വിഷാദത്തിൽ നിന്ന് ഒരു മൈൻഡ്ഫുൾനെസ്സ് യാത്ര

92
പ്രസാദ് അമോർ (സൈക്യാട്രിസ്റ്റ് , എഴുത്തുകാരൻ )
വിഷാദത്തിൽ നിന്ന് ഒരു മൈൻഡ്ഫുൾനെസ്സ് യാത്ര.
ആൾക്കൂട്ടം മദിക്കുന്ന നഗരങ്ങളിൽ അഞ്ജലി സ്വയം നഷ്ടപ്പെടുകയായിരുന്നു.രാത്രിയുടെ അന്ത്യയാമങ്ങളിൽ നഗരവിളക്കുകളുടെ പതിഞ്ഞ വെട്ടത്തിൽ കാണുന്ന നഗരം ജഡ രൂപമാകുന്നു.ആ അന്തരീക്ഷത്തിന്റെ ദുഖച്ഛായ സാന്ദ്രികരിക്കുന്ന എത്രയെത്ര നിദ്രാഭംഗംവന്ന രാത്രികൾ അവളിലൂടെ കടന്നുപോയി.സുഹൃദ്ബന്ധങ്ങൾ വേണ്ടെന്നായി വിഷാദം മൂർച്ഛിച്ച ചില നിമിഷങ്ങളിൽ അവൾ സ്വയം ഹത്യയുടെ വക്കിലെത്തിയിരുന്നു. പക്ഷെ ഇപ്പോൾ അവൾ തിരിച്ചറിയുന്നു പ്രകൃതി നിരന്തരമിങ്ങനെ പ്രവൃത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് . അവൾ പറയുന്നു “എന്റെ ശിരോരാസികങ്ങൾക്കുവേണ്ട മരുന്നുകൾക്കൊപ്പം അതി ഗംഭീരമായ മലനിരകളിലും കടൽത്തീരങ്ങളിലും ഗാഢ ഹരിതമായ വൃഷപ്രകൃതിയിലും ഞാൻ എന്നെ തേടുന്നു”.
അഞ്ജലിയുടെ ദൈനംദിന ജീവിതാവസ്ഥയിൽ സ്വസ്ഥവും സംതൃപ്തവുമായ ലോകം അന്യമായിരുന്നു.ജീവിതത്തോട് പുലർത്തുന്ന ലളിതമായതൊന്നും ഇല്ലാത്ത ക്രൂരമായ നഗര പരിസരങ്ങൾ. കോൺക്രീറ്റ് നിർമ്മിതികളും വാഹനങ്ങളും ആൾക്കൂട്ടവും സമ്മേളിക്കുന്ന നഗരമൂർച്ഛ . വൈകാരിക ശുന്യതയ്ക്കിടയിൽ ഒരു തുരുത്തും കണ്ടെത്താനായില്ല. അസ്ഥിരതയും ശൈഥല്യവും അവളെ വല്ലാത്ത വ്യസനപ്പെടുത്തികൊണ്ടിരുന്നു.
പ്രഷുബ്ധമായ ആന്തരികാവസ്ഥയ്ക്കുള്ള മരുന്ന് കഴിച്ചുവെങ്കിലും ജോലിസ്ഥലത്തെ താമസസ്ഥലത്തു് ഒറ്റപെട്ടു കഴിഞ്ഞുകൂടി തപ്ത്ത ചിത്തയായ അവളോട് നല്ല പരിസര നൈർമ്മല്യം ഉള്ള സ്ഥലങ്ങളിൽ സമയം ചിലവഴിക്കാൻ ഞാൻ നിർദ്ദേശിക്കുകയായിരുന്നു.
ക്രൂരമായ നഗരത്തിലെ ആരവങ്ങളിൽ നിന്ന് വൃക്ഷത്തണലുകളുടെയും നിർവിഘ്‌നവും ഗാഢ ഹരിതവുമായ ഒരു പ്രകൃതിയിലേയ്ക്ക് സഞ്ചരിച്ചപ്പോൾ അഞ്ജലിയുടെ ആന്തരികലോകം പ്രസന്നമായി. അവൾ ഹൃദ്യമായ താഴ്വരകളിലെ നിമ്നോന്നതകളിലൂടെ കയറിയിറങ്ങി ആ പ്രകൃതി ഗാഭീര്യത്തിൽ ലയിച്ചു .നിബിഡമായ വൃക്ഷച്ഛായകൾക്കിടയിലൂടെ നടന്നപ്പോൾ അവൾ ആകുലതകളിൽ നിന്ന് മുക്തയായി.
