണ് രാഷ്ട്രീയ വർഗം പ്രതികരിക്കുക എന്നതിന്റെ മറ്റൊരു തിരിച്ചറിവാണ് ചെന്നിത്തലയും മുനീറും പറഞ്ഞതരത്തിലുള്ള ക്ഷുദ്രതകൾ.!!