തുടർഭരണം ജനാധിപത്യവിരുദ്ധമാണെന്ന ചർച്ച വന്നത് ഇടതുപക്ഷ തുടർഭരണമെന്ന സാധ്യത വന്നപ്പോൾ മാത്രമാണ്

41

പ്രമോദ് പുഴങ്കരയുടെ സോഷ്യൽ മീഡിയ പോസ്റ്റ്

ഇപ്പോൾ കേരളത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ചർച്ച ചെയ്യുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നത് എങ്ങനെയാണ് വ്യാജമായ പൊതു ആഖ്യാനങ്ങൾ ഉണ്ടാക്കിയെടുക്കുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണ്. ഇത്തരം narrative-കളുടെ പൊതുസ്വഭാവം അതിന്റെ കാതലായി കണക്കാക്കുന്ന കാര്യം അവ്യക്തവും അടിസ്ഥാനരഹിതവും ആയിരിക്കും എന്നതാണ്. വാർത്തകൾ വാണിജ്യവത്കരിക്കപ്പെട്ട ചരക്കായി മാറിയതോടെ വില്പനയുടെ സാമ്പത്തിക താത്പര്യങ്ങൾ മാത്രമല്ല അതിനുവേണ്ട രാഷ്ട്രീയ താത്പര്യങ്ങളും വാർത്തയുടെ നിർമ്മാണത്തിന് പിന്നിലുണ്ടെന്നുവന്നു. ഇത് കേരളത്തിൽ മാത്രമല്ല ലോകത്തെങ്ങും നടക്കുന്നതാണ്. രാഷ്ട്രീയ-സാമ്പത്തിക സാമൂഹ്യ സംഘർഷങ്ങളെ പ്രതിഫലിപ്പിക്കാത്ത ഒരു മേഖലയും മനുഷ്യ സമൂഹത്തിലില്ല. അതുകൊണ്ടുതന്നെ വിവിധതരം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകളിലും അതൊക്കെ കാണാം.

വാമൊഴിയെ ലിഖിത രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോ അതിന്റെ നൈമിഷികതയിൽ നിന്നും നീണ്ടുനിൽക്കുന്ന ഒരു കാലത്തേക്ക് സൂക്ഷിച്ചുവെക്കാനാകുന്ന സാങ്കേതിക വിദ്യയിൽ ഏറ്റവും വിപ്ലവകരമായ കാലഘട്ടം അച്ചടിവിദ്യയുടേതായിരുന്നു. അന്നുവരെയുണ്ടായിരുന്ന രാഷ്ട്രീയ-സാംസ്കാരിക സങ്കൽപ്പനങ്ങളെയെല്ലാം അച്ചടിവിദ്യ സ്വാധീനിക്കുകയും പലപ്പോഴും മാറ്റിമറിക്കുകയും ചെയ്തു. ലോകം അച്ചടിച്ച വാക്കുകളിലൂടെ സംസാരിക്കാനും സംവദിക്കാനും തുടങ്ങി. അതിരുകൾക്കപ്പുറം മനുഷ്യൻ കടലാസുകളിലൂടെ പുതിയ ലോകങ്ങളുണ്ടാക്കി. Marshall McLuhan പറഞ്ഞപോലെ, “The printed book created a third world, “the modern world”. അന്നുവരെയുണ്ടായിരുന്ന സംസ്കാരത്തിന്റെ അതിർത്തികളെ മാറ്റിമറിച്ച തരത്തിലുള്ള ബൗദ്ധികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങൾ അതുണ്ടാക്കിയെന്ന് മക്‌ലൂഹാൻ പറയുന്നു. അച്ചടിവിദ്യയെ ‘ദേശീയതയുടെ വാസ്തുശില്പി’ എന്നാണ് അദ്ദേഹം വിളിച്ചതുതന്നെ. അച്ചടി മുതലാളിത്തം (Print Capitalism ) എങ്ങനെയാണ് പുതിയ ദേശ സങ്കല്പ്പത്തെ സൃഷ്ടിച്ചതെന്ന് Benedict Anderson വിശദമാക്കുന്നു, (Imagined Communities: Reflections on the Origin and Spread of Nationalism) ; “Print‐​capitalism gave a new fixity to language, which in the long run helped to build that image of antiquity so central to the subjective idea of the nation. അതായത് അച്ചടിച്ച വാക്കുകൾ ആധുനിക ലോകനിർമ്മിതിയിൽ നേടിയെടുത്ത ആധികാരികതയുടെ പരിവേഷം ചെറുതായിരുന്നില്ല.

