മോദിക്കും അമിത് ഷാക്കും സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരന്മാർക്കും ഡൽഹിയിലും അലിഗഡിലും നടത്തുന്ന വേട്ട പുതിയതല്ല

111

Pramod Puzhankara

ഈ രാജ്യത്തിന്റെ പൗരത്വം മതാടിസ്ഥാനത്തിൽ നിർവചിക്കുന്ന നിയമം നടപ്പാക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുന്ന മനുഷ്യരെയാണ് ഈ രാത്രിയിൽ ഡൽഹിയിലും അലിഗഡിലും സംഘപരിവാറിന്റെ വേട്ടപ്പട്ടികളും പൊലീസും തല്ലിച്ചതയ്ക്കുന്നതും വെടിവെച്ചു വീഴ്ത്തുന്നതും. ഒരു സംസ്ഥാനം മുഴുവൻ കത്തിച്ചുകൊണ്ട് ആയിരക്കണക്കിന് മുസ്‌ളീങ്ങളെ കൂട്ടക്കൊല നടത്താൻ നേതൃത്വം നൽകിയ നരേന്ദ്ര മോദിക്കും അമിത് ഷാക്കും സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരന്മാർക്കും ഡൽഹിയിലും അലിഗഡിലും നടത്തുന്ന വേട്ട പുതിയതല്ല. എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ വിട്ടുവീഴ്ച്ച ചെയ്യാൻ കഴിയാത്ത ചെറുത്തുനിൽപ്പിന്റെ കാലത്തേക്കാണ് നാം കടക്കുന്നത്.

ഹിന്ദുരാഷ്ട്രപ്രഖ്യാപനത്തിന്റെ വെല്ലുവിളിയാണ് പൗരത്വ ഭേദഗതി നിയമം. മതേതര ഇന്ത്യയുടെ മാഞ്ഞുപോക്ക്. നീതിബോധം മറന്നുപോയതായി നടിക്കുകയും വിധേയത്വം മിനുക്കിയെഴുതുകയും ചെയ്യാൻ തുടങ്ങുന്ന സുപ്രീം കോടതി. പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും നേരെ ഒരു മറയുമില്ലാതെ അക്രമം അഴിച്ചുവിടുന്ന മർദ്ദക സംവിധാനങ്ങൾ. ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ സകല ക്രൗര്യത്തോടും കൂടി മോദി സർക്കാർ അതിന്റെ ആട്ടം കൊഴുപ്പിക്കുകയാണ്. ഡൽഹിയിൽ പോലീസ് ആക്രമണത്തിൽ പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന വിദ്യാർത്ഥികളെ ആശുപത്രിയിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ മനുഷ്യാവകാശ ലംഘനമാണ് നടന്നത്.

ഈ രാജ്യം അതിന്റെ ഏറ്റവും ഭീതിദമായ ഒരു കാലത്തോട് ഏറ്റവും ദുർബലമായ ഒരു പ്രതിരോധകാലത്തിൽ നിന്നുമാണ് ചെറുത്തുനിൽക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ അടിച്ചമർത്തപ്പെട്ടെങ്കിലും ഒരു ജനാധിപത്യസമൂഹത്തിനായുള്ള സമരങ്ങളുടെ ചോരകൊണ്ട് പണിതുണ്ടാക്കിയ, നേടിയെടുത്ത ഓരോ അവകാശവും ഹിന്ദുത്വ രാഷ്ട്രീയ ഭീകരതയും അതിന്റെ കോർപ്പറേറ്റ് കൊള്ളയും ചേർന്ന് ഇല്ലാതാക്കുകയാണ്. സർവകലാശാലകളുടെ വാതിലുകൾ തല്ലിതകർത്ത് വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുന്നതിനു ഒരു മടിയുമില്ലാത്ത പൊലീസ് ദേശീയ തലസ്ഥാനത്തുനിന്നും നൽകുന്ന സന്ദേശം ഭരണകൂടത്തിന്റെ പാതിരാനാടകങ്ങൾ അടുത്ത ഘട്ടത്തിൽ എത്തി എന്നതാണ്.

