Pramod Puzhankara

മതത്തെയും മതേതര സമൂഹത്തെയും മതേതര ജനാധിപത്യ ഭണഘടനെയെയും സംബന്ധിച്ചുള്ള ആധുനിക മനുഷ്യന്റെ സംശയങ്ങളല്ല കോടതി ഉന്നയിച്ചത്. പകരം ജീർണമായ അനാചാരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന, സ്ത്രീവിരുദ്ധതയെ സ്വാഭാവികമായ സാമൂഹ്യനിയമമായി വ്യാഖ്യാനിക്കുന്ന, ജനാധിപത്യത്തെ മതമേധാവിത്തത്തിനു പിറകിലായി വെക്കുന്ന, പൗരാവകാശങ്ങളെ മതമേലധ്യക്ഷന്മാരുടെ തീട്ടൂരങ്ങൾക്ക് വിധേയമാക്കുന്ന ഒരു അടഞ്ഞ സമൂഹം പുരോഗമനമൂല്യങ്ങളുടെയും പൗരാവകാശത്തിന്റെയും ഇരമ്പങ്ങൾക്കു നേരെ ചെവിപൊത്തി നിന്നുകൊണ്ട് ചോദിച്ച ചോദ്യങ്ങളാണ് കോടതി വിശാല ബഞ്ചിനു മുന്നിലേക്കായി വിട്ടത്. അല്ലായിരുന്നുവെങ്കിൽ ശബരിമല വിധിയിലെ പെൺപക്ഷ ജനാധിപത്യ മതേതര രാഷ്ട്രീയത്തെ അത് ഉയർത്തിപ്പിടിക്കുമായിരുന്നു.

ഭൂരിപക്ഷ വിധി വിശാല ബഞ്ചിന്റെ തീർപ്പിനായി നിർദ്ദേശിക്കുന്ന ഒരു വിഷയം കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണ്. ഒരു മതവിഭാഗത്തിലെ ആചാരങ്ങൾക്കോ, സമ്പ്രദായങ്ങൾക്കോ എതിരെ ആ വിഭാഗത്തിൽപ്പെടാത്ത ആരെങ്കിലും നൽകുന്ന പൊതു താത്പര്യ ഹർജി പരിഗണിക്കേണ്ടതുണ്ടോ എന്നാണത്. ഒരു ജനാധിപത്യ സമൂഹത്തിൽ നീതിക്ക് വേണ്ടിയുള്ള അന്വേഷണത്തെ, നീതിക്കു വേണ്ടിയുള്ള സംവാദങ്ങളെ മതബദ്ധമായി ചുരുക്കിക്കാണലായിരിക്കും ഇത്തരത്തിലൊരു ചോദ്യത്തിന് കോടതി നിഷേധാത്മകമായാണ് ഉത്തരം നൽകുന്നതെങ്കിൽ സംഭവിക്കുക. ഒരു ആധുനിക സമൂഹത്തിൽ മനുഷ്യരെ മതത്തിന്റെ അടിസ്ഥാനത്തിൽ നീതിക്കു വേണ്ടിയുള്ള പൊതു സംവാദത്തിൽ പങ്കെടുപ്പിക്കുന്നത് തീർത്തും പിന്തിരിപ്പൻ നടപടിയാണ്. ഈയൊരു ചോദ്യം കോടതി ഉയർത്തി എന്നതുതന്നെ അത്തരമൊരു സാധ്യതയിലേക്ക് നമ്മെ ഭയപ്പെടുത്തുന്ന ഒന്നായി മാറുന്നുണ്ട്.

നിലവിൽ ശബരിമല വിധി നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞിട്ടില്ല. അതായത് വിധി ഇപ്പോഴും സാധുവാണ്. ഏതു സ്ത്രീക്കും ശബരിമലയിൽ പ്രവേശിക്കാൻ ഇപ്പ്പോഴും സ്വാതന്ത്ര്യമുണ്ട്. ഭാവിയിൽ വിശാല ബഞ്ച് ശബരിമല വിധി അസാധുവാകുന്ന തരത്തിൽ ഉത്തരം കണ്ടെത്തും എന്ന തീർപ്പ് സംഘപരിവാർ ഇപ്പോൾത്തന്നെ പുറപ്പെടുവിക്കുകയും വീണ്ടും സ്ത്രീവിരുദ്ധതയുടെയും ജനാധിപത്യവിരുദ്ധതയുടെയും മുദ്രാവാക്യങ്ങളുമായി കേരളത്തെ വീണ്ടും സവർണ ഹിന്ദുത്വ ലഹളയിലേക് വലിച്ചിടാൻ ശ്രമിക്കും എന്നുകൂടി നാം കരുതിയിരിക്കണം. കടുത്ത മതേതര, പെൺപക്ഷ, ജനാധിപത്യ പ്രതിരോധം ഇതിനെതിരെ ഉയർത്തിക്കൊണ്ടുവന്നേ മതിയാകൂ….

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.