ഇലക്റ്ററൽ ബോണ്ട് ; പണപ്പിരിവിന്റെ വളഞ്ഞവഴി

0
502

Pramod Puzhankara എഴുതുന്നു

രാഷ്ട്രീയ കക്ഷികൾക്കുള്ള സംഭാവന നൽകാനായി മോദി സർക്കാർ കൊണ്ടുവന്ന Electoral Bond വാങ്ങി നൽകുന്നവരെ സംബന്ധിച്ച വിവരങ്ങൾ രാഷ്ട്രീയകക്ഷികൾ തെരഞ്ഞെടുപ്പ് കമ്മീഷന് മെയ് 30-നകം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു. ഇടക്കാല ഉത്തരവാണ്. അധികാരത്തിലിരിക്കുന്ന സർക്കാർ കോർപ്പറേറ്റുകളിൽ നിന്നും പണം പിരിക്കുന്നതിന് നിയമനിർമ്മാണത്തെ ദുരുപയോഗം ചെയ്തതിന്റെ ഉത്പന്നമാണ് Electoral Bond . ബോണ്ട് വഴിയുള്ള സംഭാവനയുടെ 95%- തിലേറെയും

Pramod Puzhankara

ബി ജെ പിക്കാണ് ലഭിച്ചിട്ടുള്ളത് എന്നുകൂടി അറിയുമ്പോഴാണ്, തെരഞ്ഞെടുപ്പ് രംഗത്തുനിന്നും കള്ളപ്പണം തുടച്ചുനീക്കാനെന്ന അവകാശവാദവുമായി കൊണ്ടുവന്ന പരിഷ്‌ക്കാരത്തിന്റെ യഥാർത്ഥ ലക്‌ഷ്യം പിടികിട്ടുക.

സംഭാവന നല്കുന്നയാളുകളുടെ വിവരം പുറത്തുപറയേണ്ടതില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം. അതാണ് ഇടക്കാല ഉത്തരവിലൂടെ കോടതി മാറ്റിയത്. എന്നാൽ ഇതല്ലാതെ നിരവധി കാതലായ പ്രശ്നങ്ങളും അപകടങ്ങളും ഈ നിയമപരിഷ്‌ക്കാരത്തിലൂടെ മോദി സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്. Finance Act 2017, Finance Act 2016 എന്നിവയിലൂടെയാണ് ഇതിനു വേണ്ടി പല നിയമങ്ങളിലുമായുള്ള ഭേദഗതികൾ സർക്കാർ കൊണ്ടുവന്നത്. Reserve Bank of India Act-1934-ലെ വകുപ്പ്-31 ഭേദഗതിയിലൂടെയാണ് Electoral Bond നിയമസാധുതയോടെ കൊണ്ടുവരുന്നത്. Representation of Peoples Act 1951-ലെ Section 29 C, ഭേദഗതി ചെയ്തു. ഇതോടെ ജനപ്രാതിനിധ്യ നിയമത്തിലെ 29 C (3) അനുസരിച്ച് രാഷ്ട്രീയകക്ഷികൾ ആദായനികുതി ഇളവിനായി സംഭാവനകളുടെ വിശദവിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കണമെന്ന വ്യവസ്ഥയിൽ നിന്നും Electoral Bond – കളെ ഒഴിവാക്കി.

Income Tax Act 1961-ലെ വകുപ്പ് 13 A അനുസരിച്ച് ആദായ നികുതി ഇളവിനായി സംഭാവനകൾ നൽകുന്നവരുടെ പേരുവിവരങ്ങൾ അടക്കം എല്ലാ വിവരങ്ങളും രാഷ്ട്രീയകക്ഷികൾ സൂക്ഷിക്കണമായിരുന്നു. ബോണ്ടു വഴിയുള്ള സംഭാവനകളെ ഇതിൽ നിന്നുകൂടി ഒഴിവാക്കിക്കൊടുത്തു. സംഭാവനകൾ നൽകുന്നതിന് കമ്പനികൾക്കുള്ള നിയമ പരിധിയും എടുത്തുകളഞ്ഞു. Companies Act-2013-ലെ 182-ആം വകുപ്പിലാണ് ഇതിനു വേണ്ട ഭേദഗതി വരുത്തിയത്. സംഭാവന നൽകുന്നതിന് തൊട്ടുമുമ്പുള്ള മൂന്നു വർഷത്തെ ലാഭത്തിന്റെ 7.5% മായിരുന്നു സംഭാവനയുടെ പരിധി. ഇതെടുത്തുകളയുകയും സംഭാവനക്കു പരിധിയില്ലാതാക്കുകയും ചെയ്തു. മാത്രവുമല്ല വിവിധ രാഷ്ട്രീയകക്ഷികൾക്ക് നൽകിയ സംഭാവനകളുടെ break up വെളിപ്പെടുത്തേണ്ട ബാധ്യതയും ഇനി കമ്പനികൾക്കില്ല.

