ജീവിതം അവസാനിപ്പിക്കുന്നതിന് മുൻപുള്ള നിമിഷങ്ങൾ

469

പ്രശസ്ത സൈക്കോളജിസ്റ്റ് Prasad Amore എഴുതുന്നു

ജീവിതം അവസാനിപ്പിക്കുന്നതിന് മുൻപുള്ള നിമിഷങ്ങൾ…..

വധ ശിക്ഷയ്ക്ക് വിധേയനാവാൻ നിൽക്കുന്ന സോക്രട്ടിസിനോട് അനുയായികൾ പറഞ്ഞു: “അങ്ങ് അനീതികരമായ ഈ ശിക്ഷയ്ക്ക് ഇരയാവരുത് ഏഥൻസിൽ നിന്ന് നാടുവിടണം”.

പക്ഷെ സോക്രടീസ് തന്റെ ആത്മാഭിമാനം നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചില്ല. അദ്ദേഹം പറഞ്ഞു:

“ഒരു പൗരൻ എന്ന നിലയിൽ അധികാരികൾ നൽകുന്ന ശിക്ഷ ഏറ്റുവാങ്ങേണ്ടത് എന്റെ കർത്തവ്യമാണ്. അല്ലാത്തപക്ഷം അത് നിയമലംഘനമാകും”

ഗാന്ധിജി എഴുതി : “ഒരു അന്തസുകെട്ട ജീവിതം നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മരണമാണ് ഇതിനേക്കാൾ ഭേദമെന്ന് കരുതുന്നു”.

കാലം, ദേശം പരിതോവസ്ഥകൾ എന്നിവയുടെ സ്വാധീനം വ്യക്തികളിൽ ഉണ്ട്.ഒരു ദേശത്തെ ജനങ്ങളെ ഇതര ദേശക്കാരിൽ നിന്ന് അകറ്റി നിർത്താനും മറ്റു ഗോത്രങ്ങൾ,സമൂഹങ്ങൾക്കെതിരെ അണി നിർത്താനും ആത്മാഹുതി ചെയ്യുന്നതിനും പ്രേരിപ്പിക്കുന്ന വിവിധ വിശ്വാസങ്ങളുടെ ലഹരിയിൽ ആത്മാഭിമാനത്തോടെ സ്വയം ഹത്യചെയ്യുന്നവരും ഉണ്ട്. രാജ്യത്തിനും വിശ്വാസങ്ങൾക്കും വേണ്ടി സ്വമേധയാ ജീവിതം വെടിഞ്ഞവരെ ഭരണാധികാരികൾ സ്വദേശാഭിമാനികളെന്ന പട്ടം നൽകി ആദരിക്കുന്നു.
കാശിയിൽ ചെന്ന് മുങ്ങി മരിക്കുന്നതും ജപ്പാൻകാരുടെ ഹരാകിരിയും എല്ലാം ആത്മഹത്യയെ ഉദാത്തവൽക്കരിക്കുന്ന പ്രാകൃത ആചാരങ്ങളാണ്.

മനുഷ്യർ അന്തസ്സും അഭിമാനവും ആഗ്രഹിക്കുന്ന സാമൂഹ്യ ജീവിയാണ്. എന്നാൽ ദുരിതപൂർണ്ണവും അന്തസ്സുകെട്ടതുമായ ജീവിതം നയിക്കേണ്ടിവരുന്നവർ, സാഹചര്യങ്ങൾ കടുത്ത വേദനയുണ്ടാകുമ്പോൾ അവർ ജീവിക്കുന്നതിനേക്കാൾ മരിക്കുന്നത് അഭികാമ്യമാണെന്ന് കണ്ടെത്തുകയാണ്.

