മരട് ഒരു പ്രതീകമാണ്

266

എഴുതിയത് : Pramod Puzhankara

കുടിയൊഴിപ്പിക്കപ്പെടുന്നവർക്കൊപ്പമാണ് തങ്ങളെക്കാലത്തും എന്ന സി പി ഐ (എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സമരമുഖപ്രസ്താവനയോടെ നിയമവിരുദ്ധമായി പണിതതിനു സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ആഡംബര പാർപ്പിടസമുച്ചയങ്ങളിലെ താമസക്കാർക്ക് വേണ്ടിയുള്ള സമരമിനി കർഷകതൊഴിലാളി സംഘത്തിന്റെയും സമരമാണ് എന്നുവരും. സർക്കാർ വക സർവ്വകക്ഷിയോഗം പിന്നാലെ വരുന്നുണ്ട്. കേരളത്തിന്റെ രാഷ്ട്രീയാധികാര മണ്ഡലം ഏതാണ്ട് സമ്പൂർനമായും ധനികരുടെ താത്പര്യസംരക്ഷണത്തിനു മാത്രം ചലിക്കുന്ന ഒരു സംവിധാനമാണെന്ന് നമ്മെ വീണ്ടുമോർപ്പിക്കുകയാണ് മരടിലെ ആഡംബര പാർപ്പിട സമുച്ചയങ്ങൾക്കുവേണ്ടിയുള്ള ഈ കുടിയൊഴിപ്പിക്കൽ വിരുദ്ധ സമരം.

മരടിൽ നടത്തിയ കൊള്ളയുടെ നാൾവഴികൾ ആവർത്തിക്കേണ്ടതില്ലാത്തവിധം പരസ്യമാണ്. നിലനിന്നിരുന്ന നിയമമനുസരിച്ച് കെട്ടിടം പണി അനുവദനീയമല്ലാത്ത മേഖലയിൽ ഉദ്യോഗസ്ഥരും കെട്ടിടനിർമ്മാതാക്കളും തമ്മിൽ നടത്തിയ ഗൂഢാലോചനയുടേയും അഴിമതിയുടെയും ഫലമായി നിർമാണാനുമതി സംഘടിപ്പിക്കുകയും ശേഷം ഇതിനെതിരായ തർക്കം കോടതിയിൽ നിലനിൽക്കെ വാദം തീരും മുമ്പെത്തന്നെ നിർമ്മാണം തുടർന്നോളൂ എന്ന ഒരുത്തരവ് കേരളം ഹൈക്കോടതി നൽകുകയും ചെയ്തു. അതായത് പണിയാൻ പാടില്ല എന്നാണ് വാദം കേട്ട് തങ്ങൾ വിധി പറയുന്നതെങ്കിൽ കെട്ടിടം അപ്പോൾ പൊളിക്കാം എന്നായിരിക്കും ഹൈക്കോടതിയുടെ വിചിത്ര ധാരണ. അതല്ലെങ്കിൽ വാദം കേൾക്കും മുമ്പേതന്നെ, ഇത് പൊളിക്കേണ്ടിവരില്ല എന്നൊരുറപ്പ് കോടതിക്കും കെട്ടിടനിര്മാതാക്കൾക്കും ഉണ്ടായിരിക്കും. അതിനാണ് സാധ്യത. ആ ഉറപ്പിനെയാണ് നാം അഴിമതി എന്ന് വിളിക്കുന്നത്. കോടതിയിൽ തർക്കത്തിലിരിക്കുന്ന ഒരു കേസിലെ കെട്ടിടത്തിൽ ദശലക്ഷങ്ങൾ മുടക്കി വീട് വാങ്ങിയവർക്കും ഈയൊരുറപ്പുണ്ടായിരുന്നു. അതിനെയാണ് നാം ധനികവർഗ്ഗത്തിന്റെ ഹുങ്ക് എന്ന് വിളിക്കുന്നത്. തങ്ങളുടെ താത്പര്യങ്ങളെ മറികടന്ന് ഒരു നിയമവും വരാൻ പോകുന്നില്ലെന്ന ധനികവർഗത്തിന്റെ ആത്മവിശ്വാസം. ഈ ധനികമുഷ്‌ക്കിനു വേണ്ടിയാണ് കോടിയേരി ബാലകൃഷ്‌ണൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കുടിയൊഴിപ്പിക്കലുകൾക്കെതിരായി നടത്തിയ സമരത്തിന്റെ ചരിത്രമെടുത്ത് ധനിക നിയമലംഘകരെ പുതപ്പിക്കുന്നത്. ആര് കൊയ്യുന്ന വയലുകൾക്കു വേണ്ടിയാണ് ബാലകൃഷ്ണൻ കുടിയൊഴിപ്പിക്കൽ വിരുദ്ധ സമരപോരാട്ടത്തിന്റെ ചരിത്രപ്പൈങ്കിളിയെക്കൊണ്ട് പാട്ടുപാടിക്കുന്നത്?