ഈ ആധികാരികതയുടെ പരിവേഷം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് മാധ്യമങ്ങളാണ്. അച്ചടിമാധ്യമങ്ങളിൽ നിന്നും ദൃശ്യ മാധ്യമങ്ങളിലേക്ക് സാങ്കേതികവിദ്യ പുരോഗമിച്ചപ്പോഴും അച്ചടിവിദ്യയുടെ സംവേദനപരിസരത്തിനു ലഭിച്ച വാസ്തവികതയുടെ പരിവേഷം ഒപ്പം പോന്നു. അതുകൊണ്ടുതന്നെ വെറും കച്ചവടച്ചരക്കായി മാറുന്ന വാർത്താനിർമ്മിതിക്കും സത്യസന്ധതയുടെ ആദ്യ ആനുകൂല്യം നൽകുക എന്ന മൂല്യവ്യവസ്ഥ സാമാന്യജനത്തിന് സ്വാഭാവികമായി തോന്നി. യഥാർത്ഥത്തിൽ പകർപ്പിന്റെ കാലത്ത്, പകർപ്പുകൾ കച്ചവടമാകുന്ന കാലത്ത് “അസൽ” എന്ന സങ്കല്‌പനത്തോടൊപ്പം നേർത്തുപോയ ഒന്നാണ് അച്ചടിച്ച വാർത്തകളുടെയും ദൃശ്യങ്ങളുടേയുമൊക്കെ വാസ്തവികതാ മൂല്യം. Walter Benjamin, ‘The Work of Art in the Age of Mechanical Reproduction’ -ൽ വഴിതുറക്കുന്നത് ഇത്തരത്തിലുള്ള രാഷ്ട്രീയ പഠനത്തിലേക്കായിരുന്നു.

ഇപ്പോൾ കേരളത്തിലെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഇതെല്ലാം പ്രസക്തമാണ്, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിശദമായി പഠനാർഹവുമായ കാര്യങ്ങളാണ്. എങ്ങനെയാണ് ഒരു പൊതു ആഖ്യാനം വ്യാജമായി ഉണ്ടാക്കിയെടുക്കുന്നത് എന്നതിന്റെ നിരവധി ഉദാഹരണങ്ങളാണ് കേരളത്തിലെ മാധ്യമങ്ങളും വലതുപക്ഷ പ്രചാരണ വിഭാഗങ്ങളും കാഴ്ചവെക്കുന്നത്. ഏറ്റവും ശക്തമായ ഉദാഹരണം “കിറ്റ് വാങ്ങി നക്കിയില്ലേ” എന്ന ചോദ്യം പ്രത്യക്ഷപ്പെട്ടതാണ്. അതായത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയങ്ങളോ, പരിപാടിയോ വ്യക്തമാക്കുന്ന, അതിന്റെ സംഘടനാസംവിധാനത്തിന്റെ നേതൃതലത്തിലോ പ്രചാരണത്തലത്തിലോ ഇല്ലാത്ത ആരെങ്കിലുമൊരാൾ (അയാൾ/അവൾ തന്നെ ഒരു നിഗൂഢതയാണ് ഇക്കാര്യത്തിൽ) ഏതോ അപ്രസക്തമായ ഒരു തർക്കത്തിൽ ചോദിച്ചു എന്ന മട്ടിലൊരു ചോദ്യത്തെയാണ് ‘ഭക്ഷ്യ സഞ്ചി’ എന്ന രാഷ്ട്രീയ ഇടപെടലിനെ ആക്ഷേപിക്കാനായി എത്രയോ ആഴ്ചകളായി ഉപയോഗിക്കുന്നത്. ഭരണകൂടം എല്ലാ തരത്തിലുമുള്ള ക്ഷേമപ്രവർത്തനങ്ങളിൽ നിന്നും പിന്മാറുക എന്ന നവ-ഉദാരീകരണ നയത്തിന്റെ ആഗോളവ്യാപനത്തിന്റെ കാലത്ത് ഭക്ഷ്യസഞ്ചിയും ക്ഷേമ പെൻഷനുമൊക്കെ ഒട്ടും മോശമല്ലാത്ത രാഷ്ട്രീയ ഇടപെടലുകളാണ്. അത് നവ-ഉദാരീകരണത്തിനും അതിന്റെ സാമ്പത്തിക യുക്തിക്കുമെതിരായ ഒരു ക്ഷേമരാഷ്ട്ര സങ്കൽപ്പ ചെറുത്തുനിൽപ്പ് കൂടിയാണ്. അതൊരു രാഷ്ട്രീയ നയത്തിന്റെ ഭാഗമാണ് എന്നതുകൊണ്ടുതന്നെ അത് നടപ്പാക്കിയത് തങ്ങളുടെ രാഷ്ട്രീയമാണെന്നും ആ രാഷ്ട്രീയത്തിന് വോട്ടു ചെയ്യണമെന്നും പറയുന്നത് എല്ലാ തരത്തിലും ന്യായവുമാണ്.

