കേരളത്തിലെ രാഷ്ട്രീയനേതാക്കളുടെ ആരുടെയെങ്കിലും പേരക്കുട്ടികൾ ഇങ്ങനെ ലൈംഗികപീഡനത്തിനിരയായി തൂങ്ങി നിൽക്കുമോ?

520

Pramod Puzhankara

പതിനൊന്നും ഒമ്പതും വയസായ രണ്ടു പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനു ശേഷം ആത്മഹത്യ ചെയ്തപ്പോൾ അത് പീഡനമല്ല എന്നും ആ കുട്ടികൾ ഇഷ്ടപ്പെട്ടു ചെയ്തിരുന്നതും ആവശ്യപ്പെട്ടു ചെയ്തതാണെന്നും പറയുന്ന ഒരാൾക്ക് DySP-യായി ഇരിക്കാൻ പാകത്തിൽ ഭദ്രമാണ് നമ്മുടെ പോലീസ് സംവിധാനം. വാസ്തവത്തിൽ അത് നമ്മളെ അമ്പരപ്പിക്കുന്നതേയില്ല. കാരണം അയാളെപ്പോലുള്ളവരെ ആവശ്യപ്പെടുന്ന ജനാധിപത്യാരോഗ്യമേ നമ്മുടെ സമൂഹം ആർജ്ജിച്ചെടുത്തുള്ളൂ

DYSP SOJAN

എന്നതുകൊണ്ടാണത്. കൗമാരം പോലുമാകാത്ത രണ്ടു പെൺകുട്ടികളെ കൊന്നുകെട്ടിത്തൂക്കിയതല്ല, അവർ തൂങ്ങി മരിച്ചതാണെന്ന വിചിത്രവാദം ശരിയാണെന്നു സ്ഥാപിക്കപ്പെട്ടാൽക്കൂടി മാനസികാരോഗ്യവും നിയമവാഴ്ചയും ജനാധിപത്യ ബോധവുമുള്ള ഒരു സമൂഹത്തിനെ സംബന്ധിച്ച് അത് കൊലപാതകത്തിൽകുറഞ്ഞു മറ്റൊന്നുമല്ല. കുട്ടികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നില്ല, അവർ ലൈംഗിക ബന്ധം ആസ്വദിക്കുന്നുമില്ല, അവർ മറ്റൊരു മുതിർന്ന മനുഷ്യനോട് ലൈംഗികാസക്തി പ്രകടിപ്പിക്കുന്നില്ല, അവർ മുതിർന്ന മനുഷ്യരുമായി ലൈംഗികകേളികളിൽ ഏർപ്പെടുന്നില്ല, അവർ ലൈംഗികാക്രമണത്തിന് ഇരകളാക്കപ്പെടുക മാത്രമാണ്. അവർക്ക് നേരെ ഹീനമായ ഒരു കുറ്റകൃത്യം നടക്കുകയാണ്. തനിക്ക് നേരെ നടക്കുന്നത് ലൈംഗികമായ ആക്രമണമാണ് എന്നുപോലും തിരിച്ചറിയാൻ കഴിയാത്ത മനുഷ്യജീവികളാണ് പ്രായപൂർത്തിയാകാത്ത കുട്ടികളിൽ മിക്കവരും. എന്നിട്ടും വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾ അതാവശ്യപ്പെട്ടിരുന്നു എന്ന് പറയുന്ന ഒരു ഭരണകൂടസംവിധാനം നാം തീറ്റ കൊടുത്തു വളർത്തിയ പൊതുബോധം കൂടിയാണ്.

