നിങ്ങൾ ഒരു വികാരജീവിയാണോ?

430

സൈക്കോളജിസ്റ്റും എഴുത്തുകാരനുമായ പ്രസാദ് അമോർ (Prasad Amore)എഴുതുന്നു

നിങ്ങൾ ഒരു വികാരജീവിയാണോ?

പ്രസാദ് അമോർ
പ്രസാദ് അമോർ

അവർ നിശ്ശബ്ദരല്ല. നൈസർഗ്ഗികമായ വന്യതയുടെ ശബ്ദങ്ങൾ ആ അന്തരീക്ഷത്തിൽ രണനം ചെയ്തുകൊണ്ടിരിക്കുന്നു . വട്ടം ചുറ്റലുകൾ, പ്രകമ്പനം കൊള്ളുന്ന സംഗീതം, പരിമിതമായ വസ്ത്രത്തിൽ നിന്ന് പുറത്തേയ്ക്ക് തുടിക്കുന്ന ഗാഢ യൗവനത്തിന്റെ ഓജസ്. വികാരങ്ങൾ അണപൊട്ടിയൊഴുകുകയാണ്.കുടിച്ചും മദിച്ചും കഴിയുന്ന യുവത്വം. ജന്തു സഹജമായ രതിയുടെ പ്രസരം.ആസക്തി എരിഞ്ഞമരുന്ന വൈകുന്നേരങ്ങൾ… ഇന്ത്യൻ യുവതി യുവാക്കൾ എല്ലാ ഗുണദോഷങ്ങളെയും അതിലംഘിച്ചു സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്. പുരാതനമായ ഒരു സംസ്കാരത്തിൽ ഊറ്റം കൊള്ളുമ്പോഴും ജൈവപ്രകൃതം എല്ലാ വിലക്കുകളെയും ഭേദിക്കുന്നു. നഗരങ്ങളിൽ താമസിക്കുന്ന കാശിന് പഞ്ഞമില്ലാത്തവർക്ക് സാധ്യമാകുന്ന ജീവിതങ്ങളാണിത്.

വർഷങ്ങളായി ജീവിതപരിത്യാഗത്തെപ്പറ്റിയും, ഏകാന്ത ജീവിതത്തെപ്പറ്റിയും വികാരങ്ങളെ കീഴടക്കുന്നതിനെപ്പറ്റിയും പ്രചോദിപ്പിച്ചുകൊണ്ടിരുന്ന ഒരു പുരാതന രാജ്യമാണ് ഇന്ത്യ എന്നത് നാം വിസ്മരിക്കരുത്. എന്നാൽ എക്കാലത്തെയും ഭക്തിയുടെ- വിശ്വാസത്തിന്റെയും ഇന്ത്യൻ പരിസരം ബീഭത്സമാണ്.വെട്ടും, കുത്തും, ശൂലവും, പ്രകമ്പനം സൃഷ്ടിക്കുന്ന വാദ്യസംഗീതവും നിറഞ്ഞു നിന്ന അന്തരീക്ഷം. പക്ഷെ ശാന്തമായത് ബുദ്ധൻ മാത്രമായിരുന്നു. “വികാരങ്ങളെ നിയന്ത്രിക്കുക. ധ്യാനനിരതനായി ജീവിക്കുക.ആഗ്രഹങ്ങൾ നിന്ദ്യമാണ്”. ബുദ്ധന്റെ ഈ വാക്കുകൾക്ക് അസാമാന്യമായ ശക്തിയുണ്ടായിരുന്നു.കന്നുകാലികളെ കൊന്നു തിന്നു ഗോ ക്ഷാമം വന്ന സമൂഹത്തിലേയ്ക്കാണ് ബുദ്ധൻ ഇറങ്ങിച്ചെന്നത്.കപിലനും ന്യായദർശകരും പറഞ്ഞിരുന്ന ദര്ശനത്തിന്റെ ഒരാവിഷ്കാരം മാത്രമായ ബുദ്ധദര്ശനം ഒരു ആദർശലോകത്തെകുറിച്ചു സംസാരിച്ചു മനുഷ്യരെ വിസ്‍മയിപ്പിച്ചു. പക്ഷെ ബുദ്ധൻ ചെയ്തതും അപകടമായിരുന്നു. മനുഷ്യപ്രകൃതിയുടെ ജൈവാവസ്ഥ അവഗണിച്ചുകൊണ്ടുള്ള അനുശാസനകൾ ആന്തരിക പ്രഷുബ്ധതയുടെ അവസ്ഥകളാണ് സൃഷ്ടിച്ചത്.

