പ്രണവ് ബിജു
ക്രിസ്റ്റി എന്ന ചിത്രം സോണിലൈവിൽ കണ്ടു. നെഗറ്റിവ് റിവ്യൂകൾ കേൾക്കുകയും തിയേറ്ററിൽനിന്നു വേഗം ഇല്ലാതാകുകയും ചെയ്തതിനാൽ ബിഗ്‌സ്‌ക്രീനിൽ കാണാൻ കഴിഞ്ഞില്ല. വളരെ മോശം അഭിപ്രായങ്ങൾ കേട്ടപ്പോൾ കുടുംബത്തോടൊപ്പം കാണാൻപോലും കഴിയാത്ത ടൈപ്പ് പടമായിരിക്കുമെന്നു തെറ്റിദ്ധരിച്ചു.
ശരിയാണ്, ഇതൊരു ടിപ്പിക്കൽ ക്ലിഷേ പടമാണ്. ഈ സബ്‌ജെക്ടിൽ മുൻപ് നിർമിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങളിലെ ക്രിഞ്ചുകളും മറ്റും ഇനവിറ്റബിളായി ഇവിടെയുമുണ്ട്. സ്വിച്ചിട്ടപോലെ പെയ്യുന്ന മഴയും, കൃത്യമായി നായകന്റെ ജീവിതം ത്രിശങ്കുവിൽ നില്കുമ്പോഴുള്ള നായികയുടെ വരവും അങ്ങനെ എല്ലാമുള്ള സിനിമയാണ് ക്രിസ്റ്റി. എങ്കിലും മേക്കിങ്-വൈസ് നന്നായി തന്നെയാണ് തോന്നിയത്. ആനന്ദ് ചന്ദ്രന്റെ ക്യാമറയും ഗോവിന്ദ് വസന്തയുടെ സംഗീതവും മികച്ചത്. അത്യന്തം റിയലിസ്റ്റിക്കായ പര്യവസാനവും കൊള്ളാം.
ഇനി വിഷയത്തിലേക്കു വരാം. ജീവിതത്തിൽ എന്നെങ്കിലും, ഏതെങ്കിലും ഘട്ടത്തിൽ, എത്ര ചെറിയ കാലയളവിനുള്ളിലായാലും, നമുക്കും തോന്നിയിട്ടില്ലേ ഇതുപോലെ പ്രായക്കൂടുതലുള്ള പെൺകുട്ടിയോട് ഇഷ്ടം? കല്യാണം പോലുള്ള സംഗതിയിലേക്കൊന്നും ചിന്തിച്ചു കാടുകേറാതെ, ഒരിഷ്ടം – ഒരു അഫക്ഷൻ. വേറെ കണ്ണോടെ ഒരിക്കലും നോക്കാതെ, ട്രൂത്ഫുൾ ആയവിധം ഒരു സ്നേഹം. ഉണ്ടെന്ന മറുപടി മുന്നിൽക്കണ്ടാണ് ഇതെഴുതുന്നത്. മിക്ക ആൺകുട്ടികൾക്കും എന്നെങ്കിലും ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ടാകും. ചിലർ അതുമായി മുന്നോട്ട് പോയി വിജയമോ പരാജയമോ അനുഭവിക്കും. മറ്റു ചിലർ തങ്ങളിൽ ശക്തമായി അടിച്ചേല്പിക്കപെട്ട സദാചാര വരമ്പുകളോർത്ത്, ഇതൊക്കെ തെറ്റാണെന്ന ബോധ്യത്തിൽ നീറും. വേറെ ചിലരുണ്ട്.
ഇതൊന്നും തെറ്റല്ല എന്ന അറിവിലും, ഈ മൂ-ഞ്ചി-യ സമൂഹം അതിനെ ഏതുവിധവും എതിർക്കുമെന്ന ബോധ്യത്തിനു മുന്നിൽ നിസ്സഹായരായി, കരയാൻ പോലുമാകാതെ, എല്ലാം ഉള്ളിലടക്കി ജീവിച്ചവർ. ബുള്ളിയിങ്ങിന്റെയും തട്ടിമാറ്റപ്പെട്ട സ്നേഹത്തിന്റെയും വേദനയറിയുന്നവരാണ് എന്നും നിസ്സഹായരായി പോകുന്നത്. ആരും അവർക്കായി ശബ്ദിക്കാറില്ല; കഥയും കവിതയും സമർപ്പിക്കാറുമില്ല. ക്രൂരമായ അവഗണന നേരിടുന്നവരാണവർ.
വാൽക്കഷ്ണം – മറ്റെല്ലാം റിലേറ്റബിളാണെങ്കിലും പടത്തിലെ “ചുംബന” രംഗത്തോട് ഒട്ടും യോജിക്കാൻ കഴിഞ്ഞില്ല.