വര : ദുർഗ
വര : ദുർഗ

രോഗിയായ ഒരച്ഛനും പകൽസമയം ജോലിക്കായി പുറത്തുപോകുന്ന അമ്മയുമുള്ള ഒരു വീട്ടിൽ ആ രണ്ടു പെൺകുട്ടികൾ നീണ്ടകാലം ലൈംഗിക പീഡനത്തിന് വിധേയരായിട്ടുണ്ടങ്കിൽ അത് ആ കുടുംബവുമായി ബന്ധമുള്ള, അവരെ അറിയുന്ന, ആ വീട്ടിലേക്ക് പ്രത്യേകിച്ച് സംശയം ജനിപ്പിക്കാതെ കടക്കാൻ കഴിയുന്ന, അവരെ ലൈംഗികമായി പീഡിപ്പിച്ചാൽ പോലും അതൊരു നേട്ടമായി രഹസ്യവർത്തമാനങ്ങളിൽ മറ്റൊരു പീഡകന് ഇരയിലേക്കുള്ള വഴിയൊരുക്കാൻ കഴിയുന്ന ഒരാളോ, ആളുകളോ ആയിരിക്കും എന്നത് ഏതാണ്ടുറപ്പിക്കാവുന്ന കാര്യമാണ്. അതിലെ കുറ്റവാളികളെ ശിക്ഷിക്കാനാവശ്യമായ തെളിവുകൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ലെങ്കിൽ അതിനുള്ള കാരണം പൊലീസും അവരെ ഭരിക്കാനും നടത്തിപ്പിനുമായി ചുമതലപ്പെടുത്തിയ സർക്കാരും ജനങ്ങളോട് പറയേണ്ടതുണ്ട്. ഒരിക്കലും ജനങ്ങളോട് ഉത്തരം പറയേണ്ടാത്ത ഒരു വികൃത സംവിധാനമാണ് പൊലീസ് എന്ന ജനാധിപത്യവിരുദ്ധ വ്യവസ്ഥയെ മനോവീര്യത്തിന്റെ കായകല്പചികിത്സ നടത്തി ഉന്മത്തമാക്കി നിർത്തിയ പൊലീസ് മന്ത്രി കൂടിയായ പിണറായി വിജയൻ സംസാരിക്കേണ്ടതുണ്ട്.

നിറങ്ങൾ പോലും മുഴുവനായി കണ്ടുതീരാത്ത, ഒരു നീലക്കുറിഞ്ഞിക്കാലം പോലും കടന്നുപോകാത്ത, രണ്ടു പെൺകുട്ടികൾ. അവർ ജീവിതത്തെക്കുറിച്ചാലോചിക്കുന്നു, നിത്യവും കടന്നുപോകുന്ന അപമാനകരമായ അസ്തിത്വത്തെക്കുറിച്ചു ചിന്തിക്കുന്നു, പേരുപോലുമറിയാത്ത ശരീരഭാഗങ്ങളിൽ നീറിപ്പിടിക്കുന്ന വേദനയിൽ ഉള്ളമർത്തിക്കരയുന്നു, എന്താണ് സംഭവിക്കുന്നത് എന്നറിയാൻ കഴിയാതെ അമ്പരക്കുന്നു, മിണ്ടിയാൽ കൊന്നുകളയുമെന്ന ഭീഷണി കഴുത്തിൽ കുത്തിപ്പിടിക്കുമ്പോൾ മരണത്തെക്കുറിച്ചൊരു ശ്വാസം മുട്ടിക്കുന്ന തിരിച്ചറിവുണ്ടാകുന്നു. എന്നിട്ടൊരു ദിവസം മൂത്ത കുട്ടി തൂങ്ങി നിൽക്കുന്നു, പിന്നാലെ ഇളയ കുട്ടിയും തൂങ്ങി നിൽക്കുന്നു. പ്രളയത്തിൽ നിന്നും എടുത്തുപൊക്കിയ ഗോവർദ്ധനത്തിൽ ആ കുട്ടികളില്ല.

നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് കെട്ടിപ്പൊക്കിയ മരടിലെ ആഡംബര പാർപ്പിട സമുച്ചയത്തിലെ അതിധനികരായ താമസക്കാർക്കുവേണ്ടി ചുമട്ടുതൊഴിലാളികളും കർഷകത്തൊഴിലാളികളും അടങ്ങുന്ന തന്റെ പാർട്ടിക്കാർ കാവൽ കിടക്കുമെന്നു പ്രഖ്യാപിച്ച സി പി ഐ (എം) സംസ്ഥാന സെക്രട്ടറിക്ക് തത്തുല്യമായ കാവൽ നൽകാൻ തോന്നാത്തവിധം അകലെയായിരുന്നു വാളയാറിലെ കുടുംബം. കാരണം മരടിലെ താമസക്കാരുടെ വർഗമമല്ല വാളയാറിലെ കുടുംബത്തിന്റെ വർഗം. നീതിക്ക് വർഗരാഷ്ട്രീയമുണ്ട്. അത് തൂങ്ങിയാടുന്ന രണ്ടു പെൺകുഞ്ഞുങ്ങളുടെ ശരീരങ്ങൾക്കിടയിലെ പഴുതിലൂടെ കാണാതെ, കേൾക്കാതെ കടന്നുപോകും.അതിനു രാപ്പാർക്കാൻ മാളികകൾ വേറെയാണ്.

കൂടത്തായിയിൽ നടന്ന കൊലപാതകങ്ങളുടെ അന്വേഷണം അപൂർവ്വമാതൃകയാകുന്നത് അത് അസാധാരണമായി നമുക്ക് തോന്നുന്നതുകൊണ്ടാണ്. വാളയാറിൽ 11-ഉം 9-ഉം വയസായ രണ്ടു പെൺകുട്ടികൾ നിരന്തരമായ ലൈംഗികപീഡനത്തിന് ശേഷം കൊല്ലപ്പെടുമ്പോൾ അത് അന്വേഷിക്കാനും പഠിക്കാനും ഐ പി എസ് ട്രെയിനികളൊന്നും എത്താത്തത് അത് വളരെ സാധാരണമായ ഒരു സംഭവമായി നമുക്ക് തോന്നുന്നതുകൊണ്ടാണ്. ഒരു സമൂഹമെന്ന നിലയിൽ നമുക്ക് നട്ടെല്ലിലൂടെ തലച്ചോറ് തരിപ്പിക്കുന്നൊരു ലജ്ജയുടെ മിന്നൽ പായുന്നില്ലേ!

പതിനൊന്നു വയസ്സുള്ളൊരു കുട്ടി ഒരു ഉത്തരത്തിലൊരു കുരുക്കിട്ട്, ബലമുറപ്പാക്കി, കെട്ടിത്തൂങ്ങി ഞാൻ മരിച്ചിരിക്കുന്നു ലോകമേ, ഇതാത്മഹത്യയാണ് എന്ന് രേഖപ്പെടുത്തൂ എന്ന് ഓലയെഴുതിവെച്ചതിനുശേഷം മലയാളിയുടെ വെള്ളമുണ്ട് നോക്കൂ, വൃത്തിയുടെ കൊടിയടയാളമല്ലേ, സംസ്കാരത്തിന്റെ ശുഭ്രനക്ഷത്രം ഇതിലല്ലേ എന്നൂറ്റം കൊള്ളുമ്പോൾ ചീർത്തു പഴുത്തൊരു പുരുഷലിംഗമായി സാമൂഹ്യബോധം തൂങ്ങിയാടി ആനന്ദിക്കുകയാണ്. ഒമ്പതുവയസ്സുള്ളൊരു പെൺകുഞ്ഞു ഒച്ചയും അനക്കവുമില്ലാതെ തൂങ്ങി നിൽക്കുമ്പോൾ ലൈംഗികാനന്ദം ചോദിച്ചു വാങ്ങിയൊരു മനുഷ്യശരീരമായിരുന്നു അതെന്ന് തോന്നിയ ഒരു അന്വേഷണ സംവിധാനത്തിന്, അത്തരത്തിലൊരു കൊലപാതകം പ്രത്യേക ശാസ്ത്രീയ അന്വേഷണമോ പോലീസ് മേധാവിയുടെ നിരന്തര വാർത്താസമ്മേളനങ്ങളോ ഇല്ലാതെ പ്രതികളെ രക്ഷിക്കാൻ പാകത്തിലൊരു വഴിപാടന്വേഷണം മതിയെന്ന ഉറപ്പുണ്ടാക്കുന്ന ഒരു സംവിധാനം സാധ്യമാകുന്നത് പിണറായി വിജയൻ മനോവീര്യ ചികിത്സ നടത്തി വിജൃംഭിച്ചു നിർത്തിയ ഒരു പോലീസ് സംവിധാനമായതുകൊണ്ടു മാത്രമല്ല, അത്തരത്തിലൊരു സംവിധാനത്തെ സാധ്യമാക്കുന്ന നീണ്ട നാളുകളായുള്ള പൊതുബോധ നിർമ്മിതിയിൽക്കൂടിയുമാണ്. മറ്റു വഴിയൊന്നുമില്ല രക്ഷപ്പെടാൻ എന്നുറപ്പായാൽ പിന്നെ കിടന്നുകൊടുത്താസ്വദിക്കൂ എന്ന തമാശ പറയുന്ന, ബലാത്‌സംഗ തമാശയോടൊപ്പം ജനപ്രതിനിധി ഐസ്ക്രീം കഴിക്കുന്ന ചിത്രമിടുന്ന അയാളുടെ ഭാര്യയുടെ ആ ചീഞ്ഞളിഞ്ഞ പൊതുബോധമുണ്ടല്ലോ അതിന്റെ ഉത്തരത്തിലാണ് ആ കുട്ടികൾ തൂങ്ങിയാടി നിൽക്കുന്നത്.

