വലിയ ക്രൂരത അനുഭവിച്ചിട്ടും അടിമകൾ ആത്മഹത്യചെയ്തിരുന്നില്ല

126

പ്രസാദ് അമോർ (സൈക്യാട്രിസ്റ്റ് , എഴുത്തുകാരൻ )

എന്തുകൊണ്ട് ആത്മഹത്യാനിരക്ക് കൂടുന്നു? പരിഹാരമുണ്ടോ?

മനുഷ്യചരിത്രത്തിൽ ഇതിന് മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര സുഖസൗകര്യങ്ങൾ അനുഭവിക്കുന്നവരാണ് ഇന്ന് ജീവിക്കുന്നവർ.ഇഷ്ടാനുസരണം രൂപപ്പെടുത്തിയ പ്രകൃതിയിലാണ് മനുഷ്യൻ ജീവിക്കുന്നത്.ആധുനിക ശാസ്ത്രസാങ്കേതികവിദ്യകൾ സൃഷ്ടിച്ച ജീവിത സൗകര്യങ്ങൾ അദ്‌ഭുതാഹമാണ്. എന്നാൽ സൗകര്യങ്ങൾ ഉള്ള ജീവിതം നയിക്കുന്നത് നമുക്ക് സന്തോഷം തരുന്നില്ല.പുരോഗതി പ്രാപിക്കുംതോറും അശാന്തരാകുന്നു മനുഷ്യർ. 2050 ആകുമ്പോഴെയ്ക്കും കോടിക്കണക്കിനാളുകൾ ആന്തരികസമ്മർദ്ദവും, നൈരാശ്യവും നിമിത്തം ജീവിതം വെടിയുമെന്ന് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നു . മനുഷ്യ രാശി എന്തുകൊണ്ടാണ് അസ്വസ്ഥമാകുന്നത്? എന്തുകൊണ്ട് എല്ലാം ത്യജിച്ചുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു? മനുഷ്യൻ ഇനി എന്തിനുവേണ്ടിയാണ് ശ്രമിക്കേണ്ടത്? എന്തുകൊണ്ട് മനുഷ്യർക്ക് സന്തുലനം പാലിച്ചു ജീവിക്കാൻ കഴിയുന്നില്ല?

ആത്മഹത്യയ്ക്ക് കാരണം മനോരോഗങ്ങളോ ?

വൈകാരിക രോഗങ്ങൾ , സ്കീസോഫ്രീനിയ, പേഴ്സണാലിറ്റി ഡിസോഡർ, ഉൽക്കണ്ഠാ രോഗങ്ങൾ തുടങ്ങിയ പല മാനസിക ആരോഗ്യപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണങ്ങളെന്നു എളുപ്പം തീർപ്പ് കല്പിക്കുന്നത് ഒരു തരം ലേബലിങ്ങാണ് . തീർച്ചയായും ഹോർമോണുകളും സംവേദക നാഡികളും നാഡീവ്യൂഹങ്ങളുമൊക്കെ സൃഷ്ടിക്കുന്ന ജൈവ രാസിക മാറ്റങ്ങളുണ്ടാക്കുന്ന ആന്തരികാരോഗ്യ പ്രശ്‌നങ്ങളാണ് ഈ രോഗങ്ങൾ. വിഷാദവും, അശാന്തതയും ഉണ്ടാകുന്നതിനുള്ള സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ, ആശയപരമായ ഘടകങ്ങൾ നാം കണ്ടെത്തുമ്പോഴും അസ്വസ്ഥപ്പെടുത്തുന്ന ആ അവസ്ഥകൾ വ്യക്തി ശാരീരികമായി അനുഭവിക്കുന്നതാണ്. മസ്തിഷ്കത്തിലെ രാസികങ്ങളിൽ തുലനാവസ്ഥകൾ ഉണ്ടാക്കുന്ന മരുന്നുകളും ആരോഗ്യശീലങ്ങളും ജീവിത സമ്മർദ്ദങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്. എന്നാൽ വികസിത ലോകത്തിന്റെ സൗകര്യങ്ങളും അറിവുകളും നമ്മുടെ ജീവിത സ്നേഹത്തെ സ്ഥായിയായി നിലനിർത്തുന്നില്ല.മനുഷ്യർ അസന്തുഷ്ടരായി തുടരുകയാണ്.ആത്മഹത്യചെയ്യുകയാണ്.

