സുനിൽകുമാർ പൂര-ആന പ്രേമികൾ എന്ന ‘യാഥാസ്ഥിതിക ഗുണ്ട’കളെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്

  63

  Pramod Puzhankara യുടെ ഫേസ്ബുക് കുറിപ്പ്

  ഒരു ജനപ്രതിനിധിക്ക് എത്രത്തോളം നിരുത്തരവാദപരമായി പെരുമാറാം എന്നതിന്റെ ഉദാഹരണമാണ് തൃശൂർ എം എൽ എയും മന്ത്രിയുമായ സുനിൽകുമാർ. കോവിഡ് മഹാമാരിയുടെ പകർച്ചാ തരംഗം അതിന്റെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്ക് കടന്നിരിക്കുമ്പോൾ ലക്ഷക്കണക്കിന് മനുഷ്യരെ പ്രതീക്ഷിച്ചുകൊണ്ട് തൃശൂർ പൂരം നടത്തുമെന്ന് പ്രഖ്യാപിക്കുന്ന സുനിൽകുമാർ പൂരപ്രേമികൾ, ആനപ്രേമികൾ എന്നൊക്കെ വിളിക്കുന്ന കുറെ യാഥാസ്ഥിതിക ഗുണ്ടകളെയല്ലാതെ മറ്റാരെയും പ്രതിനിധീകരിക്കുന്നില്ല. സുനിൽ കുമാറിനെ പേരെടുത്ത് പറഞ്ഞത് അയാൾ ഈ പൂരം നടത്തിപ്പിനായി മുന്നിൽ നിൽക്കുന്നവരിൽ പ്രമുഖനാണ് എന്നതുകൊണ്ടാണ്. എല്ലാ കക്ഷികളിലും പെട്ട രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും തങ്ങളുടെ പൂരപ്രേമം ഞാൻ ഞാൻ മുമ്പേ എന്ന മട്ടിൽ പ്രകടിപ്പിക്കുന്നുണ്ട്.

  തെരഞ്ഞെടുപ്പ് കാലത്ത് ആൾക്കൂട്ടങ്ങൾ കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിച്ചില്ല എന്നത് വസ്തുതയാണ്. എന്നാൽ അന്നത്തേക്കാളും പ്രകടമായ രീതിയിൽ രാജ്യമൊട്ടുക്കും കോവിഡിന്റെ രണ്ടാം തരംഗം ഇപ്പോഴാണ് പ്രത്യക്ഷമായത്. തെരഞ്ഞെടുപ്പ് നടക്കാത്തിടത്തും ഇതേ കാലത്താണ് മഹാമാരി വീണ്ടും രൂക്ഷമായത്. അതുകൊണ്ട് തെരഞ്ഞെടുപ്പിനെ മാത്രം പഴിചാരുന്നതിൽ അർത്ഥമില്ല. പ്രതിദിന രോഗികളുടെ കണക്ക് കുതിച്ചു കയറുമ്പോഴാണ് പൂഴിയുതിരാത്ത വിധത്തിൽ തേക്കിൻകാട്ടിലും അനുബന്ധ പാതകളിലും ആളുകൾ നിറയുന്ന പൂരം നടത്താനുള്ള തീരുമാനമെടുക്കുന്നത്. ഒരു ആധുനിക സമൂഹത്തിന്റെ മുഖത്താണ് സുനിൽ കുമാറടക്കമുള്ള സ്വയം പ്രഖ്യാപിത പൂരപ്രാന്തന്മാർ ഈ അസംബന്ധം എഴുന്നള്ളിക്കുന്നത്.

  മത, സാമുദായിക പ്രമാണിമാരെ പിണക്കാതിരിക്കാനും തൃശൂരിലെ കച്ചവടക്കാരെ പ്രീതിപ്പെടുത്താനും കൂടിയാണ് ഈ തീരുമാനം. ആളുകളെ പൂരം കാണിക്കൽ മാത്രമല്ല, അതിന്റെ ഭാഗമായി ദേവസ്വങ്ങൾക്കും തൃശൂരിലെ വ്യാപാരികൾക്കും കാശുണ്ടാക്കുക കൂടിയാണ് ഈ തിക്കും തിരക്കും കൂട്ടുന്നതിന്റെ ലക്ഷ്യമെന്നത് ഒട്ടും രഹസ്യമായ കാര്യമല്ല.