അതിന് കോൺഗ്രസടക്കമുള്ള ഇടതുവിരുദ്ധ കക്ഷികളും അവരുടെ പ്രചാരണ യന്ത്രങ്ങളും വിളിച്ചുകൂവുന്നത് ഇത് ഇടതുകക്ഷികളുടെ വീട്ടുമുതലല്ല, ജനങ്ങളുടെ അവകാശമാണ് എന്നതാണ്. തീർച്ചയായും, ഈ അവകാശം ജനങ്ങൾക്ക് കിട്ടണമെന്ന് പറയുകയും അതിനു സമരം ചെയ്യുകയുമാണല്ലോ രാഷ്ട്രീയ പരിപാടി. ഇത്തരം അവകാശങ്ങളെ, പൊതു വിതരണ സംവിധാനമടക്കം ദുർബലപ്പെടുത്തിയ കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങൾ വന്നപ്പോഴാണ് ഇത്തരം അവകാശങ്ങൾക്കു വേണ്ടിയുള്ള സമരം ഇങ്ങനെയും ചെയ്യേണ്ടതുണ്ട് എന്ന് വീണ്ടും തെളിഞ്ഞത്. അപ്പോഴും ‘കിറ്റ് വാങ്ങി നക്കിയില്ലേ” എന്ന നിർമ്മിത ആഖ്യാനം വെച്ചുകൊണ്ട് ആത്മാഭിമാനം, വൈകാരികത, അധികാരധാർഷ്ട്യം എന്നിവയുടെയൊക്കെ കോലങ്ങൾ കെട്ടിയുണ്ടാക്കുകയും welfare state എന്ന രാഷ്ട്രീയത്തെ കൂടുതൽ തള്ളിക്കളയുകയുമാണ് മാധ്യമങ്ങൾ ചെയ്തത്.

ഇത്തരത്തിലൊന്നാണ് ശബരിമല വിഷയത്തിലും നടത്തിയത്. സ്‌ത്രീവിരുദ്ധതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും നിയമവാഴ്ചയുടെ നഗ്‌നമായ ലംഘനത്തിന്റെയും ഭരണഘടനാ വിരുദ്ധതയുടെയുമൊക്കെ പ്രതീകമായ ഒരു ലഹളയെ വളരെ സ്വാഭാവികമായി ഇടതുപക്ഷം എങ്ങനെയെങ്കിലും തടിയൂരിപ്പോരാൻ ശ്രമിക്കുകയും എന്നാൽ ജനം മറക്കാൻ മടിക്കുകയും ചെയ്യുന്ന ഒരു വൈകാരിക ശരിയാണ് എന്ന മട്ടിൽ ഇപ്പോഴും അവതരിപ്പിക്കുന്നത് ഈ പൊതു ആഖ്യാന നിർമ്മിതിയുടെ ഭാഗമായാണ്.