തീർച്ചയായും ഉൽസവങ്ങളും ആർപ്പുവിളികളും മത്സരങ്ങളും എല്ലാം വികാരപ്രകടനത്തിന്റെ ഭാഗമാകുമ്പോഴും മനുഷ്യർ ഓരോ സാമൂഹ്യ സാഹചര്യത്തിലും വികാര നിയന്ത്രണങ്ങൾക്ക് വിധേയമായികൊണ്ടിരുന്നു.സാമൂഹ്യമായി അടിച്ചേല്പിക്കപെട്ട അച്ചടക്കങ്ങൾ, വിലക്കുകൾ എല്ലാം ആശ്വാസമല്ലാത്ത പരിമിതമായ സാഹചര്യങ്ങൾക്കത്തുനിന്ന് കൊണ്ട് സ്പർദ്ധ ഒഴിവാക്കുന്നതിനും കഴിയുന്നത്ര സ്വാതന്ത്ര്യം അനുഭവിക്കുന്നതിനും നാഗരിക മനുഷ്യർക്ക് ആവശ്യമായിരുന്നു.

വികാരങ്ങളെ നിയന്ത്രിക്കണമോ?

മനുഷ്യൻ ഒരു മുന്തിയ സസ്തനിയാണ്.സാമാന്യം ക്രൂരമായ ജീവിയുമാണ്.ജീവിതത്തിന്റെ ഭാഗമായി പരിണാമപരമായി വികസിച്ചുവന്ന വിവിധ വികാരങ്ങളാണ് മനുഷ്യനിൽ നില നിൽക്കുന്നത്.എല്ലാ സമൂഹത്തിലും ക്രൂരത കൂടിയ മനുഷ്യർ എക്കാലത്തും ഉണ്ടായിരുന്നു. അവർ മറ്റു മനുഷ്യരുടെ തലകൾ വെട്ടി,രക്തച്ചൊരിച്ചലുകൾ നടത്തി.അവരുടെ ക്രൂരതയുടെ ജീനുകൾ, ജൈവാംശങ്ങൾ എല്ലാം തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് നൽകപ്പെട്ടു.