മെച്ചപ്പെട്ട സൗകര്യങ്ങളിലും അസംതൃപ്തി എന്നത് മനുഷ്യന്റെ ഒരു ജൈവാനുഭവമാണ്. സുഖസൗകര്യങ്ങൾ ആസ്വദിക്കുമ്പോഴും അടുത്തനിമിഷത്തിൽ സ്വന്തം ശരീരത്തിൽ സംഭവിക്കുന്ന രാസമാറ്റങ്ങൾ മനുഷ്യനെ കൂടുതൽ പ്രലോഭനീയമാക്കുകയാണ്. കൂടുതൽ ലക്ഷ്യങ്ങളുമായി പുതുരുചിതേടിപോകുകയാണ് മനുഷ്യൻ. നൈനമിഷികമായ സംതൃപ്തിയുടെ മേഖല നീണ്ടുനിൽക്കുക എന്നത് അസാധ്യമാണ്.മനുഷ്യജീവി എപ്പോഴും ജീവനത്തിന്റെ സാധ്യതകളും പ്രതുല്പാദനത്തിനുവേണ്ടിയുള്ള ചോദനകളുമായുള്ള പരിണാമപരമായ സമ്മർദ്ദം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വിശപ്പ് ഭോഗാർത്തി, സുരക്ഷിതത്വംഎന്നി അടിസ്ഥാനാവശ്യങ്ങൾക്കുവേണ്ടിയുള്ള ചോദനകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മസ്തിഷം ആന്തരികവും ബാഹ്യവുമായ സംഘർഷാവസ്ഥയിലാണ്. അനുഭുതികൾക്കുവേണ്ടിയുള്ള സംവേദനങ്ങൾ അത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.സാമൂഹ്യ അംഗീകാരവും ആഡംബരജീവിതവുമെല്ലാം അതിന്റെ രൂപകങ്ങളാണ്.

മനുഷ്യനിൽ അന്തർലീനമായ നിരവധി പ്രേരണകളുണ്ട്. അന്വേഷണ വ്യഗ്രതയും സാഹസികതയും സർഗാത്മകതയുമെല്ലാം അടിസ്ഥാന വാസനകളുടെ പ്രതീകങ്ങളാണ്.ജീവനത്തിന്റേതായ പ്രേരണകൾ, വികാരങ്ങൾ, ആവേശങ്ങൾ അക്രമങ്ങൾ തുടങ്ങിവയിലൊന്നും പരിണാമം സംഭവിച്ചിട്ടില്ല. പരിസ്ഥിതി മാറിയതനുസരിച്ചു സ്വന്തം ശരീരത്തിലെ ജൈവചോദനയിലും അതിന്റെ രാസപ്രവർത്തനത്തിലും മാറ്റമൊന്നും വന്നിട്ടില്ല.ആത്മഹത്യ ചെയ്തവരെ ഏതെങ്കിലും ഒരു മനോരോഗ ക്രമീകരണത്തിൽ ഉൾപ്പെടുത്തി ന്യായീകരിക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണ്.ആത്മഹത്യ സാമൂഹ്യ ശൈഥില്യത്തിൻറെ സൃഷ്ടിയാണ്.

അടിമകൾ ആത്മഹത്യചെയ്തിരുന്നില്ല.

അടിമയ്ക്ക് മൃഗത്തിന്റെ സ്ഥാനമേ ഉണ്ടായിരുന്നുള്ളു.അടിമകളായവർ ജീവിച്ചിരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.അവരുടെ ഇടയിൽ ആത്മഹത്യകൾ വളരെകുറവായിരുന്നു.അടിമകൾക്ക്‌ തങ്ങളുടെ ദുരവസ്ഥയിൽ നിന്ന് രക്ഷപ്പെടുന്നതിനെപ്പറ്റി മാത്രമേ ആലോചനയുണ്ടായിരുന്നുള്ളു.അവർക്ക് സ്വത്വബോധമില്ലായിരുന്നു.ഇന്നും സുഖ ഭോഗങ്ങൾ വർജ്ജിക്കുകയും, അപരിഷ്‌കൃതവും വേദനാജനകമായ ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്ന മനുഷ്യർ പലതരത്തിലുള്ള ആശയസംഹിതകളുടെ പേരിൽ അസ്വാതന്ത്ര്യം അനുഭവിച്ചു ജീവിക്കുന്നു. പ്രാകൃത ദശയിൽ കഴിയുന്ന അവരിൽ .