വ്യത്യസ്തമായ ചുറ്റുപാടും പ്രകൃതിദത്തവുമായ ചുറ്റുപാടുകളോടുമുള്ള മനുഷ്യരുടെ അന്തരീകപ്രേരണ ജനിതകമായി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. നമ്മുടെ സ്‌മൃതികളിൽ കാടുകളും ജലാശയങ്ങളും നദീതടങ്ങളും ഹരിതാഭമായ ഇടങ്ങളെല്ലാം ഉണ്ട്.ജീവന്റെ മാത്രകളുണ്ടവിടെ.
പ്രഷുബ്ധമായ നാഗരിക ജീവിതത്തിൽ നിന്ന് വന്യമായ ഭൂപ്രകൃതിയിലെത്തുമ്പോൾ നഷ്ടപെട്ടതെന്തോ ലഭിച്ചതുപോയാരു പ്രതീതി അനുഭവപ്പെടും. പ്രകൃതിയെ നിരീക്ഷിക്കാനും അതിന്റെ സങ്കീർണതകളും പരസ്പരബന്ധങ്ങളും മനസ്സിലാക്കാനും മുഴുകുന്ന നേരങ്ങളിൽ പ്രകൃതി നിരന്തരമിങ്ങനെ നമ്മിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം അടുത്തറിയുകയാണ്.
ഒരു മൈൻഡ്ഫുൽനെസ്സ് യാത്ര
ഞങ്ങൾ ഭൂട്ടാനിലെ താഴ്വരകളിലൂടെ യാത്രചെയ്തു. ഹിമലാളനയേറ്റ പുലർകാല രശ്മികളുമായി സ്വയം മറന്നിരുന്ന പ്രഭാതങ്ങളിൽ ഇരുണ്ട ഇലച്ചാർത്തുകളിൽ നിന്നുവരുന്ന സസ്യഗന്ധവുമായി ലയിച്ച അവിടത്തെ നേരങ്ങൾ. പലപ്പോഴും മഴ അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ച സന്ധ്യകൾ. മഴയും മൂടൽ മഞ്ഞും പെരുകിവന്ന ചില സമയങ്ങളിൽ അമൂർത്തമായ നിഗൂഢതയായി അവശേഷിക്കുന്ന വൃക്ഷച്ചാർത്തുകൾ-ഇളം പച്ചനിറത്തിൽ പ്രകാശിച്ചുനിൽക്കുന്ന പ്രകൃതിയിലൂടെയുള്ള ആ യാത്ര എത്രമാത്രം ഹൃദ്യവും ഊഷ്മളവുമായിരുന്നു.
സ്വന്തം ശ്വാസഗതി, കൊഴിഞ്ഞുവീഴുന്ന ഒരില, ഒരു സൂര്യരശ്‌മി , ഒരു കിളിയുടെ കൂജനം എല്ലാം അനുസന്ധാനം ചെയ്യാനുള്ള ഘടകങ്ങളായി. സ്വന്തം വികാരങ്ങളോട് ചിന്തകളോട് പ്രത്യക്ഷവും ഗാഢവുമായി ബന്ധം പുലർത്തികൊണ്ട് രമ്യമായി വർത്തിക്കുന്ന വേളകളിൽ ആ ഏകാന്തതയിലും നമ്മൾ സന്തോഷിക്കുകയാണ്.
“സന്തോഷമായി ജീവിക്കുക, തികഞ്ഞ പ്രശാന്തിയിൽ കാരണം ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമാണ്.ഇരുത്തം നടത്തം എന്നുവേണ്ട ഓരോ പ്രവൃത്തിയും സന്തോഷത്തോടെ ക്രമീകരിച്ചു സ്വന്തം സദ്ഭാവങ്ങളെ തിരിച്ചറിഞ്ഞു ആനന്ദിക്കുക…അതിനുള്ള സമയം മാത്രമേ ഈ ചെറിയ ജീവിതം നൽകുന്നുള്ളൂ “
അഞ്ജലിയുടെ ഈ വാക്കുകൾ. ദൈനംദിന ജീവിതാവസ്ഥകളെ നല്ലരീതിയിൽ ക്രമീകരിച്ചു സക്രിയമായി ജീവിക്കാനുള്ള പ്രേരണ നൽകുന്നതാണ്. അഞ്ജലി ഇപ്പോൾ ഒരു മൈൻഡ്ഫുൾനെസ്സ് യാത്രയിലാണ്.