ജന്തു വാസനകളുടെയും വികാര വിഷോഭങ്ങളുടെയും എല്ലാം ഘടനാപരമായ- ജൈവപരമായ പ്രാധാന്യമുള്ളതാണ്. അസംസ്കൃതവും മൃഗീയവുമായ ചേഷ്ടകൾ ജീവനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് പരിണാമപരമായി ഉരുത്തിരിഞ്ഞു വന്നതാണ്.വിജയം, വാശി , മാത്സര്യം , അക്രമം തുടങ്ങിയ പല പെരുമാറ്റങ്ങളും സാഹസികമായ പ്രവർത്തനങ്ങളുമെല്ലാം മൃഗവാസനകളുടെ രൂപങ്ങളാണ്. മനുഷ്യശരീരത്തിലെ വിവിധഹോർമോണുകളുടെ/ രാസികങ്ങളുടെ പ്രവർത്തങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന വൈകാരിക അവസ്ഥകൾ പ്രാകൃത രൂപത്തിൽ പുനരവതരിപ്പിക്കുന്നത്തിന്റെ ദൃശ്യങ്ങളാണ് പലതരം ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും വെളിവാകുന്നത്. പല സമൂഹങ്ങളിലും ഇത്തരത്തിലുള്ള ജൈവപ്രകൃത രൂപങ്ങൾ അംഗീകൃത കൃത്യമായി ഇന്നും നിൽക്കുന്നുണ്ട്.രതിയും ഫലിതങ്ങളും ഉച്ചത്തിലുള്ള പൊട്ടിച്ചിരികളും ആസക്തിയും പ്രതികാരവും എല്ലാം വിവിധ രൂപത്തിൽ പ്രകടമാകുന്ന വഴികൾ മനുഷ്യ സമൂഹം എക്കാലത്തും തുടർന്നു.വിശിഷ്ട ഭോജ്യങ്ങളും ഉല്ലാസങ്ങളും ഉത്സവപരമ്പരകളും കലയും എല്ലാം മനുഷ്യർ തങ്ങളുടെ വൈകാരിക ദമനം ലഷ്യമിട്ടു ചെയ്യുന്ന വിവിധ പ്രവർത്തനങ്ങളാണ്. വേട്ടയാടാനും, ഭക്ഷണം അലഞ്ഞു നടന്നു ശേഖരിക്കാനും വേണ്ടി രൂപപ്പെട്ട മനുഷ്യ ശരീരം അതിന്റെ ആയിരക്കണക്കിന് വർഷങ്ങളുമായുള്ള മഷ്തിഷക ഘടന ലക്ഷ്യമിടുന്നത് അതിന്റെ ജൈവപരമായ വയറിംഗിന് ഉതകുന്ന ശാരീരിക-
പെരുമാറ്റ പ്രക്രിയകളാണ്.പക്ഷെ ,ആധുനിക നാഗരിക ജീവിതത്തിൽ പഴയകാലത്തെപോലെ വേട്ടയാടി ഭക്ഷണം കണ്ടെത്തേണ്ട സാഹചര്യങ്ങൾ ഒന്നും തന്നെയില്ലാത്തത് വേട്ടയാടാൻ വെമ്പി നടക്കുന്നവരിൽ ശൂന്യത സൃഷ്ടിക്കുന്നു. മനുഷ്യ ശരീരത്തിലെ ഹോർമോണുകൾ അതിന്റെ പ്രാകൃത രൂപത്തിൽ നിന്ന് എല്ലാ സാമൂഹിക നിയന്ത്രണങ്ങളെയും ഭഞ്ജിക്കുന്ന കാഴ്ചകൾ മനുഷ്യന്റെ ജീവശാസ്ത്രപരമായ അവസ്ഥകളുടെ അനിഷേധ്യമായ ശക്തിയുടെ സൂചകമാണ്.

പഴയകാല വേട്ടയാടലിന്റെ ആധുനിക രൂപങ്ങളാണ് കായിക വിനോദങ്ങളിലൂടെ പ്രകടമാകുന്നത്.മൽപ്പിടുത്തം നടത്തുക, ഓടുക, ചാടുക, ഓടിച്ചുപിടിക്കുക, പോരാടി സമ്മാനം നേടുക തുടങ്ങിയ രൂപത്തിലുള്ള എല്ലാ വിനോദങ്ങളിലും അടങ്ങിയിരിക്കുന്നത് മനുഷ്യന്റെ പുരാതന വേട്ടയാടൽ പ്രകൃതമാണ്.

ആധുനിക നാഗരികർ വാഹനങ്ങളുമായി നിരത്തുകളിലിറങ്ങുമ്പോൾ പ്രാകൃതമായ അതിരുബോധം പ്രകടിപ്പിക്കുന്നു. ഇതരവാഹനങ്ങളുമായുള്ള മത്സരം സ്വന്തം അതിർത്തി സംരക്ഷണത്തിനുവേണ്ടിയുള്ള യുദ്ധമാണ് . യുവാക്കൾ ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ചു വാഹനങ്ങളുമായി ചീറി പായുന്നു. സാഹസികമായ ട്രെക്കിങ്ങുകളുമായി വിദൂര ദേശങ്ങളിലേയ്ക്ക് നടന്നു നീങ്ങുന്നു. തൃഷ്ണകളെ ത്രസിപ്പിക്കുകയും സാമൂഹ്യമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്ന സാഹസികപ്രവൃത്തികൾ തേടി അലയുന്ന മനുഷ്യർ. പ്രാകൃതമായ വികാര തീക്ഷ്ണയിൽ ജീവിക്കുന്ന ആധുനിക മനുഷ്യന് ആയാസങ്ങൾ നിറഞ്ഞ പ്രവർത്തികൾ വേണ്ടിവരുകയാണ്. വേട്ടയാടലിൽ നിന്ന് ലഭിക്കുന്ന തൃപ്തിയും അതിന്റെ പ്രസരിപ്പും കൂട്ടുകൂടലും ആവശ്യം വരുന്ന കൃത്യങ്ങൾക്കുവേണ്ടി അവന്റെ മഷ്തിഷ്‌കം കാത്തിരിക്കുകയാണ്. പുതുമയുള്ള പ്രവൃത്തികൾ,ലോകത്തു നടക്കുന്ന ക്രൂരതകളും യുദ്ധങ്ങളും മാത്രം കൂടുതൽ അറിയാൻ/ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്ന ആദിമ ചോദന അടിഞ്ഞുകൂടിയ ഒരു മഷ്തിഷ്ക സംവിധാനമാണ് മനുഷ്യരുടേത്.മനുഷ്യർ അവരുടെ പ്രകൃതവാസനകളും, സംസ്കാരത്തിന്റെ മാനവികതയുടെ ചിന്തകളുമായി സംഘർഷത്തിലാണ്.

