ഇതിനപ്പുറം ഒരാക്രമണം ഇന്ത്യൻ മതേതര ഭരണഘടന നേരിടാനില്ല

340

Pramod Puzhankara

ഒരു മതേതര ഭരണഘടനാ റിപ്പബ്ലിക്ക് എന്ന നിലയിലുള്ള ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ ചാവ് പാട്ടാണ് ഇന്നലെ ലോക്‌സഭയിൽ മോദി സർക്കാർ അംഗീകരിപ്പിച്ചെടുത്ത പൗരത്വ ഭേദഗതി ബിൽ. ഇന്ത്യ എന്ന ദേശരാഷ്ട്രത്തെ മതാടിസ്ഥാനത്തിൽ നിർവചിക്കാനുള്ള സംഘപരിവാറിന്റെ ഒരു നൂറ്റാണ്ടോളമായുള്ള ശ്രമത്തിന്റെ ഏറ്റവും മൂർത്തമായ ആക്രമണമാണ് പൗരത്വ ഭേദഗതി ബിൽ. ഇന്ത്യ എന്നാൽ ഹിന്ദുക്കളുടേതാണെന്നും ഹിന്ദുക്കളല്ലാത്തവരെല്ലാം ഈ രാജ്യത്ത് രണ്ടാംകിട പൗരന്മാരാണെന്നുമുള്ള സംഘപരിവാർ പ്രത്യയശാസ്ത്രത്തിനുള്ളിലേക്ക് ഈ രാജ്യത്തെ ചുരുക്കാനുള്ള ശ്രമമാണ് നമുക്ക് മുന്നിൽ നടക്കുന്നത്. ഇന്ത്യൻ പൗരണ് ഒരു മതബാധ സങ്കൽപ്പമാണ്. മതേതരമായ, മനുഷ്യനെന്ന, സാര്വലൗകികമായ പൗരത്വ നിയമസമ്പ്രദായങ്ങളുടെ രീതിയിലുള്ള, ആധുനിക ജനാധിപത്യ സമൂഹങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ ദേശരാഷ്ട്രനിർമ്മിതികളുടെ പരിമിതികൾക്കുള്ളിൽ പിന്തുടർന്നുവന്ന പൗരത്വ നിയമങ്ങളുടെ ഏതാണ്ടൊരു രൂപോവും തന്നെയാണ് ഇന്ത്യയിലും ഇതുവരെ ഉള്ളത്. എന്നാലിതിനെ മതാടിസ്ഥാനത്തിൽ പുന:നിർവചിക്കുക എന്നുവന്നാൽ അത് ഈ രാജ്യത്തിന്റെ മതേതര ഘടനയെ എന്നെന്നേക്കുമായി തകർക്കുക എന്നാണ്.

ഹിന്ദുക്കളാണ് എന്നതുകൊണ്ടാണ് ഒരു കൂട്ടം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതെങ്കിൽ മുസ്ലീങ്ങളാണ് എന്ന കാരണത്താൽ മാത്രം ഒരു വിഭാഗം മനുഷ്യർക്ക് ആ പൗരത്വം നിഷേധിക്കപ്പെടുന്നു. ഇതിനപ്പുറം ഒരാക്രമണം ഇന്ത്യൻ മതേതര ഭരണഘടന നേരിടാനില്ല. മതപരമായ പീഡനങ്ങൾക്ക് വിധേയരായാണ് പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ; ഇന്ത്യയിലെത്തുന്നത് എന്നതൊക്കെ സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്ര അജണ്ടയെ തത്ക്കാലത്തേക്ക് മറച്ചുപിടിക്കാനുള്ള തട്ടിപ്പാണ്. ലോകത്തെങ്ങുമുള്ള ജൂതന്മാർക്ക് ഇസ്രായേൽ എന്ന പോലെ ഹിന്ദുക്കൾക്കുള്ള വാഗ്ദത്ത ഭൂമി എന്ന മട്ടിലാണ് സംഘപരിവാർ ഇന്ത്യയെ ചിത്രീകരിക്കുന്നത്. ഹിന്ദുക്കൾക്ക് പൗരത്വത്തിന് പ്രത്യേക അവകാശങ്ങളുള്ള ഒരു രാജ്യം എന്നാൽ ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രത്തിന്റെ പണിയിൽ ഒരുപാട് കല്ലുകൾ സംഘപരിവാർ കെട്ടിയുയർത്തി എന്നാണർത്ഥം.

മതത്തിനും വംശത്തിനും ലിംഗത്തിനും ദേശത്തിനും അതീതമായി പൗരന്മാർക്ക് തുല്യനീതി ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 14-നു വിരുദ്ധമാണ് ഈ പൗരത്വ ഭേദഗതി ബിൽ. മതേതരവും മതാതീതവുമായ ഭരണഘടനാവകാശങ്ങൾ അനുഭവിക്കാനുള്ള പൗരന്മാരെ മതാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണ് എന്ന കാര്യത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനല്ലാതെ മറ്റാർക്കും തർക്കവും കാണില്ല. പാർലമെന്റിൽ സമ്പൂർണ ഭൂരിപക്ഷമുണ്ടെങ്കിലും ഒരു സർക്കാരിനും ഉള്ളംഖിക്കാനാകാത്ത ഒന്നാണ് ഭരണഘടനയുടെ basic structure . മതേതരത്വം ആ അടിസ്ഥാന ഘടനയുടെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ടുതന്നെ ഈ നിയമഭേദഗതി Judicial Review -വിനെ അതിജീവിക്കില്ല എന്നതാണ് ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് സാമാന്യജ്ഞാനമുള്ള ആരും കരുതേണ്ടത്. നീതിയുടെ വ്യാഖ്യാനം ഒരു രാഷ്ട്രീയം കൂടിയാണ് എന്നത് തീർച്ചയായും ഇത്തരം ശുഭാപ്തിവിശ്വാസങ്ങളെ യാഥാർത്ഥ്യത്തിന്റെ കണ്ണാടികളിൽക്കൂടി കാണാൻക്കൂടി നമ്മെ തയ്യാറാക്കേണ്ടതുണ്ട്.