സൂര്യനെല്ലിയിലെ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്നാരോപിക്കപ്പെട്ട പി ജെ കുര്യനും കോഴിക്കോട് ഐസ്ക്രീം പാർലർ ലൈംഗിക പീഡന സംഭവങ്ങളിൽ പി കെ കുഞ്ഞാലിക്കുട്ടിയും ഒരൊറ്റ തെരഞ്ഞെടുപ്പ് തോൽവി മാത്രം പിഴയൊടുക്കി പൂർവാധികം ശക്തരായി കുര്യൻ സാറും പുലിക്കുട്ടി സാഹിബുമായി തിരികെയെത്തി. കോഴിക്കോട് പീഡനക്കേസിൽ രണ്ടു പെൺകുട്ടികൾ തീവണ്ടിക്ക് തലവെച്ച് ആത്മഹത്യ ചെയ്തു. വണ്ടി നിർത്താതെ പോയി. നമ്മളും. ആണുങ്ങളെ കണ്ടുകിട്ടാതെ, മാലാഖമാർ പീഡിപ്പിച്ച പെൺകുട്ടികൾ ലോകത്തുനിന്നും അപ്രത്യക്ഷരായി. ബലാത്സംഗക്കേസിൽ പ്രതികളായ രാഷ്ട്രീയനേതാക്കൾ, “അവൾ കിടന്നുകൊടുത്തിട്ടല്ലേ” എന്ന വഷളൻ തമാശയിൽ മഹാഭൂരിപക്ഷത്തിൽ ജയിച്ചുപോന്ന നാട്ടിൽ രണ്ടു കുഞ്ഞുപെൺകുട്ടികൾ ഉത്തരത്തിലേക്ക് ഏന്തിനിന്ന് കുരുക്കിട്ട് തൂങ്ങിമരിച്ചു എന്നും, അവർ നിരന്തരമായി ലൈംഗികപീഡനത്തിരയായി എന്ന് പിറകെയും വാർത്ത വരുമ്പോൾ നാം വിധിവരുന്ന കാലം വരെ നിശബ്ദമാകുന്നത് കൊല്ലപ്പെട്ട ശരീരങ്ങൾക്ക് ഒരു വർഗ്ഗസ്വഭാവമുള്ളതുകൊണ്ടാണ്. അവരിൽ നിങ്ങൾക്ക് നിങ്ങളെ കാണാൻ കഴിയാത്തതുകൊണ്ടാണ്. നമ്മുടെ പൊതുബോധത്തിനുള്ളിൽ പാകമാകുന്ന ഒരു സാമൂഹ്യശരീരവും ജൈവശരീരവും അവർക്കില്ലാത്തതുകൊണ്ടാണ്. വാളയാറിലെ കുട്ടികൾ തൂങ്ങിനിൽക്കുന്നത് കേരള സമൂഹത്തിലെ നീതിബോധത്തിന്റെ വർഗവൈരുധ്യത്തിന്റെ തൂക്കുകയറിലാണ്.

