സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനെ പരമാവധി വൈകിപ്പിക്കാൻ ശ്രമിക്കുകയാണ് സുപ്രീം കോടതി പുനഃപരിശോധന വിധിയിലൂടെ ചെയ്തത്

226

Pramod Puzhankara

ശബരിമല പുനഃപരിശോധന ഹർജിയിലെ സുപ്രീം കോടതി വിധി ഒരു ആധുനിക മതേതര ജനാധിപത്യ സമൂഹത്തിലേക്കുള്ള ഉരുത്തിരിയലിൽ Jurisprudential Philosophy -യും അതിന്റെ പ്രയോഗവും നേരിടുന്ന ആന്തരിക വൈരുധ്യങ്ങളും സംഘര്ഷങ്ങളുമാണ് കാണിക്കുന്നത്. “ദൈവനാമത്തിൽ” എന്നുവെച്ച് തുടങ്ങണം ഇന്ത്യൻ ഭരണഘടന എന്ന എച്ച്. വി. കാമത്, ഗോവിന്ദ് മാളവ്യ , എസ്.എൽ സക്‌സേന തുടങ്ങിയവർ കൊണ്ടുവന്ന പ്രമേയത്തെ വോട്ടിനിട്ട് തോൽപ്പിച്ചാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭരണഘടനാ നിർമ്മാണ സഭ എഴുതിയുണ്ടാക്കിയത്. ഭരണഘടനയുടെ പ്രാന്തപ്രദേശങ്ങളിൽ അന്നുമുതലേ അസംതൃപ്തരായ ദൈവങ്ങൾ ചുറ്റിത്തിരിയുന്നുണ്ട്. മതജീർണതകളുമായുള്ള ഇന്ത്യൻ സമൂഹത്തിന്റെ താരതമ്യേന ദുർബലമായ ഏറ്റുമുട്ടലിൽ വളരെ നിർണായകമായ വിധിയായിരുന്നു ശബരിമല കേസിലേത്. ഭരണഘടനാ നൽകുന്ന പൗരാവകാശങ്ങളെ, മൗലികാവകാശങ്ങളെ ഹനിക്കുന്ന എന്തുതരം വിവേചനവും ആചാരവും നിയന്ത്രണവും ഏതു മതത്തിലുണ്ടായാലും അത് നിലനിൽക്കുന്നതല്ലെന്നാണ് ആ വിധിയുടെ സാരം. ധാർമികതയും ധർമ്മബോധവുമെല്ലാം പൗരന്റെയും രാജ്യത്തിന്റെ നടത്തിപ്പിന്റെയും കാര്യത്തിൽ മതേതര ഭരണഘടനയുടെ Constitutional Morality -ക്ക് കീഴിലായിരിക്കുമെന്നും അത് വ്യക്തമാക്കി.

മതങ്ങളുടെ സാമൂഹ്യമായ സ്വാധീനത്തെ മാത്രമല്ല, ഭരണകൂടത്തിന് മതവുമായുള്ള ബന്ധത്തെയും വളരെ സമഗ്രമായി വ്യാഖ്യാനിക്കാവുന്ന ഒരു പുതിയ തലത്തിലുള്ള നൈതികവിചാരത്തിനു ശേഷിയുണ്ടായിരുന്നു ആ വിധിക്ക്. മാത്രവുമല്ല, ആധുനിക ബൂർഷ്വാ സമൂഹത്തിൽ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുരോഗമനപരമായ ആശയത്തിന്റെ മുന്നോട്ടുപോക്ക് കൂടിയായിരുന്നു അത്. സ്ത്രീകളുടെ തുല്യാവകാശവും സാമൂഹ്യപദവിയും സംബന്ധിച്ചും ആ വിധി മുമ്പില്ലാത്ത തരത്തിൽ സ്വാധീനം ചെലുത്താൻ പ്രാപ്തമായിരുന്നു.