മുസ്‌ലിം എന്ന അപരസ്വത്വത്തിനെ ഹിന്ദുത്വ രാഷ്ട്രീയം ഒരേ സമയം ആഭ്യന്തരവും വൈദേശികവുമായ ശത്രുവായി ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കുന്നു. ഒരേ തോണിയിൽ ഒരേ പുഴയിൽ ഒരേ താളത്തിൽ, പട്ടിണിക്കും വറുതിക്കുമിടയിൽ ഒരേ ഭാഷ സംസാരിക്കുന്ന, ബ്രിട്ടീഷുകാരൻ വിഭജിച്ചിട്ടതുകൊണ്ടുമാത്രം രണ്ടായിപ്പോയ മനുഷ്യർ ബംഗ്ളാദേശിൽ നിന്നും ഇന്ത്യയിലെത്തുമ്പോൾ അവരൊന്നും മതത്തിന്റെ ഭാണ്ഡം പേറിയല്ല വരുന്നത്. ഉപജീവനത്തിന് തീ പിടിച്ച വേവുകളുമായാണ്. ആ മനുഷ്യരെയാണ് മത പീഡനത്തിന്റെ കള്ളകഥകളിൽ വേർതിരിച്ചു മതരാഷ്ട്രമുണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നത്. ഇന്ത്യയിലേക്കുള്ള കുടിയേറ്റം ഉണ്ടാവുന്നതിൽ കേവലമായ ഏതാനും സംഭവങ്ങളൊഴിച്ചല് ബാക്കിയെല്ലാം വിഭവസ്രോതസുകൾക്കായുള്ള മനുഷ്യന്റെ അന്വേഷണങ്ങളുടെയും അനാദിയായ യാത്രകളുടെയും തുടർച്ചയാണ്. അവിടെ മതത്തിന്റെ മതിലുകെട്ടുന്നതും തടങ്കൽപ്പാളയങ്ങളുണ്ടാക്കുന്നതും ഈ രാജ്യത്തെ രൂപപ്പെടുത്തിയ ദേശീയ വിമോചന സമരത്തിന്റെ ഏതു ധാരയുടെ രാഷ്ട്രീയത്തിന്റെയും വിപരീതമാണ്. അത്തരത്തിലൊരു ധാരയിലും ഒരു കാവിക്കോണകമുടുത്തുപോലും സംഘപരിവാറിനെയോ അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തെയോ കാണാനാകില്ല എന്നതുകൊണ്ട് ആ വൈപരീത്യത്തിന്റെ പ്രത്യയശാസ്ത്ര ബോധത്തിന് കുറ്റബോധമുണ്ടാകാനുള്ള ചരിത്രപരമായ സാധ്യത ഒട്ടുമില്ലതാനും.

പൗരത്വ ഭേദഗതി ബിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി എന്ന പ്രഖ്യാപനത്തിന്റെ കേളികൊട്ടലാണ്. ഇന്ത്യ എന്ന മതേതര ഭരണഘടനാ റിപ്പബ്ലിക്കിന്റെ വധമെന്ന ആട്ടക്കഥ കണ്ട് പുലരുമ്പോൾ രാജ്യം പഴയപോലെ മുറുക്കിത്തുപ്പാൻ പാകത്തിൽ നീണ്ടും നിവർന്നും ആലസ്യത്തോടെ ബാക്കിയുണ്ടാകും എന്നാണു ധരിക്കുന്നതെങ്കിൽ ഒരു മുദ്രയും നിങ്ങൾക്ക് മനസിലായില്ല എന്നെ ധരിക്കേണ്ടതുള്ളൂ. നിങ്ങൾക്ക് മനസിലായില്ലെങ്കിലും ആട്ടം നടന്നു എന്നതാണ് കളിയുടെ ബാക്കി. ഈ കളിയിൽ പുലർന്നാലും ആരും വേഷമഴിക്കുന്നില്ലെന്നും കളി തീരുന്നേയില്ലെന്നും തിരിച്ചറിയുമ്പോഴേക്കും കഥ കളിയല്ലാതാവുകയും യാഥാർത്ഥ്യമാവുകയും ചെയ്യുന്നു. ഫാഷിസത്തിന്റെ രാത്രികളിൽ നേരം പുലരാറില്ലെന്നും പുലർന്നാൽ പിന്നെ അസ്തമിക്കാറില്ലെന്നും വിചിത്രമെന്നു തോന്നുമെങ്കിലും ചരിത്രത്തിൽ രാഷ്ട്രീയ സമരങ്ങളുടെ ചോരകൊണ്ട് കണക്കുതീർത്ത കടങ്കഥകളാണ്.

ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റു രാഷ്ട്രീയത്തിനോട് കണക്കുതീർക്കാനുള്ള ചരിത്രസമരങ്ങൾക്ക് ഘടികാരങ്ങൾ സമയമറിയിക്കുന്നു.