കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബ്രിട്ടാസ് പഴയ ബ്രിട്ടാസായിരുന്നു

302

എഴുതിയത്  : Pramod puzhankara

ഇദ്ദേഹത്തിന് പറ്റിയത്, കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബ്രിട്ടാസ് പഴയ ബ്രിട്ടാസായിരുന്നു

ഉത്തരേന്ത്യയിൽ ദീർഘകാലം കഴിഞ്ഞതിനുശേഷം കേരളത്തിലെത്തിയ ജോൺ ബ്രിട്ടാസിനെ വരവേറ്റത് ആകെ മാറിപ്പോയ കേരളമായിരുന്നു. ഒന്നും മനസിലാകുന്നില്ല. എവിടെയെങ്കിലും ഒന്ന് തലചായ്ക്കാൻ ഇടമില്ലാതെ മനുഷ്യപുത്രനായി അലയേണ്ടി വരുമോ എന്നുകൂടി അദ്ദേഹം ഒരുവേള സംശയിച്ചു. അപ്പോഴാണ് കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാൽ പഴയ ബിലാലാണെന്ന് അദ്ദേഹം ഓർത്തത്. അതോടെ ആദ്യത്തെ പരിഭ്രമം മാറി ഭാവം മതിഭ്രമത്തിലേക്ക് കടന്നു. റെയിൽവേയിൽ ഉദ്യോഗസ്ഥയായ ഭാര്യക്ക് സ്ഥലം മാറ്റം കിട്ടാൻ ധാരാളം കേന്ദ്ര സർക്കാർ ആപ്പീസുകളുള്ള കൊച്ചിയായിരിക്കും നല്ലതെന്നും മൂപ്പർക്ക് തോന്നി. ആദായ നികുതി വകുപ്പോ, സി ബി ഐയോ പോലുള്ള നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഉണ്ടായാൽ റെയിൽവേയിൽ നിന്നും അവിടെക്കെല്ലാം സ്ഥലം മാറ്റം കിട്ടുമോ? അത് മാത്രമല്ല അദ്ദേഹം കൊച്ചി തെരഞെടുക്കാൻ കാരണം, ധാരാളം ആശുപത്രികൾ, ഹോട്ടലുകൾ, നേരിട്ട് ഹൈവേയിലേക്കിറങ്ങാനുള്ള എളുപ്പം ഇതൊക്കെയായിരുന്നു ആ ദമ്പതികൾ നോക്കിയത്. വീട് വാങ്ങുമ്പോൾ ചുറ്റും ധാരാളം ഹോട്ടലുകളുണ്ടോ എന്ന് നോക്കുന്നതൊക്കെ നടാടെ കേൾക്കുകയാണ്.

എന്തായാലും മറ്റു ചെറുപട്ടണങ്ങളേക്കാൾ വിലകുറഞ്ഞ പാർപ്പിടലഭ്യത മൂലം അദ്ദേഹത്തിനൊപ്പം അയൽക്കാരായും പരിസരത്തും ഫ്ലാറ്റുകൾ വാങ്ങിയത് മുഴുവൻ അതിധനികരെന്നു നാം തെറ്റിദ്ധരിച്ച വിദേശ ഇന്ത്യക്കാരും ചലച്ചിത്ര വ്യവസായത്തിലുള്ളവരും ഒക്കെയായിരുന്നു. ഒരു വീടിനുവേണ്ടി വായ്പയെടുത്ത് ഒരു കായലരികത്ത് ഒരു കുഞ്ഞുവീട് വാങ്ങിയ ഒരു കൂട്ടം സാധാരണക്കാരായ മനുഷ്യരുടെ സ്വപനങ്ങളാണ് ഇപ്പോൾ മരടിൽ ധൂളിയാകുമോ എന്ന ഭീഷണിയിൽ നിൽക്കുന്നത്. ഹാ ! വീണിതല്ലോ കിടക്കുന്നു ധരണിയിൽ ധൂളിയിൽ പൊതിഞ്ഞയ്യയ്യോ, എന്ന മട്ടിലാണ്.

വായ്പ കിട്ടി എന്നതുകൊണ്ട് മറ്റൊന്നും നോക്കിയില്ല ബ്രിട്ടാസ്. അതും ഡൽഹിയിൽ നീണ്ടനാൾ കഴിഞ്ഞ ബ്രിട്ടാസിന്, മാധ്യമപ്രവർത്തകനായ ബ്രിട്ടാസിന് ബാങ്കുകൾ വായ്പ നൽകുന്നതിൽ കെട്ടിടനിർമ്മാതാക്കളും വാങ്ങുന്നവരുമൊക്കെയായി ബാങ്കുകൾ ഉണ്ടാക്കുന്ന അഴിമതിധാരണകൾ ഒട്ടും അറിയില്ലായിരുന്നു എന്ന് നാം കരുതണം. അതൊക്കെ പോട്ടെ, ഇനിയിപ്പോ ഫ്‌ലാറ്റ് പൊളിച്ചാലും സർക്കാർ നൽകുന്ന ചില്ലറക്കാശ് തനിക്കുവേണ്ട എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷെ കൂടുതൽ ഗുരുതരമായ ചില സാമ്പത്തിക-സാമൂഹ്യ പ്രശ്നങ്ങളിലേക്കാണ് വ്യക്തിപരമായി ഇത്രയും പ്രതിസന്ധി നേരിടുമ്പോഴും അദ്ദേഹം നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