ഈ അഴിമതിക്കെട്ടിടങ്ങളിലെ താമസക്കാർ എല്ലാവിധ നിയമവാഴ്ചയേയും വെല്ലുവിളിച്ചുകൊണ്ട് അവിടെത്തന്നെ താമസം തുടരുന്നു എന്ന് ഒരുപക്ഷെ ഈ ധനികദല്ലാളുകൾ ഉറപ്പുവരുത്തിയേക്കും. കേരള സമൂഹത്തിന്റെ വർഗസമരത്തിലെ ശാക്തികബലാബലത്തിൽ ധനികവർഗ്ഗത്തിന്റെ മേൽക്കോയ്മയുടെ ആഴം എത്രയുണ്ടെന്ന് വെളിവാക്കുന്നതാണ് മരടിലെ വെല്ലുവിളി. ഹൈക്കോടതി അനുമതി നല്കിയതുകൊണ്ടാണ് പണിതതെന്നും അതുകൊണ്ടാണ് തങ്ങൾ വഴിയാധാരമാകുന്നതെന്നുമുള്ള വാദം വെറും നാടകമാണ്. ഹൈക്കോടതിയുടെ മേൽ സുപ്രീം കോടതിയുണ്ടെന്നും ഹൈക്കോടതി വിധിക്കെതിരായാണ് സുപ്രീം കോടതി വിധിക്കുന്നതെങ്കിൽ അതാണ് അന്തിമവിധിയെന്നും അറിഞ്ഞുകൊണ്ടാണ് മരടിലെ ആഡംബര സമുച്ചയങ്ങളിൽ താമസക്കർ പണം മുടക്കിയത്. ദശലക്ഷക്കണക്കിനു രൂപ മുടക്കുമ്പോൾ സുപ്രീം കോടതി വിധി എതിരായാൽ കാശ് പോകില്ലേ എന്ന് അവർ ആലോചിച്ചിട്ടുണ്ടാകണം. ഒരിക്കലും അങ്ങനെയൊരു വിധി വരില്ല എന്നൊരുറപ്പ് അവർക്കുണ്ടായിക്കാണും, വന്നാലും തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള രാഷ്ട്രീയ ദല്ലാളുകൾ വീട്ടുമുറ്റത്തെത്തി സമരം ഏറ്റെടുക്കുമെന്ന ധനികാവകാശ ബോധത്തിന്റെ ആത്മവിശ്വാസവും അവർക്കുണ്ടാകണം.

Image result for muthanga incidentമരട് ഒരു പ്രതീകമാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളത്തിലെ മുഴുവൻ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തേയും വിലക്കെടുത്തു കഴിഞ്ഞ ധനികവർഗ്ഗത്തിന്റെ ആധിപത്യത്തിന്റെ വെല്ലുവിളിയുടെ ഒരു പ്രതീകമാണിത്. കേരളത്തിലെ ജനസംഖ്യയുടെ 1.1% വരുന്ന ആദിവാസികളിൽ മഹാഭൂരിഭാഗവും മാന്യമായി ജീവിക്കാനും തട്ടിയെടുത്ത ഭൂമി തിരികെ ലഭിക്കാനുമുള്ള അവകാശത്തിനായി സമരം ചെയ്തപ്പോഴൊക്കെ അതിഭീകരമായി അടിച്ചമർത്തുകയും ആഴ്ച്ചകൾ കഴിഞ്ഞാലും ചർച്ചകൾക്ക് തയ്യാറാവാതിരിക്കുകയും ചെയ്ത ഇടതു, വലതു മുന്നണികൾ ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിലാണ് നിയമലംഘനത്തിന് സാധൂകരിപ്പിച്ചെടുക്കാനുള്ള സർവകക്ഷിയോഗമടക്കമുള്ള പരിപാടികളുമായി മുന്നോട്ട് പോകുന്നത്. ഇതേ വർഗ്ഗസാഹോദര്യം കൊണ്ടാണ് പണം തട്ടിപ്പ് കേസിൽ വിദേശത്ത് പിടിയിലായ തുഷാർ വെള്ളാപ്പിള്ളി എന്ന ധനിക വ്യവസായിക്ക് വേണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി ഇടപെടുന്നത്.