തുടർഭരണം എന്ന പ്രക്രിയതന്നെ ജനാധിപത്യവിരുദ്ധമാണ് എന്ന ചർച്ച വന്നത് ഇടതുപക്ഷ തുടർഭരണം എന്ന സാധ്യത വന്നപ്പോൾ മാത്രമാണ്. അതായത് ദളിത് രാഷ്ട്രീയം സംസാരിക്കുന്നു എന്ന മട്ടിൽ സണ്ണി കപിക്കാട് പറയുന്ന തരം വലതുപക്ഷവാദങ്ങളാണ് ഇത്തരം ആഖ്യാനങ്ങളുടെ പൊതുരീതി. അതായത് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന് സണ്ണി കപിക്കാട് പറയുന്നില്ല. എന്നാൽ ബി ജെ പിക്ക് വോട്ടു ചെയ്യരുത്. ഒരു കക്ഷിക്ക് വോട്ടു ചെയ്യരുത് എന്ന് പ്രത്യേകം പറയുന്നത് വോട്ടു ചെയ്യാൻ പോകുന്നവരോടായിരിക്കുമല്ലോ. അവർ ആർക്കു ചെയ്യണം? യു ഡി എഫും എൽ ഡി എഫും ഏതാണ്ട് ഒരേ പോലെയാണ് എന്ന രീതിയിൽ അദ്ദേഹം തുടരും. എന്നാലും തുടർഭരണം ജനാധിപത്യത്തിന് ഗുണം ചെയ്യില്ല. അപ്പോൾ ആർക്കു വോട്ടു ചെയ്യണമെന്നാണ് സണ്ണി കപിക്കാട് പറയുന്നത്? സ്വാഭാവികമായും യു ഡി എഫ് ആണല്ലോ ബാക്കിയുള്ളത്. ഇതാണ് തുടർഭരണ വിരുദ്ധതയുടെ classic തട്ടിപ്പ്.

ബ്രാഹ്മണ്യത്തിന്റെ ഏറ്റവും ഭീകരമായ മുഖമായ, ആചാര ലംഘനത്തിന് തടവുശിക്ഷ നൽകുമെന്ന് പറയുന്ന ഒരു കക്ഷിയെ വിജയിപ്പിക്കുന്നതാണ് ഇടതുപക്ഷത്തിന്റെ തുടർഭരണത്തെക്കാൾ നല്ലതെന്ന് ദളിത് രാഷ്ട്രീയം എന്ന പേരിൽ ഒരു ആഖ്യാനം ഉണ്ടാവുകയാണ്. രാജ്യത്ത് നടക്കുന്ന കാർഷിക സമരം, ഇന്ധന വിലവർധനവടക്കമുള്ള പ്രശ്നങ്ങൾ, കടുത്ത സാമ്പത്തിക ചുരുക്കം, കൂടുതൽ ഫെഡറൽ വിരുദ്ധമാകുന്ന കേന്ദ്ര സർക്കാർ, കോർപ്പറേറ്റ് കൊള്ള എന്നീ വിഷയങ്ങളെക്കുറിച്ചൊന്നും നാവനക്കാതെ തുടർഭരണം, കിറ്റ് വാങ്ങി നക്കി തുടങ്ങിയ പൊള്ളയായ ആഖ്യാനങ്ങൾ പൊതുമണ്ഡലത്തിൽ സജീവമാക്കുക എന്ന അജണ്ടയെക്കുറിച്ച് ജാഗ്രതയും രാഷ്ട്രീയ പഠനവും ഇനിയും വേണ്ടതുണ്ട്.