അതിൽ നിർണായകമായ ഒരു കാര്യം,കേരളത്തിലെ സാധാരണക്കാരായ ഏതാണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുന്നത്, വിദേശ മലയാളി-ഇന്ത്യക്കാർ കോടികൾ മുടക്കുന്ന നിർമ്മാണരംഗമാണ്. അവർ കായലരികത്ത് കാറ്റുകൊണ്ടു താമസിക്കാനൊക്കെ വീടുകൾ കെട്ടിപ്പൊക്കുന്നതുകൊണ്ടാണ് ഡേയ് മലയാളി, നീയൊക്കെ ഉച്ചക്കഞ്ഞി കുടിക്കുന്നത് എന്ന് മിതം ച സാരം. അപ്പോൾ ഇമ്മാതിരി നിയമം ലംഘിച്ചു എന്നൊക്കെപ്പറഞ്ഞു ഇങ്ങനെ ബുദ്ധിമുട്ടിലാക്കിയാൽ ഞങ്ങൾ പത്തിന്റെ കാശ് ഇവിടെ ഇറക്കില്ലെന്ന്. നിക്ഷേപമിറക്കാൻ ആരിനി ധൈര്യപ്പെടും എന്ന ചോദ്യം അവഗണിക്കേണ്ട ഒന്നല്ല എന്ന്. അയ്യോ, വിദേശ മലയാളി, ധനിക നിക്ഷേപക പോകല്ലേ പോകല്ലേ. ഇതാ ഞങ്ങളുടെ കായൽത്തീരങ്ങൾ, കടലോരങ്ങൾ, കണ്ടൽക്കാടുകൾ നിങ്ങൾ വരൂ മദിക്കൂ , ഈ വഴിയോരത്ത് നിങ്ങളുടെ കുപ്പായത്തേപ്പുകാരായി ഞങ്ങൾ നിൽക്കാം എന്നാണ് സാമ്പ്രദായികരാഗത്തിൽ നാം പറയേണ്ടതായി അദ്ദേഹം പ്രതീക്ഷിക്കുന്നത്. സമരം ചെയ്താൽ കേരളത്തിൽ നിന്നും കച്ചവടം മാറ്റും എന്ന് ഭീഷണി മുഴക്കുന്ന മുത്തൂറ്റ് മുതലാളിയുടെ ഒരേ സ്വരം, ഒരേ നിറം, ഒരു രാഗസങ്കീർത്തനം. ‘ആകുമോ ഭവാന്മാർക്കു നികത്താൻ ലോകസാമൂഹ്യദുർനിയമങ്ങൾ” എന്ന് വ്യഥിതമാനസരായ ധനികർ ചോദിക്കുകയാണ്.

ഇനിയൊന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ജോൺ ഒന്നാമൻ ബ്രിട്ടാസ് രണ്ടാമനെ ആക്രമിക്കുന്നു എന്നതിലെ സംസ്കാരരാഹിത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിക്ഷോഭമാണ്. അതായത് എവിടെ മർത്യനെ കുടിയിറക്കുന്നുവോ അവിടെ ഞാനെത്തും ഗർജ്ജനമായി എന്ന മുദ്രാവാക്യവുമായി വിപ്ലവസെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, ചെന്നിത്തല-ഉമ്മൻചാണ്ടി ആദിയനാദിയായ മതേതര നെഹ്രൂവിയൻ കോൺഗ്രസ്, അയ്യപ്പപ്പൻവിളക്കു സംഘം ശ്രീധർ പിള്ള & പാർട്ടി എന്നിവരെല്ലാം കടത്തനാടും കുറുമ്പ്രനാടും തുളുനാടും വെട്ടത്തുനാടുമുല്ല അഭ്യാസികളുമായി കാവൽ നിൽക്കുന്ന ഒരു പാർപ്പിട സമുച്ചയത്തിന്റെ ഉള്ളിലിരുന്നാണ് ബ്രിട്ടാസ് എന്ന വിഷുപ്പക്ഷിയുടെ വിലാപം, മൂപ്പരുടെ രാഷ്ട്രീയത്തിന്റെ പേരിൽ ആക്രമിക്കുന്നു എന്ന്. കോൺഗ്രസും ബി ജെ പിയും ലീഗും കേരള കോൺഗ്രസുമെല്ലാം ബ്രിട്ടാസിന് കായലരികത്ത് വലയേറിനുള്ള സൗകര്യത്തിനായി സമരം ചെയ്യുമ്പോൾ ആരാണ് ഹേ മൂപ്പരെ ഇങ്ങനെ രാഷ്ട്രീയത്തിന്റെ പേരിൽ ആക്രമിക്കുന്നത്. ജാഗ്രതൈ!