  പ്രതിദിനം നൂറിൽ കുറഞ്ഞ കോവിഡ് രോഗികൾ ഉണ്ടായിരുന്ന സമയത്ത് സാധാരണക്കാരായ മനുഷ്യരെ തല്ലി നടുമ്പുറം പൊളിക്കുകയും കാക്കിയിട്ടു ഗുണ്ടായിസം കാണിക്കുകയും കോമാളികളാക്കി വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ഒക്കെ ചെയ്ത ഒരു ഭരണസംവിധാനമാണ്, കോവിഡ് രോഗബാധ കൂടുതൽ വേഗത്തിൽ പതിനായിരത്തിനു മുകളിലേക്ക് കുതിക്കുന്ന ഒരു അപകടകരമായ ഘട്ടത്തിൽ പൂരം പൂർവാധികം ഗംഭീരമായി നടത്താൻ ആലവട്ടവും വെഞ്ചാമരവും മേളവുമായി ഇറങ്ങിയിരിക്കുന്നത്.
  പൂരം നടത്തിക്കാനല്ല സുനിൽ കുമാർ അടക്കമുള്ള രാഷ്ട്രീയക്കാരെ ജനപ്രതിനിധികളായി തെരഞ്ഞെടുത്തിരിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ കൊണ്ടാണ് ദേവസ്വങ്ങളും ഭരണസംവിധാനവും കുടമാറ്റം നടത്തുന്നത്. പൂരം കാണാൻ പോകുന്നവർ മാത്രമല്ല, പോയവർക്ക് വന്നേക്കാവുന്ന രോഗം മാരകമായ വിധത്തിൽ പകരുന്നത് വീടിനകത്ത് ഒരു വർഷത്തിലേറെയായി ശ്രദ്ധാപൂർവം ഇരിക്കുന്ന പ്രായമായവർക്കും കുട്ടികൾക്കുമാണ്. തേക്കിൻകാട് മൈതാനത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് പൂരം നടത്തുമെന്ന തമാശയൊക്കെ ആരെ പറ്റിക്കാൻ പറയുന്നതാണ് !

  ലക്ഷക്കണക്കിന് മനുഷ്യരുടെ ഉപജീവന മാർഗങ്ങൾ വരെ തടസപ്പെടുത്തിക്കൊണ്ടാണ് കോവിഡ് നിയന്ത്രണങ്ങൾ ഈ നാട്ടിൽ നടപ്പിലാക്കിയതും നടപ്പിലാക്കുന്നതും. അവർക്കൊന്നുമില്ലാത്ത എന്ത് സവിശേഷാവകാശമാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കുള്ളത്? ദേവസ്വങ്ങളുടെ എല്ലാ ധിക്കാരത്തിനും അവകാശവാദങ്ങൾക്കും കുടപിടിച്ചുകൊടുക്കുന്ന ഒരാളാണ് സുനിൽകുമാർ എന്നത് എല്ലാവർക്കും അറിയുന്ന വസ്തുതയുമാണ്.

  സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പൂരം നടത്തിപ്പ് ഒരു തർക്കവിഷയമാക്കി മാറ്റാൻ ബി ജെ പിയും കോൺഗ്രസും പരമാവധി ശ്രമിച്ചെങ്കിലും നടത്തിപ്പിനുള്ള അനുമതി പൂർണമായി നല്കിയതുകൊണ്ടാണ് ആ മുതലെടുപ്പ് നടക്കാതെ പോയത്. എത്ര രോഗഗ്രസ്തമാണ് നമ്മുടെ സാമൂഹ്യബോധം എന്നുകൂടിയാണ് ഇതൊക്കെ കാണിക്കുന്നത്.

  തൃശൂരിൽ സുനിൽകുമാർ നിന്നാൽ ജയിക്കും എന്ന ഐതിഹ്യം ഉണ്ടാക്കിയെടുത്തത് ഇത്തരത്തിൽ സകല യാഥാസ്ഥിതിക, ധനിക പ്രമാണിമാർക്കുമൊപ്പം താളം തുള്ളിയിട്ടാണ് എന്നുകൂടിയുണ്ട്. എന്തായാലും ഒരു മഹാമാരി പടർത്താൻ ആസൂത്രിതമായി ആളുകളെ സംഘടിപ്പിക്കുക എന്ന ക്രിമിനൽ കുറ്റമാണ് ഇവർ നടത്തുന്നത്. പൂരത്തിന്റെ പ്രത്യേക പതിപ്പും നിറയെ പരസ്യങ്ങളും അതിനൊത്ത വരുമാനവും കാത്തിരിക്കുന്ന മാധ്യമങ്ങളൊക്കെ സാമൂഹ്യവിരുദ്ധർ എന്ന് വിളിക്കാവുന്നവരുടെ പട്ടികയിൽപ്പെടേണ്ടവരാണ്. സംസ്കാരം ചങ്ങലക്കിട്ട് നെറ്റിപ്പട്ടം കെട്ടിയ ഒരു വന്യമൃഗത്തിന്റെ തലപ്പൊക്കമെന്ന അസംബന്ധമാണ് എന്ന് വിശ്വസിക്കുന്ന മഹാഭൂരിപക്ഷമുള്ള ഒരു സമൂഹത്തിൽ ഇത് നടക്കുന്നതിൽ അത്ര അത്ഭുതമില്ലതാനും.