പാവങ്ങൾ പ്രാണവായുവില്ലാതെ മരിക്കുമ്പോൾ ജഡ്ജിമാർക്കും കുടുംബത്തിനും പഞ്ചനക്ഷത്ര ഹോട്ടലിൽ ചികിത്സ

81

Pramod Puzhankara യുടെ സോഷ്യൽ മീഡിയ പോസ്റ്റ്

എല്ലാ ദുരന്തങ്ങളും ആദ്യാവസാനം വേട്ടയാടുന്നത് സാധാരണക്കാരായ മനുഷ്യരെയാണ്. സാധാരണ മനുഷ്യർ എന്ന വിശേഷണം തന്നെ നമുക്ക് ശീലമാക്കിയത് അസാധാരണക്കാരായ കുറേപ്പേർ നമുക്ക് മുകളിലുണ്ട് എന്ന് നാം സമ്മതിച്ചു കൊടുക്കേണ്ടി വന്നപ്പോഴാണ്. സവിശേഷാവകാശങ്ങളുള്ള ഒരു വർഗം എല്ലാ വിഭവങ്ങളും ഒരു ന്യായവും പറയാതെ എടുത്തുപയോഗിക്കും. സാധാരണക്കാർ എന്നു വിളിക്കുന്ന മനുഷ്യരെ ഈ വിഭവക്കൊള്ളക്കായി ചൂഷണം ചെയ്യും. അവരെ അടിച്ചമർത്തും. മനുഷ്യർ അതിനെതിരെ പ്രതിഷേധിക്കും. വിരോധമില്ലെങ്കിൽ നിങ്ങൾക്കതിനെ വർഗസമരം എന്ന് വിളിക്കാം. വിരോധമുണ്ടെങ്കിലും സംഗതി അതുതന്നെയാണ്.

ഡൽഹിയിൽ മനുഷ്യർ അതായത് ‘സാധാരണ മനുഷ്യർ’ ചികിത്സക്കായി ആശുപത്രി കിടക്കകൾ കിട്ടാതെ നെട്ടോട്ടമോടുകയും ഓക്സിജൻ സഹായം കിട്ടാതെ മരിച്ചു വീഴുകയും ചെയ്യുമ്പോൾ കോടതി ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കുമായി ITDC-യുടെ കീഴിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ കോവിഡ് ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. വിധി പറയാൻ ആളില്ലാതെ വരുമോ എന്നിനി ജനം ആശങ്കപ്പെടേണ്ട. ജഡ്ജിമാർ മാത്രമല്ല, അവരുടെ ഭാര്യ/ഭർതൃ/മക്കൾ/ മരുമക്കൾ/ അമ്മായിഅമ്മ/അമ്മായിഅച്ഛൻ തുടങ്ങിയ ബന്ധുക്കളുടെ ആരോഗ്യസുരക്ഷയും പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഇതിനെയാണ് നമ്മൾ ജനാധിപത്യം എന്ന് വിളിക്കുന്നത്. ഇത് നമുക്ക് ഒരു ഞെട്ടലുമില്ലാതെ വായിക്കാൻ ശീലമായി എന്നതുകൊണ്ടുകൂടിയാണ് 3600 കോടി രൂപയ്ക്ക് പ്രതിമയും കാൽകോടി രൂപയിലേറെ ചെലവാക്കി പുത്തൻ വാസസ്ഥലങ്ങളും 6000 കോടിക്ക് വിമാനവും വാങ്ങി നരേന്ദ്ര മോദി എന്ന അധമൻ ഭരിക്കുമ്പോൾ പ്രാണവായു കിട്ടാതെ അയാളുടെ മൂക്കിന് താഴെ നൂറുകണക്കിന് മനുഷ്യർ മരിച്ചുവീഴുമ്പോഴും നമ്മുടെ നാട്ടിൽ ചിതകൾ മാത്രം കത്തുകയും തെരുവുകൾ കത്താതിരിക്കുകയും ചെയ്യുന്നത്.