ദശലക്ഷക്കണക്കിന് രൂപ ചെലവിട്ടാണ് മരടിലെ അതിധനികരുടെ കുടിയൊഴിപ്പിക്കൽ വിരുദ്ധ കവിത സുപ്രീം കോടതിയിൽ പാടാൻ കേരള സർക്കാർ സ്വന്തമായി അഭിഭാഷകനെ ഏർപ്പാടാക്കിയത്. വാളയാറിൽ അത്തരം ജാഗ്രതയുണ്ടായില്ല. അവരുടെ വീട്ടിലേക്കുള്ള വഴിയിൽക്കൂടി വന്നിരുന്നത് പകൽവെളിച്ചത്തിൽ വന്ന ലൈംഗികപീഡകർ മാത്രമായിരുന്നു. ആ ജാഗ്രതയേയും ജാഗ്രതക്കുറവിനേയും നിശ്ചയിക്കുന്നത് വർഗമാണ്, വർഗവൈരുധ്യമാണ്, വർഗ്ഗരാഷ്ട്രീയമാണ്.

കേരളത്തിലെ അതിപ്രമുഖരായ രാഷ്ട്രീയനേതാക്കളുടെ ആരുടെയെങ്കിലും പേരക്കുട്ടികളിൽ രണ്ടു പേർ ഇങ്ങനെ ലൈംഗികപീഡനത്തിനിരയായി തൂങ്ങി നിൽക്കുമോ? അവരുടെ വീട്ടിലേക്കുള്ള വഴികൾ, വാതിലുകൾ ഇങ്ങനെ അരക്ഷിതമായി കിടക്കുമോ? അവർക്കങ്ങനെ സംഭവിച്ചാൽ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ശിശു ക്ഷേമത്തിന്റെ കാര്യകർത്താവായി നിയമിക്കപ്പെടുമോ? അവരുടെ മരണം ഇങ്ങനെയൊരു കോടതിവിധിക്കായി അലസവും അനാഥവുമായി വിട്ടുകൊടുക്കുമായിരുന്നോ? നിങ്ങളുടെ കുടുംബങ്ങളുടെയടക്കം ചെല്ലും ചെലവും നടത്തി, നിങ്ങളെയൊക്കെ സുഖചികിത്സയ്‌ക്കു വിദേശത്തു വിട്ട്, ഞങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടത്തിനായി അതിസമ്പന്നരുടെ സൗഹാർദം ചുമക്കാൻ നിർബന്ധിതരാക്കി, നിങ്ങളുടെ പൊതുജനസേവന തിരക്കുകൾക്കിടയിൽ അനാഥരായി വളർന്ന്, വ്യവസായികളും, ഐ എ എസുകാരും കമ്പനി ഉടമകളുമൊക്കെയായി കഷ്ടപ്പെട്ട് ജീവിക്കുന്ന മക്കളും പേരമക്കളുമൊക്കെയുള്ള ഞങ്ങളുടെ കാവൽദൈവങ്ങളെ, രണ്ടു പെൺകുട്ടികളുടെ തൂങ്ങിയാടുന്ന കൊലുന്നനെയുള്ള കാലുകളിൽ തലമുട്ടാതെ നടന്നുപോവുക. ഞങ്ങളോട് ഐക്യദാർഢ്യപ്പെടരുത്.