സ്വത്വ ബോധം വളരെകുറവായിരിക്കും. അതി ഭൗതിക വിശ്വാസങ്ങളെയും ബിംബങ്ങളെയും നിലനിൽപ്പിനായി അവർ ആശ്രയിക്കുന്നു.അനശ്വരത്വം, അന്ധവിശ്വാസങ്ങൾ, കഠിന മതവിശ്വാസങ്ങൾ തുടങ്ങിയ ആശയങ്ങളോട് കൂറുപുലർത്തി ജീവിക്കുന്ന മനുഷ്യർക്ക് ഇന്നും സ്വത്വബോധം വികസിച്ചു വന്നിട്ടിട്ടില്ല. ആധുനിക ലോകത്തെ അടിമകളായ അവർ സ്വന്തം ജീവിതത്തെ വേർപെടുത്തി ചിന്തിക്കാൻ കഴിയാത്തവരാണ്. അവർ ജഡ വസ്തുക്കളാണ്.അവർക്ക് പ്രത്യേകമായ ചിന്തയോ അഭിപ്രായങ്ങളോ ഇല്ല. മതത്തിനും, ദൈവത്തിനും, ആദർശങ്ങൾക്കും,രാജ്യത്തിനും വേണ്ടി മരിക്കാൻ തയ്യാറാവുന്നവരുണ്ട്.ജീവിച്ചിരിക്കുന്ന സമയത്തു തനിക്കും കുടുബാംഗങ്ങൾക്കും കിട്ടുന്ന അംഗീകാരത്തിന് വേണ്ടിയാണ് അവർ അഭിമാനത്തോടെ സ്വന്തം ജീവന് വിലകൽപ്പിക്കാതെയിരിക്കുന്നത്.സമൂഹത്തിലെ എല്ലാം അംഗങ്ങളും വിശ്വസിക്കുകയും കുട്ടിക്കാലം മുതലേ അനുശാസിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അത്തരം മരണങ്ങളെ വീരമൃത്യുവായി സമൂഹം വാഴ്ത്തുന്നു.

ഭാവിയിലും ആത്മഹത്യാ നിരക്ക് കൂടുമോ

സഹസ്രാബ്ധങ്ങളായി മനുഷ്യന്റെ അവബോധം കൂടുതൽ മെച്ചപ്പെട്ട് വരികയാണ്. ആഴത്തിലുള്ള അന്വേഷണം നടത്തി അറിവിന്റെ മണ്ഡലം വികസിപ്പിക്കാനും സ്വത്വത്തെ നവീകരിക്കാനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന് കഴിഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ ലക്ഷ്യം സന്തോഷം അനുഭവിക്കുക -ആനന്ദിക്കുക എന്ന് ആധുനിക നാഗരികത തീരുമാനിച്ചിരിക്കുന്നു.അത് മനുഷ്യന്റെ ജൈവാവശ്യങ്ങളുടെ സൃഷ്ടിയാണ്. മനുഷ്യന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയ പല ആശയസംഹിതകളും ആത്യന്തികമായി നാശം വന്നു. സ്വന്തം അവകാശത്തെക്കുറിച്ചു തിരിച്ചറിവുള്ള, സ്വത്വബോധമുള്ള മനുഷ്യർ വിവേചനമുള്ള ഈ ലോകത്തു അതൃപ്‌തരാണ്.ആയിരക്കണക്കിന് വർഷങ്ങളായി അടിമകളായി കഴിഞ്ഞിരുന്ന മനുഷ്യർക്ക് തിരിച്ചറിവുണ്ടാകുമ്പോൾ നിലവിലുള്ള അവസ്ഥയിൽ അതൃപ്തി തോന്നും. സ്വത്വബോധമുള്ളവരുടെയിടയിൽ ആത്മഹത്യാനിരക്ക് കൂടുതലാണ്. എന്നാൽ സാമ്പ്രദായിക ഗ്രാമീണ ചുറ്റുപാടുകളിൽ ജീവിക്കുന്നവരുടെ ഇടയിൽ, പാരമ്പരാഗത സമൂഹങ്ങളിൽ ആത്മഹത്യാനിരക്ക് വളരെക്കുറവാണ്.