എല്ലാ മനുഷ്യർക്കും ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ എന്നിവ ഉറപ്പു നൽകുന്നത് ഇന്നത്തെ ലോകത്തിൽ ഏറ്റവും ശക്തമായ ഒരു ഇടതുപക്ഷ രാഷ്ട്രീയ നിലപാടാണ്. ഇത്തരത്തിലുള്ള എല്ലാ രംഗങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരു രാജ്യത്ത് കിറ്റ് നൽകുകയാണ് രാഷ്ട്രീയം എന്ന് പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ ശരിയാണ്. അതിനെയാണ് മാധ്യമങ്ങളും വലതുപക്ഷ കുഴലൂത്തുകാരും തലതിരിച്ചിട്ട് ആക്ഷേപിക്കുന്നത്.

ഹിന്ദുത്വ ഭീകരതയുടെ സംഘടനകളുടെ വോട്ടു വേണ്ട എന്ന് പ്രഖ്യാപിക്കുന്നത് ഒരു രാഷ്ട്രീയ നിലപാടാണ്. എന്നാൽ ഒരു സംഘടനയുടെയും വോട്ടു വേണ്ടെന്നു പറയേണ്ടതില്ലെന്നും അങ്ങനെ പറയുന്നത് ജനാധിപത്യ രീതിയല്ലെന്നും ഡോ. ആസാദ് എന്ന മറ്റൊരു യു ഡി എഫ് പ്രചാരകൻ പറയുന്നുണ്ട്. ഇടതുപക്ഷ കക്ഷികളും സംഘപരിവാറും ഒരേ രാഷ്ട്രീയമാണ് എന്നാക്ഷേപിച്ച ആസാദാണ് സംഘപരിവാറിന്റെ ഇടതുവിരുദ്ധ വോട്ടു വാങ്ങി ജയിക്കാനുള്ള സ്വപ്നത്തിൽ സിദ്ധാന്തത്തിന്റെ ചായം പൂശാൻ ശ്രമിക്കുന്നത്.
ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ചർച്ച വഴി തിരിച്ചുവിടുകയും കേവലമായ വൈകാരികതയുടെ മറവിൽ രാഷ്ട്രീയമണ്ഡലത്തെ പുകയ്ക്കുകയും ചെയ്യുന്നത് ഫാഷിസ്റ്റുകൾ കേമത്തം നേടിയ വിദ്യയാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കാലത്ത് മോദി സർജിക്കൽ സ്ട്രൈക്ക് വഴി വോട്ടു തേടുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ക്ഷേത്ര ദർശനം നടത്തി ക്ഷീണിക്കുന്നത്. സ്ഥാനാർത്ഥികളുടെ വീട്ടുവർത്തമാനവുമായി മാധ്യമങ്ങൾ തിമർക്കുന്നത്. മാധ്യമ മുതലാളിമാരുടെ രാഷ്ട്രീയ, വർഗ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒരു വാക്കോ വാചകമോ പറയാൻ കഴിയാത്ത വാർത്താ അവതാരകരുടെ തീർപ്പുകളും ചോദ്യങ്ങളും സ്വതന്ത്ര ധീരതയായി ഇളിച്ചുകാട്ടുന്നത്. ഇതിനെ അതിജീവിക്കുകയും യഥാർത്ഥ ജനകീയ പ്രശ്നങ്ങളെ രാഷ്ട്രീയമായി ഉയർത്തിക്കാട്ടുകയും ചെയ്യുകകൂടിയാണ് തെരഞ്ഞെടുപ്പ് കാലത്തെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം.

“Mankind, which in Homer’s time was an object of contemplation for the Olympian gods, now is one for itself. Its self-alienation has reached such a degree that it can experience its own destruction as an aesthetic pleasure of the first order. This is the situation of politics which Fascism is rendering aesthetic. Communism responds by politicizing art” എന്ന് Benjamin പറയുന്നു. Art മാത്രമല്ല എല്ലാത്തരം പൊതു ആഖ്യാന നിർമ്മിതികളിലും ഇത്തരത്തിലൊരു രാഷ്ട്രീയവത്കരണം നടത്തുക എന്നത് കമ്മ്യൂണിസ്റ്റുകാരുടെ നിരന്തര പ്രതികരണമാണ്.