ഓരോ വ്യക്തിയും വ്യത്യസ്തമാണ് ചിന്തകളിൽ, ബന്ധങ്ങളിൽ, ജീവിത വീക്ഷണത്തിൽ എല്ലാം അനന്യമാണ്‌.കഴിയുന്നത്ര കാലം ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്കവരും.മരണമെന്ന യാഥാർഥ്യത്തെ ഉൾകൊള്ളാൻ തയ്യാറാവാത്ത മനുഷ്യരുണ്ട്.എന്നാൽ തങ്ങളുടെ ജീവിതത്തിന് വലിയ പ്രതീക്ഷകളൊന്നുമില്ലെന്ന് കരുതുന്നവരുമുണ്ട് അവർ ജീവിതം അവസാനിപ്പിക്കുന്നു.

രോഗികൾ ജീവിതം വലിച്ചു നീട്ടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവരിൽ ചികിത്സകൾ അടിച്ചേൽപ്പിക്കാനുള്ള അവകാശം ആർക്കുമില്ല. മരിക്കാനാഗ്രഹിക്കുന്ന രോഗികളെ അതിനനുവദിക്കുന്നത് ചില സാഹചര്യങ്ങളിൽ ജനാധിപത്യപരമാണ്; മാരക രോഗമോ, അപകടമോ മൂലം രോഗി ഉറപ്പായും മരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അസഹ്യമായ വേദനയും പ്രയാസവും അനുഭവിക്കുന്ന അവസ്ഥയിൽ, സ്വന്തം ശാരീരികാവസ്ഥയെക്കുറിച്ചു യുക്തി ബോധമുള്ള രോഗിക്ക് അതെനിക്കുറിച്ചു തീരുമാനമെടുക്കാൻ കഴിയുന്ന നിലയിൽ എല്ലാം ദയാമരണം(euthanasia) ആവശ്യമായെന്നുവരാം

#ആരാണ് ആത്മഹത്യ ചെയ്യുക

ചില വ്യക്തികൾ ചുറ്റുപാടുകളുമായി വളരെ കൂടുതൽ വൈകാരികമായ സമ്പർക്കത്തിലാണ് പരിസ്ഥിതിയിൽ നിന്നുള്ള സംസൂചനകളോട് അതിവൈകാരികമായി പ്രതികരിക്കുന്ന അവർ സാധാരണ വ്യക്തികൾക്ക് ഗ്രഹിക്കുവാൻ കഴിയാതെപോകുന്ന കാര്യങ്ങൾ കണ്ടെത്തുന്നു. നിലവിലുള്ള ജീവിത സ്വാതന്ത്ര്യത്തിൽ അതൃപ്തിയുള്ളവർ നിസ്സഹായരായിപ്പോയി ജീവിതം വെടിയാൻ ഇച്ഛിക്കാറുണ്ട്. ഉന്മാദ വിഷാദ രോഗത്തിന്റെ തീവ്രത അവരുടെ അവസ്ഥ ഗുരുതരമാക്കുന്നു.ആത്മഹത്യക്ക് മറ്റു ചില കാരണങ്ങളുണ്ട് തീർത്തും പ്രതീക്ഷയറ്റത്തും പരിതാപകാരവുമായ സാഹചര്യങ്ങൾ ദാരിദ്ര്യം, അഭിമാനക്ഷതം, വൈകാരികരോഗങ്ങൾഎന്നിവയും പരിഗണിക്കേണ്ടതുണ്ട്.ജീവിതത്തിന് അർത്ഥമില്ലെന്ന് കരുതുന്നവരുടെ കാര്യത്തിൽ ശരീര ശാസ്ത്രപരമായ കാരണങ്ങളുണ്ട്.സ്വന്തം പരിതസ്ഥിതി സൃഷ്ടിക്കുന്ന ഘടകങ്ങളുണ്ട്. സമൂഹത്തോട് പൊരുത്തപ്പെടാൻ കഴിയാത്തതും ഗുണകരമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള അവസരമില്ലായ്മയും കാരണങ്ങളാണ്.