അറിവ് വിദ്യാഭ്യാസം സാമ്പത്തിക സ്‌ഥിതി എല്ലാം മനുഷ്യരുടെ സാമൂഹിക സ്ഥാനവും പദവിയും നിർണ്ണയിക്കുന്ന മുഖ്യ ഘടകങ്ങളാണ്. മനുഷ്യരുടെ സഹകരണം അവരുടെ സ്വതാല്പര്യങ്ങളുടെ പാരസ്പര്യമാണ്.ഓരോരുത്തരുടെയും സന്തുഷ്ടിയുടെ മാനദണ്ഡം നിശ്‌ചയിക്കുന്നത് ചുറ്റുമുള്ളമനുഷ്യരാണ് അതിനാൽ അംഗീകാരം നഷ്ടപ്പെടുന്നത് ആത്മഹത്യാപരമാണ്. ചുറ്റുമുള്ളവരുടെ അംഗീകാരത്തിന് പ്രാധാന്യം ഏറെയുള്ള സമൂഹങ്ങളിൽ ആത്മഹത്യകൾ കൂടും
സാമൂഹ്യനീതിയുടെയും സമത്വത്തിന്റെയും സങ്കൽപ്പങ്ങളെക്കുറിച്ചു അവബോധമുള്ളവർ മനുഷ്യരെന്ന നിലയിലുള്ള തങ്ങളുടെ ജീവിതാവകാശങ്ങൾ നിഷേധിക്കുന്ന സാമൂഹ്യസാഹചര്യങ്ങളിൽ അതൃപ്തരാകും.പലവിധ കാരണങ്ങൾകൊണ്ട് സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്താനും സമൂഹത്തിൽ നന്നായി ജീവിക്കാനും കഴിയാത്ത അവസ്ഥ ജീവിത വിരക്തി സൃഷ്ടിക്കുന്നു.
#ആത്മഹത്യാ പ്രതിരോധം സാധ്യമാണോ?

വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളും പ്രത്യുല്പാദനത്തിന്റെയും നിലനില്പിന്റെയും ജൈവഉപാധിയായ ലൈംഗികതയും എല്ലാമായുള്ള മനുഷ്യന്റെ ആനന്ദത്തിന്റെ ലോകം ഓരോ നിമിഷവും അതി വിപുലമാവുകയാണ്. മനുഷ്യരെ തൃപ്തിപ്പെടുത്താൻ എളുപ്പം സാധ്യമല്ല.അംഗീകാരത്തിന് വേണ്ടിയും അംഗീകാരം നഷ്ടപ്പെടുമ്പോഴും മനുഷ്യർ ആത്മഹത്യചെയ്യുന്നു.പലവിധ കാരണങ്ങൾ കൊണ്ട് സാമൂഹ്യ അംഗീകാരം നഷ്ടപ്പെട്ടുമ്പോൾ മരിക്കുന്നതാണ് മെച്ചം എന്ന് തിരുമാനിച്ചവരോട് അവർ ജീവിച്ചിരിക്കാൻ പതിനായിരം കാരണങ്ങളുണ്ടെന്ന് ഉദ്ബോധിപ്പിച്ചിട്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല.സംഘർഷ കാരണങ്ങളായ സ്ഥലത്തുനിന്നും വ്യക്തികളിൽ നിന്നും മാറി മറ്റൊരിടത്തു ജീവിതം ആരംഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. ജീവിതം അവസാനിപ്പിക്കാൻ പോകുന്ന മനുഷ്യന്റെ സൂചനകൾ മനസ്സിലാക്കി പ്രതികരിക്കുകയും സംഘർഷ ലഘൂകരണത്തിന് ആവശ്യമായ ഔഷധ ചികിത്സ ചിലപ്പോൾ താൽക്കാലികമായെങ്കിലും വേണ്ടിവരാം. വിവിധ ചികിത്‌സാ മനഃശാസ്ത്രസങ്കേതങ്ങൾ ഒരളവുവരെ ഉപകാരപ്പെടും. എന്നാൽ ശരീരത്തിലെ ജൈവരാസമാറ്റങ്ങൾക്കുവേണ്ടിയുള്ള മരുന്നുകൾ കഴിച്ചതുകൊണ്ടോ, കേവലം ഉപദേശം ശ്രവിച്ചതുകൊണ്ടോ അന്തിമ പരിഹാരം കണ്ടെത്താനാവുകയില്ല. സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾ ആവശ്യമുള്ള ഒരു മേഖലയാണിത്.