സവിശേഷമായ അവകാശങ്ങൾ ലഭിക്കാനുള്ള സമ്മർദ്ദ തന്ത്രങ്ങളുടെ കളിയാണ് ജനാധിപത്യം എന്നതാക്കി ഈ രാഷ്ട്രീയ സംവിധാനത്തെ മാറ്റിയിരിക്കുന്നു. എങ്ങനെയെങ്കിലും ഉപരിവർഗ്ഗത്തിന്റെ രൂപഭാവങ്ങളുള്ള കൃത്രിമ പകർപ്പുകളാകാനുള്ള ശ്രമത്തിനെയാണ് ഒരാൾ നന്നാവുക എന്നതിന്റെ മാനദണ്ഡമാക്കി പൊതുബോധത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അതുകൊണ്ട് ഡൽഹിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിളികൾ നടക്കുക എങ്ങനെ ജഡ്ജിമാരുടെ ക്വോട്ടയിൽ ഒരു മുറി കിട്ടും എന്നതാണ്.
കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ, യാത്രാനിരോധനം വരുന്നതിനു തൊട്ടു മുമ്പായി എട്ടു ചാർട്ടേഡ് വിമാനങ്ങളാണ് ഇന്ത്യയിൽ നിന്നും ലണ്ടനിലെത്തിയത്. സുരക്ഷിതമായ അകലങ്ങളിലേക്ക് അതെത്ര ചെലവേറിയതാണെങ്കിലും പറക്കാൻ കഴിവുള്ള ഒരു വർഗത്തിനെ തീറ്റിപ്പോറ്റാൻ പ്രാണവായു ലഭിക്കാൻ തത്രപ്പെടുന്ന മനുഷ്യർ ജീവൻ നിലനിർത്തുന്ന ഒരു നാടിന്റെ പേരാണ് ഇന്ത്യ.
അധികാരവും സമ്പത്തും അതിന്റെ ചുറ്റുവട്ടവും ചേർന്ന അശ്ലീലത്തിന്റെ ഏറ്റവും അറപ്പിക്കുന്ന മാതൃകയാണ് ഡൽഹി. എന്തെങ്കിലും തരത്തിൽ ഉപരിവർഗവുമായി പരിചയമോ പിടിപാടോ ഇല്ലെങ്കിൽ നിങ്ങളൊരു മനുഷ്യനാണ് എന്നത് മറന്നേക്കുക. അതൊരു മരിച്ച നഗരമാണ്. എക്കാലത്തും അത് ശ്മശാനങ്ങളുടെ നഗരമാണ്. ലോധിയും ഹുമയൂണും നാനാതരം സൂഫികളും അടക്കം എത്രയോ പേരുടെ ശവകുടീരങ്ങളുടെ നഗരം. ഇപ്പോൾ ജനാധിപത്യത്തിന്റെ ശവകുടീരം നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രൂപത്തിൽ പണിയുന്നുണ്ട്.

സ്പാനിഷ് കൊളോണിയൽ അധിനിവേശത്തിന്റെ ഏറ്റവും മുന്തിയ കാലങ്ങളിൽ സ്പെയിനിലെ പ്രഭു മാളികകളിൽ അത്താഴവിരുന്നുകൾക്കിടെ ഒഴിയുന്ന വെള്ളിക്കോപ്പകൾ ഇടയ്ക്ക് ജാലകങ്ങളിലൂടെയും മട്ടുപ്പാവുകളിലൂടെയും പ്രഭുക്കന്മാരും പ്രഭ്വികളും താഴേക്ക് എറിയുമായിരുന്നു. അതും കാത്ത് മാളികകൾക്ക് താഴെ മനുഷ്യർ കാത്തുനിൽക്കും. ജനാധിപത്യം മാളികൾക്കു കീഴെ കാത്തു നിൽക്കുന്ന യജ്ഞത്തിന്റെ പുനരാവിഷ്ക്കരമാക്കി മാറ്റി നമ്മുടെ നാട്ടിൽ. ‘ദുഷ്പ്രഭു പുലയാടികൾപാർക്കും ഇപ്പുരയ്ക്കിടിവെട്ടുകൊള്ളട്ടെ’ എന്ന് നുരയുന്ന ശാപവാക്കു പറയാൻ പോലും മറന്നുപോയ ജനത ഒരു ദുരന്തമാണ്. നിർഭാഗ്യവശാൽ നാം ദുരന്തങ്ങളെ സ്വാഭാവികതയാക്കി മാറ്റിയ ഒരു ജനതയാണ്.