#ജീവിതത്തിനും മരണത്തിനുമിടയിൽ

ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ്. അത് അമൂല്യമാണ്, പാഴാക്കികൂടാ.ആനന്ദത്തിനുള്ള അവസരങ്ങൾ നിരവധിയുണ്ട്.പുതുമകളും നേട്ടങ്ങളും പ്രതീക്ഷകളും എല്ലാം പ്രസരിപ്പും ഉന്മേഷവും നിറയ്ക്കും.ജീവജാലങ്ങളിൽ നിന്ന് വേറിട്ട് ജീവിതത്തിന് വേറെ അർത്ഥങ്ങളൊന്നുമില്ല.മനുഷ്യൻ ജീവിതത്തെ വിലപ്പെട്ടതായി കരുതി ജീവിച്ചു പോന്നിട്ടുണ്ട്.

ജീവിതത്തിൽ ദുരിതങ്ങളുണ്ട് എന്നത് ശരിതന്നെയാണ്. പക്ഷെ അവസരങ്ങൾ നിരവധിയാണ്.മനുഷ്യൻ മുൻപൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത വിധത്തിൽ വിജയം നേടിയിരിക്കുകയാണ്.പല രോഗങ്ങളും നിർമാർജനം ചെയ്തിരിക്കുന്നു. മനുഷ്യന്റെ ശരാശരി ആയുസ് വർദ്ധിച്ചിരിക്കുന്നു.

സാമൂഹ്യജീവിതത്തിന്റെ ചട്ടക്കൂട് സാമാന്യ മര്യാദയുള്ളതാക്കാൻ പൊതു നന്മയ്ക്കും, വ്യവസ്ഥയ്ക്കും കോട്ടം തട്ടാതെയുള്ള വ്യക്തി സ്വാതന്ത്ര്യം ഏവർക്കും ലഭിക്കണം . ജീവിതം നിലനിർത്തുന്നതിനുള്ള നൈതിക കർത്തവ്യം ഓരോ മനുഷ്യനുമുണ്ട്. ആത്മഹത്യാചിന്ത ഉത്പാദിപ്പിക്കുന്ന രോഗങ്ങളായ വിഷാദം, ചിത്തഭ്രമം ,ഉന്മാദം, അമിതമായ മദ്യ മയക്കുമരുന്ന് ഉപയോഗം, പെരുമാറ്റത്തിൽ പന്തികേട് പ്രകടമാക്കുന്ന രോഗങ്ങൾ, സംശയരോഗങ്ങൾ തുടങ്ങിയവ ഭേദമാക്കാനുള്ള ശാസ്ത്രീയ ചികിത്സകൾ ഇന്ന് ലഭ്യമാണ്. ജീവിതപോരാട്ടത്തിൽ പരാജയപെടുന്നവർക്ക് സാമൂഹ്യപിന്തുണ ലഭിക്കുന്നതിനായുള്ള സന്നദ്ധ സംഘടനകൾ ഉണ്ട്. സമൂഹത്തിലെ വിവിധ തലങ്ങളിൽ സഹജീവികളുമായി സംഘം ചേർന്ന് പ്രവർത്തിക്കാൻ കഴിയും.ആശയറ്റവരുടെ മുൻപിൽ നിരത്തി വെയ്ക്കാനാവുന്ന യുക്തിസഹജമായ മാനങ്ങളുണ്ട്, സ്വന്തം സവിശേഷ പരിസ്ഥിതിയിൽ നിന്ന് മാറി നിൽക്കാനുള്ള അവസരമുണ്ട്.കാറ്റിനെയും സൂര്യസ്തമയങ്ങളെയും പോലെ മാസ്മരമായ വൈകുന്നേരങ്ങളും പ്രതീക്ഷയുള്ള പ്രഭാതങ്ങളും പ്രതീക്ഷിച്ചുകൊണ്ടിരിക്കാം. വർത്തമാനത്തിലും ഗതകാല ജീവിത സ്മരണകളിലും ഹരം കൊള്ളാം. യാത്രകൾ ചെയ്യാം അന്യദേശത്തെയോ ജനതയെയോ സംസ്കാരത്തെയോ കണ്ടെത്താനും തിരിച്ചറിയാനും കഴിയുന്ന സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താം. അങ്ങനെ ജീവിതം ജീവിച്ചുകൊണ്ടുതന്നെതന്നെ തീർക്കാം.

Advertisements