Finance Act 2016-വഴി Foreign Contribution Regulation Act -ൽ section 2-ൽ കൊണ്ടുവന്ന ഭേദഗതിയോടെ ഇന്ത്യയിൽ subsidiaries ഉള്ള വിദേശ കമ്പനികളെ FCRA -യിൽ നിന്നും ഒഴിവാക്കിക്കൊടുത്തു. 2014 മാർച്ചിൽ വിദേശ സംഭാവന ചട്ടം ലംഘിച്ചതിനു ബി ജെ പിക്കും കോൺഗ്രസിനുമെതിരെ നടപടിയെടുക്കാൻ ദൽഹി ഹൈക്കോടതി ഉത്തരവിട്ടതിനെ മറികടക്കാനാണ് ഈ ഭേദഗതി മുൻകാല പ്രാബല്യത്തോടെ കൊണ്ടുവന്നത്.

2004-05 മുതൽ 2014-15 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ രാഷ്ട്രീയകക്ഷികൾക്കുള്ള ആകെ സംഭാവനയുടെ 69% അതായത് 7832.98 കോടി രൂപ രൂപയും വന്നത് വെളിപ്പെടുത്താത്ത സ്രോതസുകളിൽ നിന്നാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. പുതിയ ബോണ്ടുകളുടെ വരവോടെ രാഷ്ട്രീയ കക്ഷികൾക്കുള്ള സംഭാവന നൽകാനായി മാത്രം കടലാസു കമ്പനികൾ ഉണ്ടാകും. മൂന്നു വർഷത്തെ ലാഭത്തിന്റെ 7.5% എന്ന നിയന്ത്രണം നീക്കിയതോടെ നഷ്ടത്തിലോടുന്നതെന്നു കാണിച്ചാലും കടലാസ് കമ്പനികൾ വഴി പണം നൽകാനാകും. പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച ഒരു വിവരവും ലഭിക്കുകയുമില്ല. എന്നാൽ Bearer Bond വിഭാഗത്തിൽ പെടുന്ന ഇവ ആരാണ് നൽകുന്നതെന്ന് കിട്ടുന്ന കക്ഷിക്ക്‌ അറിയുകയും ചെയ്യും. കോഴയുടെ നിയമസാധുതയുള്ള വഴിയാവുകയാണ് ഈ ബോണ്ടുകൾ.

ബോണ്ടുവഴി സംഭാവന നൽകിയവരുടെ പേരുവിവരങ്ങൾ EC -ക്ക് നല്കണമെന്നല്ലാതെ മറ്റു വിഷയങ്ങളിൽ സുപ്രീം കോടതി തീരുമാനമൊന്നുമെടുത്തിട്ടില്ല. അത് വിശദമായി ഇനിയുണ്ടാകും എന്ന് കരുതാം. ഒരു NGO-യെ കൂടാതെ സി പി ഐ എമ്മും സി പി ഐയുമാണ് ഈ വിഷയത്തിൽ കോടതിയെ ബോണ്ടുകൾക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് സമീപിച്ചത്. വിദേശ സംഭാവന നിയന്ത്രണ ചട്ട ലംഘനം മറികടക്കാൻ നിയമഭേദഗതി വരുത്താൻ ബി ജെ പിയും കോൺഗ്രസും ഒറ്റക്കെട്ടായിരുന്നു. അതുകൊണ്ടുതന്നെ തുടർന്നുവന്ന ബോണ്ടുകൾക്കെതിരെ കോൺഗ്രസിനും മിണ്ടാട്ടമില്ല. 2004 മുതലുള്ള 10 വർഷക്കാലം വെളിപ്പെടുത്താത്ത സ്രോതസ്സുകളിൽ നിന്നുള്ള കോൺഗ്രസിന്റെ വരുമാനം മൊത്തം വരുമാനത്തിന്റെ 83% മായിരുന്നു-3323.39 കോടി രൂപ. ബി ജെ പിയുടേത് 65%-വും. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ബി ജെ പി ഈ വ്യത്യാസമൊക്കെ പലിശ ചേർത്ത് മറികടക്കുന്നുണ്ട്.

ഇന്ത്യയിലെ ബൂർഷ്വാ രാഷ്ട്രീയ കക്ഷികളും കോർപ്പറേറ്റുകളും തമ്മിലുള്ള കൂട്ടുകെട്ട് എല്ലാവിധ സുതാര്യതയെയും ജനാധിപത്യ മാനദണ്ഡങ്ങളെയും പരസ്യമായി മറികടക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് Electoral Bond. ഒരേ വർഗ്ഗതാത്പര്യം പങ്കിടുന്ന കോൺഗ്രസിനും ബി ജെ പിക്കും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമൊന്നുമില്ല എന്നത് ഒട്ടും ആശ്ചര്യവുമുണ്ടാക്കുന്നില്ല. കോർപ്പറേറ്റുകളുടെ പരസ്യവണ്ടികൾ മാത്രമായി ഇന്ത്യയിലെ ഭൂരിഭാഗം രാഷ്ട്രീയകക്ഷികളും മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പുകൾക്കപ്പുറത്തുള്ള രാഷ്ട്രീയസമരങ്ങൾ നിരന്തരമായി നടത്തേണ്ടത് എന്തുകൊണ്ട് എന്നുകൂടിയാണ് ഇത് വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നത്.