സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് പ്രണവ് മോഹൻലാൽ പങ്കുവച്ച ചില ചിത്രങ്ങളാണ്. അദ്ദേഹം ഒരു ദീർഘയാത്രയിൽ ആണ്. യൂറോപ്പിലെ ഗ്രാമനഗരങ്ങൾ പിന്നിട്ട് സഞ്ചാരം തുടരുകയാണ്. ഇക്കാര്യം ആദ്യം അറിഞ്ഞത് വിനീത് ശ്രീനിവാസന്റെ വായിൽ നിന്നാണ്. പ്രണവ് യൂറോപ്പ് യാത്രയിലാണെന്നും ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് 800 മൈല് കാൽനടയായാണ് ഇപ്പോൾ യാത്ര ചെയ്യുന്നതെന്നും വിനീത് ശ്രീനിവാസൻ ഈയിടെ ഒരഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.
യാത്രയെ ഇത്രയും സ്നേഹിക്കുന്നൊരു താരം മലയാള സിനിമയിൽ വേറെ കാണില്ല. പലരുടെയും അടക്കംപറച്ചിൽ അഭിനയിച്ചു പത്തുചക്രം ഉണ്ടാക്കേണ്ട സമയത്താണ് ചെക്കൻ മലയും കുന്നും കയറിയിറങ്ങി നടക്കുന്നതെന്ന്. എന്നാൽ പാഷൻ എന്നൊരു സംഗതി മനുഷ്യരിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്ന് അഭിപ്രായം പറയുന്നവർക്ക് അറിയില്ലല്ലോ. എന്തായാലും ഇപ്പോൾ പ്രണവ് സ്പെയിനിലൂടെയാണ് സഞ്ചരിക്കുന്നത് എന്നാണു ചിലർ കണ്ടെത്തിയിരിക്കുന്നത്.
2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി അഭിനയിച്ചത്.മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് 2002-ൽ ലഭിച്ചു. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ് അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി ആണ് പ്രണവ് ആദ്യമായി ഒരു സോളോ ഹീറോ ആയ ചിത്രം.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി. മരക്കാറിൽ പ്രണവ് ചെയ്ത വേഷം ആണ് കൂടുതൽ പ്രശംസ ലഭിച്ചത്. കുഞ്ഞാലിയുടെ യൗവ്വനകാലഘട്ടമാണ് പ്രണവ് അഭിനയിച്ചു കയ്യടി നേടിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലും പ്രണവ് ആയിരുന്നു നായകൻ. ചിത്രം 50 കോടി ക്ലബിൽ ഇടംപിടിച്ച ചിത്രമാണ്.