Image result for muthanga incidentകേരളത്തിലിതൊരു ഭരണകൂട സ്വഭാവം മാത്രമല്ല എന്നുകൂടിയുണ്ട്. വാസ്തവത്തിൽ ധനികവര്ഗത്തിന്റെ ചൂഷണത്തിന്റ ഇരകളാക്കപ്പെടുന്ന നിരവധി മനുഷ്യരേക്കൂടി ധനികവർഗ്ഗത്തിന്റെ നിക്ഷിപ്തത്പര്യങ്ങൾക്കായി വാദിക്കുന്നവരാക്കി മാറ്റാൻ കഴിയുന്നതരത്തിൽ പൊതുസമൂഹത്തിൽ നേടിയ അധീശത്വത്തിന്റെ ഗുണഫലം കൂടിയാണ് മരടിലെ ആഡംബര പാർപ്പിടങ്ങളിലെ ധനിക നിയമലംഘകർക്കായുള്ള ഈ സർവ്വകക്ഷി വിപ്ലവം. ഇത് പൊതുസമൂഹത്തിലെ അധീശബോധമാണ്. ഇതിനെതിരായ രാഷ്ട്രീയ സമരമാണ് വർഗ്ഗസമരത്തിലെ നിർണായകമായ പോരാട്ടങ്ങളിലൊന്ന്.

ഇക്കാണുന്ന ഭൂമിയെല്ലാം കാശുള്ളവർക്ക് ഇഷ്ടം പോലെ ജീവിക്കാനുള്ളതാണ് എന്നതൊരു പൊതുബോധമാക്കുന്നത് വളരെ സൂക്ഷ്മമായാണ്. അതിനു കാശുണ്ടാക്കുക എന്നതിനെ വിശുദ്ധവത്കരിക്കുകയും അതിനുള്ള സഹായസഹകരണ സംഘമാണ് സർക്കാർ എന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. അപ്പോൾ യൂസഫലി മുതലാളി കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരുടേയും തോഴനായി മാറും. തങ്ങൾക്കും ലുലു മാളുകൾ വേണമെന്ന് ഓരോ ജില്ലയിലും ജനം അങ്ങോട്ട് ആവശ്യപ്പെടും. വ്യവസായികളുടെ കദനകഥകൾ പൊതുസമൂഹത്തിന്റെ ആകുലതയാകും.

നൂറുകണക്കിന് കോടിരൂപയുടെ വൈദ്യവിദ്യാഭ്യാസ കച്ചവടത്തിനു നിയമസാധുത നൽകാൻ കേരളം നിയമ സഭ ഒന്നിച്ചു നിയമ ചുട്ടെടുത്തത് ഒരു അമ്പരപ്പും ഉണ്ടാക്കാത്തതും അതിന്റെ പേരിൽ പൊതുസമൂഹത്തിൽ പ്രക്ഷോഭങ്ങളുണ്ടാകാത്തതും തങ്ങൾക്കുവേണ്ടിയാണ് ഈ കച്ചവടം എന്ന തോന്നൽ ഒരു സാമൂഹ്യധാരണയായി മാറ്റുന്നതിൽ ധനികവർഗം നേടിയ നിർണായകമായ വിജയത്തിന്റെ ഭാഗമാണ്. പുറമ്പോക്ക്, കോളനി എന്നിവയൊക്കെ അധിക്ഷേപാർഹമായ സവർണ, ധനിക നിന്ദകളാകുമ്പോഴും അവ ഒരു സാമാന്യഭാഷാപ്രയോഗമായി കരുതിപ്പോകും വിധത്തിൽ ഒരു പ്രയോഗാന്തരീക്ഷം ഉണ്ടാക്കുകയാണ് ഈ അധീശബോധം ചെയ്യുന്നത്. ലുലു മാളിൽ നിന്നും വാങ്ങാനല്ലെങ്കിൽ കാണാൻ പോകുന്നത് അതുകൊണ്ടാണ്. അവിടെനിന്നും തങ്ങൾക്കൊന്നും വാങ്ങാനില്ലെങ്കിലും അതിനു കഴിയില്ലെങ്കിലും ആ ഇടം തങ്ങളുടേത് കൂടിയാണ് എന്ന് ഒരിക്കലും അതിന്റെ ഉപഭോക്‌തൃ വർഗ്ഗത്തിൽപ്പെടാത്ത മനുഷ്യരെക്കൊണ്ട് തോന്നിപ്പിക്കുക എന്നതാണ് ഈ ധനിക വർഗാധീശത്വത്തിന്റെ രാഷ്ട്രീയ പ്രയോഗം. ഇതിനായി അവർ കണ്ടെത്തുന്ന സ്ഥിരോത്സാഹികളായ പങ്കാളികൾ മധ്യവർഗ്ഗമാണ്. നിസ്വരായ മനുഷ്യരോടുള്ള പുച്ഛവും ധനികവർഗ്ഗത്തിലെത്താനുള്ള നെട്ടോട്ടത്തിൽ അതിന്റെ സാംസ്കാരിക, രാഷ്ട്രീയ ബോധത്തെ എത്രയും വേഗം പ്രകടിപ്പിക്കാനുള്ള തിക്കിത്തിരക്കും മൂലം ധനികരുടെ ഏറ്റവും വിശ്വസ്തരായ പങ്കാളികളാകാൻ മധ്യവർഗം ഞങ്ങളിതാ, ഞങ്ങളിതാ എന്നുപറഞ്ഞു തിരതള്ളിക്കൊണ്ടേയിരിക്കും. കേരളമാകട്ടെ ഇതിന് പറ്റിയ സാമൂഹ്യ-സാമ്പത്തിക ഘടനയിൽ നിൽക്കുന്ന പ്രദേശവുമാണ്.

