എട്ടുനിലക്കും പൊട്ടി ദീവാലി കുളിച്ചൊരു കച്ചവടക്കാരനെ ആഭ്യന്തര പങ്കാളിയാക്കി മോദി ഒരുക്കിയെടുത്ത വൻ അഴിമതി പറന്നുവന്നത് ആഘോഷിക്കാനുള്ള എല്ലുറപ്പേ ഈ അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിനുള്ളു

79

എട്ടുനിലക്കും പൊട്ടി ദീവാലി കുളിച്ചൊരു കച്ചവടക്കാരനെ(അനില്‍ അംബാനി) ആഭ്യന്തര പങ്കാളിയാക്കി മോദി ഒരുക്കിയെടുത്ത വൻ അഴിമതി പറന്നുവന്നത് ആഘോഷിക്കാനുള്ള എല്ലുറപ്പേ ഈ അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിനുള്ളു 

പ്രമോദ് പുഴങ്കര എഴുതുന്നു.

റഫേൽ പറന്നെത്തി, എല്ലാ ചാനലുകളിലും ആഘോഷമാണ്. ഇനിയിപ്പോ പാകിസ്ഥാൻ മൊത്തം രാജ്യം തന്നെ മാറ്റി സ്ഥാപിക്കും, ചൈന പട്ടാളത്തെ പിരിച്ചുവിട്ടും എന്നൊക്കെയുള്ള ദേശാഭിമാന വിജൃംഭിത വാചകമടിയിൽ റിപ്പോർട്ടർമാർ സ്വയം ബോംബർമാരാവുകയാണ്. ജോലിയും കൂലിയുമില്ലാതെ നട്ടം തിരിഞ്ഞൊരു വഴിക്കായ ജനത്തിനു മോദി വക സമ്മാനം. ഇനിയിപ്പോ സുഖമായുറങ്ങാം, വിശന്നാൽ ദേശസ്നേഹമെടുത്തു മിഴുങ്ങാം. ഇങ്ങനെയാണ് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും വഴി മാറ്റുന്ന ഫാഷിസ്റ്റ് പ്രചാരണ തന്ത്രത്തിന് ഇന്ത്യൻ മാധ്യമങ്ങൾ കുഴലൂത്തുകാരാകുന്നത്. മലയാള വാർത്താ ചാനലുകളിലൊക്കെ മകരജ്യോതി തെളിയുമ്പോഴാണ് ഇത്രയും ഭക്തി നിറഞ്ഞ നിലവിളി കേൾക്കാറുള്ളത്.

ആദ്യ കരാർ പോളിസിച്ചെഴുതി, രാജ്യത്തിനു വാൻ നഷ്ടം വരുത്തി, പൊതുമേഖലാ സ്ഥാപനങ്ങളെ കരാറിൽ നിന്നും ഒഴിവാക്കി മോദി നടത്തിയ പടുകൂറ്റൻ അഴിമതിയെ സുപ്രീം കോടതി വെളുപ്പിച്ചുകൊടുത്തത് രാജ്യരക്ഷാവിവരങ്ങൾ ചോദ്യം ചെയ്യരുത് എന്ന തട്ടിപ്പ് പറഞ്ഞാണ്. യുദ്ധവിമാനം പോയിട്ട് ഒരു കടലാസു വിമാനം പോലും ഇന്നുവരെ ഉണ്ടാക്കാത്ത അനിൽ അംബാനിയെ കരാർ പങ്കാളിയാക്കിയപ്പോൾ, അനിൽ അംബാനി തുടർ തുടരെ പാപ്പാരായപ്പോൾ ഒന്നും റഫേൽ കരാറിന്റെ കാര്യം ആരും മോദിയോട് ചോദിച്ചില്ല. സംഘപരിവാറുകാരൻ ഊരാളുങ്കൽ സൊസൈറ്റിയെക്കുറിച്ചൊക്കെ പറയുമ്പോൾ ഏതെങ്കിലും ഒരു വാർത്താവതാരക/ൻ അതുകൂടിയൊന്നു ചോദിക്കുമെന്ന് പ്രതീക്ഷിക്കരുത്. അവിടെ സൂചനകളില്ലല്ലോ. ഇന്ത്യൻ പാർലമെന്റിൽ രാജ്യസുരക്ഷാ രഹസ്യമാണ് അതുകൊണ്ട് വെളിപ്പെടുത്തില്ല എന്ന് പറഞ്ഞ കരാറിന്റെ ചർച്ച മുഴുവൻ മോദിക്കൊപ്പം നടത്തിയത് അനിൽ അംബാനിയാണ്. അതൊന്നും പക്ഷെ ഇപ്പോൾ ഓർമ്മിക്കരുത്. പകരം ആ വെള്ളം ചീറ്റുന്ന അഭിവാദ്യമൊക്കെ കാണിച്ചു പുളകത്തിൽ നനയണം.

ഇന്നലെ NIA മാവോവാദി ബന്ധം പറഞ്ഞു തടവിലാക്കിയ ദൽഹി സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഹാനി ബാബുവിന്നെ കുറിച്ചോ അത് ന്യായമാണോ എന്നതിനെക്കുറിച്ചോ ചർച്ചകൾ ദിവസം മുഴുവൻ ഉണ്ടായോ. ഇല്ല, കാരണം ശിവശങ്കരനെ ഇനിയും ചോദ്യം ചെയ്യാം, അങ്ങനെ അറസ്റ്റ് ചെയ്യാം എന്നൊക്കെയുള്ള സൂചനകളിൽ പൂണ്ടുവിളയാടുന്നിടത്ത് ജനാധിപത്യ നിഷേധത്തിന്റെ വാർത്തയൊന്നും വരില്ല. അതായത് മോദിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും വാർത്ത എഴുതിയാൽ, അല്ലെങ്കിൽ ചാനലിൽ കാണിച്ചാൽ പിന്നാലെ ആദായ നികുതിക്കാർ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി ബി ഐ അങ്ങനെ പലതും വരും. ആയതിനാൽ നാം ശിവശങ്കരന്റെ ചോദ്യം ചെയ്യലിന്റെ നിമിഷംപ്രതിയുള്ള വിവരങ്ങൾ നൽകുക. അതാകുമ്പോൾ എന്തും പറയാമല്ലോ. അപ്പോൾ പറഞ്ഞുവന്നത് എട്ടുനിലക്കും പൊട്ടി ദീവാലി കുളിച്ചൊരു കച്ചവടക്കാരനെ ആഭ്യന്തര പങ്കാളിയാക്കി മോദി ഒരുക്കിയെടുത്ത വൻ അഴിമതി പറന്നുവന്നത് ആഘോഷിക്കാനുള്ള എല്ലുറപ്പെ ഈ അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിനുള്ളു എന്ന്.