സ്വപ്ന എൽ ഡി എഫിന്റെ സരിതയാണ് എന്ന ബി ജെ പി അധ്യക്ഷൻ സുരേന്ദ്രന്റെ പ്രസ്താവന, മിതമായ ഭാഷയിൽ പറഞ്ഞാൽ ലൈംഗിക വൈകൃതമാണ്

123

Pramod Puzhankara

സർക്കാർ പദ്ധതികളിലോ സർക്കാർ ജോലിയിലോ തന്നെയോ ഉള്ള ആളുകൾ അഴിമതിക്കേസുകളിലും തട്ടിപ്പു കേസിലുമൊക്കെ അകപ്പെടുന്നത് ഇതാദ്യമല്ല. എന്നാൽ സ്വപ്ന സുരേഷ് എന്ന സ്ത്രീ പ്രതിയായതോടെ അവർ LDF ന്റെ സരിതയാണ് എന്ന ബി ജെ പി അധ്യക്ഷൻ സുരേന്ദ്രന്റെ പ്രസ്താവന, മിതമായ ഭാഷയിൽ പറഞ്ഞാൽ ലൈംഗിക വൈകൃതമാണ്. കോൺസുലേറ്റ് വഴി നടത്തിയ സ്വർണ കള്ളക്കടത്തിൽ കോണ്സുലേറ്റിലെ മറ്റ് ഉദ്യോഗസ്ഥരടക്കം മറ്റാർക്കൊക്കെ ബന്ധമുണ്ട് എന്നത് അന്വേഷിക്കേണ്ടതാണ്. ഐ ടി സെക്രട്ടറി, സ്വപ്‍ന സുരേഷിന്റെ വീട്ടിൽപ്പോയി കള്ളുകുടിച്ചു എന്നും അവരുടെ വീട്ടിൽ രാത്രി വൈകിയും പാർട്ടികൾ നടക്കാറുണ്ടായിരുന്നു എന്നുമൊക്കെയുള്ള വാർത്തകൾ എരിവോടെ നൽകുന്നത് സ്വർണക്കടത്തിനോടുള്ള പ്രതിഷേധമൊന്നുമല്ല , സദാചാര പൊലീസ് ചമയുന്ന ലൈംഗിക വൈകൃതം പേറുന്ന പൊതുബോധത്തിനെ സുഖിപ്പിക്കാനാണ്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സരിത വിവാദത്തിലെ പ്രധാന പ്രശ്‌നം വഴിവിട്ട നേട്ടങ്ങൾക്കായി സരിതയും മന്ത്രിസഭയിലെ അംഗങ്ങളടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി പരസ്പര സമ്മതത്തോടെയും അല്ലാതെയും ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നാണ്. അനധികൃതമായ ഇടപാടുകൾക്ക് ലൈംഗികത ഒരു കൈമാറ്റ [ക്രിയയായി എന്നാണ്. കോൺഗ്രസ് നേതാക്കൾ അധികാരം അതിനായി ദുരുപയോഗം ചെയ്തു എന്നാണ്. തന്നെ ബലാത്സംഗം ചെയ്തതായി ആ സ്ത്രീ തന്നെ നൽകിയ പരാതിയാണ്. ഇതൊന്നും ഈ സ്വർണക്കടത്തു കേസിൽ ഇതുവരെ ഉണ്ടായതായി പറയുന്നില്ല.

എന്നാൽ വളരെവേഗത്തിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന്റെ പ്രേരണ ഇതോടെ കൊറോണയെ സാമാന്യം ഭേദപ്പെട്ട നിലയിൽ നേരിടുന്ന സർക്കാരിതാ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട കേസിൽ മുട്ടി പൊളിയുന്നു എന്ന പ്രതീതി ഉണ്ടാക്കുക. ഉമ്മൻചാണ്ടി അടക്കം ലൈംഗിക പീഡനാരോപണങ്ങൾ നേരിട്ട കോൺഗ്രസ് നേതാക്കൾക്ക് എളുപ്പത്തിൽ കുളിച്ചുതോർത്തിപ്പോരാൻ ഒരു വഴിയുണ്ടാക്കുക. ഒരു സ്ത്രീ ഒരു കേസിൽ ഉൾപ്പെട്ടാൽ ഉടനെ ലൈംഗികതയുടെ സ്വപ്നദൃശ്യസാധ്യതകളിലേക്ക് ആളുകളെ കൊണ്ടുപോവുക. മറിയം റഷീദ ടൂണ മത്സ്യം പോലെ പുളഞ്ഞു എന്നൊക്കെയെഴുതിയ ലൈംഗികവൈകൃതത്തിന്റെ വാർത്തയെഴുത്തുപതിപ്പുകൾ ഉണ്ടായ നാടാണ് നമ്മുടെ.

എന്നാൽ മറ്റൊരു വസ്തുത അവഗണിക്കാനാവില്ല. അത് ഐ ടി വകുപ്പിന് കീഴിലെ നിരവധിയായ ‘പ്രഫഷണൽ’ നിയമനങ്ങളാണ്. പലവിധ ഇടപാടുകൾക്കായി ബഹുരാഷ്ട്രകമ്പനികൾ അവരുടെ താത്പര്യം സംരക്ഷിക്കാൻ ആളുകളെ ഇത്തരം വകുപ്പുകളിലെ താത്ക്കാലിക വിദഗ്ധ നിയമനങ്ങളിൽ Plant ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഇടപെടലുകൾ സ്പ്രിങ്ക്ലർ വിഷയത്തിൽ ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരം നിയമനങ്ങളെക്കുറിച്ച്, ഇറക്കുമതി വിദഗ്ധരെക്കുറിച്ച് ഒരന്വേഷണം നടത്തേണ്ടതുണ്ട്.

പക്ഷെ ഇപ്പോൾ സ്വര്ണക്കടത്തിലെ താത്പര്യം മറ്റൊന്നുമല്ല. അത് ഒരു സ്ത്രീ പ്രതിസ്ഥാനത്തു വരുമ്പോൾ ലഭിക്കാവുന്ന ലൈംഗികതയുടെ ബഹുവർണസാധ്യതകളിലേക്ക് ഊളിയിടാനുള്ള അശ്ലീലമായ വെപ്രാളമാണ്. അർദ്ധനഗ്നയായ സ്ത്രീയെ പാമ്പുകടിച്ചു എന്ന വാർത്തയിൽ എന്താണ് തെറ്റ്, അതൊരു വസ്തുതയല്ലേ എന്ന ചോദ്യം പോലെ നിഷ്ക്കളങ്കവും.