ഇന്ത്യ എന്ന രാജ്യം ഒരു മതേതര സംവിധാനമാണ്. അതിന്റെ നിലനിൽപ്പുതന്നെ അതാണ്. ഒരു ആധുനിക പുരോഗമന മതേതര രാഷ്ട്രത്തിനായുള്ള സമരമാണ് ഇന്ത്യയെ സൃഷ്ടിച്ചത്, അത് ഒരു പിടഞ്ഞുവീണ സങ്കല്പമായിപ്പോകുന്നുണ്ടെങ്കിലും അതിനുവേണ്ടിയുള്ള പോരാട്ടമാണ് ഈ രാജ്യത്തെ ജനത നടത്തേണ്ടത്. ആ സങ്കല്പത്തെയും ആശയത്തെയും തന്നെ തകർക്കുന്ന അസാധാരണമായ വെല്ലുവിളിയാണ് ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തുന്നത്. അസാധാരണമായ കാലം അസാധാരണമായ പ്രതികരണവും പ്രതിഷേധവും ആവശ്യപ്പെടുന്നുണ്ട്. മതമാണ് കേന്ദ്രസർക്കാരിന് ഇന്ത്യൻ പൗരന്റെ അസ്തിത്വത്തെ നിര്ണയിക്കുന്നതെങ്കിൽ അങ്ങനെയൊരു കേന്ദ്ര സർക്കാരിനോട് അതിരിനു പുറത്തു നിൽക്കാൻ പറയുന്ന പ്രവിശ്യയുടെ രാഷ്ട്രീയ ചെറുത്തുനിൽപ്പ് ഉയരേണ്ടതുണ്ട്.

ഹിംസാത്മകമായ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ മുഖാമുഖം ഏറ്റുമുട്ടാനുള്ള സമയമായിരിക്കുന്നു. അതത്ര എളുപ്പമുള്ള പണിയല്ല. ജനാധിപത്യം ചരിത്രത്തിലൊരിക്കലും എളുപ്പമുള്ള ലക്ഷ്യമല്ല. ഫാഷിസമാകട്ടെ മുതലാളിത്തത്തിന്റെയും ക്ഷുദ്ര ദേശീയതയുടെയും മതാധിപത്യത്ത്ന്റെയുമെല്ലാം ഏറ്റവും അക്രമാസക്തമായ ഭരണകൂടവും. എങ്കിലും വിളക്കുകാലുകളിൽ തൂങ്ങിയാടാൻ കാത്തിരുന്ന ഒരു സ്വേച്ഛാധിപതിയും തനിക്കായി സ്വർണക്കയറുകൾ തൂക്കിയ കഴുമരം പണിതുവെച്ചിട്ടില്ലായിരുന്നു. ജനത്തിന്റെ നിശ്ശബ്ദതയിലും ദൈന്യത്തിലും അനന്തമായ അധികാരം സ്വപ്നം കണ്ടവരായിരുന്നു സകലരും. നാഗരികതയുടെ ചരിത്രം മുഴുവൻ ഭരണാധികാരികളുടെ ഏറ്റവും വലിയ ഭീതിക്കപ്പുറത്തേക്ക് രൂപം കൊണ്ട ജനകീയ പ്രതിരോധങ്ങളുടേതായിരുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ച തലമുറയിലെ ആദ്യ പ്രധാനമന്ത്രിയാണ് താനെന്നാണ് അധമനായ മോദി വമ്പു പറഞ്ഞത്. അതൊരു പുതിയ ഇന്ത്യയുടെ സ്വപ്നമാണെന്നും. ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന്റെ വിലയെന്താണെന്നു അയാളെയും സംഘപരിവാർ ഫാഷിസ്റ്റുകളെയും അറിയിക്കേണ്ടിയിരിക്കുന്നു. അയാൾ കാണാത്ത സ്വാതന്ത്ര്യ സമരം എന്താണെന്നും. അതിനുവേണ്ടി രാവുകൾക്ക് വെളിച്ചം പകരാൻ തീ കത്തണമെങ്കിൽ നമ്മളത് കത്തിക്കുക തന്നെ വേണം.