അത്തരത്തിലൊരു വിധിയുടെ പുനഃപരിശോധനയിൽ ചരിത്രപരമായൊരു ശരിയുടെ പക്ഷത്തു നിൽക്കുന്നതിനു പകരം മതജീർണതയുടെ ചതുപ്പുകളിൽ മുടന്തുന്ന ഒരു പഴയലോകത്തെ പ്രതിനിധീകരിച്ചുകൊണ്ട്, മുന്നോട്ടുള്ള പോക്കിനെ പരമാവധി വൈകിപ്പിക്കാൻ ശ്രമിക്കുകയാണ് സുപ്രീം കോടതി പുനഃപരിശോധന വിധിയിലൂടെ ചെയ്തത്. വളരെ മോശമായ ഒരു കീഴ്വഴക്കമാണ് കോടതി ഉണ്ടാക്കിയത് എന്നത് നിയമപരമായ പ്രശ്‌നമായി ചുരുക്കിക്കാണാൻ കഴിയില്ല. ഒരു പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ അത് മാത്രമായിരിക്കണം കോടതി പരിശോധിക്കേണ്ടത്. Review is not an appeal . എന്നാൽ ഈ കേസിൽ പുനഃപരിശോധന ഹർജികൾ പരിഗണിക്കുമ്പോൾ കണക്കിലെടുക്കേണ്ട ജാഗ്രതയെല്ലാം മാറ്റിവെച്ചുകൊണ്ടാണ് വിഷയം വിശാല ബഞ്ചിനു വിട്ടത്.

ഇതൊക്കെയാണെങ്കിലും എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമല പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധി അതേപടി നിലനിൽക്കുന്നു. അതിലൊരു മാറ്റവുമില്ല. നാമജപത്തെറി ഘോഷയാത്രകളും ആക്രോശങ്ങളുമായി കേരളത്തിൽ നടന്ന സംഘപരിവാർ, സവർണ ജാതിഹിന്ദു ലഹളയുടെ പുനരാവർത്തനത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ബാധ്യത ഇപ്പോഴും കേരളത്തിനുണ്ട്. സ്ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ച്, മതജീർണതയുടെ ആചാരഗോഷ്ഠികൾ ലംഘിക്കേണ്ടതിനെക്കുറിച്ച്, ആധുനിക ജനാധിപത്യ സമൂഹത്തിന്റെ വ്യവഹാര ശൈലികൾ വീണ്ടെടുക്കേണ്ടതിനെക്കുറിച്ചെല്ലാം സുപ്രീം കോടതിയുടെ വിശാലബെഞ്ചിനെക്കാൾ ആരോഗ്യകരമായ സമരചരിത്രമുള്ള രാഷ്ട്രീയബോധം ഒരു ജനതയ്ക്കുണ്ടാകാം. അതുകൊണ്ടുതന്നെ തീണ്ടാരിത്തുണിയുടെ ഇരുമുടിക്കെട്ടും ആക്ടിവിസ്റ്റ് പെണ്ണുങ്ങളുമൊക്കെ കയറി പൂങ്കാവനം അശുദ്ധമാക്കും എന്ന തരത്തിൽ ഇപ്പഴേ തുടങ്ങുന്ന സംഘപരിവാർ/സവർണ ഹിന്ദു ലഹളയുടെ മുന്നൊരുക്കങ്ങളെ രാഷ്ട്രീയമായി നേരിടാൻ കേരളീയ സമൂഹത്തിനാകണം.

രാജ്യത്തു നിലനിൽക്കുന്ന രാഷ്ട്രീയ-സാമൂഹ്യ കാലാവസ്ഥയുടെ പ്രതിഫലനം അതിവേഗത്തിലാണ് നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ ഗ്രസിക്കുന്നത്. അതുകൊണ്ടുതന്നെ കോടതിക്ക് അകത്തുള്ളതിനേക്കാൾ പോരാട്ടങ്ങൾ പുറത്തു നടക്കേണ്ടിയിരിക്കുന്നു. കേരളസമൂഹം പുറത്തുതള്ളിയ സ്ത്രീവിരുദ്ധതയുടെ മാലിന്യം ഒഴിഞ്ഞുപോയെന്നു കരുതാനാകില്ലെങ്കിലും ഇത്തവണ സംഘപരിവാർ ലഹള അത്ര എളുപ്പമാക്കാതിരിക്കാനുള്ള ചരിത്രപരമായ കടമായെങ്കിലും നമുക്കുണ്ട്.