തന്റെ വൈകിവന്ന വസന്തപ്രതികരണത്തിൽ അധിക്ഷേപിക്കുന്നവരുടെ ‘സംസ്കാരത്തിലേക്ക് താഴാൻ’ അദ്ദേഹം ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം തന്റെ രാഷ്ട്രീയ നിലപാടിനോടുള്ള എതിർപ്പാണ് എന്നദ്ദേഹം മുഷ്ടി ചുരുട്ടി വിളിച്ചു പറയുന്നുണ്ട്. തൊഴിലാളികളെ, കർഷക തൊഴിലാളികളെ, കേൾക്കുന്നില്ലേ നിങ്ങളീ ഇടിമുഴക്കം. വേട്ടയാടപ്പെടുന്ന സഖാവിന്റെ പിടച്ചിൽ. വീടിനടുത്ത് ഒന്നോ രണ്ടോ വൻകിട ആശുപത്രികൾ, കുറച്ചു പഞ്ച നക്ഷത്ര ഹോട്ടലുകൾ, ചെറിയൊരു ദേശീയപാത, പാവപ്പെട്ട സിനിമാ താരങ്ങളുടെയും വിദേശത്ത് അടിമവേല ചെയ്യുന്ന പാവപ്പെട്ട പ്രവാസികളുടെയും കമ്മ്യൂൺ ജീവിതത്തിലൊരിടം, അവരുടെ പാട്ടിനു കൂട്ടുകുടംതുടി കിണ്ണം തംബുരുവോടക്കുഴലുമായുള്ള സാംസ്കാരിക സായാഹ്നങ്ങൾ , ദശലക്ഷക്കണക്കിനു സാധാരണ മനുഷ്യർക്ക് തൊഴിൽ നൽകുന്ന മേഖലയ്‌ക്കൊരു കൈത്താങ്ങ്, അതിലൊരു കുഞ്ഞു നിക്ഷേപം, മുതലാളിത്തത്തിന്റെ ശവക്കുഴി വെട്ടാൻ തൊഴിലാളികൾക്ക് ഇത്തിരി മിച്ചമൂല്യം ഇത്രയൊക്കെ രാഷ്ട്രീയ നിലപാടുകൾ സ്വന്തം ജീവിതം കൊണ്ട് നൽകിയ ബ്രിട്ടാസിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണം തൊഴിലാളി വർഗം.

കളമശ്ശേരി, ആലുവ ഭാഗത്തുനിന്നുള്ള തൊഴിലാളികൾ ഊഴം വെച്ച് ആഡംബര പാർപ്പിട സമുച്ചയങ്ങൾക്ക് കാവലിരിക്കട്ടെ. അങ്ങ് മുകളിൽ തൊഴിലാളിവർഗ രാഷ്ട്രീയത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും നിലപാടിന്റെയും പേരിൽ ആക്രമിക്കപ്പെട്ട അദ്ദേഹം ഖിന്നനാണ്. അങ്ങ് വിഷമിക്കരുത്, ഉയരത്തിലൊരു നിലയിലിരുന്നു അങ്ങ് രാഷ്ട്രീയ നിലപാട് മുറജപമായി, വർഷധാരയായി പെയ്തിറക്കൂ. തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ പേരിൽ ഇനിയൊരു മനുഷ്യനും ഇങ്ങനെ വേട്ടയാടപ്പെടരുത്. താഴെ ഞങ്ങൾ കാവലുണ്ട്, എന്തിന് ദേശീയ ബൂർഷ്വാസിയെ മാത്രമല്ല ഫാഷിസ്റ്റുകളെപ്പോലും ഇത് ബോധ്യപ്പെടുത്താൻ നമുക്ക് കഴിഞ്ഞിരിക്കുന്നു. ഇനിയാ ചുവന്ന പുലരി അകലെയല്ല സഖാവേ. സഖാവിന്റെ കുഞ്ഞുവീടിന്റെ തുറന്നിട്ട ജാലകത്തിൽ നിന്നും ഒരു ചെങ്കൊടിചീന്ത് കായൽക്കാറ്റിൽ പാറിക്കളിക്കുന്നത് ഞങ്ങൾക്ക് കാണാം. മതി, ഞങ്ങൾക്കതു മതി. എവിടെ മാല, ഗോപാലൻ, മാത്യു, പരമുപിള്ളയ്ക്ക് ആ കൊടിയൊന്നു എടുത്തുകൊടുക്ക്, അങ്ങേരതൊന്നു പൊക്കിപ്പിടിക്കട്ടെ.