അതുകൊണ്ടാണ് കിടപ്പാടം നഷ്ടപ്പെടുന്ന മനുഷ്യർ എന്നതിന്റെ എല്ലാ ചരിത്രപരമായ രാഷ്ട്രീയ ബോധ്യങ്ങളേയും ഉപേക്ഷിച്ചുകൊണ്ട്, നിയമവാഴ്ചയെ വെല്ലുവിളിച്ചു കെട്ടിപ്പൊക്കിയിരിക്കുന്ന മരടിലെ ആഡംബര സമുച്ചയങ്ങൾക്കും അവിടുത്തെ താമസക്കാർക്കും വേണ്ടി കർഷകത്തൊഴിലാളിയെയും ചുമട്ടുതൊഴിലാളിയെയും കുടുംബശ്രീക്കാരെയുമൊക്കെ സമരത്തിനിറക്കാമെന്ന ആത്മവിശ്വാസം കോടിയേരി ബാലകൃഷ്ണനുണ്ടാകുന്നത്. തങ്ങളുടെ നിലപാട് നഷ്ടക്കച്ചവടമാകില്ല എന്ന ഉറപ്പ് കോൺഗ്രസിനും ബി ജെ പിക്കുമുണ്ടാകുന്നത്. ഡി എൽ എഫിന്റെ പഴയ നിയമലംഘനം പിഴയടച്ചു തീർപ്പാക്കിയല്ലോ എന്ന വികാരഭരിതമായ നീതിബോധം ഇടതുപക്ഷവ്യവഹാരികളെന്നു സ്വയം പ്രകാശിപ്പിക്കുന്നവർ ചോദിച്ചുകൊണ്ടേയിരിക്കുന്നത്. വിജയിക്കുന്ന ഒരു സമരത്തിനെങ്കിലും വേണ്ടി എത്രയേറെ സമരങ്ങൾ നാം തോറ്റതില്ല സഖാക്കളെ എന്നൊക്കെ എവിടെയോ പാടിയിട്ടുണ്ട് പോലും.

മരടിലെ ആഡംബര പാർപ്പിടസമുച്ചയങ്ങൾ നിയമവാഴ്ചയുടെ നേർക്കുള്ള വെല്ലുവിളിയാണ്. ഏതു നിയമസംവിധാനവും തങ്ങൾക്കു വേണ്ടി വഴിമാറുമെന്ന ധനിക വർഗത്തിന്റെ ഉറപ്പാണത്. അത് പൊളിക്കുക എന്നത് ഒരു രാഷ്ട്രീയ സമരമാണ്. ആ രാഷ്ട്രീയത്തെ തോല്പിക്കാനാണ് കേരളത്തിലെ മിക്ക മുഖ്യധാരാ രാഷ്ട്രീയകക്ഷികളും ഇന്ന് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. രാഷ്ട്രീയാധികാര-ധനിക കൂട്ടുകെട്ടിനെ കേരളത്തിന്റെ പൊതുബോധമാക്കി അവതരിപ്പിക്കുന്ന തട്ടിപ്പിനെ ചെറുത്തേ പറ്റൂ. അത്തരം ഒരു ചെറുത്തുനിൽപ്പ് എത്രയേറെ അവഹേളിക്കപ്പെടുമെങ്കിൽക്കൂടി.