മനുഷ്യ മഷ്തിഷ്കത്തിന്റെ ഒരു മേഖല, അത് മറ്റ് സസ്തനികൾക്കുള്ളതുപോലെ തന്നെ,വികാരങ്ങളെ തൃപ്തിപ്പെടുത്തുകയും ജീവൻ സംരക്ഷിക്കുകയും ചെയ്യുന്ന കൃത്യത്തിൽ വ്യാപൃതമാണ് . പ്രതികാരം ചെയ്യാനും, കൊലയ്ക്കും വൈകാരിക വിക്ഷോഭത്തിനും വേണ്ടി മാത്രം നിലകൊള്ളുന്ന മഷ്തിഷ്ക ഭാഗങ്ങൾ ബുദ്ധിപരവും മാനവികവുമായ സെറിബ്രൽ അർദ്ധഗോളങ്ങളുമായി വൈരുധ്യത്തിലാണ് .ജന്മസിദ്ധമായി ചിലരിൽ ക്രൂര പ്രകൃതി ഏറെ ഉയർന്നു നിലക്കുന്നു. മനുഷ്യൻ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്ന ജീവിയാണ്. ജനാധിപത്യ രാജ്യങ്ങളിൽ സർക്കാരുകൾ വ്യക്തികൾക്കുവേണ്ടി പ്രതികാരം ചെയ്യുന്നു. ജയിൽ ശിക്ഷയും വധ ശിക്ഷയും എല്ലാം വിവിധ പ്രതികാരം മാർഗ്ഗങ്ങളായി നിൽകുമ്പോൾ തന്നെ ഒന്നിനും പാങ്ങില്ലാത്ത മനുഷ്യർ ദൈവം പ്രതികാരം ചെയ്യും എന്ന് പറഞ്ഞു സമാശ്വസിക്കുന്നു.

മനുഷ്യർക്ക് അവരുടെ വികാരങ്ങളെ, ആവേഗങ്ങളെ ബാഷ്പീകരിക്കുന്നതിന് വേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക പശ്ചാത്തലം പലതരം വൈകാരിക പ്രതിസന്ധികൾക്കും ആശ്വാസമാകും. ഉല്ലാസങ്ങളും, കായികമായ കളികളും, മൽപ്പിടുത്തം പോലുള്ള വ്യായാമങ്ങളും എല്ലാം വിവിധ രൂപത്തിൽ ആവിഷ്കരിക്കാനുള്ള സാഹചര്യങ്ങൾ വികാരങ്ങളുടെ വിരേചനത്തിന് സഹായിക്കും.വ്യത്യസ്തത രൂപത്തിലും പ്രകൃതത്തിലും ഉള്ള മനുഷ്യർ ഒരുമിച്ചു കൂടാനാകുന്ന തീനിടങ്ങൾ,നഗരോദ്യാനങ്ങൾ, നിയന്ത്രിതമായ ചൂതാട്ടങ്ങൾ, ഉന്മാദിക്കാനും ആനന്ദലബ്ധിക്കും വേണ്ട ഉല്ലാസ ഗേഹങ്ങൾ -അവിടെ വികാരങ്ങളുടെ സ്വതന്ത്രമായ പ്രകടനത്തിന് വഴിയൊരുങ്ങുകയാണ്.

By Prasad Amore